
ചാർളി ചാപ്ലിന്റെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും ഉദാത്തമായ സിനിമകളിലൊന്നാണ് 1931 ലെ ‘സിറ്റി ലൈറ്റ്സ്’ (City Lights). ശബ്ദചിത്രങ്ങൾ പ്രചാരത്തിലായിക്കഴിഞ്ഞിട്ടും, ദൃശ്യഭാഷയുടെ കരുത്തിൽ വിശ്വസിച്ച്, ഒരു നിശ്ശബ്ദചിത്രമായാണ് ചാപ്ലിൻ ഇത് പുറത്തിറക്കിയത്. സ്നേഹത്തിന്റെ പവിത്രതയെക്കുറിച്ചും ഹൃദയത്തിന്റെ കാഴ്ചയെക്കുറിച്ചുമുള്ള വലിയ ഒരു പാഠം നമുക്കിതില്‍ കണ്ടെത്താന്‍ സാധിക്കും.
ഈ ചിത്രത്തിലെ നായകൻ അന്ധയായ ഒരു പൂക്കാരി പെൺകുട്ടിയെ പ്രണയിക്കുന്നു. അയാള്‍ വലിയ സമ്പന്നനാണെന്ന് അവൾ തെറ്റിധരിക്കുന്നു. എങ്കിലും, അവളുടെ ജീവിതത്തിൽ വെളിച്ചം കൊണ്ടുവരാനാണ് അയാളുടെ ശ്രമം. അവൾക്ക് കാഴ്ച ലഭിക്കാനുള്ള ശസ്ത്രക്രിയയ്ക്കായി പണം കണ്ടെത്താൻ അദ്ദേഹം ഏതറ്റം വരെയും പോകുന്നു. അപമാനം സഹിച്ചും, ബോക്സിംഗ് റിംഗിൽ ക്രൂരമായി മർദനമേറ്റും അദ്ദേഹം സമ്പാദിക്കുന്ന ഓരോ നാണയവും അവൾക്കു വേണ്ടിയുള്ളതായിരുന്നു. സ്നേഹത്തിനു വേണ്ടി സ്വയം മുറിപ്പെടാൻ തയ്യാറാകുന്ന മനസ്സാണ് അയാള്‍ക്കുള്ളത്. ഒടുവിൽ പണം കൈമാറുന്നതിനിടയിൽ അദ്ദേഹം ജയിലിലടയ്ക്കപ്പെടുന്നു. താൻ ചെയ്ത ത്യാഗങ്ങൾ അവൾ അറിയണമെന്നോ, അവൾ തന്നോട് നന്ദിയുള്ളവളായിരിക്കണമെന്നോ അദ്ദേഹം ആഗ്രഹിക്കുന്നില്ല.
വർഷങ്ങൾക്കു ശേഷം ജയിൽമോചിതനായി അങ്ങേയറ്റം ദരിദ്രനായി വരുന്ന നായകനെ കാഴ്ച ലഭിച്ച പെൺകുട്ടി കാണുന്നു. തന്റെ മുന്നിൽ നിൽക്കുന്ന ഈ പാവപ്പെട്ട മനുഷ്യനാണ് തനിക്ക് വെളിച്ചം നൽകിയതെന്ന് അവൾ ആദ്യം തിരിച്ചറിയുന്നില്ല. എന്നാൽ അവിചാരിതമായി അദ്ദേഹത്തിന്റെ കൈയിൽ സ്പർശിക്കുമ്പോൾ, ആ സ്പർശനത്തിലൂടെ അവൾ സത്യം തിരിച്ചറിയുന്നു. സംശയത്തോടെ അവൾ ചോദിക്കുകയാണ്:
“നിങ്ങളാണോ അത്?” (You?).
അതെ എന്നര്‍ഥത്തില്‍ അയാള്‍ തലകുലുക്കുന്നു. എന്നിട്ട് ചോദിക്കുകയാണ്:
“നിനക്ക് ഇപ്പോൾ കാണാൻ കഴിയുന്നുണ്ടോ?”
അവൾ പറയുന്നു:
“അതെ, എനിക്കിപ്പോള്‍ കാണാന്‍ സാധിക്കുന്നുണ്ട്.”
ബാഹ്യമായ കാഴ്ചയേക്കാൾ ഹൃദയം കൊണ്ടുള്ള ഈ തിരിച്ചറിവാണ് അവള്‍ക്കിവിടെ സംഭവിക്കുന്നത്. അത് തന്നെയാണ് യഥാർഥ സ്നേഹം.
ആത്മാവിന്റെ സ്പർശനം
സിനിമയിലെ പെൺകുട്ടിക്ക് കാഴ്ച ലഭിക്കുന്നത് ശാസ്ത്രക്രിയയിലൂടെയാണെങ്കിലും, അവൾക്ക് ‘കാഴ്ചയുടെ പൂർണ്ണത’ ലഭിക്കുന്നത് തന്റെ സ്നേഹിതനെ തിരിച്ചറിയുന്ന നിമിഷത്തിലാണ്. നമ്മുടെ ജീവിതത്തിലും പലപ്പോഴും ബാഹ്യമായ തിളക്കങ്ങളിലാണ് നാം സ്നേഹം തിരയുന്നത്. എന്നാൽ യഥാർഥ സ്നേഹം ത്യാഗത്തിന്റെ മുറിപ്പാടുകളുള്ള കൈകളിലാണിരിക്കുന്നത് എന്ന് ഈ ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.
ലോകത്തിന്റെ കണ്ണിൽ നായകൻ അലഞ്ഞുതിരിയുന്ന ഒരു ദരിദ്രൻ മാത്രമായിരുന്നു. എന്നാൽ, സ്നേഹത്തിന്റെ വെളിച്ചത്തിൽ അവൾ അവനെ കണ്ടപ്പോൾ അവനിലെ ദൈവീകമായ നന്മയെ അവൾ തിരിച്ചറിയുകയാണ്. നമ്മുടെ കണ്ണുകളിലെ സ്വാർഥതയുടെ തിമിരം നീക്കം ചെയ്ത്, ഹൃദയം കൊണ്ട് മറ്റുള്ളവരെ കാണാൻ എന്ന് നമ്മള്‍ പഠിക്കുന്നുവോ അന്നേ നമ്മള്‍ നല്ല മനുഷ്യരാകുകയുള്ളൂ.
“മനുഷ്യൻ പുറമെ കാണുന്നവയെ നോക്കുന്നു; കർത്താവാകട്ടെ ഹൃദയത്തെ നോക്കുന്നു” (1 സാമു. 16:7) എന്നാണ് സാമുവലിന്റെ ഒന്നാം പുസ്തകത്തില്‍ നമ്മള്‍ വായിക്കുന്നത്. ദാവീദിനെ അഭിഷേകം ചെയ്യുന്ന പശ്ചാത്തലത്തിലുള്ള ഒരു വാക്യമാണിത്. ജസ്‌സെയുടെ ഏഴ് പുത്രന്മാരേക്കാള്‍ മേന്മ എട്ടാമാനായ ദാവീദില്‍ ദൈവം കാണുന്നു.
ത്യാഗം എന്ന സ്നേഹഭാഷ
വാക്കുകളില്ലാത്ത ഈ സിനിമയിൽ സ്നേഹം സംസാരിക്കുന്നത് പ്രവർത്തികളിലൂടെയാണ്. നായകൻ അവൾക്കായി ജയിലിൽ പോകുന്നതും മർദനമേൽക്കുന്നതും സ്നേഹത്തിന്റെ ഉദാത്തമായ സമർപ്പണമാണ്. നാം പലപ്പോഴും സ്നേഹത്തെ വാക്കുകളിൽ ഒതുക്കാറുണ്ട്. എന്നാൽ യഥാർഥ സ്നേഹം ക്രിസ്തു കുരിശിൽ കാണിച്ചുതന്നതുപോലെ സ്വയം ശൂന്യമാക്കലാണ്.
വി. യോഹന്നാൻ തന്റെ ലേഖനത്തിൽ ഓർമ്മിപ്പിക്കുന്നു: “കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്‌നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്” (1 യോഹ. 3:18). നമ്മുടെ ജീവിതം അർഥവത്താകുന്നത് മറ്റൊരാളുടെ ജീവിതത്തിൽ വെളിച്ചമാകാൻ നാം തയ്യാറാകുമ്പോഴാണ്. എന്റെ സുഖങ്ങളേക്കാൾ അപരന്റെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുമ്പോഴാണ് നാം സ്നേഹത്തിന്റെ പുതിയൊരു ലോകം കാണുന്നത്.
ഹൃദയം കൊണ്ട് കാണുക
കാഴ്ച ലഭിച്ച പെൺകുട്ടി തന്റെ മുൻപിൽ നിൽക്കുന്ന ദരിദ്രനെ നോക്കി “ഇപ്പോൾ ഞാൻ കാണുന്നു” എന്ന് പറയുന്നത് അവളുടെ ആത്മാവ് തുറക്കപ്പെട്ടതിനാലാണ്. സ്നേഹം ഒരു കടമയല്ല, മറിച്ച് അതൊരു സമർപ്പണമാണ്. മറ്റൊരാളുടെ വേദനയിൽ നൊമ്പരപ്പെടാനും അവരുടെ സന്തോഷത്തിനായി സ്വയം വിട്ടുകൊടുക്കാനും നമുക്ക് കഴിയുന്നുണ്ടോ? എങ്കിൽ നാമും ആ വെളിച്ചം കണ്ടുതുടങ്ങിയിരിക്കുന്നു. ഇല്ലെങ്കില്‍ അടഞ്ഞ ഹൃദയവുമായായിരിക്കും നമ്മള്‍ ജീവിതം തുടരുന്നത്.
പ്രായോഗികം
ഇന്ന് നമ്മുടെ സ്നേഹം പ്രവൃത്തിയിലൂടെ പ്രകടിപ്പിക്കാം. നമുക്കായി ഒരുപാട് ത്യാഗങ്ങൾ ചെയ്തിട്ടുള്ള ഒരാൾക്ക് – അത് മാതാപിതാക്കളോ, ജീവിതപങ്കാളിയോ, സുഹൃത്തോ ആകട്ടെ – ഇന്ന് ഒരു ചെറിയ നന്ദി അറിയിക്കാം. വാക്കുകൾ കൊണ്ട് മുറിപ്പെടുത്താതെ, സ്നേഹം നിറഞ്ഞ ഒരു പുഞ്ചിരി കൊണ്ടോ ,പ്രവൃത്തി കൊണ്ടോ ഒരാളുടെയെങ്കിലും ഉള്ളിൽ വെളിച്ചം നിറയ്ക്കാൻ ഇന്ന് ശ്രമിക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS




