പ്രൊട്ടസ്റ്റന്റ് വിശ്വാസവും ഉയർന്ന ജോലിയും ഉപേക്ഷിച്ച് സന്യാസ ജീവിതം തെരഞ്ഞെടുത്ത എവ്‌ലിൻ; അപ്രതീക്ഷിതം ഈ ദൈവവിളി

“ഞാൻ ആഗ്രഹിച്ച ആഡംബരജീവിതം എനിക്ക് ലഭിച്ചു. എല്ലാ സുഖസൗകര്യങ്ങളും ഞാൻ അനുഭവിച്ചു. എന്നാൽ അവയ്ക്കൊന്നും എന്നെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല” – ആഡംബരജീവിതവും ഉയർന്ന ശമ്പളവുമുള്ള ജോലിയും ഉപേക്ഷിച്ച് സന്യാസ ജീവിതത്തിലേക്കു പ്രവേശിച്ച സിംഗപ്പൂരിൽ നിന്നുള്ള ഡൊമിനിക്കൻ സന്യാസിനിയുടെ വാക്കുകളാണ് ഇത്. ക്രിസ്തു, എവ്‌ലിൻ എന്ന യുവതിക്കു മുന്നേ നടന്നപ്പോൾ അവൾ ഉപേക്ഷിച്ചത് പ്രൊട്ടസ്റ്റന്റ് വിശ്വാസവും ഉയർന്ന ജോലിയും ആഡംബരജീവിതവും. ഒപ്പം നേടിയതാകട്ടെ ക്രിസ്തുസ്നേഹത്താൽ ആനന്ദപൂരിതമായ സന്യാസ ജീവിതവും. അറിയാം വ്യത്യസ്ത പാതയിലൂടെ ദൈവം തന്റെ ഗണത്തിലേക്ക് ചേർത്തുപിടിച്ച സന്യാസിനിയുടെ ദൈവവിളിയുടെ വഴികളെ…

പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിൽ നിന്നും സത്യവിശ്വാസത്തിലേക്ക്

എവ്‌ലിൻ ജനിച്ചതും വളർന്നതും പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിലായിരുന്നു. വലിയ ദൈവവിശ്വാസി അല്ലെങ്കിലും ദൈവത്തെക്കുറിച്ചുള്ള സത്യം തേടുന്നതിൽ ശ്രദ്ധിച്ചിരുന്നു. പലപ്പോഴും പാസ്റ്ററിന്റെ പല പഠിപ്പിക്കലുകളും എവ്‌ലിന്റെ മനസിൽ പല സംശയങ്ങളും ജനിപ്പിച്ചു. അതിനൊക്കെയുള്ള ഉത്തരം കൃത്യമായി എവ്‌ലിനു ലഭിച്ചത് ഒരു കത്തോലിക്കാ സുഹൃത്തിൽ നിന്നാണ്. അതിനാൽ താൻ സ്നാനം സ്വീകരിച്ച പ്രൊട്ടസ്റ്റന്റ് വിശ്വാസത്തേക്കാൾ ആകർഷകമായി കത്തോലിക്കാ വിശ്വാസം എവ്‌ലിനു തോന്നിത്തുടങ്ങി. അങ്ങനെ കത്തോലിക്കാ വിശ്വാസത്തിലേക്ക് എവ്‌ലിൻ കടന്നുവന്നു.

വിദ്യാഭ്യാസ കാലഘട്ടത്തിൽ കത്തോലിക്കാ വിശ്വാസത്തിൽ ആഴപ്പെട്ട എവ്‌ലിൻ പിന്നീട് സിംഗപ്പൂരിലെ ഒരു പ്രധാന വിമാനകമ്പനിയിൽ ഫ്ലൈറ്റ് അറ്റൻഡന്റ് ആയി ജോയിൻ ചെയ്തു. ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് എന്ന നിലയിൽ, എവ്‌ലിൻ പലപ്പോഴും അവധിക്കാലത്ത് റോമിലേക്കു പോവുകയും അവിടുത്തെ ഏറ്റവും സുന്ദരമായ ദൈവാലയങ്ങളിലൊന്നായ സാന്താ മരിയ സോപ്ര മിനർവയിൽ പോയി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. ഈ ദൈവാലയത്തിലാണ് ഡൊമിനിക്കൻ വിശുദ്ധയായ സെന്റ് കാതറിൻ ഓഫ് സിയന്നയെ അടക്കം ചെയ്തിരിക്കുന്നത്. ആ വിശുദ്ധയോട് എവ്‌ലിന് വല്ലാത്ത ഒരു അടുപ്പം തോന്നുകയും, വി. കാതറീനെ അമ്മേ എന്ന് വിളിക്കാൻ കഴിയുന്ന ഒരു ആത്മബന്ധത്തിലേക്ക് വളരുകയും ചെയ്തു.

“പിന്നീട് സിംഗപ്പൂരിൽ വച്ച്, കൽക്കട്ടയിലെ വി. മദർ തെരേസയുടെ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി സന്യാസിനിമാർ അവർക്കായി കുർബാന നടത്തിയ ഒരു ഡൊമിനിക്കൻ പുരോഹിതനെ എനിക്ക് പരിചയപ്പെടുത്തി. അങ്ങനെയാണ് ഞാൻ സ്‌പെയിനിലെ ഡൊമിനിക്കൻ സന്യാസികളെക്കുറിച്ച് അറിയുന്നത്” – സി. എവ്‌ലിൻ ഓർക്കുന്നു. ഈ പരിചയപ്പെടൽ സന്യാസ ജീവിതത്തിലേക്ക് തിരിയുന്നതിനുള്ള തീരുമാനം ഉറപ്പിക്കാൻ കാരണമായി. എന്നാൽ പിന്നീടുള്ള കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. മകളെ, അവളുടെ ജീവിതത്തിൽ ഒരു കുറവും അറിയിക്കാതെ സുഖസമൃദ്ധിയിൽ വളർത്തിയ മാതാപിതാക്കൾക്ക് പക്ഷേ, എവ്‌ലിന്റെ ഈ തീരുമാനം അംഗീകരിക്കാൻ കഴിഞ്ഞില്ല. എല്ലാം ഉപേക്ഷിച്ചു മഠത്തിൽ ചേരുക എന്നത് അവരെ സംബന്ധിച്ച് വലിയ വിഷമമുണ്ടാക്കുന്ന കാര്യമായിരുന്നു. എങ്കിലും പതിയെ അവർ അതിനു സമ്മതം നൽകി.

“നമ്മൾ തിരിച്ചറിയുന്നതു വരെ ദൈവം നമ്മെ തേടിക്കൊണ്ടേയിരിക്കും എന്നതാണ് പ്രധാന കാര്യം. നമ്മുടെ പക്കലുള്ളവ നമുക്ക് സന്തോഷം നൽകാതിരിക്കുകയും ‘എന്തെങ്കിലും’ നഷ്‌ടപ്പെട്ടുവെന്ന് നമുക്ക് തോന്നാൻ തുടങ്ങുകയും ചെയ്യുമ്പോൾ, നമ്മൾ നമ്മോടു തന്നെ വളരെ സത്യസന്ധത പുലർത്തുകയും നമുക്ക് ശരിക്കും എന്താണ് വേണ്ടതെന്ന് തിരിച്ചറിയുകയും വേണം” – സിസ്റ്റർ എവ്‌ലിൻ പറയുന്നു.

മിണ്ടാമഠത്തിലേക്ക് 

സന്യാസത്തിലേക്കു തിരിഞ്ഞപ്പോൾ മിണ്ടാമഠവും നിശബ്ദമായ പ്രാർത്ഥനാജീവിതവുമാണ് ഈ സന്യാസിനി തിരഞ്ഞെടുത്തത്. എല്ലാവിധ ആർഭാടങ്ങളുടെയും നടുവിൽ ജീവിച്ച ഒരു പെൺകുട്ടി ഇത്തരമൊരു തീരുമാനമെടുത്തതിൽ എല്ലാവർക്കും അത്ഭുതമായിരുന്നു. “സന്യാസം നമുക്ക് ദൈവത്തെ അന്വേഷിക്കുന്ന ഒരു ജീവിതം നൽകുന്നു എന്നത് ശരിയാണ്. കാരണം അത് ദൈവത്തിൽ നിന്നുള്ള ഒരു വിളിയാണ്. ഞാൻ ദൈവത്തോട് ഉത്തരം നൽകുകയും അവന്റെ ഇഷ്ടത്തോട് യോജിക്കുകയും ചെയ്യുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു. സന്യാസം എന്നത് ദൈവത്തിനു വേണ്ടി സമർപ്പിക്കപ്പെട്ട ഒരു ജീവിതം മാത്രമല്ല, മറിച്ച് ദൈവത്തിലൂടെ മനുഷ്യർക്കും സമർപ്പിക്കപ്പെട്ടിരിക്കുന്നു. ഞാൻ ഒരു പാപിയാണ്. അങ്ങനെയുള്ള എന്നെ, ദൈവം ഉണ്ടെന്നും സ്വർഗം എന്നത് യാഥാർത്ഥ്യമാണെന്നും ലോകത്തിനു മുന്നിൽ ബോധ്യപ്പെടുത്തുന്നതിനുള്ള ഒരു ഉപകരണമായി അവിടുന്ന് മാറ്റുന്നു” – സി. എവ്‌ലിൻ വ്യക്തമാക്കുന്നു.

പുഞ്ചിരി തൂകുന്ന മുഖവുമായി ഒരു സാക്ഷ്യം

സി. എവ്‌ലിനെ കാണുന്നവരുടെയെല്ലാം മനസിൽ ഈ സന്യസിനിയുടെ മുഖം പതിയും. കാരണം അത്രയും മനോഹരമായ ഒരു പുഞ്ചിരി ഇപ്പോഴും ഈ സന്യാസിനിയുടെ മുഖത്തുണ്ടാകും. അതിന്റെ കാരണം പലരും ചോദിക്കും. അപ്പോഴൊക്കെ ഈ സന്യാസിനി പറയുന്നത് ഒരേ കാര്യമാണ് – “ദൈവത്തിലുള്ള ആനന്ദം.”

ഇന്ന് ദൈവത്തിന്റെ മണവാട്ടിയായി മാറിയിരിക്കുന്ന ഈ സന്യാസിനിക്ക് പറയാനുള്ളത് ദൈവത്തോടുള്ള നന്ദി മാത്രം. സന്യാസ ജീവിതമാകുന്ന സമ്മാനം തനിക്കു നൽകിയ ദൈവത്തോടുള്ള നന്ദിയാണ് സിസ്റ്റർ എവ്‌ലിന്റെ വാക്കുകളിൽ എപ്പോഴും നിറയുന്നത്.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.