യുദ്ധവിരുദ്ധ പ്രതിഷേധം പെയിന്റിംഗിലൂടെ ലോകത്തെ അറിയിച്ച് ഒരു റഷ്യക്കാരന്റെ ഒറ്റയാള്‍ പോരാട്ടം

മോസ്‌കോയില്‍ നിന്ന് എട്ടു മണിക്കൂര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍, റസ്‌കോ-വൈസോത്സ്‌കോയ് എന്ന ഒരു ചെറിയ പട്ടണത്തിലെത്തും. രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്നു തരിപ്പണമായ ഒരു പള്ളിയും ഒരു ഫാമും അല്ലാതെ കാര്യമായൊന്നും ഇവിടെ കാണാനില്ല. എന്നാല്‍ ഈ പട്ടണത്തില്‍ ശ്രദ്ധാകേന്ദ്രമായ ഒന്നുണ്ട്. ഇവിടുത്തെ പ്രാദേശിക ഷോപ്പിംഗ് സെന്റര്‍. ദിമിത്രി സ്‌കുരിഖിന്‍ എന്ന വ്യക്തിയാണ് ആ കെട്ടിടത്തിന്റെ ഉടമ. അയാള്‍ ഇപ്പോള്‍ ആ കെട്ടിടത്തിന്റെ മുന്‍വശത്ത് ചെയ്യുന്ന കാര്യം ഏറെ ശ്രദ്ധേയമാണ്.

സ്വന്തം കൈപ്പടയില്‍, വലിയ അക്ഷരങ്ങളില്‍ തന്റെ ഷോപ്പിംഗ് സെന്ററിന്റെ ഭിത്തിയില്‍ അദ്ദേഹം എഴുതിച്ചേര്‍ക്കുകയാണ് – ‘ഉക്രൈന് സമാധാനം, റഷ്യയ്ക്ക് സ്വാതന്ത്ര്യം!’ എന്ന്. റഷ്യന്‍ സൈന്യം ആക്രമിച്ച ഉക്രേനിയന്‍ പട്ടണങ്ങളുടെ പേരുകളും കടുംചുവപ്പ് നിറത്തിൽ അദ്ദേഹം പട്ടികപ്പെടുത്തിയിട്ടുണ്ട് – മരിയുപോള്‍, ബുച്ച, കെര്‍സണ്‍, ചെര്‍നിഹിവ്, തുടങ്ങിയ സ്ഥലനാമങ്ങള്‍.

“കാര്യങ്ങള്‍ പുറംലോകത്തെ അറിയിക്കാനുള്ള ഒരു നല്ല മാര്‍ഗ്ഗമാണിതെന്ന് ഞാന്‍ കരുതി” – ദിമിത്രി പറയുന്നു. “കാരണം, യുദ്ധത്തിന്റെ ആദ്യ ആഴ്ചകളില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങളുടെ ആളുകള്‍ക്ക് അറിയില്ലായിരുന്നു. ഉക്രേനിയന്‍ സര്‍ക്കാരില്‍ നിന്ന് മയക്കുമരുന്നിന് അടിമകളായവരെ നീക്കം ചെയ്യാന്‍ എന്തെങ്കിലും പ്രത്യേക ഓപ്പറേഷന്‍ നടക്കുന്നുണ്ടെന്നു മാത്രമാണ് ഞങ്ങളില്‍ പലരും കരുതിയത്. റഷ്യ ഉക്രൈനില്‍ ഷെല്ലാക്രമണം നടത്തുന്നതായി പോലും അറിഞ്ഞില്ല” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിമിത്രി തന്റെ ഷോപ്പിന്റെ മേല്‍ക്കൂര പോലും മഞ്ഞയും നീലയും ചേര്‍ന്നുള്ള പെയിന്റടിച്ച് വലിയ ഉക്രേനിയന്‍ പതാകയാക്കി മാറ്റിയിരിക്കുകയാണ്. താന്‍ ഈ ചെയ്യുന്നത് തനിക്കു തന്നെ അപകടമാണെന്ന് ദിമിത്രിക്ക് അറിയാം. കാരണം റഷ്യയില്‍ പൊതുപ്രതിഷേധം നടത്തുന്നവരെല്ലാം പലപ്പോഴും പ്രോസിക്യൂഷനോ, ഭീഷണിക്കോ വിധേയരാകുന്നുണ്ട്. ദിമിത്രിയുടെ വീടിന്റെ വാതിലില്‍ ആരോ ഇതിനകം ‘രാജ്യദ്രോഹി’ എന്ന് എഴുതിയിട്ടുണ്ട്. കൂടാതെ, പോലീസും എത്തിയിരുന്നു. റഷ്യന്‍ സായുധസേനയെ അപകീര്‍ത്തിപ്പെടുത്തിയതിന് അദ്ദേഹത്തിന് പിഴയും ചുമത്തി.

“പക്ഷേ എനിക്ക് ഒന്നും ചെയ്യാതെ വെറുതെ ഇരിക്കാന്‍ കഴിഞ്ഞില്ല. അത് എന്നെ ഉള്ളില്‍ കീറിമുറിക്കും. ഇപ്പോള്‍ റഷ്യക്കാര്‍ എല്ലായിടത്തു നിന്നും പുറത്താക്കപ്പെട്ടവരാണ്. ഞങ്ങള്‍ അതിന് അര്‍ഹരാണ്. ഈ ആക്രമണം വളരെക്കാലം ഞങ്ങളുടെമേല്‍ കരിനിഴല്‍ വീഴ്ത്തും” – ദിമിത്രി പറഞ്ഞു.

“ഇവിടെയുള്ളവരോടു ചോദിച്ചാല്‍, അവര്‍ റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധത്തിന് അനുകൂലമാണോ എന്നു മനസിലാക്കാം. റഷ്യ നടത്തുന്ന ഈ യുദ്ധത്തെ തുടര്‍ന്ന് ഞങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന പ്രത്യാഘാതങ്ങള്‍ വലുതാണ്. തെറ്റായ വിവരങ്ങളാണ് മാധ്യമങ്ങളിലൂടെ രാജ്യത്ത് തുറന്നുകാട്ടപ്പെടുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് ഒരു വിപത്താണെന്ന് ആളുകള്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു” – ദിമിത്രി കൂട്ടിച്ചേര്‍ക്കുന്നു.

പെയിന്റ് കൊണ്ടുള്ള ഏതാനും അക്ഷരങ്ങള്‍ ആര്‍ക്കും സമാധാനം നല്‍കില്ലെന്ന് ദിമിത്രി സ്‌കുരിഖിന് അറിയാം. എന്നാല്‍ തന്റെ പ്രതിഷേധം നഗരത്തിലെ ആളുകളെ പിടിച്ചുനിര്‍ത്താനും ഒന്നു ചിന്തിക്കാനും ചോദ്യം ചെയ്യാനും പ്രേരിപ്പിച്ചാല്‍ അത് അത് വലിയ വിജയമായി മാറിയേക്കും എന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.

“അയല്‍രാജ്യത്തെ ആക്രമിക്കുന്നതും ബോംബ് എറിയുന്നതും വിചിത്രമായ കാര്യമാണ്. ആര്‍ക്കും യുദ്ധം ആവശ്യമില്ല” – അദ്ദേഹം പെയിന്റിംഗ് തുടരുന്നു.

കീര്‍ത്തി ജേക്കബ്

കീർത്തി ജേക്കബ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.