വേദനകളെ ചിരിയോടെ നേരിട്ട ആ ‘സൂപ്പർ ഹീറോ’ ഇന്ന് സ്വർഗ്ഗത്തിൽ ചില്ലിംഗാണ്

തൃശൂർ ഒല്ലൂർ സ്വദേശി മൊയലൻ വീട്ടിൽ ജോസ് റെയ്നി (മുന്നാസ് – 25) ഒക്ടോബർ എട്ടിന് ബ്രെയിൻ ട്യൂമർ ബാധിച്ച് മരിച്ചു. സാഹസികത ഏറെ ഇഷ്ടപ്പെട്ടിരുന്ന മുന്നാസ് ആശുപത്രിക്കിടക്കയിലെ തന്റെ അവസാന നാളുകളിലും അത് കൈവെടിഞ്ഞില്ല. രണ്ട് വർഷം മുൻപ് ചികിത്സയുടെ ഭാഗമായി രണ്ട് ശസ്ത്രക്രിയ നടത്തിയതിന്റെ ഫലമായി മുന്നാസിന്റെ ശരീരത്തിന്റെ ഇടതുഭാഗം തളർന്നുപോയിരുന്നു. ശരീരം തളർന്നെങ്കിലും മുന്നാസിന്റെ മനസ് തളർന്നില്ല. മരണക്കിടക്കയിലും ടിഷ്യൂ പേപ്പറിൽ ചെറിയ സന്ദേശങ്ങളെഴുതി പ്രിയപ്പെട്ടവരെ ധൈര്യപ്പെടുത്തി. മരണശേഷം എല്ലാവരുടെയും കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു ആ ശബ്ദം – “ഡോണ്ട് വറി, ഞാൻ സ്വർഗത്തിൽ ചില്ലിംഗ് ആയിരിക്കും.”

മൂന്ന് വർഷമായി അലട്ടിയിരുന്ന രോഗം

സാഹസികത ഏറെ ഇഷ്ടപ്പെട്ടിരുന്ന, ആൽപ്സ് പർവ്വതനിരയിലൂടെ യാത്ര നടത്തിയിട്ടുള്ള യുവാവ്. രോഗം സ്ഥിരീകരിച്ച ശേഷവും ചികിത്സ തുടരുമ്പോഴും മുന്നാസ് യാത്രകൾ ചെയ്തു. സ്വർഗ്ഗത്തിലേക്കുള്ള തന്റെ യാത്രക്ക് സമയമായെന്ന് അവനറിയാമായിരുന്നു. അതിനു മുൻപ് ഇഹലോകത്തിലെ ഓട്ടം അവൻ പൂർത്തിയാക്കി. ചികിത്സയുടെ ഭാഗമായി രണ്ട് ശസ്ത്രക്രിയകൾ നടത്തി. ചികിത്സക്കിടയിൽ ശരീരത്തിന്റെ ഇടതുഭാഗവും തളർന്നുപോയി. അങ്ങനെ യാത്രകൾ ചെയ്യാൻ സാധിച്ചില്ലെങ്കിലും അവന്റ വാക്കുകൾ, സ്നേഹം, സന്ദേശം ഒക്കെ ഫോണിലൂടെയും ചെറിയ കത്തിലൂടെയും മെസേജുകളായി അയച്ചു. ഉറ്റവർക്കും പ്രിയപ്പെട്ടവർക്കും സന്തോഷം പകരണം. അതായിരുന്നു അവസാനം വരെയുള്ള അവന്റെ ആഗ്രഹം.

തീവ്രപരിചരണ വിഭാഗത്തിൽ ആയിരിക്കുമ്പോഴും ഉറ്റവർക്കായി മുന്നാസ് ചെറിയ സന്ദേശങ്ങളെഴുതി. “ആരും ദുഃഖിക്കാതിരിക്കൂ. ഞാനൊരു സൂപ്പർ ഹീറോ ആണ്. സ്വർഗ്ഗത്തിലേക്കുള്ള യാത്രയിലാണ്. അവിടെ ഞാൻ സന്തോഷവാനായിരിക്കും.”

ജോസ് റെയ്നിയുടെ ചരമപരസ്യം പത്രത്തിൽ കുടുബാംഗങ്ങൾ കൊടുത്തത്, ജീവിച്ചിരിക്കുമ്പോൾ അവനെഴുതിയ ഈ സന്ദേശം ഉൾപ്പെടെയാണ്. ആശുപത്രിയിൽ കിടക്കുമ്പോഴും തന്റെ സ്വപ്നങ്ങളാണ് അവൻ മറ്റുള്ളവരോട് പങ്കുവച്ചു കൊണ്ടിരുന്നത്. ആശുപത്രിക്കിടക്കയിൽ നിന്നും ടിഷ്യൂ പേപ്പറിൽ മുന്നാസ് എഴുതിയത് ഇരുപത്തിയഞ്ചോളം കുഞ്ഞു കത്തുകൾ. ആശുപത്രിക്കിടക്കയിൽ തന്നെ സന്ദർശിക്കാൻ വരുന്നവർ അസുഖവിവരത്തെക്കുറിച്ച് കൂടുതൽ ചോദിക്കാതിരിക്കാൻ മുന്നാസ് ഉടൻ വിഷയം മാറ്റും. തന്നെ സന്ദർശിക്കാൻ വിഷമത്തോടെ വരുന്നവരെയും മുന്നാസ് സന്തോഷമായിട്ടേ തിരിച്ചയക്കൂ. ശസ്ത്രക്രിയക്ക് നേഴ്‌സുമാർ തലമുടി വടിച്ചുനീക്കുമ്പോൾ പോലും അവൻ ചിരിച്ചുകൊണ്ട് സെൽഫിയെടുത്ത് ബന്ധുക്കൾക്കും കൂട്ടുകാർക്കും അയക്കുമായിരുന്നു.

ഫുൾ പോസിറ്റീവ് എനർജി

ഭയങ്കര പോസിറ്റീവ് എനർജി കാത്തുസൂക്ഷിക്കുന്ന ആളായിരുന്നു മുന്നാസ് എന്ന് അവന്റെ അമ്മ വെളിപ്പെടുത്തുന്നു. ഒന്നിനേയും പറ്റി ആകുലതയില്ലാത്തയാൾ. മറ്റുള്ളവരിൽ നിന്നും സ്വീകരിക്കുന്നതിനേക്കാൾ കൊടുക്കാൻ ആഗ്രഹിച്ച ചെറുപ്പക്കാരൻ. മരിക്കുന്നതിന് ഒരു മാസം മുൻപ് തന്നെ തന്റെ ഉറ്റസുഹൃത്തിനോട് തന്റെ മരണശേഷം കുടുംബക്കാരോടും സുഹൃത്തുക്കളോടും ഒക്കെ പേഴ്‌സണലായി പറയാനുള്ള കാര്യങ്ങൾ പറഞ്ഞുവച്ചിരുന്നു.

“മരിക്കുന്നതിന് നാലു ദിവസം മുൻപ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായി. കോമ സ്റ്റേജിൽ അല്ലെങ്കിലും ഇടക്കൊക്കെയെ കണ്ണ് തുറക്കുമായിരുന്നുള്ളൂ. അങ്ങനെ ഇടക്ക് കണ്ണ് തുറക്കുമ്പോഴും അവൻ ചിരിക്കും. വിശേഷങ്ങൾ തിരക്കും. തന്നെ ചികിത്സിക്കാൻ വരുന്ന ഡോക്ടറോട് പോലും ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിക്കും. അമ്മയോട് ഡോക്ടർക്ക് ജ്യൂസ് കൊടുക്കാൻ ആവശ്യപ്പെടും. മുന്നാസിനെ ആശുപത്രയിൽ സന്ദർശിക്കാൻ വരുന്നവർക്ക് ജ്യൂസോ മറ്റെന്തിങ്കിലുമോ നൽകാതെ തിരിച്ചുവിടാൻ അവൻ സമ്മതിക്കുകയില്ലായിരുന്നു” – മുന്നാസിന്റെ മാതാപിതാക്കൾ വെളിപ്പെടുത്തുന്നു.

ചികിത്സിക്കാൻ വരുന്ന ഡോക്ടർക്കു പോലും മനസിലാകില്ല അവന് വേദനയുണ്ടോ, മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടോ എന്ന്. എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടെങ്കിലും അവൻ പറയുമായിരുന്നില്ല. പരിശോധിക്കാൻ ഡോക്ടർ ഓരോ സ്ഥലത്ത്  അമർത്തുമ്പോൾ വേദന എടുക്കുന്ന രീതിയിൽ ശബ്ദമുണ്ടാക്കും. അങ്ങനെയാണ് ഡോക്ടർമാർ പോലും ശാരീരിക അവസ്ഥ മനസിലാക്കിയിരുന്നത്. അവനായിട്ട് ഒന്നും പറയില്ല. പിന്നെ സ്കാൻ ചെയ്യുമ്പോഴും എക്സ്റേ എടുക്കുമ്പോഴും ആണ് ബുദ്ധിമുട്ടുകൾ മനസിലാക്കി മരുന്നുകൾ കൊടുത്തിരുന്നത്. പാലിയേറ്റിവ് മരുന്നുകൾ ഒന്നും തന്നെ മുന്നാസിന് കൊടുത്തിരുന്നില്ല. അവൻ തന്റെ വേദനകളും ബുദ്ധിമുട്ടുകളും ആരോടും ഒന്നും പറയാതെ സഹിക്കുകയായിരുന്നു. അവസാന നാളുകൾ ആയപ്പോഴേക്കും തലച്ചോറിൽ മാത്രമല്ല, ശ്വാസകോശത്തിലും ഇടുപ്പിലും ക്യാൻസർ വ്യാപിച്ചിരുന്നു. കടുത്ത വേദനകൾക്കിടയിലും അവയെല്ലാം മുന്നാസ് നിശബ്ദമായി സഹിച്ചു. വേദനസംഹാരി കൊടുത്തുകഴിഞ്ഞാൽ പെട്ടെന്ന് കോമയിലേക്ക് പോകാൻ സാധ്യതയുണ്ട്. അങ്ങനെ പോയാൽ തന്റെ പ്രിയപ്പെട്ടവരെ കാണാൻ പറ്റുകയില്ലല്ലോ. അതുകൊണ്ട് വേദന സഹിച്ചുകൊണ്ടു പോലും തന്റെ പ്രിയപ്പെട്ടവരോടൊപ്പം അവസാന നാളുകൾ ചിലവഴിക്കാൻ അവൻ ആഗ്രഹിച്ചിരുന്നു. മുന്നാസിന്റെ അവസാന നാളുകളെക്കുറിച്ച് മാതാപിതാക്കൾ വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്.

രണ്ടു വർഷം മുൻപ് നടന്ന രണ്ടാമത്തെ ഓപ്പറേഷനിൽ തന്നെ ഒരുവശം തളർന്നുപോയിരുന്നു. ഈ തളർന്ന അവസ്ഥയിലും രാത്രിയിൽ എന്തെങ്കിലും ആവശ്യം വരുകയാണെങ്കിൽ തനിയെ എഴുന്നേറ്റ് ആവശ്യങ്ങൾ നിറവേറ്റി തിരിച്ചുവരും. ആരോടും പറയില്ല. ബൈബിൾ വാക്യങ്ങൾ എഴുതി ബെഡിനരികെ ഒട്ടിച്ചുവയ്ക്കുമായിരുന്നു. പിന്നെ ഫോണിൽ തന്നെ ഇംഗ്ലീഷിൽ ബൈബിൾ വാക്യങ്ങൾ എഴുതിവച്ചിരുന്നു. അതും ഇടക്കിടെ വായിക്കും. അവന് ഈ ധൈര്യമെല്ലാം കിട്ടിയത് ദൈവത്തിൽ നിന്നു തന്നെയാണെന്ന് മുന്നാസിന്റെ മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു.

ദൈവത്തോട് നല്ല അടുപ്പം സൂക്ഷിച്ചിരുന്ന മുന്നാസ് മരണത്തെ പുഞ്ചിരിയോടെ സ്വീകരിക്കാൻ പഠിച്ചത് ആ ഒരു അടുപ്പത്തിൽ നിന്നു തന്നെയാണ്. അവസാനത്തെ ഒരു മാസം ആശുപത്രിയിൽ ആയിരുന്നപ്പോൾ അടുത്ത സുഹൃത്തായ കസിൻ സിസ്റ്ററിനോട് മുന്നാസ് പറയുമായിരുന്നു. “മാതാപിതാക്കളും സഹോദരങ്ങളും വിഷമിക്കാതിരിക്കാനാണ് ഞാൻ ആശുപത്രിയിൽ വന്നത്. എനിക്കറിയാം ഈ അസുഖം കുറയുകയില്ലെന്ന്.”

അവസാന നാളുകളിൽ പോലും ആശുപത്രിയിലെ ഡോക്ടർമാരുമായും നേഴ്സുമാരുമായും മറ്റ് ജീവനക്കാരുമായും ഒക്കെ ഭയങ്കര സ്നേഹത്തിലായിരുന്നു മുന്നാസ്. ചുരുക്കത്തിൽ തന്നെ കണ്ടുമുട്ടിയവർക്കെല്ലാം മരണശേഷവും മരിക്കാത്ത ഓർമ്മകൾ സമ്മാനിച്ചു ഈ യുവാവ്. ‘മനുഷ്യന് അസാധ്യമെങ്കിലും ദൈവത്തിന് എല്ലാം സാധ്യമാണ്’ – ഈ ബൈബിൾ വാക്യം എപ്പോഴും അവൻ എഴുതുകയും പറയുകയും ചെയ്യുമായിരുന്നു.

“ഞങ്ങൾ ഒരു സാധാരണ കുടുംബമാണ്. സഹതാപം അവന് ഇഷ്ടമല്ലായിരുന്നു. വിഷമത്തോടെ ആളുകൾ തന്നോട് സംസാരിക്കുന്നതും സന്ദർശിക്കുന്നതും അവന് താത്പര്യമില്ലായിരുന്നു. ഒരു രോഗിയും സഹതാപം ആഗ്രഹിക്കുന്നില്ല. ‘ഉഷാറായിട്ടുണ്ടല്ലോ’ എന്ന് പറയുമ്പോൾ ഒരു പ്രതീക്ഷയാണ്. ഒരാളെ കൂടുതൽ ക്ഷീണിതനാക്കാനേ സഹാനുഭൂതികൊണ്ട് സാധിക്കൂ” – ആ മാതാപിതാക്കൾ പറയുന്നു.

ചികിത്സയ്ക്കിടെ ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കുമെല്ലാം മുന്നാസ് പ്രതീക്ഷയുടെ കുറിപ്പുകൾ എഴുതി. മരണം മുന്നിലുണ്ടെന്ന് അറിഞ്ഞിട്ടും പതറാതെ സന്തോഷത്തോടെ കുറിച്ച ആ വാക്കുകൾ അനേകർക്ക് പ്രതീക്ഷ പകർന്നു. മരണശേഷമാണ് അവന്റെ വാക്കുകൾ ലോകത്തിനു മുൻപിൽ വെളിപ്പെട്ടത്. “നിങ്ങളോടൊപ്പം ചില്ലിംഗാകാൻ ഞാനിനി അവിടെ ഇല്ലെന്ന് എനിക്കറിയാം. ഞാനിവിടെ സ്വർഗത്തിൽ ചില്ലിങ്ങാണ്. ഡോണ്ട് വറി.”

മുന്നാസിന്റെ മാതാപിതാക്കൾ കരഞ്ഞുകൊണ്ടല്ല ഇപ്പോൾ സംസാരിക്കുന്നത്. അതവന് ഇഷ്ടമല്ലെന്ന് അവർക്കറിയാം. പ്രതീക്ഷയുടെ മരിക്കാത്ത ഓർമ്മകൾ ഈ ലോകത്തിൽ അവശേഷിപ്പിച്ച ‘സൂപ്പർ ഹീറോ’ ആയ മുന്നാസിന്റെ അപ്പനും അമ്മയും അല്ലെ അവർ!

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.