
മെക്സിക്കൻ സിറ്റിയിലെ മെട്രോ പോളിറ്റൻ കത്തീഡ്രലിലെ ഒരു അപൂർവ കാഴ്ചയാണ് കൈവിലങ്ങുകൾ അണിഞ്ഞ ഉണ്ണിയേശുവിന്റെ തിരുസ്വരൂപവും അതിനരികിലായിട്ടുള്ള ധാരാളം കളിപ്പാട്ടങ്ങളും. ന്യൂ സ്പെയിനിന്റെ കാലം മുതൽ തന്നെ ഈ ശില്പം ആ ദൈവാലയത്തിൽ ഉണ്ട്.
കത്തീഡ്രലിന്റെ പബ്ലിക് റിലേഷൻസ് ഓഫീസറായ ആൽഫ്രെഡോ മാർട്ടിനെസിന്റെ അഭിപ്രായത്തിൽ, ഈ ചിത്രം സ്പെയിൻകാരനായ ഫ്രാൻസിസ്കോ സാൻഡോവൽ ഡി സപാറ്റ നിർമ്മിച്ചതാണ്. ഒരിക്കൽ ന്യൂ സ്പെയിനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയ്ക്കിടെ, ബ്രിട്ടീഷ് കടൽക്കൊള്ളക്കാർ അദ്ദേഹത്തിന്റെ കപ്പൽ തടഞ്ഞുനിർത്തുകയും തടവുകാരനാക്കുകയും ചെയ്തു. വലിയ തുക മോചനദ്രവ്യമായി ആവശ്യപ്പെടുകയും ചെയ്തു. അതിനാവശ്യമായ തുക സമാഹരിക്കാൻ നിരവധി വർഷങ്ങൾ വേണ്ടിവന്നു. 1629-ലാണ് രക്ഷാപ്രവർത്തനം നടന്നതെങ്കിലും നിർഭാഗ്യവശാൽ സാൻഡോവൽ ഇതിനകം മരണമടഞ്ഞിരുന്നു. എങ്കിലും കൊള്ളക്കാർ ന്യൂ സ്‌പെയിനിൽ വലിയ പ്രശസ്തി നേടിയിരുന്ന ഉണ്ണിയേശുവിന്റെ ആ രൂപം കേടുകൂടാതെ തിരികെ നൽകി.
മാർട്ടിനെസ് പറയുന്നതനുസരിച്ച്, മെട്രോപൊളിറ്റൻ കത്തീഡ്രലിലാണ് ഈ ശില്പം നിലവിൽ സൂക്ഷിച്ചിരിക്കുന്നത്. ‘ഉണ്ണിയേശുവിന്റെ ചിത്രം’ എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നതെങ്കിലും, അത് മെക്സിക്കോയിൽ എത്തിയപ്പോൾ ‘കൈവിലങ്ങുകളണിഞ്ഞ ഉണ്ണിയേശു’ എന്നറിയപ്പെട്ടു. ഈ ശില്പത്തിന്റെ വിമോചന ചരിത്രത്തെ പ്രതീകപ്പെടുത്തുന്നതാണ് ആ പേര്. പ്രതീകാത്മകമായിട്ടാണ് ആ ശില്പത്തിൽ കൈവിലങ്ങുകൾ ചേർത്തത്. ഈ കൈവിലങ്ങുകൾ വെള്ളിയിൽ പ്രത്യേകം നിർമ്മിച്ചതാണ്.
പല തരത്തിൽ ബന്ധനത്തിൽ ആയവരുടെ ആശ്രയം
പല കുടുംബങ്ങൾ തങ്ങളുടെ രോഗികളോ പ്രശ്‌നങ്ങളുള്ളവരോ ആയ കുട്ടികളുടെ ആരോഗ്യത്തിനോ ക്ഷേമത്തിനോവേണ്ടി പ്രാർഥിക്കാൻ ഈ രൂപത്തിന്റെ പക്കലെത്തി. എങ്കിലും, 21-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ, ഈ ഉണ്ണീശോയോടുള്ള ഭക്തി വ്യാപകമായി. ഇപ്പോൾ ആത്മീയമോ ഭൗതികമോ ആയ അടിമത്വത്തിൽ ജീവിക്കുന്നവർക്ക് ആശ്രയിക്കാവുന്ന ഒരു ഇടമായി ഇവിടം മാറി.
ഈ ഉണ്ണീശോയുടെ പക്കൽ പ്രാർഥിക്കാനായി എത്തുന്നവർ നന്ദി സൂചകമായി, ഉണ്ണീശോയ്ക്ക് കളിപ്പാട്ടങ്ങൾ നൽകുന്നു. ഈ പാരമ്പര്യം ഇന്നും തുടരുന്നു.
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ