മരണമായിരുന്നു കൺമുൻപിൽ: 235 ദിവസങ്ങൾ താലിബാൻ ഭീകരരുടെ തടവിൽ കഴിഞ്ഞ ജെസ്യൂട്ട് മിഷനറി മനസു തുറക്കുന്നു

സുനീഷ വി.എഫ്.

“ഭീകരരിൽ ഒരാൾ എന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി. എന്റെ ശ്വാസം നിലച്ചതുപോലെ. മരണമായിരുന്നു കൺമുൻപിൽ. ഏതു നിമിഷം വേണമെങ്കിലും അവർ എന്നെ കൊല്ലുമായിരുന്നു.” നീണ്ട 235 ദിവസങ്ങൾ താലിബാൻ തീവ്രവാദികളുടെ തടവിൽ കഴിഞ്ഞ ജെസ്യൂട്ട് മിഷനറി ലൈഫ് ഡേ – യോട് മനസു തുറക്കുന്നു. തുടർന്നു വായിക്കുക.  

അഫ്ഗാനിസ്ഥാനിലെ ഹെറാത്തിൽ നിന്നും താലിബാൻ ഭീകരർ തട്ടിക്കൊണ്ടുപോയ ജെസ്യൂട്ട് മിഷനറി പുരോഹിതനാണ് ഫാ. അലക്സിസ് പ്രേം കുമാർ ആന്റണിസ്വാമി എസ്.ജെ. 2014 ജൂൺ മാസം രണ്ടാം തിയതി തട്ടിക്കൊണ്ടു പോകപ്പെടുകയും ഗവൺമെന്റിന്റെയും സന്യാസ സഭയുടെയും ശ്രമഫലമായി ഏഴു മാസവും 22 ദിവസങ്ങളും കഴിഞ്ഞ് അദ്ദേഹത്തെ വിട്ടയയ്ക്കുകയും ചെയ്തു. ജെസ്യൂട്ട് സന്യാസ സമൂഹത്തിന്റെ അഭയാർത്ഥികൾക്കായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടർ ആയിരുന്ന ഫാ. അലക്സിസ് പ്രേം കുമാറുമായി നടത്തിയ അഭിമുഖ സംഭാഷണം മലയാളത്തിൽ ആദ്യമായി ലൈഫ് ഡേ പങ്കുവെയ്ക്കുന്നു.

‘ആ കരയുന്ന കുട്ടിയെ മതി എനിക്ക്’

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ വാരിയൻവയൽ ഗ്രാമത്തിലായിരുന്നു ഫാ. പ്രേം കുമാർ ജനിച്ചത്. പിതാവ് അലക്സിസ് ആന്റണി സ്വാമി ഒരു പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്ററും അമ്മ മരിയ തങ്കം ഹൈസ്കൂൾ അധ്യാപികയുമായിരുന്നു. അഞ്ചു മക്കളിൽ ഏറ്റവും മൂത്ത മകനായ അച്ചനെ പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ ബന്ധുവായ ഒരു സന്യാസിനിയാണ് ജെസ്യൂട്ട് സഭയുടെ ദൈവവിളി ക്യാമ്പിൽ പങ്കെടുക്കാൻ കൊണ്ടുപോകുന്നത്. ക്യാമ്പിൽ എത്തിയപ്പോൾ മുതൽ കുഞ്ഞു പ്രേംകുമാർ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ കരയാനാരംഭിച്ചു. പുരോഹിതനാകാൻ ഇഷ്ടമായിരുന്നെകിലും എന്തെന്നില്ലാതെ കരയുന്ന ആ ആൺകുട്ടിയെ വൊക്കേഷൻ പ്രമോട്ടർ സെമിനാരിയിൽ അംഗമാകാൻ ക്ഷണിച്ചു.’ എനിക്ക് ആ കരയുന്ന കുട്ടിയെ മതി’ എന്നായിരുന്നു അന്ന് ആ പുരോഹിതൻ പ്രേം കുമാർ അച്ചനെ നോക്കി പറഞ്ഞത്. സെമിനാരിയിൽ ചേർന്ന അദ്ദേഹം സെമിനാരി പഠനത്തോടൊപ്പം ബിരുദവും ബിരുദാന്തര ബിരുദവും പൂർത്തിയാക്കി. 2000 നവംബർ 25 -ന് ഫാ. അലക്സിസ് പ്രേം കുമാർ കർത്താവിന്റെ പുരോഹിതനായി അഭിഷിക്തനായി.

പഠന കാലയളവിൽ സമൂഹത്തിന്റെ താഴെ കിടയിലുള്ളവർക്കും അഭയാർത്ഥികൾക്കുമായി പ്രവർത്തിക്കുക എന്നതാണ് തന്റെ ‘വിളിക്കുള്ളിലെ വിളി’ എന്ന് അച്ചൻ തിരിച്ചറിഞ്ഞു. അതിനാൽ തന്നെ ജെസ്യൂട്ട് സന്യാസ സഭയുടെ കൊടൈക്കനാലിലെ ഒരു അഭയാർത്ഥി ക്യാമ്പിലായിരുന്നു ആദ്യത്തെ നിയമനം. അതിനു ശേഷം 2006 – മുതൽ ശ്രീലങ്കയിലെ തമിഴ് അഭയാർഥികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയായിരുന്നു അച്ചൻ. അതിനു ശേഷം 2011 -ലാണ് അധികാരികൾ അഫ്ഗാനിസ്ഥാനിലെ ജെസ്യൂട്ട് റെഫ്യൂജി സെന്ററുകളുടെ (JRC) ഡയറക്ടറായി അച്ചനെ നിയോഗിക്കുന്നത്.

അഫ്ഗാനിസ്ഥാനിലേയ്ക്ക്

അഫ്‌ഗാനിസ്ഥാനിലെ അരക്ഷിതാവസ്ഥയിലും ദാരിദ്ര്യത്തിലും കുടുങ്ങിയ നിരവധി പൗരൻമാർ മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തിരുന്നു. ചെന്നെത്തിയ ഇടങ്ങളിലും സ്ഥിതി മറ്റൊന്നല്ലാത്തതിനാൽ അത്തരത്തിലുള്ള അനേകമാളുകൾ തിരികെ സ്വരാജ്യത്തിലേക്ക് മടങ്ങി വന്നു. തിരികെ വന്ന അവർക്ക് കഷ്ടപ്പാടുകൾ തന്നെയായിരുന്നു മിച്ചമുണ്ടായിരുന്നത്. അത്തരത്തിലുള്ള ആളുകളുടെ പുനരധിവാസവും വിദ്യാഭ്യാസവുമായിരുന്നു ജെസ്യൂട്ട് മിഷനറിമാരുടെ JRC എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അങ്ങനെ ഫാ. അലക്സിസ് പ്രേം കുമാർ അഫ്ഗാനിസ്ഥാനിൽ എത്തിച്ചേർന്നു.

താരതമ്യേന സമാധാന പൂർണ്ണമായ ഒരു സ്ഥലമായിരുന്നു ഹെറാത്‌. ഇറാനുമായി വളരെ അടുത്തു നിൽക്കുന്ന ഒരു പ്രവിശ്യയാണിത്. നിറയെ കുന്നുകളും മലനിരകളും മാത്രം. ഹെറാത്തിലെ ഗവണ്മെന്റ് സ്കൂൾ ഏറ്റെടുത്ത് നടത്തിയിരുന്നത് ജെസ്യൂട്ട് മിഷനറിമാർ ആയിരുന്നു. ആ സമയത്ത് സ്‌കൂളിൽ നിറയെ കുട്ടികളുണ്ടായിരുന്നു. ഡിസംബർ- ജനുവരി മാസത്തെ തണുപ്പിൽ നിന്ന് രക്ഷ നേടാൻ അഭയാർത്ഥികൾ ഹെറാത്തിലേക്ക് എത്തിച്ചേർന്നിട്ടുള്ളതിനാൽ സ്കൂളിലും അതനുസരിച്ച് വിദ്യാർത്ഥികളുടെ എണ്ണം കൂടി. പഠനം എന്നതിലുപരിയായി കുട്ടികൾക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ നൽകുക എന്നതായിരുന്നു പ്രധാനം. അമേരിക്കൻ സേനയും രാജ്യത്തെ താലിബാനുമായുള്ള ഏറ്റുമുട്ടൽ ശക്തമായിരുന്ന സമയമായിരുന്നു അത്. യുദ്ധസമാനമായ അന്തരീക്ഷം. രാജ്യത്തു നിന്നുള്ള വിമാന സർവീസുകളെല്ലാം നിർത്തിവെച്ചിരുന്നു. അവിടെയുള്ള പൗരൻമാരും വിദേശികളുമൊക്കെ ഒരുപോലെ അപകടത്തിൽ ആയിരുന്നു. ഇന്ത്യയിൽ നിന്നുള്ളവർക്കു താലിബാന്റെ ശക്തമായ മുന്നറിയിപ്പ് ഉണ്ടായിരുന്നു.

‘എന്നെ തേടി വന്ന താലിബാൻ’

“ആ സമയത്ത് ഞങ്ങൾ ഒറ്റയ്ക്ക് എവിടെയും സഞ്ചരിച്ചിരുന്നില്ല. സംഘം ചേർന്ന് മാത്രമേ യാത്ര ചെയ്തിരുന്നുള്ളൂ. ഹെറാത്തിലെ സ്കൂൾ വിസിറ്റിനു എത്തിയതായിരുന്നു ഞങ്ങൾ. ജെ ആർ സി – യിലെ മറ്റു അംഗങ്ങളെ കാത്തു നിൽക്കുകയായിരുന്നു ഞാൻ. പെട്ടന്ന് വെടിയൊച്ച കേട്ടു. എല്ലാവരും സ്‌കൂളിലേക്ക് ഓടിക്കയറി. താലിബാൻ സംഘത്തിലെ അംഗങ്ങൾ ആണെന്ന് എനിക്ക് മനസ്സിലായി. അവർ വന്നത് എന്നെ തേടിയാണെന്നും എനിക്ക് മനസ്സിലായി. കാരണം അവിടെയുള്ളതിൽ ഞാൻ മാത്രമായിരുന്നു പുറത്തു നിന്നുള്ള ഒരേയൊരാൾ.” ഫാ. അലക്സിസ് പ്രേം കുമാർ ഓർമ്മിക്കുന്നു.

“അവർ ഉടനെ എല്ലാവരോടും നിലത്തു കിടക്കാൻ പറഞ്ഞു. തലയുയർത്തിയാൽ വെടിവെക്കും എന്നും പറഞ്ഞു. മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ അവർ പറയുന്നത് അനുസരിക്കുക മാത്രമേ നിവർത്തിയുണ്ടായിരുന്നുള്ളൂ. അവർ എന്റെ പാസ്‌പോർട്ടും മൊബൈൽ ഫോണും കൈക്കലാക്കി. കൈകൾ പിന്നിലേക്ക് കൂട്ടിക്കെട്ടി. വാഹനത്തിൽ കയറ്റി. ആകെയൊരു മരവിപ്പായിരുന്നു. മനസ്സിൽ പലവിധ ചിന്തകൾ വന്നുംപോയുമിരുന്നു. ശരീരത്തിൽ ഉണ്ടായിരുന്ന ജലാംശമെല്ലാം കണ്ണുനീരായി ഒഴുകിയിറങ്ങുന്നതായി എനിക്ക് തോന്നി. വിജനമായ പാതയിലൂടെയായിരുന്നു അവർ എന്നെ കൊണ്ടുപോയത്. വാഹനത്തിൽ കിടക്കാൻ നിർദ്ദേശമുണ്ടായിരുന്നതുകൊണ്ട് തലയുയർത്തി പുറത്തേയ്ക്ക് നോക്കാൻ പോലും ധൈര്യമുണ്ടായിരുന്നില്ല. വാഹനത്തിൽ അക്രമികളുടെ കൂടെ കുട്ടികളും ഉണ്ടായിരുന്നു. താലിബാന്റെ ‘കുട്ടി ട്രെയിനികൾ’. അടിസ്ഥാന വിദ്യാഭ്യാസം  പോലുമില്ലാതെ താലിബാൻ തീവ്രാദികളുടെ ഗണത്തിലേക്ക് ചേർക്കപ്പെട്ട പാവം കുട്ടികൾ. ആ സമയത്ത് എനിക്ക് അവരെയോർത്തും വിഷമം തോന്നി. അതിൽ ഒരു കുട്ടി എന്റെ കഴുത്തിനു പുറകിൽ കൈവിരലുകൾ തോക്കുപോലെ വെച്ച് ‘പറയുന്നത് അനുസരിച്ചില്ലെങ്കിൽ തോക്കുവെച്ച് ഇതുപോലെ വെടിവെച്ചു കൊല്ലും’ എന്ന് പറഞ്ഞു.” അച്ചൻ പറയുന്നു.

കുന്നുകൾ നിറഞ്ഞ മണൽക്കാടുകളിലൂടെയായിരുന്നു അച്ചനെ അവർ കൊണ്ടുപോയത്. രാത്രിമുഴുവനും യാത്ര ചെയ്തു. ഒടുവിൽ ഒരു ഗുഹയിൽ എത്തിചേർന്നു. “കിഴുക്കാം തൂക്കായ മലനിരകളിലൂടെയും മണൽക്കാടുകാടുകളിലൂടെയും അതിസമർത്ഥനായ ഒരു ഡ്രൈവർക്കുമാത്രമേ വാഹനമോടിക്കാൻ കഴിയുമായിരുന്നുള്ളൂ. അതിനാൽ തന്നെ പ്രതികരിക്കുക എന്നത് നമ്മുടെ ചിന്തയിൽ പോലും ആ നിമിഷം വരില്ല,” അച്ചൻ പറയുന്നു. സത്യത്തിൽ അച്ചനെ തട്ടിക്കൊണ്ടുപോയവർ ആ പ്രദേശത്തു തന്നെ ഉള്ളവരായിരുന്നു; പണത്തിനു വേണ്ടി മാത്രം ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർ. എന്നാൽ, താലിബാൻ സംഘടനയോട് ഏറ്റവും അടുത്ത് നിൽക്കുന്നവർ. അവരാണ് താലിബാൻ തീവ്രവാദികൾക്ക് അച്ചനെ കൈമാറുന്നത്. കുന്നുകളും താഴ്‌വരകളും മാത്രമുള്ള ഒരു സ്ഥലത്ത് വെച്ച് അവർ അച്ചനെ ‘യഥാർത്ഥ താലിബാൻ അംഗങ്ങൾക്ക്’ കൈമാറി.

“എന്റെ കൈയും കാലും കെട്ടിയപ്പോൾ എനിക്ക് സങ്കടം സഹിക്കാൻ സാധിച്ചില്ല.’ നിങ്ങൾ എന്നെ കൊന്നു കളയൂ’ എന്ന് പറഞ്ഞായിരുന്നു ഞാൻ കരഞ്ഞത്. അവർക്ക് ദാരി ഭാഷ അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അവരിലൊരാൾ ഒരു പേനയും പേപ്പറുമായി എന്റെ അരികിൽ വന്നു. വീട്ടിൽ ആരൊക്കെയുണ്ട്, അവരുടെ പേരെന്താണ് എന്നൊക്കെ ചോദിച്ചു. രക്ഷപെടാൻ സാധിക്കുമോ അതോ കൊല്ലുമോ എന്നുപോലും അറിയില്ല. അപ്പോഴാണ് വീട്ടിലുള്ളവരുടെ കാര്യം ചോദിക്കുന്നത്! എനിക്ക് വലിയ ആശങ്ക തോന്നി. വിവരങ്ങൾ കൈ മാറിയാൽ അവർകൂടി അപകടത്തിലാകുമോ എന്ന് പോലും ഞാൻ ഭയപ്പെട്ടു. ഞാൻ ഒരു ക്രിസ്ത്യൻ പുരോഹിതനാണെന്നുപോലും അവർക്ക് അറിയില്ലായിരുന്നു. ആ രാത്രിയിൽ, നാട്ടിലുള്ള എന്റെ പിതാവിനെയും സഹോദരങ്ങളെയും കാത്തുകൊള്ളണമേ എന്ന് ദൈവത്തോട് വിളിച്ചപേക്ഷിച്ചു,” അച്ചൻ ലൈഫ് ഡേ -യോട് വെളിപ്പെടുത്തി. പിടിയിലകപ്പെട്ട അച്ചനെ അവർ അസ്‌ലംഖാൻ എന്നായിരുന്നു വിളിച്ചിരുന്നത്.

മരുഭൂമിയിലെ പീഡാസഹനം

ജെസ്യൂട്ട് മിഷനറി പുരോഹിതർ പ്രത്യേകമായി അനുഷ്ഠിക്കുന്ന ഒരു ആത്മീയ വ്യായാമം (Spiritual  Exercise ) ഉണ്ട്. പല ആഴ്ച്ചകളിലായി നാലുഘട്ടങ്ങളുള്ള ഒരു ആത്മീയ അഭ്യാസം. ഇതിലെ മൂന്നാമത്തെ ആഴ്ചയിൽ എത്തി നിൽക്കുകയായിരുന്നു ഫാ. അലക്സിസ് പിടിക്കപ്പെടുന്ന സമയം. മൂന്നാം ആഴ്ചയിൽ ഈശോയുടെ പീഡാസഹനത്തെയായിരുന്നു പ്രത്യേകമാം വിധം ധ്യാനിച്ചിരുന്നത്. അതുതന്നെ അച്ചന്റെ ജീവിതത്തിലും സംഭവിച്ചു.

“ഈശോ മൂന്നു മണിക്കൂർ കുരിശിൽ കിടന്നപ്പോൾ മാതാവും ജറുസലേമിലെ സ്ത്രീകളുമൊക്കെ കുരിശിൽ ചുവട്ടിൽ ഉണ്ടായിരുന്നു. എന്നാൽ എന്റെ ഒപ്പം ആരും ഇല്ലല്ലോ എന്നു ഞാൻ ഓർത്തു. എല്ലാ രാത്രികളിലും ദൈവത്തോട് എന്റെ സങ്കടങ്ങൾ പറഞ്ഞ്  ഉറക്കെയുറക്കെ കരഞ്ഞിരുന്നു. ആഴ്ചകൾക്കു ശേഷം പ്രാർത്ഥനയോടെ ചിലസമയങ്ങളിൽ ആകാശത്തേയ്ക്ക് നോക്കുമ്പോൾ നല്ലിടയനായ ഈശോയെയും പരിശുദ്ധ ദൈവമാതാവിനെയും മരിച്ചുപോയ എന്റെ അമ്മയെയും ഒക്കെ കാണാറുണ്ടായിരുന്നു. എന്റെ ഏകാന്തതയിൽ കൂട്ടായി ഇവരൊക്കെ വരാൻ തുടങ്ങി. അത് എനിക്ക് വലിയ ആശ്വാസമായിരുന്നു. എങ്കിലും ഏതു നിമിഷവും തോക്കിൻ മുൻപിൽ ജീവിക്കുക എന്നത് ശ്വസിക്കാൻ വായു കിട്ടാത്തതുപോലുള്ള  അവസ്ഥയാണ്. ഒന്നുകിൽ കൈ അല്ലെങ്കിൽ കാൽ ഇതിൽ ഏതെങ്കിലും ഒന്ന് എപ്പോഴും കെട്ടിയിരുന്നു. വല്ലപ്പോഴും വെള്ളമോ വിറകോ എടുക്കാൻ പോകുമ്പോഴാണ് അവർ എന്നെ അഴിച്ചു വിടുന്നത്. സത്യത്തിൽ അത് എനിക്ക് വലിയൊരു ആശ്വാസമായിരുന്നു. എങ്കിലും അഴിച്ചുവിട്ടിട്ട്, അവരുടെ മുൻപിലൂടെ നടന്നു നീങ്ങുമ്പോൾ പോലും ഉള്ളിലൊരു വിറയലായിരുന്നു. കാരണം അടുത്ത നിമിഷം വെടിയുതിർത്ത് എന്നെ കൊന്നു കളയുമോ എന്നുപോലും ഞാൻ ഭയപ്പെട്ടു,” ആ കാലയളവിൽ താൻ അനുഭവിച്ച മാനസിക വിഷമത്തെക്കുറിച്ച് അച്ചൻ ലൈഫ് ഡേയോട് വെളിപ്പെടുത്തുന്നു.

സ്ഥിരമായി ഒരു സ്ഥലത്തും അവർ അച്ചനെ താമസിപ്പിച്ചിരുന്നില്ല. ഏഴെട്ടു മാസങ്ങൾക്കിടയിൽ ഒൻപത് ഇടങ്ങളിലായിട്ടാണ് അച്ചനെ പാർപ്പിച്ചത്. ആദ്യത്തെ മൂന്ന് സ്ഥലത്ത് ഗുഹകളിലായിരുന്നു താമസമെങ്കിൽ പിന്നീടുള്ള ഇടങ്ങളിലെല്ലാം ഷീറ്റുകളും തുണികളും വലിച്ചുകെട്ടിയ ചെറിയ ടെന്റുകളിലായിരുന്നു താമസം. അവർ കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ തന്നെയായിരുന്നു അച്ചനും നൽകിയിരുന്നത്. എന്നാൽ ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വന്ന അവസ്ഥയും അച്ചനുണ്ടായിട്ടുണ്ട്. ശരിയായി വെള്ളവും ഭക്ഷണവും ലഭിക്കാതെ അച്ചന്റെ ശരീര ഭാരം 12 കിലോയോളം കുറഞ്ഞിരുന്നു.

ആശ്വാസം പ്രാർത്ഥന മാത്രം

തന്റെ ഏകാന്തതയിലും ഭയത്തിലുമുണ്ടായിരുന്ന ഏക ആശ്വാസം പ്രാർത്ഥനമാത്രമായിരുന്നു എന്ന് അച്ചൻ ഉറപ്പിച്ചു പറയുന്നു. “അഞ്ചു നേരവും  പ്രാർത്ഥിക്കുന്നവരായിരുന്നു എന്റെ കൂടെയുണ്ടായിരുന്നത്. അവർ പ്രാർത്ഥിക്കാൻ പോകുന്നതിനൊപ്പം ഞാനും പ്രാർത്ഥിക്കുമായിരുന്നു. എന്നാൽ അഞ്ചു മിനിറ്റ് കഴിയുമ്പോൾ അവർ പ്രാർത്ഥന കഴിഞ്ഞ് തിരികെ വരും. പക്ഷേ ഞാൻ എന്റെ പ്രാർത്ഥന തുടരും. ഒരു കൂളറും ഒരു റേഡിയോയും ഒരു പുതപ്പും ആയിരുന്നു എനിക്ക് അവർ നൽകിയിരുന്ന ഏറ്റവും വലിയ ആഡംബരം. വത്തിക്കാൻ റേഡിയോയും ബിബിസിയും ഒക്കെ കേൾക്കാൻ സാധിക്കുമായിരുന്നു. അതിലൂടെയായിരുന്നു ഞാൻ ദിവസങ്ങളും മാസങ്ങളും സമയവുമൊക്കെ അറിഞ്ഞിരുന്നത്. ഫ്രാൻസിസ് പാപ്പായുടെ വചന വിചിന്തനങ്ങളും മറ്റു പരിപാടികളുമൊക്കെ എന്റെ നിസ്സഹായതയിൽ വലിയ ആശ്വാസമായി മാറി. ഇടയ്ക്കൊക്കെ റേഡിയോ ചൈനയുടെ തമിഴ് പരിപാടികളും കേൾക്കാൻ കഴിഞ്ഞിട്ടുണ്ട്. അനിശ്ചിതാവസ്ഥയിൽ പോലും നമ്മെ കരുതുന്ന ദൈവത്തെ ഓർത്ത് പലപ്പോഴും കണ്ണ് നിറഞ്ഞിട്ടുണ്ട്,” അച്ചൻ പറയുന്നു.

ഞായറാഴ്ചകളിൽ പാപ്പായുടെ വചന ചിന്തകൾ അച്ചന്റെ വിശുദ്ധ കുർബാനയിൽ സുവിശേഷ ധ്യാനത്തിനായി ഒരുപാട് സഹായിച്ചിട്ടുണ്ട്. മനസ്സിലുള്ളതും മുൻപ് വായിച്ചിട്ടുള്ളതുമായ പ്രാർത്ഥനകളും തിരുവചന ഭാഗങ്ങളും കുരിശിന്റെ വഴിയുമൊക്കെയായിരുന്നു അച്ചന്റെ പ്രാർത്ഥനാ നിമിഷങ്ങളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. ഒരിക്കൽ പോലും കൂടെയുള്ളവർ അറിഞ്ഞിരുന്നില്ല അച്ചൻ പ്രാർത്ഥിക്കുകയാണെന്ന്. തന്റെ ഏകാന്തതയെയും മാനസിക സമ്മർദ്ദങ്ങളെയുമെല്ലാം അതിജീവിക്കാൻ അച്ചൻ പ്രാർത്ഥനയിൽ അഭയം തേടി. എങ്കിലും ദൈവവിളി ക്യാമ്പിന് പോയപ്പോൾ കരഞ്ഞതുപോലെ തന്നെ എല്ലാ ദിവസവും കരയുമായിരുന്നു എന്നും അച്ചൻ ലൈഫ് ഡേ യോട് പറഞ്ഞു.

“ആ ദിനങ്ങൾ എന്നെ കൂടുതൽ ശക്തനാക്കുകയായിരുന്നു. മാനസികമായും ആത്മീയമായും എന്റെ മരുഭൂമിയനുഭവങ്ങൾ എന്നെ കൂടുതൽ ദൈവത്തിങ്കലേക്കടുപ്പിച്ചു. എന്നെക്കുറിച്ചു കൂടുതൽ അന്വേഷണങ്ങളോ മോചന ശ്രമങ്ങളോ ആരും നടത്തുന്നില്ല എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ നാലാമത്തെ താമസ സ്ഥലത്ത് എത്തിയപ്പോൾ, ഏകദേശം നൂറു ദിവസം പിന്നിട്ടിരുന്നു. അപ്പോൾ, ഒരു ദിവസം റേഡിയോയിൽ വത്തിക്കാൻ ന്യൂസിലൂടെ ‘ഫാ. അലക്സിസ് പ്രേംകുമാറിനെ തട്ടിക്കൊണ്ടുപോയെന്നും രക്ഷാ ശ്രമങ്ങൾ തുടരുന്നു’ എന്നും കേട്ടു.  അപ്പോൾ മാത്രമാണ് എന്നെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്ന് ഞാൻ ഇത് അറിഞ്ഞത്.”

“ഒരേ സമയം പല തീവ്രവാദ ഗ്രൂപ്പുകൾ, ഞാൻ അവരുടെ പക്കലുണ്ടെന്ന് അവകാശപ്പെട്ടത് ഗവൺമെന്റിനെയും സന്യാസ സഭയെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കി. ഒടുവിൽ അവർ എന്റെ ഒരു ലൈവ് വീഡിയോ ആവശ്യപ്പെട്ടു. ഒക്ടോബർ മാസത്തിൽ അത് എടുക്കാനായി താലിബാനിലെ കുറച്ചുപേർ എന്റെ അടുക്കൽ വന്നപ്പോൾ മാത്രമാണ് എന്നെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നു എന്ന് എനിക്ക് ബോധ്യമായി. അത് വലിയൊരു പ്രതീക്ഷയും ആശ്വാസവുമായിരുന്നു. എങ്കിലും എന്നെ എന്ന് തിരികെവിടും എന്ന് ഞാൻ മിക്കപ്പോഴും അവരോട് ചോദിക്കുമായിരുന്നു.” അച്ചൻ തന്റെ ഓർമ്മച്ചുരുളുകൾ ലൈഫ് ഡേയുടെ വായനക്കാർക്കുവേണ്ടി തുറക്കുകയാണ്.

നെഞ്ച് തകർക്കുന്ന ചവിട്ട് കിട്ടിയ ആ ദിനം

ശാരീരികമായ ഉപദ്രവങ്ങൾ അച്ചൻ നേരിട്ടിരുന്നോ എന്ന് ചോദിച്ചപ്പോഴാണ് അച്ചൻ തനിക്ക് ഇപ്പോഴും വേദന തരുന്ന ആ അനുഭവം വിവരിച്ചത്. ഏഴാമത്തെ താമസ സ്ഥലത്ത് എത്തിയപ്പോഴായിരുന്നു അത് സംഭവിച്ചത്. അപ്പോൾ, ഏകദേശം 120 ദിവസങ്ങൾ പിന്നിട്ടിരുന്നു. അവിടെ എത്തിയതുമുതൽ അച്ചന്റെ കൈവശമുണ്ടായിരുന്ന റേഡിയോയും എയർ കൂളറും അവർ നൽകിയില്ല. കൂടാതെ കൈയും കാലും ഒരുമിച്ച് കെട്ടിയിട്ടു. അത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കിയതിനാൽ അച്ചൻ പ്രതികരിച്ചു. “ഞാൻ അവരോട് എന്നെ അഴിച്ചുവിടാൻ ആവശ്യപ്പെട്ടു. അത് അവർക്ക് ഇഷ്ടപ്പെട്ടില്ല. അതിലൊരാൾ എന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി. എന്റെ വാരിയെല്ലുകൾ തകർന്നുപോയെന്നാണ് ഞാൻ ആദ്യം കരുതിയത്. കുറെ സമയത്തേയ്ക്ക് ശരിയായി ശ്വാസമെടുക്കാൻ സാധിച്ചില്ല. ഏകദേശം 50 -60 ദിവസത്തേയ്ക്ക് അതിശക്തമായ വേദന ഉണ്ടായിരുന്നു. അവസാനം അവർ തന്നെ എനിക്ക് മരുന്ന് വാങ്ങി തന്നു. വർഷങ്ങൾ പിന്നിട്ടെങ്കിലും ഇപ്പോഴും ചിലസമയം ആ വേദന നെഞ്ചിൽ അനുഭവപ്പെടാറുണ്ട്. കടന്നു വന്ന വഴികളുടെ ഒരു ഓർമ്മപ്പെടുത്തലായതിനാൽ ഞാൻ എന്റെ സഹനങ്ങളെ കുരിശോടു ചേർക്കുകയാണ് ഇന്നും. ഇത് എന്റെ കുരിശനുയാത്രയാണ്‌.”

മരുഭൂമിയിൽ ഏറ്റവുമധികം പേടിക്കേണ്ടത് മഴയെയും അതുപോലെ തന്നെ ഇഴ ജന്തുക്കളെയുമാണെന്നു അച്ചൻ പറയുന്നു. വെറും തുണികൊണ്ടുള്ള ടെന്റുകളായിരുന്നതിനാൽ മഴ പെയ്താൽ മുഴുവൻ നനയും. ആ കാലയളവിൽ ഇതുപോലെ മഴയിൽ നനഞ്ഞു തണുത്ത് വിറച്ചു ഉറങ്ങാതിരുന്ന നിരവധി രാത്രികളുണ്ടായിരുന്നു. ഇതിൽ ഏറ്റവും വലിയ ദൈവാനുഗ്രഹമായി അച്ചൻ പറയുന്നത് പാമ്പ്, പഴുതാര, തേൾ പോലുള്ള വിഷ ജന്തുക്കൾ പൊതുവെ മരുഭൂമിയിൽ ഉണ്ടെങ്കിൽ കൂടിയും അവയൊന്നും തന്നെ അച്ചനെ ശല്യം ചെയ്തിട്ടില്ലെന്നുള്ളതാണ്. ദൈവത്തിന്റെ ഒരു പ്രത്യേക കരുതലും സംരക്ഷണവുമാണതെന്നു അച്ചൻ ഉറച്ചു വിശ്വസിക്കുന്നു.

രക്തം വിയർത്ത ആ നിമിഷം

ഒൻപതാം സ്ഥലത്തേയ്ക്കുള്ള യാത്ര അച്ചന് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒന്നായിരുന്നു. ഏതു സമയവും മരണം നിഴൽപോലെ കൂടെയുണ്ടായിരുന്നെങ്കിലും അത് മുന്നിൽ വന്നു നിൽക്കുമ്പോഴുള്ള അവസ്ഥ ഭയാനകമാണെന്നു അച്ചൻ ഓർമ്മിക്കുന്നു. തോക്കുകൾ നിറച്ച വാഹനം. അതിന്റെ ഒരുഭാഗത്ത് പെട്രോൾ നിറച്ച വലിയൊരു ബാരലും. ആ വാഹനത്തിൽ കയറാൻ അവർ അച്ചനോട് ആവശ്യപ്പെട്ടു. അതിനു മുൻപുള്ള ഒരു രാത്രിയിൽ, അവർ അച്ചനോട് പാട്ടുപാടാൻ ആവശ്യപ്പെട്ടിരുന്നു. വളരെ പ്രശസ്തമായ ഒരു തമിഴ് ഗാനം അച്ചൻ അവർക്ക്‌പാടിക്കൊടുത്തു.

“ഇരൈവൻ ഇടം കൈ യേന്തുങ്കൾ’ (നിങ്ങളുടെ കൈകൾ ദൈവത്തിങ്കലേക്കുയർത്തുക, അവൻ ഒരിക്കലും നിങ്ങളെ കൈവിടില്ല) എന്ന ഗാനമായിരുന്നു ഞാൻ പാടിയത്. ഞാൻ പാടിയപ്പോൾ അവർ ചിരിക്കുകയായിരുന്നു. പാട്ടിന്റെ അർത്ഥമവർക്ക് അറിയില്ലായിരുന്നു. മറിച്ച് എന്റെ കരച്ചിൽ കണ്ടായിരുന്നു അവർ പാട്ട് ആസ്വദിച്ചത്. അങ്ങനെയുള്ളവർ ഇത്തവണ തീർച്ചയായും എന്നെ കൊല്ലാനാണ് കൊണ്ടുപോകുന്നതിന് ഞാൻ ഉറപ്പിച്ചു. വണ്ടിയിൽ കയറിയ ഉടനെ തോക്കുകളുടെ നടുവിൽ കിടന്നു ഞാൻ വിയർക്കാൻ തുടങ്ങി. എവിടെ ഈ വാഹനം നിർത്തുന്നുവോ അവിടെ വെച്ചു ഞാൻ കൊല്ലപ്പെടുമെന്നു ഉറപ്പിച്ചു. പിന്നീടങ്ങോട്ട് ഞാൻ കടന്നുപോയത് വരാൻ പോകുന്ന നിമിഷങ്ങളെ ഓർത്ത് കർത്താവ് അനുഭവിച്ച അതേ വേദന തന്നെയായിരുന്നു. സത്യത്തിൽ ഞാൻ രക്തം വിയർക്കുകയായിരുന്നു എന്ന് തന്നെ പറയാം. ആ സമയം ഞാൻ എന്റെ ശവസംസ്കാര ചടങ്ങിനെക്കുറിച്ചായിരുന്നു ആലോചിച്ചത്. സാധാരണ ഒരു പുരോഹിതന് ലഭിക്കേണ്ട അന്ത്യ കർമ്മങ്ങൾ എനിക്ക് ലഭിക്കില്ലെന്ന് ഞാൻ മനസ്സിലാക്കി. എന്റെ ഏറ്റവും വലിയ ആഗ്രഹം ഞാൻ മരിച്ചാൽ തമിഴ്നാട് ദിണ്ടിക്കലുള്ള ജെസ്യൂട്ട് പ്രൊവിൻഷ്യൽ ഹൌസിലെ  സെമിത്തേരിയിൽ അടക്കം ചെയ്യണമെന്നായിരുന്നു. അതൊന്നും നടക്കില്ലല്ലോ എന്നോർത്തു ഞാൻ ശബ്ദം പുറത്തുവരാതെ കരഞ്ഞു. അവിടുത്തെ കുരിശിന്റെ വഴിയിലൂടെ ഞാനും പതിയെ നീങ്ങിക്കൊണ്ടിരിക്കുന്നതുപോലെ എനിക്കും തോന്നി. യഥാർത്ഥത്തിൽ, ഞാൻ പകുതി മരിച്ച ഒരാളെപോലെയായി മാറിയിരുന്നു.” അര മണിക്കൂർ മാത്രമേ യാത്രയുണ്ടായിരുന്നുള്ളു എങ്കിലും പ്രകാശ വർഷങ്ങളുടെ ദൈർഘ്യം ആ സമയത്തിനുണ്ടായിരുന്നു എന്ന് അച്ചൻ പറയുന്നു. ഏതായാലും അന്നവർ കൊന്നില്ല.

ഓരോ പ്രത്യേക ദിനം വരുമ്പോഴും അച്ചൻ തന്റെ മോചനത്തിനായി കാത്തിരുന്നു. ഒടുവിൽ തന്റെ അമ്മയുടെ ഒന്നാം ചരമ വാർഷിക ദിനമായ ഫെബ്രുവരി 11 നെങ്കിലും താൻ രക്ഷപ്പെടുമെന്ന് അച്ചൻ വിചാരിച്ചു. എന്നാൽ അന്നും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. എന്നാൽ കൃത്യം 11 ദിവസങ്ങൾക്കു ശേഷം അച്ചനെ മോചിപ്പിക്കാൻ താലിബാൻ തയാറായി. ഇന്ത്യൻ – അഫ്ഘാൻ സർക്കാരുകളുടെയും ജെസ്യൂട്ട് മിഷനറി സന്യാസ സഭയുടെയും ശ്രമഫലമായി 2014 ഫെബ്രുവരി 22 നു അച്ചൻ മോചിപ്പിക്കപ്പെട്ടു. ഒരു ഫോണും കൊടുത്ത് അച്ചനെ അവർ മണലാരണ്യത്തിൽ ഇറക്കി വിട്ടു.

ഒടുവിൽ മണലാരണ്യത്തിൽ മോചനം 

“ഞാൻ നടന്നു മുന്നോട്ട് നീങ്ങി. ഇന്ത്യയുടേയും അഫ്ഘാനിസ്ഥാന്റെയും പതാകകൾ കുറേ ദൂരെ നാട്ടിയിട്ടുണ്ടായിരുന്നു. പെട്ടന്ന് എന്റെ കൈയ്യിലിരുന്ന ഫോണിലേക്ക് ഒരു കോൾ വന്നു. ഇന്ത്യൻ കോൺസുലേറ്റ് അംഗം ആയിരുന്നു അത്. ‘ഞങ്ങളും ഇവിടെ സുരക്ഷിതരല്ല, കഴിയുന്നത്ര വേഗത്തിൽ ഓടാൻ’ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ഞാൻ ഓടി. സത്യത്തിൽ സന്തോഷത്തോടൊപ്പം എനിക്ക് പേടിയുമുണ്ടായിരുന്നു. പിന്നിൽ നിന്നും അവർ വെടിയുതിർത്താലോ! ഏതായാലും അതു സംഭവിച്ചില്ല. ഞാൻ മോചിതനായി!”

അച്ചൻ വളരെ നന്ദിയോടെയാണ് തന്റെ മോചനത്തിൻറെ നാളുകളെ ഓർമ്മിക്കുന്നത്. കാരണം ഇന്ത്യൻ ഭരണകൂടവും തന്റെ സന്യാസ സഭയും അഫ്ഘാനിസ്ഥാൻ ഭരണാധികാരികളും വളരെയേറെ പരിശ്രമങ്ങൾ നടത്തിയതിനാലും ദൈവത്തിന്റെ പ്രത്യേക കരുതലുമുള്ളതിനാലാണ് ജീവിതത്തിലേക്ക് തിരികെ വരാൻ സാധിച്ചതെന്നു അച്ചൻ പറയുന്നു.

തിരികെ വന്നതിനു ശേഷം അച്ചനെ നേരിട്ട് കണ്ടും ഫോണിലൂടെയുമെല്ലാം അനവധി ആളുകളായിരുന്നു അച്ചന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു എന്ന് പറഞ്ഞത്.

“ഇത് കേട്ടപ്പോഴാണ് എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയത്. ഈ ലോകം മുഴുവനും, എന്നെ പരിചയമില്ലാത്തവർ പോലും എനിക്കായി പ്രാർത്ഥിച്ചു എന്നതിന്റെ ഒരു കാരണം നമ്മെളെല്ലാവരും ക്രിസ്തുവിൽ വിശ്വസിക്കുന്നു എന്നുള്ളതുകൊണ്ടാണ്. എല്ലാവരോടും നന്ദി മാത്രമേ പറയാനുള്ളൂ.” അച്ചൻ കൃതാർത്ഥനായി.

ഇനി ഒരിക്കൽ കൂടി അഫ്ഘാനിസ്ഥാനിലേയ്ക്ക് പോകാൻ തയാറാകുമോ? ഈ ചോദ്യത്തിന് അച്ചന് വ്യക്തമായ ഉത്തരമുണ്ട്. “എന്റെ സഭാ അധികാരികൾ അനുവദിക്കുകയാണെങ്കിൽ തീർച്ചയായും ഞാൻ പോകാൻ തയാറാണ്” എന്നാണ് അച്ചൻ പറയുന്നത്.

മിഷനറിമാരോട് ഒരു വാക്ക്

“ദൈവത്തിന്റെ സാന്നിധ്യം എല്ലായിടത്തുമുണ്ട്. ഏത് സ്ഥലത്തായാലും അത് കാണാനും കേൾക്കാനും നാം തയാറാകണം അത് നാം മനസ്സിലാക്കുമ്പോഴാണ് നമ്മുടെ മിഷൻ തുടങ്ങുന്നത്. സമൂഹത്തിൽ എല്ലായിടത്തും കഷ്ടപ്പെടുന്നവരുണ്ട്. അത് മനസ്സിലാക്കി നമുക്കുള്ള വിളിയെ നാം പാകപ്പെടുത്തണം. ഒരു മിഷനറി ആയിരിക്കുന്നതിൽ ആദ്യം സന്തോഷിക്കണം. എങ്കിൽ മാത്രമേ നമ്മുടെ പ്രവർത്തനങ്ങളിലൂടെ നമുക്ക് ദൈവ രാജ്യം ഭൂമിയിൽ സ്ഥാപിക്കാൻ സാധിക്കുകയുള്ളൂ. എവിടെയായിരുന്നാലും മനുഷ്യരെ അവർ ആയിരിക്കുന്ന അവസ്ഥയിൽ സ്വീകരിക്കുക. നന്നായി പ്രാർത്ഥിക്കുക,” അച്ചൻ പറയുന്നു.

ഫാ.അലക്സിസ് പ്രേം കുമാർ ഇപ്പോൾ ഉള്ളത് ശ്രീലങ്കയിലെ ജെ ആർ സിയുടെ തമിഴ് അഭയാർഥികളുടെ ഇടയിലാണ്. അവരുടെ വിദ്യാഭ്യാസ- സാംസ്കാരിക ഉന്നമനത്തിനായാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

നീണ്ട 235 ദിവസത്തെ തടവ് ജീവിതം അച്ചനെ കൂടുതൽ ശക്തനായ ഒരു മിഷനറിയാക്കിമാറ്റി. തന്റെ സഹനങ്ങളെ കുരിശോടു ചേർത്തുപിടിച്ച ഫാ. അലക്സിസ് പ്രേം കുമാർ ലോകമെമ്പാടുമുള്ള ക്രൈസ്തവർക്ക് ഒരു മാതൃകയാണ്. പരാജയങ്ങളും പ്രതിസന്ധികളും ജീവിതത്തിൽ ഉണ്ടാകുമ്പോൾ അവിടുത്തെ കുരിശോടു ചേർന്ന് നിന്നാൽ അവിടുന്ന് നമ്മെ ശക്തരാക്കുമെന്നുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് ഈ പുരോഹിതൻ. മരുഭൂമിയിലെ സഹന ദിനങ്ങളിൽ കുരിശിൽ തലചായ്ച്ചുറങ്ങിയ ഈ പുരോഹിതന്റെ ജീവിതം കൂടുതൽ വിശുദ്ധമായിത്തീരട്ടെ. സഹനങ്ങളെ അവിടുത്തെ കുരിശിന്റെ അനുയാത്രയായി ചേർത്തുവെച്ച ഫാ. അലക്സിസ് പ്രേം കുമാറിന് ലൈഫ് ഡേയുടെ പ്രാർത്ഥനാശംസകൾ!

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.