“ആശ്രയിക്കാൻ കഴിയുന്ന ഒരു ദൈവത്തെ കാണിച്ചുകൊടുക്കുക എന്നത് വലിയ സാക്ഷ്യമാണ്”- ശ്രദ്ധേയമായി കൊല്ലപ്പെട്ട സന്യാസിനിയുടെ സന്ദേശം

“പ്രശ്നങ്ങളിലും പ്രയാസങ്ങളിലും ആശ്രയിക്കുവാൻ ആരെങ്കിലും ഉണ്ടാവുക എന്നത് ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ്. ദൈവത്തിൽ നിന്നും വരുന്ന വിശ്വാസത്തിൽ നിന്നും സ്നേഹത്തിൽ നിന്നും ഉരുത്തിരിയുന്ന ഐക്യദാർഢ്യത്തിൽ പ്രതിസന്ധികളെ അതിജീവിക്കുവാൻ കഴിയും എന്ന പ്രത്യാശ പകരുക തന്നെ ഒരു സാക്ഷ്യമാണ്” – ഹെയ്തിയിൽ കൊല്ലപ്പെട്ട സന്യാസിനിയുടെ വാക്കുകളാണ് ഇത്. ഇരുപതു വർഷത്തോളം ഹെയ്തിയിലെ തെരുവ് കുട്ടികളുടെ ഇടയിൽ സേവനം ചെയ്യുകയും ‘തെരുവ് കുട്ടികളുടെ മാലാഖ’ എന്ന് അറിയപ്പെടുകയും ചെയ്ത ഇറ്റാലിയൻ സന്യാസിനിയാണ് സിസ്റ്റർ ലൂയിസ ഡെൽ’ഓർട്ടോ. തന്റെ മരണശേഷവും ഈ സന്യാസിനി പകർന്നു നൽകിയ ദൈവസ്നേഹത്തിന്റെ സാക്ഷ്യം പ്രതിഫലിക്കുകയാണ് ഹെയ്തിയിലെ കുഞ്ഞുങ്ങളുടെ മനസ്സിൽ.

പാശ്ചാത്യ രാജ്യങ്ങളിൽ ഏറ്റവും ദരിദ്രവും അക്രമവും പ്രകൃതിദുരന്തങ്ങളും കൊണ്ട് വലയുന്നതുമായ രാജ്യമാണ് ഹെയ്തി. 2021 ഓഗസ്റ്റ് മാസം ആദ്യത്തോടെ ഹെയ്തിയിലെ ജനങ്ങളുടെ സമാധാനപൂർവ്വമായ ജീവിതം താറുമാറായിരുന്നു. കോവിഡ് മഹാമാരിയുടെ ഭീകരമായ താണ്ഡവത്തിനിടെ അതിഭീകരമായ ഭൂചലനവും ഹെയ്തിയിലെ ജനജീവിതം ദുസ്സഹമാക്കി. 2021-ലെ ഭൂകമ്പം 2010-ലെ ഭൂകമ്പത്തേക്കാൾ ശക്തമായിരുന്നു, ഇതിൽ 2,20,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. ഭൂകമ്പത്തിനു ശേഷം ഹെയ്തിയെ പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരുവാൻ ഇനിയും കഴിഞ്ഞിട്ടില്ല.

പ്രസിഡണ്ട് കൊല്ലപ്പെട്ടതിന് ഒരു മാസത്തിനു ശേഷം ആണ് ഈ ദുരിതങ്ങൾ ഒക്കെയും സംഭവിച്ചത്. അതിനാൽ തന്നെ ശരിയായ ഭരണക്രമത്തിന്റെ അഭാവവും നാശനഷ്ടങ്ങൾ കൂടുവാൻ കാരണമായി. ഒപ്പം കൊള്ളക്കാരും മാഫിയകളും ഹെയ്തിയിൽ കൂടുതൽ ശക്തി പ്രാപിച്ചു വന്നു. പണം കണ്ടത്തുന്നതിനായി മോഷണവും കൊലപാതകം പോലും നടത്തുവാൻ മടിയില്ലാത്തവരായി ഇത്തരം ആക്രമണ സംഘങ്ങൾ വളർന്നു. ഈ സാഹചര്യത്തിൽ ആണ് സി. ലൂയിസ ഡെൽ’ഓർട്ടോയെ പോലുള്ള മിഷനറിമാർ തങ്ങളുടെ ജീവൻ പോലും പണയപ്പെടുത്തി ഹെയ്തിയിലെ ജനങ്ങൾക്കൊപ്പം നിലകൊണ്ടത്.

പലപ്പോഴും പല മിഷനറിമാരും തട്ടിക്കൊണ്ട് പോകപ്പെടലിന് ഇരയായി. ഹെയ്തിയിൽ തന്റെ സേവനം തുടരുവാൻ സി. ലൂയിസ ഡെൽ’ഓർട്ടോ തീരുമാനിച്ചപ്പോഴും അവർക്കു അറിയാമായിരുന്നു തന്റെ ജീവൻ അപകടത്തിലാണെന്ന്. ആ തിരിച്ചറിവോടെ തന്നെയാണ് സിസ്റ്റർ തെരുവിലെ കുഞ്ഞുങ്ങൾക്ക് ഒപ്പം നിന്നത്. പ്രതിസന്ധികളും പ്രശ്നങ്ങളും അലയടിക്കുമ്പോഴും ഹെയ്തിയിലെ തെരുവുകളിൽ അലയുന്ന കുഞ്ഞുങ്ങളുടെ മുഖത്ത് ക്രിസ്തുവിനെ ദർശിക്കുവാൻ സിസ്റ്ററിനു കഴിഞ്ഞു. അവർക്കു ജീവിക്കുവാൻ ഒരു ആശ്രയം ആവശ്യമായിരുന്നു. ആ ആശ്രയത്തെ, ദൈവത്തെ കാണിച്ചു കൊടുക്കുവാൻ തന്റെ ജീവിത സാക്ഷ്യത്തിലൂടെയേ കഴിയൂ എന്ന് സിസ്റ്റർ ഉറച്ചു വിശ്വസിച്ചു. അവർക്കു ആശ്രയിക്കാൻ കഴിയുന്ന ക്രിസ്തുവിന്റെ ഒരു ഉപകരണമായി മാറുക, അതാണ് തനിക്കു ആ ജനതയ്ക്കായി നൽകുവാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം എന്ന് സിസ്റ്റർ വെളിപ്പെടുത്തിയിരുന്നു. അക്ഷരാർത്ഥത്തിൽ തന്റെ ജീവിതം ഹെയ്തിയിലെ കുഞ്ഞുങ്ങൾക്കായി മാറ്റിവച്ചുകൊണ്ട് ഒരു സമ്മാനമായി മാറുകയായിരുന്നു സി. ലൂയിസ.

“തനിക്കു എന്തെങ്കിലും സംഭവിക്കുമെന്ന് സിസ്റ്ററിന് അറിയാമായിരുന്നു. അവളുടെ അവസാന കത്തിൽ പോലും, സാഹചര്യം വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് പറഞ്ഞിരുന്നു. എന്നാൽ അവിടെ താമസിച്ച് ക്രിസ്തുവിനു സാക്ഷ്യം വഹിക്കാൻ അവൾ ആഗ്രഹിച്ചു” സി. ലൂയിസയുടെ സഹോദരി വെളിപ്പെടുത്തുന്നു. ക്രിസ്തുവിന്റെ സ്നേഹത്താൽ നിറഞ്ഞു, ആ സ്നേഹം വേദനിക്കുന്നവരിലേയ്ക്ക് ഒഴുക്കികൊണ്ട് ഒരു മാലാഖയായി മാറുകയായിരുന്നു ഈ സന്യാസിനി. അവർ ആഗ്രഹിച്ചത് പോലെ തന്നെ ക്രിസ്തുവിന്റെ ഉപകരണമായി മാറികൊണ്ട് ഈ ലോകത്തു നിന്നും വിടപറഞ്ഞു ആ മാലാഖ.

മരിയ ജോസ്

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.