“മണ്ണു മൂടിയ കെട്ടിടത്തിനുള്ളിൽ നിന്നും ഒരു ഫോൺ വിളി”: പ്രിയപ്പെട്ടവരുടെ വേർപാടിൽ നൊന്ത് ഇറ്റാലിയൻ ദ്വീപ്

“അപ്രതീക്ഷിതമായ സമയത്താണ് വീടുകൾക്കും വാഹനങ്ങൾക്കും മുകളിലേക്ക്  മണ്ണിടിഞ്ഞു വീണത്. മണ്ണിനടിയിൽപെട്ട വീട്ടിൽ നിന്നും രക്ഷപെടുന്നതിനായി ആ മുപ്പതുകാരി അകലെ താമസിക്കുന്ന തന്റെ പിതാവിനെ വിളിച്ചു. ദുരന്തമുഖത്തേക്ക് ഓടിയെത്തിയ ആ പിതാവിന് കാണാൻ കഴിഞ്ഞത് മണ്ണും ചെളിയും മൂടിക്കിടക്കുന്ന ഒരു പ്രദേശം മാത്രം. മകളുടെ വീടോ, സ്ഥലമോ എവിടെയാണെന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യം. സുരക്ഷാസേനയോടൊപ്പമുള്ള തിരച്ചിലിനൊടുവിൽ മകളെ കണ്ടെത്തുമ്പോൾ അവൾ ഈ ഭൂമിയിൽ നിന്നും യാത്രയായിരുന്നു” – ഇറ്റലിയിലെ ദ്വീപായ ഇഷിയയിൽ മണ്ണിടിച്ചിലിൽപെട്ട ആളുകളെക്കുറിച്ചുള്ള വേദന നിറഞ്ഞ അനുഭവങ്ങളാണ് പുറത്തുവരുന്നത്.

തെക്കൻ ഇറ്റലിയിൽ തുടർച്ചയായി ദിവസങ്ങളോളം മഴ പെയ്തിരുന്നു. ആർത്തലച്ചെത്തുന്ന മഴയുടെ തീവ്രതയിലും ഒരിക്കൽപ്പോലും ഇത്തരത്തിലൊരു മണ്ണിടിച്ചിൽ അപകടം അവർ പ്രതീക്ഷിച്ചിരുന്നില്ല. ശനിയാഴ്ച അപ്രതീക്ഷിതമായിട്ടാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഞായറാഴ്ച മഴ കുറഞ്ഞതിനു  ശേഷമാണു രക്ഷാപ്രവർത്തനം പോലും ഊർജ്ജിതമാക്കാൻ സാധിച്ചത്. ഇതുവരെ നടത്തിയ തെരച്ചിലിൽ അഞ്ചു പേരുടെ മൃതദേഹം കണ്ടെടുത്തു. ഇനിയും കാണാതായ ധാരാളം ആളുകളെ കണ്ടെത്തേണ്ടതുണ്ട്. നൂറോളം അഗ്നിശമനാ സേനാംഗങ്ങൾ സംഭവസ്ഥലത്ത് തെരച്ചിൽ തുടരുകയാണ്. അതിനാൽ തന്നെ മരണസംഖ്യ ഇനിയും ഉയർന്നേക്കാം.

ടൈറേനിയൻ കടലിലെ ഇഷിയ, വിദേശികൾക്കും ഇറ്റലിക്കാർക്കും ഒരുപോലെ അവധിക്കാല കേന്ദ്രമാണ്. എലീന ഫെരാന്റെയുടെ നെപ്പോളിറ്റൻ നോവൽസ് എന്ന പുസ്തകപരമ്പരയിൽ ഇത് പ്രത്യക്ഷപ്പെട്ടു. 1999- ൽ പുറത്തിറങ്ങിയ ‘ദ ടാലന്റഡ് മിസ്റ്റർ റിപ്ലി’ എന്ന ചിത്രത്തിന്റെ പശ്ചാത്തലമായിരുന്നു ഇ ദ്വീപ്. ഇവിടുത്തെ  പ്രധാന പ്രശ്നം ഇവിടെയുള്ള ഭൂരിഭാഗം കെട്ടിടങ്ങളും അനധികൃതമായി നിർമ്മിച്ചവയാണ് എന്നതാണ്. മതിയായ സുരക്ഷയില്ലാത്ത സ്ഥലങ്ങളിൽ നിർമ്മിക്കപ്പെട്ടതിനാൽ തന്നെ ഈ കെട്ടിടങ്ങൾ ഒന്നും മണ്ണിടിച്ചിലിന്റെയും ഭൂകമ്പത്തിന്റെയും ശക്തിയെ നേരിടുകയുമില്ല.

കനത്ത മഴ പോലെയുള്ള പതിവ് പ്രതിഭാസങ്ങളെ നേരിടാൻ കെട്ടിടങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾക്കും കഴിയുമെന്ന് ഉറപ്പാക്കാൻ ഇറ്റലിക്ക് ‘കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാനുള്ള ദേശീയ പദ്ധതി’ ആവശ്യമാണെന്ന് സിവിൽ പ്രൊട്ടക്ഷൻ മന്ത്രി നെല്ലോ മുസുമെസി പറഞ്ഞു. “നമ്മുടെ പ്രദേശം സുരക്ഷിതമാക്കുക എന്നത് അടുത്ത കുറച്ചു വർഷത്തിനുള്ളിൽ ഞങ്ങൾ പൂർത്തിയാക്കേണ്ട ഏറ്റവും വലിയ പൊതുപ്രവർത്തനമാണ്. ഇല്ലെങ്കിൽ ഞങ്ങൾ ഇനിയും കൂടുതൽ ആളുകളെയോർത്ത് വിലപിക്കേണ്ടിവരും” – അദ്ദേഹം കൂട്ടിച്ചേർത്തു.

മരിയ ജോസ് 
മരിയ ജോസ്

മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.