MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ

അനുദിന വിചിന്തന പരമ്പര

ദൈവീക പദ്ധതിയിൽ ദിവ്യകാരുണ്യ മിഷനറി സഭ (Missionary Congregation of the Blessed Sacrament MCBS) ഭൂജാതയായിട്ട് 2022 മെയ് മാസം ഏഴാം തീയതി 89 വർഷം പൂർത്തിയാകുന്നു. 2022-2023 വർഷം ദിവ്യകാരുണ്യ മിഷനറി സഭയുടെ സ്ഥാപനത്തിൻ്റെ നവതി വർഷമാണ്.

സഭാ സ്ഥാപനത്തെക്കുറിച്ച് “ദിവ്യകാരുണ്യ മിഷനറി സഭ” എന്ന ചരിത്ര ഗ്രന്ഥത്തിൽ ബഹു. ജോർജ്‌ കാനാട്ടച്ചൻ ഇപ്രകാരം കുറിക്കുന്നു: “മെയ് ഏഴിന് ഉച്ചകഴിഞ്ഞു രണ്ടു  മണിയോടുകൂടി കാളാശ്ശേരിൽ മാർ ജെയിംസ് മെത്രാൻ, ആലക്കളത്തിൽ ബ. മത്തായി അച്ചൻ, പറേടത്തിൽ ബഹു ജോസഫ് അച്ചൻ, മമ്പലം ബഹു. കോശിയച്ചൻ എന്നിവർ പിതാവിൻ്റെ കാറിൽ മല്ലപ്പള്ളിക്കു തിരിച്ചു. യാത്രയുടെ തുടക്കത്തിൽ മൂന്നു വൈദികരോടുമൊത്തു മെത്രാനച്ചൻ അരമന കപ്പേളയിൽ പ്രവേശിച്ചു ദിവ്യകാരുണ്യ സന്നിധിയിലും, പിന്നിടു താഴെ ഭൂമുഖത്തു പ്രതിഷ്ഠിച്ചിരിക്കുന്ന കർത്താവിൻ്റെ തിരുഹൃദയസ്വരൂപത്തിനു മുമ്പിലും പ്രാർത്ഥിച്ചു. മല്ലപ്പള്ളിയിലേക്കുള്ള യാത്രാമദ്ധ്യേ അരമന ഗേറ്റിനടുത്തു പതിനൊന്നാം പീയൂസ് പാപ്പായുടെ സ്മാരകമായി വി. യൗസേപ്പിതാവിൻ്റെ നാമത്തിൽ പണികഴിപ്പിച്ചിരിക്കുന്ന കപ്പേളയും സന്ദർശിച്ച് അവിടെയും എല്ലാവരും കൂടി പ്രാർത്ഥിച്ചുകൊണ്ടു യാത്ര തുടർന്നു. മൂന്നു മണിയോടെ മല്ലപ്പള്ളിയിൽ എത്തിച്ചേർന്നു. സഭാ പ്രവേശനത്തിനുള്ള വേറോരപേക്ഷക്കാരനും പൂവത്തോട് പള്ളിയിടവകാംഗവും മല്ലപ്പള്ളി വികാരിയും ഹോമിയോ ഡോക്ടറുമായിരുന്ന കളരിപ്പറമ്പിൽ ബഹു. ദേവസ്യാച്ചൻ തിരുമേനിയേയും വൈദികരെയും സ്വീകരിച്ചു പള്ളിയിലേക്കു നയിച്ചു. പ്രാർത്ഥനയ്ക്കു ശേഷം വന്ദ്യ പിതാവും വൈദീകരും വിശ്രമമുറിയിലേക്കു നടന്നു മെത്രാനച്ചൻ അവിടെ വച്ചു വൈദികർക്കു ചെറിയൊരു ഉപദേശം നൽകി. അനന്തരം ആലക്കളത്തിൽ മത്തായി അച്ചൻ്റെയും കൂടി താൽപര്യപ്രകാരം പറേടത്തിൽ ബഹു. യൗസേപ്പച്ചനെ സഭയുടെ വികാരി സുപ്പീരിയറായി നിയമിച്ചു. തുടർന്നു സ്ഥാപക കൽപ്പന പറേടത്തിലച്ചനെ ഏല്പിച്ചു. അങ്ങനെ ചങ്ങനാശ്ശേരി രൂപതയിൽ മല്ലപ്പള്ളിയിൽ 1933 മെയ് മാസം ഏഴാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞു വി. യൗസേപ്പിതാവിൻ്റെ മദ്ധ്യസ്ഥതിരുനാളിൽ അവിടുത്തെ പ്രത്യേക മദ്ധ്യസ്ഥതയിൽ ദിവ്യകാരുണ്യ മിഷനറി സഭ സ്ഥാപിതമായി. (ദിവ്യകാരുണ്യ മിഷനറി സഭ പേജ് 7-8)

ചങ്ങനാശ്ശേരി അതിരൂപതയിലെ മല്ലപ്പള്ളിയിലെ മിഷൻ പള്ളിയിൽ എളിയ രീതിയിൽ തുടക്കം കുറിച്ച ദിവ്യകാരുണ്യ മിഷനി സഭയ്ക്കു ഇന്നു മൂന്നു പ്രോവിൻസുകളിലായി 2 മെത്രാൻമാരും 472 വൈദികരും പരിശീലനത്തിൻ്റെ വിവിധ വർഷങ്ങളിലായിരിക്കുന്ന 248 വൈദികാർത്ഥികളും ഉണ്ട്.

സ്ഥാപക പിതാക്കന്മാരുടെ സിദ്ധിയും ചൈതന്യവും വീണ്ടെടുക്കുകയും അവയ്ക്കനുസരിച്ചു ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുക എന്നത് സഭാംഗങ്ങുടെ പ്രഥമമായ കടമയും ഉത്തരവാദിത്വവുമാണ്. സഭാ സ്ഥാപത്തിൻ്റെ തൊണ്ണൂറാം വർഷത്തിലേക്കു പ്രവേശിക്കുമ്പോൾ ഈ വർഷം മുഴുവൻ സഭാപിതാക്കന്മാരോടൊപ്പം കുടെ ചരിക്കനുള്ള ശ്രമമാണ് ഈ അനുദിന വിചിന്തന പരമ്പര സഭാപിതാക്കാന്മാരുടെ ഉദ്ബോധനങ്ങളും ഉപദേശങ്ങളും അടിസ്ഥാമാക്കി രൂപപ്പെടുത്തുന്ന ഈ ലഘുചിന്തകൾ. അഞ്ചു ഭൂഖണ്ഡങ്ങളിലും ശൂശ്രൂഷ ചെയ്യുന്ന ദിവ്യകാരുണ്യ മിഷനറി സഭാ വൈദികരും പരിശീലനത്തിലായിരിക്കുന്ന ബ്രദേഴ്‌സും അനുദിനം പങ്കുവയ്ക്കുന്നു.

ഫാ. സ്കറിയാ കുന്നേൽ എംസിബിഎസ്

ഒന്നാം ദിനം മെയ് 7, 2022:
നിൻ്റെ മുമ്പിൽ ഒരു നിമിഷം എത്രയോ ശ്രേഷ്ഠം

“നാഥനിൽ ലയിച്ചിരിക്കുന്ന അവിടെ നിന്നും ശക്തി സ്വീകരിക്കുന്ന ഒരു ദിവ്യകാരുണ്യ മിഷനറി എന്തുമാത്രം ആനുകാലിക സഭയ്ക്ക് അത്യന്ത്യാപേഷിതമാണെന്ന് മനസ്സിലാക്കുക.”

ഒരു നായ എപ്രകാരമാണോ തൻ്റെ യജമാനൻ്റെ സാന്നിധ്യത്തിൽ ആയിരിക്കുന്നത് അപ്രകാരം നാം ദിവ്യകാരുണ്യത്തിൻ്റെ സാന്നിധ്യത്തിൻ്റെ മുമ്പിൽ ആയിരിക്കണം . ദിവ്യകാരുണ്യ മിഷനറി സഭയുടെ പിതാക്കന്മാരുടെ ദിവ്യകാരുണ്യ വീക്ഷണങ്ങളെക്കുറിച്ച് പങ്കുവച്ചപ്പോൾ കേട്ട വയോധികനായ ഒരു വൈദികൻ്റെ വാക്കുകളാണിവ. നായയും മനുഷ്യനും തമ്മിലുള്ള ഗാഢമായ ബന്ധവും വിശ്വസ്തയും ലോകമെമ്പാടും ഇന്നും വളരെ കൗതുകത്തോടെയും അതിശയത്തോടും കൂടെ പങ്കു വയ്ക്കപ്പെടുന്നതാണ്. ചോറു തരുന്നവനോട് കൂറ് സാധാരണ എല്ലാ മൃഗങ്ങളും കാണിക്കാറുണ്ടെങ്കിലും അതു മാത്രമല്ല ഒരു നായയും മനഷ്യനും തമ്മിലുള്ള ബന്ധത്തിൽ നാം കാണുന്നത്. ചിലപ്പോൾ അവൻ തൻ്റെ യജമാനനൊപ്പം ആയിരിക്കുന്നത് ഒന്നിനും വേണ്ടിയല്ല. വെറുതെ അവർ രണ്ടുപേർ ഒന്നിച്ചായിരിക്കുമ്പോൾ പ്രത്യേകമായ ഒരു ബന്ധം തിരിച്ചറിയാൻ സാധിക്കുന്നു.

ദിവ്യകാരുണ്യ ഈശോയുടെ സാന്നിധ്യത്തിലായിരിക്കുന്ന ദിവ്യകാരുണ്യ മിഷനറിയും അവിടെ ഒന്നിനും വേണ്ടിയല്ലാതെ വെറുതെ ഇരിക്കുന്നതിൽ ആ ബന്ധത്തിൽ ഒരു അർത്ഥം കണ്ടെത്തുന്നു. ദിവ്യകാരുണ്യത്തിലെ ഈശോയുടെ യഥാർത്ഥ സാന്നിധ്യത്തെ മനസ്സിലാക്കുന്നവരും പ്രഖ്യാപിക്കുന്നവരുമാണ് ദിവ്യകാരുണ്യ മിഷനറിമാർ എന്ന് നമ്മുടെ സഭാ നിയമ പുസ്തകത്തിൽ പ്രതിപാദിക്കുന്നതുപോലെ തന്നെ ഈ ദിവ്യകാരുണ്യ ഈശോയോടുള്ള ഐക്യവും സഭാ നിയമ പുസ്തകത്തിൻ്റെ ആദ്യ വരികളിൽ തന്നെ വിരചിതമാകുന്നുണ്ട്. United and nourished by the Eucharistic Mystery എന്നാണ് അവിടെ പ്രതിപാദിച്ചിരിക്കുന്നത്. (Constitution No.1)

ദിവ്യകാരുണ്യ രഹസ്യത്തോട് ഐക്യപ്പെട്ട് ജീവിക്കുന്നവരാണ് ദിവ്യകാരുണ്യ മിഷനറിമാരെന്ന്. ദൈവവചനത്തിലും തെളിഞ്ഞു കാണുന്ന ദൈവമനസ്സ് അതു തന്നെയല്ലേ. വിശുദ്ധ ബൈബളിലെ ആദ്യ പുസ്തകം മുതൽ അവസാന പുസ്തകം വരെ മനുഷ്യനോട് കൂടെയായിരിക്കാൻ ആഗ്രഹിക്കുന്ന ദൈവം, പറുദീസാ മുതൽ കൂടെവസിക്കാനും കൂടെ നടക്കാനും ഇഷ്ടപ്പെടുന്ന തമ്പുരാൻ.

ഇടയ്ക്കു വച്ച് ആ ഐക്യം വിഛേദിക്കപ്പെടുന്നുണ്ടങ്കിലും എപ്പോഴും മനുഷ്യനോടു കൂടെയായിരിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന, അവസാനം മാംസമായ വചനം മനുഷ്യനോടുകൂടെയായിരിക്കാൻ ഇറങ്ങി വരുന്നു. തന്നോടുകൂടെയായിരിക്കുക എന്ന പ്രഥമ ഉദ്ദേശ്യത്തിനു വേണ്ടി തന്നെയാണ് അവിടുന്നു തൻ്റെ ശിഷ്യമാരെയും തെരഞ്ഞെടുക്കുന്നത് (മർക്കോ 3:14) തൻ്റെ കാൽക്കൽ ഇരുന്ന് താൻ പറയുന്നത് കേൾക്കുക മാത്രം ചെയ്ത ബഥാനിയിലെ മറിയത്തെയും അവൾ നല്ല ഭാഗം തെരഞ്ഞെടുത്തു എന്നു പറഞ്ഞു ഈശോ അഭിനന്ദിക്കുന്നു (ലൂക്കാ 10: 42). തൻ്റെ വക്ഷസ്സിലേക്കു ചാരി കിടന്ന യോഹന്നാനും ദിവ്യകാരുണ്യ മുഖത്തെ ഉപാസിക്കുന്ന ദിവ്യകാരുണ്യ മിഷനറിക്ക് മാതൃകയായി നിൽക്കുന്നു (യോഹ 13: 25). ജറുസലേമിൽ ആദ്യം വസിക്കുക, ഉന്നതത്തിൽ നിന്നു ശക്തി സ്വീകരിച്ചതിനു ശേഷം ലോകമെമ്പാടും പോയാൽ മതി എന്നു നിർദേശിക്കുന്ന ഈശോയെയും നാം കേൾക്കുന്നു(അപ്പ 1:4). ഡമാസ്കസിലേക്കുള്ള വഴിയിലെ അനുഭവത്തിനു ശേഷം തൻ്റെ നീണ്ട പ്രേഷിത യാത്രകൾക്കു മുമ്പ് അറേബ്യൻ മലരാണ്യത്തിൻ്റെ നിശബ്ദതയിലേക്കു പോയ പൗലോസ് ശ്ലീഹായും ഈശോയുടെ “കൂടെയായിരിക്കുക” എന്ന വിളിയെ കേൾക്കുന്നുണ്ട് (ഗലാ 1:17). ഈശോയുടെ ചങ്കിലെ ചൂടറിഞ്ഞ യോഹന്നാന് പാത് മോസ് ദ്വീപിൻ്റെ ഏകാന്തത തൻ്റെ നാഥനിൽ ആത്മാവിൽ ലയിച്ചിരിക്കുവാൻ സഹായകമായി. ആ ഒന്നാകലിലാണ് ശ്ലീഹ ദിവ്യദർശനങ്ങൾ കണ്ടത് (വെളി 1:9). നാഥൻ നൽകിയ ദർശനങ്ങൾ അന്നത്തെ പീഡിത സഭയ്ക്ക് പുതിയ പ്രതീക്ഷയും ധൈര്യവും പകരുന്നതിനായി നൽകപ്പെട്ടു. ഇന്നത്തെ സഭയ്ക്കും പീഡനങ്ങൾക്കു കുറവൊന്നുമില്ല. നാഥനിൽ ലയിച്ചിരിക്കുന്ന അവിടെ നിന്നും ശക്തി സ്വീകരിക്കുന്ന ഒരു ദിവ്യകാരുണ്യ മിഷനറി എന്തുമാത്രം ആനുകാലിക സഭയ്ക്ക് അത്യന്ത്യാപേഷിതമാണെന്ന് മനസ്സിലാക്കണം. കർത്താവേ “വെറുതെയിരിക്കാതെ” എന്നോടു കൂടെ ശുശ്രൂഷയിൽ പങ്കെടുക്കു എന്ന് അവളോടു പറയൂ എന്ന് കർത്താവിൻ്റെ കാൽക്കൽ ഇരിക്കുന്ന മറിയത്തെ നോക്കി പരിഭവം പറയുന്ന മർത്തായുടെ സ്വരം ഇന്നും കേൾക്കാം (ലൂക്കാ 10: 40). ദിവ്യനാഥൻ്റെ കാൽക്കൽ ഉടയ്ക്കപ്പെട്ട വിലകൂടിയ നാർദീൻ തൈല കുപ്പിയെ നോക്കി “പാഴ്‌ച്ചെലവ്” എന്നു പറയുന്ന ശിഷ്യൻ്റെ സ്വരവും നമുക്കു ചുറ്റും അന്യമല്ല. അപ്പോഴൊക്കെയും നമ്മുടെ സഭാ സ്ഥാപകൻ്റെ ഈ ഈരടികൾ നമ്മുടെ ചെവികളിൽ മുഴങ്ങട്ടെ.

നിൻ്റെ മുമ്പിൽ ഒരു നിമിഷം എത്രയോ ശ്രേഷ്ഠം
വർണ്ണനാതീതം അതിൻ്റെ മാധുരി ഓർത്താൽ
ഭൂവിലെ സൗഭാഗ്യമെല്ലാം ഒന്നു ചേർന്നാലും
ഒന്നുമല്ല എന്നറിവു ഞാൻ പരമ സ്നേഹമേ.

ഫാ. ആൻ്റണി മഠത്തിച്ചിറ എംസിബിഎസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.