പരിശുദ്ധാരൂപിയുടെ പ്രവർത്തനങ്ങൾ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: ഒൻപതാം ദിനം – മെയ് 15, 2022

“ഇരുമ്പിന്മേൽ അഗ്നി ഏതു പ്രകാരം പ്രവർത്തിക്കുന്നുവോ അപ്രകാരമാണ് നീതിമാന്റെ ആത്മാവിൽ പരിശുദ്ധാരൂപിയും പ്രവർത്തിക്കുന്നത്” – ആലക്കളത്തിൽ മത്തായി അച്ചൻ.

‘ആത്മാവിൽ പരിശുദ്ധാരൂപിയുടെ പ്രവർത്തനം’ എന്ന പേരിൽ ആലക്കളത്തിൽ മത്തായി അച്ചൻ എഴുതിയ ലേഖനത്തിൽ, പരിശുദ്ധാത്മാവ് ഒരു വ്യക്തിയിൽ നടത്തുന്ന അഞ്ചു കാര്യങ്ങൾ വിവരിക്കുന്നു. അവ താഴെ പറയുന്നവയാണ്.

1. ബോധത്തെ പ്രകാശിപ്പിക്കുന്നു

പരിശുദ്ധാത്മാവിനോടുള്ള ഏറ്റവും പ്രസിദ്ധമായ പ്രാർത്ഥന ആരംഭിക്കുന്നതു തന്നെ “പരിശുദ്ധാത്മാവേ, എഴുന്നള്ളി വരിക. അങ്ങേ വെളിവിന്റെ കതിരുകളെ ആകാശത്തില്‍ നിന്നു അയക്കണമേ” എന്ന യാചനയോടെയാണ്. വെളിവിന്റെ കതിരുകൾ നമ്മില്‍ ജ്വലിക്കാൻ ബുദ്ധിയെ പ്രകാശിപ്പിക്കാൻ പരിശുദ്ധാത്മാവിനെ സാധിക്കുകയുള്ളൂ.

2. സ്നേഹവികാരങ്ങളെ സംശുദ്ധമാക്കുന്നു

പരിശുദ്ധാത്മാവ് വഴി നമ്മുടെ പാപങ്ങൾക്കു വിമോചനവും ചെറിയ പാപങ്ങളുടെ അല്പകറകളിൽ നിന്നു പോലും നാം വെടിപ്പാക്കപ്പെടുമ്പോൾ സ്നേഹവികാരങ്ങളാണ് വിശുദ്ധീകരിക്കപ്പെടുന്നത്. ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ സ്നേഹത്തിന്റെ ഉറവിടം പരിശുദ്ധാത്മാവാണ്. നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു (റോമാ 5:5). സ്വർഗ്ഗീയപിതാവിന്റെ സ്നേഹമായ പരിശുദ്ധാത്മാവ് നമ്മുടെ ജീവിതചെയ്തികളെ വിശുദ്ധീകരിക്കുന്നു.

3. മനസിന് ദൃഢത നൽകുന്നു

നമ്മിൽ അചഞ്ചലമായ ആത്മവിശ്വാസവും ദൃഢതയും നൽകുന്ന അദൃശ്യശക്തി ദൈവാത്മാവാണ്. ഈശോ നമ്മിൽ വസിക്കുന്നു എന്ന ബോധ്യമാണ് ഇതിന് ആധാരം. ഇത് നമുക്കു നൽകുന്നത് പരിശുദ്ധാത്മാവാണ്. പ്രലോഭനങ്ങൾ വ്യക്തിജീവിതത്തിൽ വരിഞ്ഞുമുറുക്കുമ്പോൾ, തെറ്റുകളും കുറവുകളും മനസാക്ഷിയെ പീഡിപ്പിക്കുമ്പോൾ, ലോകത്തിലെ ഒരു ശക്തിക്കും സത്യത്തിൽ നമ്മെ സഹായാക്കാൻ കഴിയുകയില്ല എന്നു തിരിച്ചറിയുമ്പോൾ ഓർക്കുക, അതുല്യനായ ഉപദേശകൻ – പരിശുദ്ധാത്മാവ് എന്റെ സഹായത്തിനായി കൂടെയുണ്ട്.

4. ഹൃദയത്തെ സമാശ്വസിപ്പിക്കുന്നു

ഈ ലോകത്തിൽ ഉണ്ടാകുന്ന എല്ലാവിധ പീഡനങ്ങളിലും പരിശുദ്ധാരൂപി നമ്മളെ സഹായിക്കുന്നു. നമ്മുടെ ആത്മാവിന്റെ പ്രശാന്തനായ അതിഥിയായ പരിശുദ്ധാത്മാവ് നിശബ്ദതയും ശാന്തതയും പകർന്നുകൊണ്ട് നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തുകയും ഹൃദയത്തെ സമാശ്വസിപ്പിക്കുകയും ചെയ്യുന്നു.

5. ശരീരത്തെ വെടിപ്പാക്കുന്നു

പരിശുദ്ധാത്മാവിന്റെ അഞ്ചാമത്തെ പ്രവർത്തനം ശരീരങ്ങളെ വെടിപ്പാക്കുന്നു എന്നതാണ്. ദൈവത്മാവ് വസിക്കുന്ന ദൈവത്തിന്റെ ആലയങ്ങളായ നമ്മെ (1 കോറി 3:16) വിശുദ്ധിയിൽ നിലനിർത്തുന്നത്.

പരിശുദ്ധാത്മാവിനോടുള്ള ഒരു കൊച്ചുപ്രാർത്ഥനയോടെ ഇന്നത്തെ ചിന്ത അവസാനിപ്പിക്കാം.

പരിശുദ്ധാത്മാവേ, എന്റെ ചിന്തകൾ വിശുദ്ധമാകേണ്ടതിന് എന്നിൽ ശ്വസിക്കണമേ. പരിശുദ്ധാത്മാവേ, എന്റെ പ്രവൃത്തികൾ വിശുദ്ധമാകേണ്ടതിന് എന്നിൽ പ്രവർത്തിക്കണമേ. പരിശുദ്ധാത്മാവേ, വിശുദ്ധമായതിനെ സ്നേഹിക്കാൻ എന്റെ ഹൃദയത്തിലേക്ക് അടുക്കണമേ. പരിശുദ്ധാത്മാവേ, വിശുദ്ധമായതെല്ലാം സംരക്ഷിക്കാൻ എന്നെ ബലപ്പെടുത്തണമേ. ഞാൻ എപ്പോഴും വിശുദ്ധിയിൽ ആയിരിക്കേണ്ടതിന് എന്നെ പൊതിഞ്ഞു സൂക്ഷിക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.