പരിശുദ്ധാരൂപിയെ പിഞ്ചെല്ലുന്നതിന്റെ പ്രയോജനങ്ങൾ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: എട്ടാം ദിനം – മെയ് 14, 2022

“പരിശുദ്ധാരൂപിയുടെ ഒരു അനുഗ്രഹം അഥവാ ഒരു നല്ല തോന്നിപ്പ് നിഷ്ഫലമാകുന്നത് പതിനായിരം ലോകങ്ങൾ നഷ്ടപ്പെടുന്നതിനേക്കാൾ വലിയ നഷ്ടമാകുന്നു” – ആലക്കളത്തിൽ മത്തായി അച്ചൻ.

മാന്നാനം സെൻ്റ് ജോസഫസ് പ്രസ്സ് 1933-ൽ പ്രസദ്ധീകരിച്ച ആലക്കളത്തിൽ മത്തായി അച്ചന്റെ “പന്തക്കുസ്താ നവനാളിന്റെ” എട്ടാം ദിവസം പരിശുദ്ധാരൂപിയെ പിഞ്ചെല്ലുന്നതിന്റെ പ്രയോജനത്തെപ്പറ്റി പരാമർശിക്കുന്നു. ആലക്കളത്തിലച്ചന്റെ അഭിപ്രായത്തിൽ പരിശുദ്ധാരൂപിയെ പിഞ്ചെല്ലുന്നതിൽ നിന്നുളവാകുന്ന ഏറ്റവും പ്രധാനമായ ഒരു ഫലം ഹൃദയസന്തുഷ്ടിയാണ്. പരിശുദ്ധാരൂപി പ്രസാദത്തിന്റെ അരൂപിയാകയാൽ ആ അരൂപിയുടെ തണലിൽ നടക്കുന്നവന്റെ ഉള്ളിൽ എന്നും സന്തോഷമായിരിക്കും.

സന്തോഷം പരിശുദ്ധാത്മാവിന്റെ ദാനമായി ദൈവത്തിൽ നിന്ന് പ്രവഹിക്കപ്പെടുന്നതാണ്. പരിശുദ്ധാത്മാവിന്റെ ഫലങ്ങളിൽ ഒന്നാണ് സന്തോഷം അഥവാ ആനന്ദം (ഗലാ 5:22). പരിശുദ്ധാത്മസാന്നിധ്യം ജീവിതത്തിൽ ആനന്ദവും സന്തോഷം കൊണ്ടുവരുന്നു. സങ്കീർത്തകൻ ഇപ്രകാരം പ്രാർത്ഥിക്കുന്നു: “അങ്ങയുടെ സന്നിധിയില്‍ ആനന്ദത്തിന്റെ പൂര്‍ണ്ണതയുണ്ട്‌; അങ്ങയുടെ വലതു കൈയ്യില്‍ ശാശ്വതമായ സന്തോഷമുണ്ട്‌ (സങ്കീ. 16:11). ദൈവാത്മാവ് നൽകുന്ന ആനന്ദം കേവലം അത്യുത്സാഹമോ, ഊർജ്ജമോ അല്ല. അത് സ്ഥായിയായി നമ്മിൽ നിൽക്കുന്ന ദൈവീകഭാവമാണ്.

രണ്ടാമതായി, കാര്യങ്ങൾ അനുകൂലമായാലും പ്രതികൂലമായാലും ഒന്നുപോലെ സമാധാനചിത്തനായിരിക്കും; മറ്റൊരർത്ഥത്തിൽ സ്ഥിരതയുള്ളവനായിരിക്കും. പരിശുദ്ധാരൂപിയെ പിഞ്ചെല്ലുന്നതിൽ നിന്നുളവാകുന്ന മറ്റൊരു ഫലം ആത്മശുദ്ധീകരണമാണ്. പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങൾക്ക് ഒരു ആത്മാവ് പൂർണ്ണമായി കീഴ്പ്പെടുമ്പോൾ ആത്മവിശുദ്ധീകരണം സംഭവിക്കുന്നു. പരിശുദ്ധാത്മാവ് ഒരു വ്യക്തിയിൽ വസിക്കുമ്പോൾ അവന്റെ ധാർമ്മിക അവസ്ഥ ഉയർത്തി അവനെ ശുദ്ധീകരിക്കുന്നു. അവന്റെ ചിന്തയിലും പ്രവർത്തനങ്ങളിലും സാരമായ മാറ്റം വരുത്തി വിശുദ്ധീകരണത്തിന്റെ പാതയിലൂടെ അവൻ നയിക്കപ്പെടുന്നു.

“പരിശുദ്ധാരൂപിയുടെ ഒരു അനുഗ്രഹം അഥവാ ഒരു നല്ല തോന്നിപ്പ് നിഷ്ഫലമാകുന്നത് പതിനായിരം ലോകങ്ങൾ നഷ്ടപ്പെടുന്നതിനേക്കാൾ വലിയ നഷ്ടമാകുന്നു.” ആലക്കളത്തിൽ മത്തായി അച്ചന്റെ ഈ വാക്കുകൾ ഇന്നേ ദിനം നമ്മെ നയിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.