മറിയം യഥാർത്ഥ അമ്മയും വരപ്രസാദ മദ്ധ്യസ്ഥയും

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: ഏഴാം ദിനം – മെയ് 13, 2022

“നാം ഓരോരുത്തരും മാമ്മോദീസ സ്വീകരിച്ചപ്പോൾ വരപ്രസാദ മദ്ധ്യസ്ഥയായ മറിയം ആദ്ധ്യാത്മിക ജീവനായ വരപ്രസാദം നമുക്ക് നൽകിക്കൊണ്ട് നമ്മെ ഓരോരുത്തരെയും ഈശോയോട് സദൃശ്യരും ഈശോയുടെ സഹോദരരുമായി പിറപ്പിക്കുന്നു” – ആലക്കളത്തിൽ മത്തായി അച്ചൻ.

1956-ൽ പ്രസദ്ധീകരിച്ച ആലക്കളത്തിൽ മത്തായി അച്ചന്റെ “ശാന്തിനികേതം” എന്ന ഗ്രന്ഥത്തിലെ പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള ഭാഗത്തിൽ, പരിശുദ്ധ കന്യകാമറിയത്തെ യഥാർത്ഥ അമ്മയും വരപ്രസാദ മദ്ധ്യസ്ഥയുമായി അവതരിപ്പിക്കുന്നു. “നമ്മെ പ്രസവിച്ച അമ്മ സ്വാഭാവികജീവിതത്തിൽ എപ്രകാരം നമ്മുടെ അമ്മയായിരിക്കുന്നുവോ അപ്രകാരം തന്നെ അതിസ്വാഭാവിക ജീവിതത്തിൽ മറിയം നമ്മുടെ യഥാർത്ഥ മാതാവായിരിക്കുന്നു.

നാം ഓരോരുത്തരും മാമ്മോദീസ സ്വീകരിച്ചപ്പോൾ വരപ്രസാദ മദ്ധ്യസ്ഥയായ മറിയം ആദ്ധ്യാത്മിക ജീവനായ വരപ്രസാദം നമുക്ക് നൽകിക്കൊണ്ട് നമ്മെ ഓരോരുത്തരെയും ഈശോയോട് സദൃശ്യരും ഈശോയുടെ സഹോദരരുമായി പിറപ്പിക്കുന്നു. സ്വഭാവികമണ്ഡലത്തിൽ അസ്തിത്വവും ജിവനും മാതാവിൽ കൂടി പിതാവ് നൽകുന്നു. അതിസ്വാഭാവിക മണ്ഡലത്തിൽ ആദ്ധ്യാത്മിക അസ്തിത്വവും ജീവനും മാതാവായ മറിയത്തിൽ കൂടി സ്വർഗ്ഗീയപിതാവ് നമുക്കു നൽകുന്നു.”

പരിശുദ്ധ കന്യകാമറിയം നമ്മുടെ അമ്മയാണ്. അമ്മയുള്ളപ്പോൾ മക്കൾ അനാഥരല്ല. നാം ദൈവത്തിന്റെ കുടുംബത്തിലെ അംഗങ്ങളാണന്നുള്ള ഉറപ്പു നൽകുന്ന സാന്നിധ്യമാണ് പരിശുദ്ധ മറിയം. നമുക്കെല്ലാവർക്കും ഒരു അമ്മയുണ്ട് – മറിയം. അവളോട് ചേർന്നുനിൽക്കാൻ നമ്മൾ കടപ്പെട്ടിരിക്കുന്നു.

2017 മെയ് പതിമൂന്നിന് അഞ്ചു ലക്ഷം തീർത്ഥാടകരെ സാക്ഷിനിർത്തി ഫ്രാൻസിസ് പാപ്പ ഫാത്തിമയിൽ പരിശുദ്ധ കന്യകാമറിയം ദർശനം നൽകിയ ജസീന്താ, ഫ്രാൻസിസ്കോ എന്നി കുട്ടികളെ വിശുദ്ധരായി പ്രഖ്യാപിച്ചുകൊണ്ടുള്ള ദിവ്യബലിയിയെ വചനസന്ദേശത്തിലെ കേന്ദ്ര ആശയമായിരിന്നു. ഫാത്തിമാ ദിനത്തിൽ ദിവ്യകാരുണ്യ മിഷനറി സഭയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായ ആലക്കളത്തിലച്ചനോടു ചേർന്നു ധ്യാനിക്കുമ്പോൾ പരിശുദ്ധ കന്യകാമറിയം അമ്മയായുള്ള നമ്മളും അനാഥരല്ല എന്ന തിരിച്ചറവിൽ നമുക്ക് ആഴപ്പെടാം.

നമ്മുടെ ആത്മാവിന്റെ രക്ഷയ്ക്കു വേണ്ടി നൽകപ്പെട്ട അതിസ്വാഭാവിക ദാനമാണ് പ്രസാദവരം. നമ്മുടെ ആത്മാവിനെ ദൈവികമാക്കുന്നതും സ്വർഗ്ഗത്തിലുള്ള നമ്മുടെ പൗരത്വം ഉറപ്പിക്കുന്നതും പ്രസാദവരപൂർണ്ണതയാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ പാപമില്ലാത്ത അവസ്ഥ. ജന്മപാപത്തിന്റെ കറയേശത്ത മറിയം പ്രസാദവര പൂർണ്ണയും ദൈവവരപ്രസാദവത്തിന്റെ ചാലുകൾ മനുഷ്യരിലേക്ക് ഒഴുക്കുകയും ചെയ്യുന്ന ശക്തമായ മദ്ധ്യസ്ഥയാണ്. സ്വർഗ്ഗത്തെ ലക്ഷ്യമാക്കി പ്രയാണം ചെയ്യുന്ന മനുഷ്യനെ പ്രസാദവര പൂർണ്ണതയിൽ കാത്തുസൂക്ഷിക്കാൻ മറിയത്തിന് സവിശേഷമായ സിദ്ധിവൈഭവമുണ്ട്. മറിയം നിത്യപിതാവിന്റെ പുത്രിയും ദൈവപുത്രന്റെ അമ്മയും പരിശുദ്ധാത്മാവിന്റെ മണവാട്ടിയുമാണ്. പരിശുദ്ധ ത്രീത്വവുമായി മറിയം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ നമ്മളെ പ്രസാദവര പൂർണ്ണതയിൽ നിലനിർത്താൻ അവൾക്കു സവിശേഷമായ കഴിവുണ്ട്.

മറിയം വരപ്രസാദത്തിന്റെ മദ്ധ്യസ്ഥയാകുന്നത് പരിശുദ്ധമായ സ്നേഹത്തിലാണ്. ആരും മറിയത്തെപ്പോലെ ദൈവത്തെയും അയൽക്കാരെയും ഇത്ര ഗാഢമായി സ്നേഹിച്ചട്ടില്ല. ദൈവത്തോടുള്ള അവളുടെ സ്നേഹം ജ്വലിക്കുന്ന അഗ്നി ആയിരുന്നു. ആത്മാക്കളുടെ രക്ഷയ്ക്കു വേണ്ടിയുള്ള അവളുടെ ദാഹത്തിന് അതിർത്തികളില്ലായിരുന്നു. ദൈവത്തോടും അയൽക്കാരോടുമുള്ള ഉത്ക്കടമായ സ്നേഹം മൂലം മറിയം നമ്മുടെ ഹൃദയങ്ങളിൽ സ്നേഹത്തിന്റെ തീപ്പൊരി വിതറുന്നു. നമ്മൾ മറിയത്തെ അറിയാനിടയായാൽ അവളെ സ്നേഹിക്കും; അവളെ സ്നേഹിച്ചാലോ അനുകരിക്കും. ആ അനുകരണം വരപ്രസാദ പൂർണ്ണതയിലേക്കു നയിക്കും. വിശുദ്ധ കുർബാനയിലും മറ്റു വിശുദ്ധ കൂദാശകളിലും നാം പങ്കുപറ്റുമ്പോൾ മറിയത്തിന്റെ മാദ്ധ്യസ്ഥം നമ്മുടെ ജീവിതത്തെ കൂടുതൽ പ്രസാദവര പൂർണ്ണമാക്കും.

മരിയൻ ദൈവശാസ്ത്രജ്ഞനായ വി. ലൂയിസ് ഡി മോൺഫോർട്ടിന്റെ മറിയത്തോടുള്ള യഥാർത്ഥ ഭക്തി (True Devotion to Mary) എന്ന ഗ്രന്ഥത്തിൽ, പരിശുദ്ധ കന്യകാമറിയത്തോട് നാം നല്ല ഭക്തിയുള്ളവരാണെങ്കിൽ, അത് നമ്മുടെ കർത്താവീശോമിശിഹായോടുള്ള ഭക്തിയിൽ കൂടുതൽ സമ്പൂർണ്ണമായി വളരുന്നതിനു വേണ്ടിയാണ്. സുഗമവും കൃത്യവുമായ വഴിയിലൂടെ ഈശോമിശിഹായിൽ എത്തിച്ചേരാൻ മറിയം നമ്മെ സഹായിക്കുന്നു എന്നു പഠിപ്പിക്കുന്നു. ദൈവമാതാവിനോടും അവളുടെ വിമലഹൃദയത്തോടും ആലക്കളത്തിലച്ചൻ പ്രകടിപ്പിരുന്ന അനിതരസാധാരണമായ ഭക്തി ഫാത്തിമാ മാതാവിന്റെ തിരുനാൾ ദിനത്തിൽ നമുക്കും സ്വന്തമാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.