മനുഷ്യഹൃദയത്തിന്റെ ആനന്ദമായ പരിശുദ്ധാരൂപി

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: അഞ്ചാം ദിനം – മെയ് 11, 2022

“പരിശുദ്ധാരൂപിയോട് എന്തുമാത്രം യോജിച്ചിരിക്കുമോ അതനുസരിച്ചേ ഭൂമിമേൽ ഒരു മനുഷ്യൻ സൗഭാഗ്യവാനായിരിക്കുകയുള്ളൂ” – ആലക്കളത്തിൽ മത്തായി അച്ചൻ.

മനുഷ്യഹൃദയത്തിന്റെ ആനന്ദത്തിനായി ആലക്കളത്തിൽ മത്തായി അച്ചൻ നമുക്കു നൽകുന്ന ഒറ്റമൂലിയാണ് പരിശുദ്ധാരൂപിയോടുള്ള യോജിപ്പ്. പരിശുദ്ധാത്മാവ് വഴി മനുഷ്യൻ പിതാവിനെയും പുത്രനെയും സ്നേഹിക്കുന്നു. ഈ അരൂപി വഴിയായി ത്രിയേകദൈവത്തെ സ്നേഹിപ്പാനും പരിശുദ്ധ ത്രീത്വത്തിന്റെ പരസ്പരസ്നേഹത്തിൽ പങ്കുകൊള്ളാനും മനുഷ്യനു സാധിക്കുന്നുവെന്ന് അച്ചൻ നിരന്തരം ഓർമ്മിച്ചിരുന്നു.

പരിശുദ്ധാത്മാവിനെ കിട്ടിയവന് ഏറ്റവും വലിയ നന്മ ലഭിച്ചിരിക്കുന്നു. ദൈവത്തെ തന്നെ അവൻ പ്രാപിച്ചിരിക്കുന്നു. അവന്റെ സ്നേഹിതന്മാർ ദൈവവും മാലാഖമാരുമാണ്. മറ്റൊരർത്ഥത്തിൽ നാം പരിശുദ്ധാത്മാവ് വഴി ദൈവത്തിന്റെ വലിയ കുടുംബത്തിന്റെ അംഗങ്ങളാകുന്നു.

നാം യഥാർത്ഥത്തിൽ ദൈവത്തിന്റെ പുത്രനാണ് അല്ലെങ്കിൽ പുത്രിയാണ് എന്ന ആന്തരികഉറപ്പ് നൽകുന്നത് പരിശുദ്ധാത്മാവാണ്. ഈ സത്യം പൗലോസ് അപ്പസ്തോലൻ റോമാ ലേഖനത്തിലൂടെ വിശദീകരിക്കുന്നു. “നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്വത്തിന്റെ ആത്മാവിനെയല്ല, മറിച്ച്‌ പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണ് നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്‌. ഈ ആത്മാവ് മൂലമാണ് നാം ആബാ പിതാവേ എന്നു വിളിക്കുന്നത്‌. നാം ദൈവത്തിന്റെ മക്കളാണെന്ന്‌ ഈ ആത്മാവ് നമ്മുടെ ആത്മാവിനോടു ചേര്‍ന്ന്‌ സാക്ഷ്യം നല്‍കുന്നു” (റോമാ 8:15-16). ദൈവപിതാവിന്റെ മകനോ, മകളോ ആണ് ഞാൻ എന്ന ആത്മവിശ്വാസത്തിൽ പ്രാർത്ഥിക്കാനാണ് ഈശോ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന നമ്മളെ പഠിപ്പിച്ചിരിക്കുന്നത്.

2019 മാർച്ച് മാസത്തിൽ പ്രസദ്ധീകരിച്ച ‘ക്രിസ്തു ജീവിക്കുന്നു’ എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിൽ, പരിശുദ്ധാത്മാവിനോടു പ്രാർത്ഥിക്കുകയും പരിശുദ്ധാത്മാവ് നയിക്കുന്നതു പോലെ ജീവിതം ക്രമികരിച്ചാൽ നമുക്കൊന്നും നഷ്ടപ്പെടുകയില്ല എന്ന് പാപ്പാ ഉറപ്പു നൽകുന്നു.

ജീവിതത്തിലെ ഭൗതികവും ആത്മീയവുമായ കാര്യങ്ങളിലും സ്ഥായിയായ സന്തോഷം നൽകുവാൻ പരിശുദ്ധാത്മാവിനു മാത്രമേ കഴിയുകയുള്ളൂ. ഏതൊരു ജീവിതത്തിലും സന്തോഷവും സമാധാനവും സ്നേഹവും അത്യാവശ്യമാണ്. അത് അന്വേഷിച്ച് നമ്മൾ അലയേണ്ടതില്ല. ഉള്ളിൽ വസിക്കുന്ന പരിശുദ്ധാത്മാവിലേക്ക് നമ്മുടെ ശ്രദ്ധ തിരിച്ചാൽ മതിയാവും. ഈ പരിശുദ്ധാത്മാ അവബോധത്തിൽ വളരാൻ നമുക്കുള്ള മാർഗ്ഗദീപമാണ് പരിശുദ്ധാത്മാവിന്റെ ഉച്ചഭാഷിണി എന്നറിയപ്പെട്ടിരുന്ന ബഹു. ആലക്കളത്തിൽ മത്തായി അച്ചൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.