സന്യാസി – സത്യത്തിന്റെ സാക്ഷി

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നാലാം ദിനം – മെയ് 10, 2022

“ദിവ്യകാരുണ്യം, പിതാവിനും മനുഷ്യവംശത്തിനും വേണ്ടിയുള്ള മിശിഹായുടെ സന്യാസ സമർപ്പണമാണ്” – ഫാ. ജോസഫ് പറേടം MCBS 

ദൈവാർപ്പിത ജീവിതത്തിലൂടെ ലോകത്തിന്റെ ഉണർത്തുന്ന ഗാനമാകാൻ ഒരു യഥാർത്ഥ സമർപ്പിതനു സാധിക്കണമെന്നു വിശ്വസിച്ചിരുന്ന നമ്മുടെ സഭാപിതാക്കന്മാരുടെ ഓർമ്മയ്ക്കു മുമ്പിൽ സന്യാസത്തിന്റെ ആഴങ്ങളിലേക്കുള്ള ഒരു എത്തിനോട്ടമാണി കുറിപ്പ്.

“സത്യത്തെ അനായാസം സ്വാംശീകരിച്ചെടുക്കാനുള്ള പരിശുദ്ധമായ ശ്രമമാണ് സന്യാസം.” വ്രതബദ്ധ ജീവിതത്തിലൂടെ ക്രൂശിതനോട് ചേർന്നുനിന്ന് കാൽവരിയാഗം ആകാനും ദിവ്യകാരുണ്യ ഉപാസകരാകാനും അതിയായി ആഗ്രഹിച്ചിരുന്നു നമ്മുടെ സഭാസ്ഥാപകർ. സന്യാസം അസ്തിത്വത്തിന്റെ ഭാഗമാണ്. അത് പ്രവർത്തനപ്രധാനമല്ല, പുണ്യപൂർണ്ണതയുടെ ജീവിതപാതയാണ്. സത്യത്തിലേക്കുള്ള ജീവിതപാതയിൽ വഴിവിളക്കുകൾ ആകാൻ, ദിവ്യകാരുണ്യത്തിൽ നിന്ന് ഊർജ്ജം സ്വീകരിച്ച് അവർ ജ്വലിക്കുന്ന തീപ്പന്തങ്ങളായി.

വഴിയും സത്യവും ജീവനും ഞാനാകുന്നു എന്നു പറഞ്ഞവൻ കാണിച്ചുതന്ന വഴിയിലൂടെ, ആ സത്യത്തെ ലക്ഷ്യമാക്കി ജീവിതയാത്രയുടെ തോണി ചലിപ്പിച്ചാൽ നിത്യജീവന്റെ കവാടങ്ങൾ നമുക്ക് മുൻപിൽ തുറക്കപ്പെടും. അതിനുള്ള ഏറ്റവും വലിയ മാർഗ്ഗവും പ്രചോദനവും ദിവ്യകാരുണ്യ സന്യാസ സഭാർപ്പണ ജീവിതത്തിൽ ഉൾച്ചേർന്നിരിക്കുന്നു എന്ന തിരിച്ചറിവിൽ നിന്ന് ദിവ്യകാരുണ്യ മിഷനറി സഭയ്ക്ക് തുടക്കം കുറിക്കാൻ ദൈവം അവരെ അനുഗ്രഹിച്ചു.

കുറവുകളെ നിറവുകളാക്കുന്ന തമ്പുരാനിൽ വിശ്വസിച്ച് സന്യാസത്തിന്റെ പാതയിലൂടെ ആ താപസശ്രേഷ്ഠർ തങ്ങളുടെ യാത്ര ആരംഭിച്ചപ്പോൾ കല്ലുകളും മുള്ളുകളും ഒറ്റപ്പെടലുകളും അവരെ എതിരേറ്റു. അവയെല്ലാം തരണം ചെയ്യാൻ അവർക്ക് സാധിച്ചത് സന്യാസത്തിൽ നിന്ന് അഭ്യസിച്ച ‘ശാന്തത’, ‘നിശബ്ദത’ എന്നിവയായിരുന്നു. സത്യത്തിന് സാക്ഷ്യമാകാൻ വന്നവനോട്, സത്യം എന്താകുന്നു എന്ന പീലാത്തോസിന്റെ ചോദ്യശരത്തിനു മുൻപിൽ അവൻ അവലംബിച്ച ആ മൗനം, ആ നിശബ്ദത അത് തന്നെ ഒരു വലിയ ഉത്തരമായിരുന്നു. കാരണം അവന്റെ  ബലം തന്നെ അയച്ചവനിലായിരുന്നു. ന

മ്മുടെ സഭാപിതാക്കന്മാരുടെ ജീവിതത്തിലും ഇതിന്റെ നേർക്കാഴ്ചകൾ കടന്നുവന്നപ്പോഴും അവർ അഭയം കണ്ടെത്തിയത് ദിവ്യകാരുണ്യസന്നിധിയിൽ ആയിരുന്നു. അവന്റെ സന്നിധിയിൽ നിന്ന് തപം ചെയ്തു നേടിയെടുത്ത പാഠങ്ങൾ കൈമുതലാക്കി, അവർ നമുക്ക് മുൻപേ യാത്ര ആരംഭിച്ചു. ദിവ്യകാരുണ്യത്തിൽ ഊന്നിയ സന്യാസ സമർപ്പണ ജീവിതത്തിലൂടെ ഇന്നും അവർ നമുക്ക് ജീവിക്കുന്ന മാതൃകകളാണ്.

“മറക്ക സർവ്വത്ര സമസ്തസൃഷ്ടവും സ്മരിക്ക സ്രഷ്ടാവിനെ സന്തതം സുഖം ശ്രവിക്ക് സ്വാന്തത്തിലുദിച്ചിടും സ്വരം വസിക്ക സ്നേഹത്തോടു സ്നേഹിതാന്തികേ” എന്ന കുരിശിന്റെ വി. യോഹന്നാന്റെ ജീവിതദർശനങ്ങളോടു ചേർന്നുള്ളവയായിരുന്നു നമ്മുടെ സഭാസ്ഥാപകരുടെയും സന്യാസദർശനവും.

ഫാ. അഗസ്റ്റിൻ കാക്കക്കൂടുങ്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.