സന്യാസിയുടെ ജോലി

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: മൂന്നാം ദിനം – മെയ് 9, 2022

ആരോ പറഞ്ഞുകേട്ട ഒരു കാര്യമാണ്, പണ്ടൊക്കെ ഔദ്യോഗികരേഖകളും മറ്റും പൂരിപ്പിക്കുമ്പോൾ ഒരു സന്യാസിയുടെ അല്ലെങ്കിൽ പുരോഹിതന്റെ തൊഴിലിന്റെ സ്ഥാനത്ത് എഴുതിയിരുന്നത് ‘ദൈവവിചാരം’ എന്നായിരുന്നു.

വളരെ ശരിയാണ് ഊണിലും ഉറക്കത്തിലും വാക്കിലും പ്രവർത്തിയിലുമെല്ലാം ദൈവവിചാരം കാത്തുസൂക്ഷിക്കുക എന്നതാണ് ഒരു സന്യാസിയുടെ പ്രധാനപ്പെട്ട ഉത്തരവാദിത്വം. ജീവിതത്തിലുടനീളം ദൈവവിചാരത്തിൽ ആയിരിക്കാൻ പരിശ്രമിച്ച വ്യക്തിയായിരുന്നു ബഹുമാനപ്പെട്ട പറേടത്തിൽ അച്ചൻ. തന്റെ ദൈവവിചാര അഭ്യാസത്തെപ്പറ്റി അദ്ദേഹം തന്റെ ഡയറിയിൽ ഇപ്രകാരം കുറിച്ചിട്ടുണ്ട്: “എന്റെ ദൈവമേ, എന്റെ സമസ്തവുമേ എന്ന ജപം, തിരുഹൃദയ കൊന്ത, ജപമാല ഇത്യാദി നമസ്കാരങ്ങൾ യാത്രകളിൽ സൗകര്യം പോലെ ചൊല്ലും. അതതു സമയങ്ങളിൽ കാനോന നമസ്കാരം മിക്കവാറും നടത്തിയിരുന്നു. അതിവേഗം പായുന്ന ബസ്, ജീവിതയാത്രയെപ്പറ്റിയുള്ള ചിന്തക്ക് അവസരം തന്നിരുന്നു. ഫലവൃക്ഷങ്ങളും സമൃദ്ധമായ കൃഷിയും കാണുമ്പോൾ അവയുടെ ദാതാവായ ദൈവത്തെ സ്തുതിക്കും. ശിശുക്കൾ പുഷ്പങ്ങൾ ചന്ദ്ര-നക്ഷത്രാദികൾ എല്ലാം എനിക്ക് ദൈവസ്നേഹസ്മരണക്ക് അവസരവും ആനന്ദവും നൽകിയിരുന്നു. ഇതരവർഗ്ഗത്തിൽപ്പെട്ട സുന്ദരികൾ ചിലപ്പോൾ മലീമസ ചിന്തകൾക്ക് കാരണമാകാറുണ്ടെങ്കിലും അടുത്ത ഭാവിയിൽ ചീഞ്ഞുനാറാനിരിക്കുന്ന മാംസപിണ്ഡങ്ങളാണല്ലോ അവർ എന്നോർത്ത് അശുദ്ധവിചാരങ്ങൾ തള്ളിക്കളയും.”

വി. ക്രിസോസ്തോം ഇപ്രകാരം പറയുന്നു: “നാം നമ്മെത്തന്നെ ദൈവവിചാരത്തിൽ കാത്തുസൂക്ഷിക്കുന്നുവെങ്കിൽ നമുക്ക് ഒരിക്കലും തിന്മയായിട്ടുള്ളത് ചിന്തിക്കാനോ, പ്രവർത്തിക്കാനോ സാധിക്കില്ല. കാരണം ദൈവം നമ്മുടെ വാക്കുകളുടെയും പ്രവൃത്തികളുടെയും സാക്ഷിയാണ് എന്ന ചിന്ത എപ്പോഴും നമ്മിലുണ്ടായിരിക്കും.”

ദൈവവിചാരം എന്ന മഹത്തായ പുണ്യം പറേടത്തിലച്ചൻ സ്വന്തമാക്കിയത് തിരുസന്നിയിലെ കെടാവിളക്ക് പോലെ ദൈവാലയത്തിലായിരുന്നുകൊണ്ടാണ്. ദിനപ്പത്രവുമായി തിരുസന്നിധിയിൽ പോയിരുന്ന് ലോകജനതയുടെ കഷ്ടപ്പാടുകൾ സമർപ്പിച്ച് അദ്ദേഹം പ്രാർത്ഥിച്ചിരുന്നു. ദൈവവിചാരം കൈമുതലായി സൂക്ഷിച്ച പറേടത്തിലച്ചൻ ഏതെങ്കിലും വിധത്തിൽ തന്നെ ദ്രോഹിച്ചവരോട് അപമര്യാദയോടെ ഒരു വാക്കു പോലും പറയാൻ ഇഷ്ടപ്പെട്ടിരുന്നില്ല. മറിച്ച് ദിവ്യപൂജയുടെയും ഉപകാരസ്മരണയുടെയും അവസരങ്ങളിൽ അവർക്കു വേണ്ടി പ്രാർത്ഥിക്കുകയാണ് അദ്ദേഹം ചെയ്തത്.

സദാസമയവും ദൈവവിചാരത്തിൽ ആയിരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഒരു ചിന്ത ഇപ്രകാരമായിരുന്നു: ‘ചെറുപ്പം മുതൽ നമ്മൾ പലരെയും സ്നേഹിക്കാറുണ്ട്. പക്ഷേ പല കാരണങ്ങൾ കൊണ്ട് അവരിൽ നിന്ന് അകലുമ്പോൾ ഇരുഭാഗത്തും സ്നേഹം ഏറെക്കുറെ ക്ഷയിക്കാൻ തുടങ്ങും. എന്നാൽ ഈശോയുമായുള്ള സ്നേഹത്തിലാകട്ടെ നമ്മൾ എത്ര നന്ദിഹീനതകൾ കാട്ടിയാലും അവിടുന്ന് നമ്മെ തള്ളിക്കളയുന്നില്ല. നമ്മുടെ കുറ്റങ്ങൾക്ക് മോചനം നൽകാൻ അവിടുന്ന് സർവ്വസന്നദ്ധനാണ്.’ അച്ചന്റെ ഭാഷയിൽ പറഞ്ഞാൽ ഈശോമിശിഹാ ‘നാണംകെട്ട സ്നേഹിതനാണ്’ എന്നു ചുരുക്കം.

നമ്മെ തള്ളിക്കളയാതെ ചേർത്തുപിടിക്കുന്ന ‘നാണം കെട്ട സ്നേഹിതനായ ഈശോയെ’ നമുക്കും ചേർത്തുപിടിക്കാം; അനുദിന ജീവിതത്തെ ദൈവവിചാരത്താൽ സ്നാനപ്പെടുത്തിക്കൊണ്ട്. “കർത്താവിനെയും അവിടുത്തെ ബലത്തെയും അന്വേഷിക്കുവിൻ; നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിൻ” (സങ്കീ 105:4).

ഫാ.ജോസഫ് പറഞ്ഞാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.