താക്കോൽ പ്രധാനപ്പെട്ടതു തന്നെ

സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: രണ്ടാം ദിനം മെയ് 8, 2022 

“നമ്മുടെ ഏറ്റവും വലിയ നിക്ഷേപം നമ്മുടെ കർത്താവിന്റെ കുരിശുമരണവും തന്റെ യോഗ്യതകളും ആകുന്നു. ഈ അമൂല്യഭണ്ഡാഗാരം തുറക്കുന്നതിനുള്ള താക്കോൽ ദിവ്യപൂജയത്രേ” ഫാ. മാത്യു ആലക്കളം (ബലിയും വിരുന്നും).

അമൂല്യമായ നിധികൾ അടങ്ങുന്ന പെട്ടി എപ്പോഴും ഒരു വലിയ സമ്പത്താണ്. പക്ഷേ നിധിപ്പെട്ടി ഭവനത്തിൽ ഇരിക്കുകയും എന്നാൽ അത് തുറക്കാൻ ഒരു മാർഗ്ഗങ്ങളും ഇല്ലാതെ, തികഞ്ഞ ദാരിദ്ര്യത്തിൽ ജീവിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ എത്രയോ ദൗർഭാഗ്യകരമായിരിക്കും. അതിനാൽ അമൂല്യനിധികൾ അടങ്ങുന്ന പെട്ടി തുറക്കാനുള്ള താക്കോൽ ഏറെ പ്രധാനപ്പെട്ടതാണ്. ഇപ്രകാരമുള്ള ശ്രേഷ്ഠമായ ഉൾക്കാഴ്ച്ചയിൽ തന്നെയാണ് ആലക്കളത്തിലച്ചൻ പറഞ്ഞത്, ഈശോയുടെ കുരിശുമരണത്തിൽ അവിടുന്ന് നേടിത്തന്ന കൃപയുടെ ഭണ്ഡാഗാരം തുറക്കുന്നതിനുള്ള താക്കോൽ വിശുദ്ധ കുർബാനയാണെന്ന്. ഈ ബോധ്യം അച്ചനിൽ രൂഢമൂലം ആയിരുന്നതിനാൽ വിശുദ്ധ കുർബാനയ്ക്ക് ഒരുക്കമായി ഒരു മണിക്കൂർ ദിവ്യകാരുണ്യ സന്നിധിയിൽ ആയിരിക്കാൻ അച്ചൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പ്രായാധിക്യത്തിലും എല്ലാ ദിവസവും അതിരാവിലെ 4.30-ന് അച്ചൻ ദൈവാലയത്തിൽ ഉണ്ടാകും. 5.30-ന് അച്ചൻ വിശുദ്ധ കുർബാന അർപ്പിക്കും. അതിനു ശേഷം ആ ദൈവാലയത്തിൽ അർപ്പിക്കപ്പെടുന്ന എല്ലാ വിശുദ്ധ കുർബാനയിലും അച്ചൻ ഭക്തിയോടെ പങ്കെടുത്തിരുന്നു. വിശുദ്ധ കുർബാനയ്ക്ക് ഒരുക്കമായി ദൈവാലയത്തിലെ മെഴുകുതിരി തെളിയിക്കാനും കാസയും പീലാസയും ഒരുക്കാനും അൾത്താര ശുശ്രൂഷിയായി ആരുമില്ലാത്ത സാഹചര്യത്തിൽ ഒരു അൾത്താര ശുശ്രൂഷിയാകാനും ബൊക്കെ ഉണ്ടാക്കാനുമൊക്കെ അച്ചൻ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു.

ചില മനുഷ്യരുടെ ചിന്തയിൽ ചെറുതെന്നു തോന്നുന്ന, ശ്രേഷ്ഠകരമായ ഈ പ്രവർത്തികൾ ചെയ്യാൻ അച്ചൻ മടിക്കാതെ താല്പര്യം കാണിച്ചത് പരിശുദ്ധ കുർബാനയുടെ മാഹാത്മ്യത്തെക്കുറിച്ചുള്ള ബോധ്യം ഹൃദയത്തിൽ സൂക്ഷിച്ചതിനാലാണ്. തെന്ത്രോസ് സൂനഹദോസ് പഠിപ്പിക്കുന്നു: “ഈ ലോകത്ത് ഒരു വ്യക്തിക്ക് ചെയ്യാവുന്നതിൽ വച്ച് ഏറ്റവും ഉന്നതവും പരിശുദ്ധവുമായ പ്രവർത്തിയാണ് വിശുദ്ധ കുർബാന അർപ്പണം.” വിശുദ്ധ ഇന്നസെൻറ് മൂന്നാം പാപ്പാ പഠിപ്പിക്കുന്നു: “പരിശുദ്ധ കുർബാനയുടെ ശക്തിയാൽ നമ്മിൽ എല്ലാ പുണ്യങ്ങളും വളരുകയും കൃപയുടെ അളവറ്റ ഫലങ്ങൾ നമുക്ക് ലഭിക്കുകയും ചെയ്യുന്നു.” വിശുദ്ധ കുർബാന അർപ്പിക്കാതിരുന്നാൽ ഉണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് വാഴ്ത്തപ്പെട്ട ബീഡ് പറയുന്നതിങ്ങനെ: “മാരകപാപാവസ്ഥയിൽ അല്ലാത്ത ഒരു വൈദികൻ പരിശുദ്ധ കുർബാന അർപ്പിക്കാതിരിക്കുന്നതു മൂലം പരമ പരിശുദ്ധ ത്രീത്വത്തിന് ലഭിക്കേണ്ടിയിരുന്ന മഹത്വം ലഭിക്കാതെ പോകുന്നു. മാലാഖമാർക്ക് ആനന്ദിക്കാനുള്ള കാരണം ലഭിക്കുന്നില്ല. പാപികൾക്ക് പാപക്ഷമ ലഭിക്കുന്നില്ല. നീതിമാന്മാർക്ക് സഹായം ലഭിക്കുന്നില്ല; സഭയ്ക്കാകട്ടെ ആത്മീയനേട്ടങ്ങളും ബലിയർപ്പിക്കേണ്ട വൈദികന് ഔഷധവും ലഭിക്കാതെ പോകുന്നു. ഒരു അത്മായൻ പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ കഴിയുമായിരുന്നിട്ടും അതു മുടക്കം വരുത്തിയാൽ തത്തുല്യമായ നഷ്ടങ്ങൾ ഉണ്ടാകുന്നു.” അതിനാൽ വിശുദ്ധ കുർബാനയെന്ന താക്കോൽ പ്രധാനപ്പെട്ടതാണ്.

ഫാ. ജൂഡ് കൊയിൽപറമ്പിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.