പറേടത്തിലച്ചൻ: ഹൃദയസ്പന്ദനത്തെ പോലും ദിവ്യകാരുണ്യ സ്നേഹത്തിന്റെ ഈരടികളാക്കിയ വ്യക്തി

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: പതിനെട്ടാം ദിനം – മെയ് 24, 2022

ദിവ്യകാരുണ്യ മിഷനറി സഭാസ്ഥാപക പിതാക്കന്മാരിൽ ഒരാളായ ബഹു. ജോസഫ് പറേടത്തിലച്ചനെ ദിവ്യകാരുണ്യ മിഷനറി സഭയിൽ നിന്നുള്ള പ്രഥമ മേൽപ്പട്ടക്കാരൻ അഭിവന്ദ്യ മാർ തോമസ് ഇലവനാൽ പിതാവ് വിശേഷിപ്പിക്കുന്നത് ‘ഹൃദയസ്പന്ദനത്തെ പോലും ദിവ്യകാരുണ്യ സ്നേഹത്തിന്റെ ഈരടികളാക്കിയ വ്യക്തി’ എന്നാണ്.

ബഹു. ഡെന്നീസ് പട്ടേരുപറമ്പിൽ എഡിറ്റ് ചെയ്ത് സനാതന സെമിനാരിയിൽ നിന്നു പ്രസദ്ധീകരിച്ച ‘മൺചിരാതിലെ അഗ്നിനാളങ്ങൾ’ എന്ന ഗ്രന്ഥത്തിലെ രണ്ടാം ഭാഗത്തിലെ ഓർമ്മക്കുറിപ്പുകളിൽ പിതാവ് എഴുതിയ ‘ദിവ്യകാരുണ്യ സ്നേഹം ഹൃദയസ്പന്ദനമാക്കിയവർ’ എന്ന കുറിപ്പിലാണ് പ്രസ്തുത പരാമർശം. അതിന് ആസ്പദമായി അഭിവന്ദ്യ പിതാവ് പറയുന്ന അനുഭവം ചുവടെ ചേർക്കുന്നു.

“സെമിനാരിക്കാരായ ഞങ്ങൾ മംഗലപ്പുഴ സെമിനാരിയിലേക്ക് പോകുന്നതിനു മുമ്പായി വിസീത്തയ്ക്കായി ചാപ്പലിൽ ചെല്ലുമ്പോൾ അച്ചൻ സക്രാരിയുടെ ഏറ്റവും അടുത്തു ചെന്ന് അൾത്താരയിലേക്ക് കുമ്പിട്ട് പ്രാർത്ഥനാപൂർവ്വം നിൽക്കുന്നതു കാണുമ്പോൾ ദിവ്യകാരുണ്യനാഥനോട് എന്തോ സ്നേഹസംഭാഷണത്തിൽ ആയിരിക്കുന്നതു പോലെയും ദിവ്യകാരുണ്യ ഈശോയുടെ വാക്കുകൾ ചെവി ചേർത്ത് വച്ച് ശ്രവിക്കുന്നതു പോലെയും തോന്നിപ്പോകുമായിരുന്നു. പലപ്പോഴും ഉച്ചക്ക് ഭക്ഷണസമയത്ത് തിരിച്ചെത്തുമ്പോഴും അച്ചനെ ആ നിലയിൽ തന്നെ കണ്ടിട്ടുണ്ട്. കർത്താവിന്റെ പാർശ്വത്തിൽ ചാരിക്കിടന്ന യോഹന്നാൻശ്ലീഹായെ പോലെ പറേടത്തിലച്ചനും ദിവ്യകാരുണ്യനാഥന്റെ ഹൃദയത്തിൽ നിന്ന് സ്നേഹപന്ദനങ്ങൾ ഏറ്റുവാങ്ങി. അച്ചന്റെ ഈ മാതൃകയാണ് ദിവ്യകാരുണ്യ സ്നേഹത്തെക്കുറിച്ച് അച്ചൻ നൽകിയ അവസ്മരണീയമായ പാഠം.”

ഓരോ ഹൃദയസ്പന്ദനവും ദിവ്യകാരുണ്യനാഥനായുള്ള സ്തുതിപ്പുകളാക്കി മാറ്റം. വ്രതം ചെയ്ത സ്ഥാപകപിതാവിന്റെ ചൈതന്യം ഓരോ ദിവ്യകാരുണ്യ മിഷനറി സഭാംഗത്തിന്റെയും ശുശ്രൂഷാമേഖലകളിലും വിളങ്ങിനിൽക്കേണ്ട ചൈതന്യമാകണം.

ദിവ്യകാരുണ്യത്തെ വി. തോമസ് അക്വീനാസ് വിശേഷിപ്പിക്കുക, ‘ആത്മീയജീവിതത്തിന്റെ മുഴുവൻ പരകോടി’ എന്നാണ്. പറേടത്തിലച്ചന്റെ ജീവിതം ദിവ്യകാരുണ്യ ഈശോയിൽ ചുറ്റപ്പെട്ടതായിരുന്നു. വിശുദ്ധ കുർബാനയിൽ നിന്ന് അകലുന്തോറും നമ്മുടെ ആത്മാവ് ദുർബലവും അവസാനം നമ്മൾ അപകടകരമാവിധം നിസ്സംഗരുമായിത്തീരും എന്നും ഈ പുണ്യപിതാവ് നമ്മെ പഠിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.