പരിശുദ്ധാരൂപിയുടെ മഹത്കൃത്യങ്ങൾ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: പതിനേഴാം ദിനം – മെയ് 23, 2022

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന ജപത്തേക്കാൾ ഉത്കൃഷ്ടവും പ്രയോഗത്തിലിരിക്കുന്നതുമായ വേറൊരു ജപം തിരുസഭയിലില്ല.

ആലക്കളത്തിലച്ചന്റെ ‘പരിശുദ്ധാത്മാവ്’ എന്ന ഗ്രന്ഥത്തിലെ ഒന്നാം അധ്യായത്തിൽ പരിശുദ്ധാരൂപി ചെയ്യുന്ന ആറു മഹത്കൃത്യങ്ങളെപ്പറ്റി വിവരിക്കുന്നു.

1. സൃഷ്ടികർമ്മം

പരിശുദ്ധാരൂപിയുടെ സ്നേഹത്തിലും ശക്തിയിലുമാണ് സൃഷ്ടികർമ്മം നിർവ്വഹിക്കപ്പെട്ടിരിക്കുന്നത്. സൃഷ്ടി മുഴുവന്റെയും മേൽ ഈ സ്നേഹാരൂപിയുടെ അനന്തസൗന്ദര്യം വഴിഞ്ഞൊഴുകുന്നു.

2. പരിശുദ്ധ കന്യകാമറിയം

പരിശുദ്ധാരൂപിയുടെ രണ്ടാമത്തെ ഉത്കൃഷ്ടകൃത്യം പരിശുദ്ധ കന്യകാമറിയമാണ്. ദൈവത്തിന്റെ ആലയവും നിത്യവചനത്തിന്റെ വിമലജനനിയും വരപ്രസാദത്തിന്റെയും വിശുദ്ധിയുടെയും സുന്ദരമായ അത്ഭുതവും സ്വർഗ്ഗരാജ്ഞിയും തന്റെ പ്രിയമണവാട്ടിയുമായി കന്യകാമറിയത്തെ ഒരുക്കുകയും അലങ്കരിക്കുകയും ചെയ്തത് പരിശുദ്ധാരൂപിയാണ്.

3. ഈശോമിശിഹായുടെ മനുഷ്യസ്വഭാവത്തെ രൂപവൽക്കരിച്ചു

ദൈവസുതനായ ഈശോയെ മരിയസുതനും കൂടി ആക്കിത്തീർക്കുന്നതിന് ഈശോമിശിഹായുടെ മനുഷ്യസ്വഭാവത്തെ രൂപവൽക്കരിച്ചത് പരിശുദ്ധാത്മാവാണ്.

4. തിരുസഭ

പരിശുദ്ധാരൂപിയുടെ മഹത്കൃത്യങ്ങളിൽ നാലാമത്തേത് ഈശോയുടെ തിരുസഭയാണ്. ഈശോയുടെ സ്വഭാവികശരീരത്തെ കന്യകാമറിയത്തിൽ നിർമ്മിച്ച പരിശുദ്ധാരൂപിയാണ് ഈശോയുടെ മൗതീകശരീരമായ സഭയെയും കരുപ്പിടിപ്പിക്കുന്നത്. ഈശോയുടെ തിരുഹൃദയത്തിൽ നിറഞ്ഞുനിന്നതും ക്രൂശിൽ വച്ചു ഭേദിക്കപ്പെട്ട ചങ്കിൽ നിന്നു പ്രവഹിച്ചതുമായ രക്തകലങ്ങളുടെ മേൽ നിഴലിച്ചു കൊണ്ട്, പരിശുദ്ധാരൂപി തന്റെ ദൈവീകശക്തിയും സ്വർഗീയാഗ്നിയും പ്രയോഗിച്ച് ഉരുക്കിവാർത്തതാണ് ഈ സഭ.

5. മനുഷ്യാത്മാക്കളുടെ വിശുദ്ധീകരണവും രക്ഷയും

ശുദ്ധീകരവരപ്രസാദം വഴിയായി പരിശുദ്ധാരൂപി വന്ന് ആത്മാവിനെ കൈവശപ്പെടുത്തി തന്റെ സ്നേഹത്തിലും കൃപാവരത്താലും അതിനെ നിറക്കുന്നു. ശുദ്ധീകരവരപ്രസാദം വഴി ദൈവത്തിന്റെ ഛായിൽ സൃഷ്ടിക്കട്ടെ ആത്മാവ് സകല സുകൃതങ്ങളും നിറഞ്ഞ് പരിശുദ്ധ ത്രീത്വത്തിന് യോഗ്യമായ ഒരു ആലയമായി ഭവിക്കുന്നു.

6. സ്വർലോകത്തിലേക്ക് ദൈവമക്കളെ സ്വീകരിക്കുന്നു

പരിശുദ്ധ ത്രീത്വം അന്യോന്യം സ്നേഹിക്കുന്ന സ്വർല്ലോകത്തിലേക്ക് ദൈവമക്കളെ സ്വീകരിക്കുന്നത് പരിശുദ്ധാരൂപിയാണ്.

നിത്യജീവനും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും സകലത്തിനും ജീവൻ കൊടുക്കുന്നവനുമായ പരിശുദ്ധാത്മാവേ, അങ്ങേ അടിയനായ എന്റെ ഹൃദയത്തിൽ നീ എഴുന്നള്ളിവന്ന് എന്നോടു കൂടി വാസം ചെയ്യാൻ തിരുമനസാകണമേ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.