പരിശുദ്ധാത്മാവിനോടുള്ള ഭക്തി കൃപാവരങ്ങളുടെ സുവർണ്ണ താക്കോൽ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: പതിനാറാം ദിനം – മെയ് 22, 2022 

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ കൃപയെ ദൈവത്തിന്റെ സൗജന്യവും സ്നേഹപൂർണ്ണവുമായ ദാനമായും അവിടുത്തെ സഹായപ്രദമായ നന്മയായും ദൈവത്തിൽ നിന്നു വരുന്ന സജീവത്വവുമായും പഠിപ്പിക്കുന്നു. ദിവ്യകാരുണ്യ മിഷനറി സഭയുടെ സ്ഥാപകപിതാക്കന്മാരിൽ ഒരാളായ ബഹു. ആലക്കളത്തിൽ മത്തായി അച്ചൻ പരിശുദ്ധാത്മാവിനോടുള്ള ഭക്തിയെ കൃപാവരങ്ങളുടെ സുവർണ്ണ താക്കോലായി അവതരിപ്പിക്കുന്നു.

പരിശുദ്ധാത്മാവ് ആത്മാവിലില്ലെങ്കിൽ ശരീരത്തിന് ജിവനോ, രൂപമോ, അഴകോ ഉണ്ടായിരിക്കുകയില്ല. അതിനർത്ഥം വരപ്രസാദവസ്ഥയിലായിരിക്കുമ്പോഴാണ് ഒരാത്മാവ് ഏറ്റവും സൗന്ദര്യമുള്ളതാകുന്നതും മാലാഖമാരെപ്പോലെ അഴകുള്ളവരാകുന്നതും. പരിശുദ്ധാരൂപി വിട്ടുപിരിയുന്ന മാത്രയിൽ ഒരാത്മാവിന്റെ വടിവും ഭംഗിയുമെല്ലാം നശിച്ച് ദൈവത്തിന്റെയും ദൈവദൂതന്മാരുടെയും മനുഷ്യരുടെയും ദൃഷ്ടിയിൽ ഭീകരരൂപികളായി മാറുന്നു.

പരിശുദ്ധാരൂപിയുടെ ഒരു അനുഗ്രഹമോ, നല്ല വിചാരമോ നഷ്ടപ്പെടുത്തിക്കളയുന്നത് ആദ്ധ്യാത്മികസൗധത്തിന്റെ ഒരു ഭാഗം ഇടിച്ചുപൊളിക്കുന്നതിനു തുല്യമാണ്. വിശന്നിരിക്കുന്നവൻ അപ്പം വാങ്ങിയിട്ട് ഭക്ഷിക്കാതെ വലിച്ചെറിയുന്നതു പോലെയാണ്.

“കത്തോലിക്കാ സഭയുടെ ജീവൻ” എന്ന് വി. ആഗസ്തീനോസ് വിശേഷിപ്പിക്കുന്ന, പരിശുദ്ധാരൂപിയോടുള്ള ഭക്തിയിൽ വളർന്ന് കൃപാവരങ്ങളുടെ സുവർണ്ണ താക്കോലുകൾ നമുക്കും സ്വന്തമാക്കാം. അനുതാപമുള്ള ഹൃദയത്തോടു കൂടി പരിശുദ്ധാരൂപിയെ സമീപിച്ചാൽ കൃപാവങ്ങളുടെ വസന്തം നമ്മുടെ ജീവിതത്തിലും സംഭവിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.