ശുദ്ധീകര വരപ്രസാദം എന്ന മാണിക്യം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: പതിനഞ്ചാം ദിനം – മെയ് 21, 2022

“പ്രിയ സ്നേഹിതാ, എന്തു ലാഭം വന്നാലും കൊള്ളാം. ഘനമായ ഒരു പാപത്തിന് വഴിപ്പെട്ടുകൊണ്ട് ശുദ്ധീകര വരപ്രസാദമെന്ന അമൂല്യരത്നത്തെ കൈവിടരുതേ! എന്തുകൊണ്ടെന്നാൽ ലോകം മുഴുവനേക്കാൾ വിലയുള്ളതാകുന്നു ‘ശുദ്ധീകര വരപ്രസാദം’ എന്ന ഈ മാണിക്യം.”

“പരിശുദ്ധാത്മാവ് ഒരു ആത്മാവിനു നൽകുന്ന ഏറ്റവും വലിയ ദാനം ശുദ്ധീകര വരപ്രസാദമാകുന്നു.” അവർണ്ണീയമായ ഈ ദാനം ഉന്നതവും വിലയുള്ളതും ദൈവികവുമാണെന്ന് ആലക്കളത്തിലച്ചൻ പഠിപ്പിക്കുന്നു. നമ്മെ ദൈവത്തിന്റെ പുത്രന്മാരും പുത്രികളുമാക്കി മാറ്റുന്ന വരദാനമാണിത്.

സീറോമലബാർ തിരുപ്പട്ട ശുശ്രൂഷകൾക്ക് ആലപിക്കുന്ന ‘നാഥ ശിഷ്യഗണത്തിന്മേൽ…’ എന്ന് ആരംഭിക്കുന്ന പരിശുദ്ധാത്മഗീതത്തിലെ
“പരിശുദ്ധാത്മാവേ വേഗം പറന്നിറങ്ങണമെ
ഉന്നതമായ പ്രസാദവരങ്ങൾ
ദാസർക്കേകണമേ…”
എന്നുള്ള കോറസ്, ദൈവാരൂപിയാൽ നിറഞ്ഞു വരപ്രസാദം നിറയാനുള്ള വിശ്വാസികളുടെ ഹൃദയപൂർവ്വമായ അഭിലാഷമാണ് തുറന്നുകാട്ടുന്നത്.

ശുദ്ധീകര വരപ്രസാദത്തിൽ ഒരു ആത്മാവ് നിറയുമ്പോൾ ലൗകീകസൗന്ദര്യങ്ങളെല്ലാം കേവലം നിസാരങ്ങളായി തോന്നത്തക്കവണ്ണം ആത്മാവ് അത്ര വലിയ സ്വർഗ്ഗീയ അഴക് പ്രാപിക്കുകയും ചെയ്യുന്നു. ശുദ്ധീകര വരപ്രസാദത്തിന്റെ ഏറ്റവും താണ പദവി പ്രാപിച്ചിട്ടുള്ള ഒരാൾ പോലും അതിനാൽ തന്നെ ദൈവത്തിന്റെ സ്നേഹിതനാകുന്നു. ഈ പ്രസാദവരാവസ്ഥ ഒരുവനെ രാജകുമാരനാക്കുന്നു. ശുദ്ധീകര വരപ്രസാദം ലോകത്തിലെ സർവ്വസമ്പത്തിനേക്കാൾ അനേകായിരം പ്രാവശ്യം വില കൂടിയതാണെന്ന് സ്പഷ്ടമാണ്.

നാം ചെയ്യുന്ന സത്പ്രവർത്തികൾ വഴി ശുദ്ധീകര വരപ്രസാദം വർദ്ധിക്കുന്നു. എന്റെ ദൈവമേ, നല്ല ഈശോയെ തുടങ്ങിയ ചെറിയ സുകൃതജപങ്ങൾ ചൊല്ലുന്നതും ഒരു തിരുചിത്രത്തെ നോക്കുന്നതും തല കുമ്പിട്ടും സ്നേഹപ്രകരണങ്ങൾ ചൊല്ലുന്നതും ഈ വരപ്രസാദവരത്തെ വർദ്ധിപ്പിക്കാം. നല്ല വിചാരങ്ങൾ, വാക്കുകൾ, കർമ്മങ്ങൾ, സഹനങ്ങൾ എന്നിവ വഴി അനുനിമിഷം വരപ്രസാദം വർദ്ധിക്കുമെന്നും മത്തായി അച്ചൻ പഠിപ്പിക്കുന്നു. ശുദ്ധീകര വരപ്രസാദം വഴി ഒരു ആത്മാവ് ദൈവത്തിന്റെ അരുമസന്താനം എന്ന അത്യുന്നതപദത്തിലേക്ക് ഉയർത്തപ്പെടുന്നു.

ശുദ്ധീകര വരപ്രസാദത്തെ ദൈവകാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ഫലമാകയാൽ അവ നഷ്ടമാകാതിരിക്കാൻ ശ്രദ്ധാപൂർവ്വം സൂക്ഷിക്കണം. “പ്രിയ സ്നേഹിതാ, എന്തു ലാഭം വന്നാലും കൊള്ളാം. ഘനമായ ഒരു പാപത്തിന് വഴിപ്പെട്ടുകൊണ്ട് ശുദ്ധീകര വരപ്രസാദമെന്ന അമൂല്യരത്നത്തെ കൈവിടരുതേ! എന്തുകൊണ്ടെന്നാൽ ലോകം മുഴുവനേക്കാൾ വിലയുള്ളതാകുന്നു ‘ശുദ്ധീകര വരപ്രസാദം’ എന്ന ഈ മാണിക്യം” എന്ന ആലക്കളത്തിലച്ചന്റെ ഉപദേശത്തെ നമുക്ക് പൂർണ്ണമനസ്സോടെ സ്വീകരിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.