പരിശുദ്ധാത്മാവിനെ ലഭിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള 8 മാർഗ്ഗങ്ങൾ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: പതിനാലാം ദിനം – മെയ് 20, 2022

ആരാണ് പരിശുദ്ധാത്മാവ് എന്നതിന് ആലക്കളത്തിൽ മത്തായി അച്ചൻ ‘പെന്തക്കുസ്താ നവനാൾ’ എന്ന ഗ്രന്ഥത്തിൽ ലളിതമായി വിശദീകരിക്കുന്നത് ഇപ്രകാരമാണ്: “നമുക്കു വേണ്ടിയും നമ്മോടു കൂടെയും നിത്യപിതാവിനോട് പ്രാർത്ഥിക്കുകയും നമ്മുടെ ഹൃദയങ്ങളിൽ ദൈവസ്നേഹാഗ്നിയെ കത്തിച്ച്, അതിൽ നമ്മുടെ പാപമാലിന്യങ്ങളെ ഭസ്മീകരിച്ച് നമ്മെ പരിശുദ്ധരാക്കുകയും ചെയ്യുന്നവൻ.”

പരിശുദ്ധാത്മാവിനെ ലഭിക്കുന്നതിനും ആ ദിവ്യാത്മാവ് നമ്മിൽ വസിക്കുന്നതിനുമായി ‘പരിശുദ്ധാരൂപി’ എന്ന ഗ്രന്ഥത്തിന്റെ അവസാന അധ്യായത്തിൽ ആലക്കളത്തിലച്ചൻ എട്ടു മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നു.

1. ശുദ്ധമനഃസാക്ഷിയും പരമാർത്ഥഹൃദയവും രൂപപ്പെടുത്തുക.
2. ദൈവത്തിൽ പരിപൂർണ്ണമായി ആശ്രയിച്ച് എളിമപ്പെടുക.
3. പരിശുദ്ധാരൂപി അത്യുന്നതന്റെ ഏറ്റവും വലിയ ദാനമായതിനാൽ അതിനായി ദാഹിച്ചു പ്രാർത്ഥിക്കുക.
4. ക്രമം വിട്ടുള്ള ലൗകീകവ്യാവഹാരങ്ങളിൽ നിന്ന് ഒഴിഞ്ഞിരിക്കുക.
5. ഒതുങ്ങിയ ജീവിതത്തെ സ്നേഹിക്കുകയും അതിസംസാരം ഉപേക്ഷിച്ച് ഏകാന്തതയെ ഇഷ്ടപ്പെടുകയും ചെയ്യുക.
6. ദാനധർമ്മങ്ങളും ഉപവിപ്രവർത്തികളും ചെയ്യുക.
7. സന്തോഷവും സന്മനസും നിലനിർത്തുക.
8. വിശുദ്ധ കുർബാനയെ അടുക്കലടുക്കൽ സന്ദർശിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുക.

1963 ജൂൺ 21 മുതൽ 1978 ആഗസ്റ്റ് 6 വരെ കത്തോലിക്കാ സഭയെ നയിച്ച വി. പോൾ ആറാമൻ പാപ്പ, ആത്മപരിശോധനയിൽ തന്നോടു തന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ടായിരുന്നു, “ഇന്ന് തിരുസഭയ്ക്ക് ഏറ്റവും ആവശ്യമായിരിക്കുന്നത് എന്താണ്?” ഈ ചോദ്യത്തിന് പാപ്പാ തന്നെ കണ്ടെത്തിയിരുന്ന മറുപടി ഇങ്ങനെ ആയിരുന്നു: “ഇന്ന് സഭയ്ക്ക് ഏറ്റവും ആവശ്യമായിരിക്കുന്നത് പരിശുദ്ധാത്മാവ് നൽകുന്ന നിത്യമായ പെന്തക്കുസ്തയാണ്.”

ദിവ്യകാരുണ്യ മിഷനറി സഭ അവളുടെ തൊണ്ണൂറാം ജന്മദിനത്തിന് ഒരുങ്ങുമ്പോൾ ആലക്കളത്തിലച്ചൻ നമ്മുടെ സഭയിൽ ഏറ്റവും ആവശ്യമായി കാണാൻ ആഗ്രഹിക്കുന്നതും നവമായ ഒരു പെന്തക്കുസ്താ അനുഭവമാണ്. ആലക്കളത്തിലച്ചന്റെ, പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള എല്ലാ ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന ഒരു പ്രാർത്ഥനയോടെ ഈ ചിന്ത അവസാനിപ്പിക്കാം.

കൃപയുള്ള പിതാവേ, അങ്ങേ ദിവ്യാരൂപി തന്റെ സ്വർഗ്ഗീയമഞ്ഞോടു കൂടി ഞങ്ങളിൽ പ്രവേശിച്ച് നന്മയിൽ ഞങ്ങളെ സുഭിക്ഷമുള്ളവരാക്കത്തക്കവണ്ണം ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ച് എരിയിച്ച് ശുദ്ധമാക്കുവാൻ അനുഗ്രഹം ചെയ്യേണമെന്ന് ഞങ്ങുടെ കർത്താവീശോമിശിഹായെക്കുറിച്ചു ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.