പരിശുദ്ധാത്മാവിനോടുള്ള ഭക്തിയുടെ ആവശ്യം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: പതിമൂന്നാം ദിനം – മെയ് 19, 2022

“എല്ലാ ഭക്തിയുടെയും ആരംഭവും ഉറവയും റൂഹാദ്ക്കുദിശായോടുള്ള ഭക്തിയാകുന്നു. മറ്റു ഭക്തികളെ മുളപ്പിക്കുന്ന വിത്താണത്.”

പരിശുദ്ധാത്മാവിനോടുള്ള ഭക്തി എത്രമേൽ ആവശ്യമാണെന്ന് ആലക്കളത്തിൽ മത്തായി അച്ചൻ “പരിശുദ്ധാരൂപി” എന്ന ഗ്രന്ഥത്തിന്റെ ഒന്നാം അധ്യായത്തിൽ വിവരിക്കുന്നു. അതിനായി മൂന്നു കാരണങ്ങളാണ് മത്തായി അച്ചൻ പഠിപ്പിക്കുന്നത്.

എല്ലാ ഭക്തിയുടെയും ആരംഭവും ഉറവയും റൂഹാദ്ക്കുദിശായോടുള്ള ഭക്തിയാകുന്നു എന്നതാണ് ഒന്നാമത്തെ കാരണം. മറ്റു ഭക്തികളെ മുളപ്പിക്കുന്ന വിത്താണത്. ഈ ഭക്തിയിൽ ഒരാൾ എത്ര ഉറപ്പുള്ളവനായിരിക്കുമോ അതനുസരിച്ച് മറ്റു പുണ്യങ്ങളും നന്മകളും അയാളിൽ ഉണ്ടാകും. ദൈവത്തിൽ നിന്ന് ലോകത്തിലേക്കുള്ള നന്മകളെല്ലാം ചൊരിയപ്പെടുന്നത് പരിശുദ്ധാത്മാവ് വഴിയാണ്.

രണ്ടാമതായി, ദൈവനന്മകളെ ഏറ്റവും ധാരാളമായി പ്രാപിക്കുന്നതിനുള്ള എത്രയും ഉത്തമമായ മാർഗ്ഗം പരിശുദ്ധാത്മാവിനോടുള്ള ഭക്തിയാണ്. പരിശുദ്ധാത്മാവിനോടുള്ള ഭക്തി മൂലം സിദ്ധിക്കാത്ത നന്മകൾ യാതൊന്നും ഇല്ലെന്നുള്ളതാണ് സത്യം. ഈ ഭക്തി സന്യാസ സഭാസമൂഹങ്ങളിലും കുടുംബങ്ങളിലും പരിപോഷിപ്പിക്കണമെന്നും ഈ ഭക്തിയിൽ ഉറച്ചിരിക്കുന്നവരാരും പാപത്തോടു കൂടി മരിക്കുകയില്ലന്നും സാത്താന്റെ വഞ്ചനകളെ എളുപ്പത്തിൽ ഗ്രഹിക്കുകയും കുടുംബസമാധാനവും ശാന്തിയും ഇഹത്തിലും പരത്തിലും മനസംതൃപ്തിയും കരഗതമാക്കും.

മൂന്നാമതായി, പരിശുദ്ധാരൂപിയുടെ നേരെ പ്രത്യേക ഭക്തിയും സ്നേഹവും ഉണ്ടാകുവാൻ എല്ലാവർക്കും നന്ദിക്കടുത്ത കടമുണ്ട്. സർവ്വനന്മകളും പ്രദാനം ചെയ്യുന്നയാൾ പരിശുദ്ധാരൂപി ആയിരിക്കുകയാൽ അത്യന്തം നന്ദിയർപ്പിക്കുക എന്നത് നമ്മുടെ കടമയാണ്.

നമ്മുടെ ആത്മാവിനെ പരിപോഷിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്. ദൈവാത്മാവ് നിറഞ്ഞ ജീവിതങ്ങൾ ഭൂമിയിൽ വസന്തം തീർക്കുന്നു. സിയന്നായിലെ വി. കത്രീനയുടെ വാക്കുകൾ ഈ ദിവസം നമുക്ക് മനസ്സിൽ സൂക്ഷിക്കാം – “ദൈവത്തിന്റെ അനന്തമഹിമയാൽ നിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുവിൻ. ദൈവപിതാവ് നിന്റെ തീൻമേശയും പുത്രൻ നിന്റെ ഭക്ഷണവുമാകുന്നു. പരിശുദ്ധാത്മാവ് നിനക്കു വേണ്ടി കാത്തിരിക്കുന്നു. കാരണം അവന് നിന്നിൽ വസിക്കാൻ അടങ്ങാത്ത ആഗ്രഹമുണ്ട്. ദൈവാത്മാവിനായി നമുക്കും ദാഹിക്കാം.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.