മദ്ധ്യസ്ഥയായ മറിയം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: പന്ത്രണ്ടാം ദിനം – മെയ് 18, 2022

“ഈശോ വഴിയായി പിതാവിന്റെ പക്കൽ നാം സമീപിക്കുന്നതിനുള്ള നമ്മുടെ മാർഗ്ഗം മറിയമാകുന്നു.”

മറിയം ഈശോയുടെ അമ്മയാകയാൽ നമ്മുടെയും അമ്മയാണ്. നല്ല അമ്മമാർ എപ്പോഴും അവരുടെ മക്കൾക്കു വേണ്ടി നിലകൊള്ളും. പരിശുദ്ധ മറിയവും തന്റെ  മക്കൾക്കു വേണ്ടി അപ്രകാരം നിലകൊള്ളുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ മദ്ധ്യസ്ഥതയെപ്പറ്റി ആലക്കളത്തിലച്ചൻ കുറിക്കുന്നത് ഇപ്രകാരം: “ദൈവം നമ്മുടെ പിതാവാകയാൽ അവിടുത്തെ സമീപിച്ച്, നേരിട്ട് നമ്മുടെ സങ്കടങ്ങൾ ഉണർത്തിപ്പാൻ യാതൊരു തടസ്സവുമില്ല. എന്നുവരികിലും ഇപ്പോഴത്തെ ദൈവപരിപാലന ക്രമത്തിൽ ദൈവാനുഗ്രഹങ്ങളുടെ മാർഗ്ഗവും രക്ഷകന്റെ പക്കൽ നമ്മുടെ മദ്ധ്യസ്ഥയും മറിയമായിരിക്കണമെന്ന് ദൈവം തിരുമനസായിരിക്കുന്നു.”

മറിയം മനുഷ്യവംശത്തിലെ ഏറ്റവും വാത്സല്യം നിറഞ്ഞ അമ്മയായതിനാൽ അവൾ വീരോചിതമായ മദ്ധ്യസ്ഥജീവിത്തിന്റെ എല്ലാ നിമിഷങ്ങളിലും മനുഷ്യവംശത്തിന്  ശക്തമായ കോട്ടയാണ്. ദൈവത്തിനു വേണ്ടി ക്ഷമയോടെ കാത്തിരുന്ന മറിയം അവളുടെ ജീവിതത്തിൽ ദൈവം അനുവദിച്ച സഹനങ്ങളും വിരോദാഭാസങ്ങളും കടന്നുപോകാൻ ക്ഷമയോടെ കാത്തിരുന്നു. യേശുവിന്റെ കുരിശിന്റെ വഴിയേ അവൾ ക്ഷമയോടെ അനുയാത്ര ചെയ്തു. അതിനെല്ലാമുപരിയായി കുരിശിന്റെ ചുവട്ടിൽ ലോകരക്ഷയ്ക്കായി യേശുവിനോടൊപ്പം മറിയം വിരോചിതമായി നില കൊള്ളുകയും മനുഷ്യവംശത്തിനു മുഴുവനായി നിലകൊള്ളുകയും ചെയ്യുന്നു.

മറിയത്തിന്റെ മദ്ധ്യസ്ഥത കുടുംബബന്ധങ്ങളുടെ ചട്ടക്കൂട്ടിലാണ് മത്തായി അച്ചൻ വിവരിക്കുന്നത്. കുടുംബത്തിൽ അമ്മ വഴിയായി മക്കൾ തങ്ങളുടെ ആവശ്യങ്ങൾ അപ്പനെ അറിയിക്കുകയും സാധിക്കുകയും ചെയ്യുന്നു. പിതാവായ ദൈവം മറിയത്തെ നമുക്ക് മാതാവായിട്ടും മദ്ധ്യസ്ഥയായിട്ടും രക്ഷകയായിട്ടും തന്നിരിക്കുന്നുവെന്നും അമ്മയോട് മക്കൾ എന്നവിധം നാം അവളോടു പെരുമാറണമെന്നുമാണ് ദൈവചിത്തമെന്നും മനസിലാക്കാൻ പ്രയാസമില്ല എന്നും അച്ചൻ ഓർമ്മിപ്പിക്കുന്നു.

വി. ജോൺ ഹെൻട്രി ന്യൂമാന്റെ മാതാവിനോടുള്ള പ്രാർത്ഥനയുടെ ഒരു ഭാഗം ഇവിടെ ചേർക്കുന്നു.

ഓ ഈശോയുടെയും എന്റെയും അമ്മേ, ഞാൻ നിന്നോടൊപ്പം വസിക്കുകയും
നിന്നെ ആശ്ലേഷിക്കുകയും എപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രേമത്തോടെ നിന്നെ സ്നേഹിക്കുകയും ചെയ്യട്ടെ. ഒരു കുട്ടിയുടെ സ്നേഹവും വിശ്വാസവും
ബഹുമാനവും ഞാൻ വാഗ്ദാനം ചെയ്യുന്നു. ഒരു അമ്മയുടെ സംരക്ഷണം എനിക്കു തരണമേ. കാരണം, എനിക്ക് നിന്റെ ജാഗ്രതയുള്ള കരുതൽ ആവശ്യമാണ്.  മറ്റെന്തിനേക്കാളും നിനക്ക് ഈശോയുടെ തിരുഹൃദയത്തിന്റെ ചിന്തകളും ആഗ്രഹങ്ങളും അറിയാമല്ലോ. എന്റെ മനസിലും അതേ ചിന്തകളും ആഗ്രഹങ്ങളും നിരന്തരം സൂക്ഷിക്കട്ടെ. അതുവഴി എന്റെ ഹൃദയം നിന്റെ ദിവ്യസുതന്റെ തിരുഹൃദയത്തിന്റെ താൽപര്യങ്ങളും തീക്ഷ്ണതയും കൊണ്ടു നിറയട്ടെ. ഉത്തമമായ എല്ലാറ്റിനോടുമുള്ള സ്നേഹം എന്നിൽ നിറയ്ക്കണമേ. അങ്ങനെ സ്വാർത്ഥതയിലേക്ക് എളുപ്പത്തിൽ തിരിയാതിരിക്കട്ടെ.

പ്രിയപ്പെട്ട അമ്മേ, ദൈവം എന്നിൽ നിന്ന് ആഗ്രഹിക്കുന്ന പുണ്യങ്ങൾ സ്വന്തമാക്കാൻ എന്നെ സഹായിക്കണമേ. എന്നെ എപ്പോഴും മറക്കാനും അവനു വേണ്ടി മാത്രം ആത്മാർപ്പണത്തിന്റെ ഭയമില്ലാതെ പ്രവർത്തിക്കാനും എന്നെ സഹായിക്കണമേ. ഞാൻ എന്താകണമെന്ന് ഈശോ ആഗ്രഹിക്കുന്നവോ അതായിത്തീരാൻ ഞാൻ എപ്പോഴും നിന്റെ സഹായത്തെ ആശ്രയിക്കും. എന്റെ നല്ല അമ്മേ, ഞാൻ അവന്റേതാണ്; ഞാൻ നിൻ്റേതാണ്!

എല്ലാ ദിവസവും നിന്റെ വിശുദ്ധവും മാതൃസഹജവുമായ അനുഗ്രഹം
ഭൂമിയിലെ എന്റെ അവസാന സായാഹ്നം വരെ, നിന്റെ അമലോത്ഭവ ഹൃദയം
എന്നെ സ്വർഗത്തിൽ ഈശോയുടെ ഹൃദയത്തിൽ സമർപ്പിക്കും വരെ എനിക്കു നൽകണമേ. അവിടെ ഞാൻ നിന്നെയും നിന്റെ ദിവ്യപുത്രനെയും എന്നേക്കും ഞാൻ സ്നേഹിക്കട്ടെ. ആമ്മേൻ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.