മറിയത്തിന്റെ വിമലഹൃദയം: ആദ്യസക്രാരി

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: പതിനൊന്നാം ദിനം – മെയ് 17, 2022

“ഒന്നാമത്തെ സക്രാരിയും ഏറ്റം പരിശുദ്ധ സക്രാരിയും പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയമായിരുന്നു. മനുഷ്യാത്മാക്കളെ തീറ്റുന്നതിനായുള്ള രക്ഷകന്റെ തിരുശരീരം ആദ്യമായി സൂക്ഷിച്ച കുസ്തോതിയും ആത്മാക്കളെ കഴുകി ശുദ്ധീകരിപ്പാനുള്ള തിരുരക്തം സജ്ജീകൃതമായ കാസയും മറിയത്തിന്റെ വിമല ഹൃദയമാകുന്നു” – ആലക്കളത്തിൽ മത്തായി അച്ചൻ.

പരിശുദ്ധാത്മാവിന്റെ സ്വരവും പരിശുദ്ധാത്മാവിന്റെ മണവാട്ടിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ആഴമുള്ള ഭക്തനുമായിരുന്നു ആലക്കളത്തിൽ മത്തായി അച്ചൻ. അച്ചനെ നേരിട്ടു കണ്ടു സംസാരിച്ച വേളകളിൽ ഞാൻ അത് അനുഭവിച്ചിട്ടുണ്ട്. 2022 മെയ് 7-ന് നമ്മുടെ സഭയുടെ നവതി തിരി തെളിച്ചപ്പോഴും പുതിയ പ്രവശ്യാരൂപീകരണ പ്രഖ്യാപനത്തിലും ഞാൻ അത് അനുഭവിച്ചു. അന്ന് ദിവ്യകാരുണ്യ മിഷനറി സഭയിലെ ചെറുപ്പക്കാരനായ ഒരു വൈദികൻ ഓടിച്ചെന്ന് മറ്റൊരു പ്രായമായ വൈദികനോട്, “അച്ചന്റെ അടുത്താണ് ആദ്യകുർബാന സ്വീകരണത്തിന് ഞാൻ കുമ്പസാരിച്ചത്” എന്നു പറയുന്നത് കേട്ടപ്പോഴും ആലക്കളത്തിലച്ചനിൽ നിറഞ്ഞ പരിശുദ്ധാത്മാവിന്റെ ചലനവും ‘കുർബാനയുടെ സ്ത്രീ’ (St. John Paul 2, EDE .No. 53) ആയ അമ്മയെയുമാണ് ഓർത്തത്.

മെയ് 8-ന് ദിവ്യകാരുണ്യ മിഷനറി സഭയുടെ ദിവ്യകാരുണ്യ പ്രേഷിതത്വത്തിന്റെ കൗൺസിലർ സ്കറിയാ കുന്നേലച്ചൻ വിളിച്ച്, ‘MCBS സഭാപിതാക്കന്മാരോടൊപ്പം 90-ാം വർഷത്തിൽ’ എന്ന പരമ്പരയിലേക്ക് എഴുതാൻ പറഞ്ഞപ്പോഴും, ആദ്യ സക്രാരി ശുശ്രൂഷയെക്കുറിച്ച് തിരക്കിയപ്പോഴും, ആത്മാവിന്റെ അതേ ചലനം ശക്തമായി തോന്നുകയും ആലക്കളത്തിൽ മത്തായി അച്ചന്റെ ഓർമ്മ സജീവമാവുകയും ചെയ്തു.

അന്ന് അച്ചനോടു പറഞ്ഞ കാര്യം ഇവിടെ കുറിക്കട്ടെ. അച്ചാ, ആദ്യ സക്രാരി എന്ന് ഈശോ പേരു നൽകിയ ശുശ്രൂഷയുടെ പ്രഖ്യാപനശേഷം ആദ്യവർഷങ്ങളിൽ ഞാൻ ആലക്കളത്തിലച്ചന്റെ സമ്പൂർണ്ണകൃതികൾ വായിച്ച് ധ്യാനിക്കവെ, ‘ആ തിരുരക്തം സൂക്ഷിക്കപ്പെട്ടിരുന്ന ജീവനുള്ള സക്രാരി മറിയവും ആദ്യത്തെ കാസ അവളുടെ ചങ്കുമാണ്’ എന്ന് പിന്നീട് ശ്രദ്ധിച്ചപ്പോൾ നമ്മുടെ സഭാസ്ഥാപകരും അങ്ങനെ തന്നെ കരുതിയല്ലോ എന്നതിൽ അഭിഷേകവും ആനന്ദവും തോന്നി. ‘ചരിത്രത്തിലെ ആദ്യ സക്രാരിയാണ് മറിയം’ (St. John Paul 2, EDE . No. 55). മറ്റൊരിടത്ത് മത്തായി അച്ചൻ എഴുതുന്നു: “എന്നാൽ ഒന്നാമത്തെ സക്രാരിയും ഏറ്റം പരിശുദ്ധ സക്രാരിയും പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയമായിരുന്നു. മനുഷ്യാത്മാക്കളെ തീറ്റുന്നതിനായുള്ള രക്ഷകന്റെ തിരുശരീരം ആദ്യമായി സൂക്ഷിച്ച കുസ്തോതിയും ആത്മാക്കളെ കഴുകി ശുദ്ധീകരിപ്പാനുള്ള തിരുരക്തം സജ്ജീകൃതമായ കാസയും മറിയത്തിന്റെ വിമലഹൃദയമാകുന്നു.” ആലക്കളത്തിലച്ചന്റെ സമ്പൂർണ്ണകൃതികൾ” vol. 4 P. 315.

ദിവ്യസക്രാരിയിൽ സ്ഥിതിചെയ്യുന്ന നിരന്തര ബലിയോട് ആത്മനാ യോജിച്ചും നമുക്കു തന്നെ വേണ്ടിയും ഭൂലോകം മുഴുവനു വേണ്ടിയും ആ ബലിയെ ആവർത്തിച്ച് കാഴ്ചവച്ചു കൊണ്ടും വേണം നാം ജീവിപ്പാൻ എന്നത്രെ സഭാമാതാവിന്റെ ആഗ്രഹം. എന്തുകൊണ്ടെന്നാൽ അവിടെ ഈശോ നമുക്കു വേണ്ടി ഇടവിടാതെ മാദ്ധ്യസ്ഥ്യം വഹിച്ചു കൊണ്ടിരിക്കുന്നു. ഇപ്രകാരം ഈശോയോടു ചേർന്നുള്ള ജീവിതത്തിന് ‘ദിവ്യകാരുണ്യജീവിതം’ എന്നു തന്നെ പേർ പറയാം. സ്വർഗ്ഗത്തിലേക്ക് മാലാഖാമാരാൽ എടുക്കപ്പെട്ടെങ്കിലും പരിശുദ്ധ കന്യകാമറിയം സക്രാരിയിലെ കർത്താവിന്റെ പക്കൽ അയാളോടു ചേർന്ന് എപ്പോഴും ജീവിക്കുന്നുവെന്നും ഭൂലോകത്തിനു വേണ്ടി അയാളെ നിത്യപിതാവിന് തുടർച്ചയായി കാഴ്ചവച്ചു കൊണ്ടിരിക്കുന്നെന്നും വിശ്വസിക്കുന്നതിൽ തെറ്റില്ല. ആ മാതാവിനെ കണ്ടു പഠിച്ച് അവൾ ചെയ്യുന്നതു തന്നെ അവളുടെ സഹായത്തോടു കൂടി നമുക്കും ചെയ്യാം” – ആലക്കളത്തിലച്ചന്റെ സമ്പൂർണ്ണകൃതികൾ” vol. 1 P. 233, 234.

ആലക്കളത്തിൽ മത്തായി അച്ചനിലും സഭാതനയരിലും നിറഞ്ഞ പരിശുദ്ധാത്മാവ് ദിവ്യകാരുണ്യത്തിന്റെ സ്ത്രീയും ആദ്യ സക്രാരിയുമായ മറിയത്തിന്റെ മാദ്ധ്യസ്ഥ്യത്താൽ ഈ നവതി ആഘോഷവേളയിൽ പുത്തനഭിഷേകം നൽകി സഭയെ നവീകരിക്കട്ടെ, ആമ്മേൻ.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

ജപമാല ചൊല്ലി ആരാധിച്ചപ്പോൾ ലഭിച്ച ഈ ചിന്തകളോർത്ത് ത്രീത്വൈക ദൈവമേ, നന്ദി.

ഫാ. ജോയി തോട്ടാങ്കര MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.