ലോകത്തിലെ ഉന്നതമായ കർമ്മം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: പത്താം ദിനം – മെയ് 16, 2022

“ഗാഗുൽത്തായിലെ ബലി തന്നെയാണ് ദിവ്യപൂജയിൽ പുത്തനാക്കപ്പെടുന്നത്. ലോകത്തിലെ ഉന്നതമായ കർമ്മം ഈ ബലിയാകുന്നു” – ആലക്കളത്തിൽ മത്തായി അച്ചൻ. 

വിശുദ്ധ കുർബാനയുടെ മഹത്വത്തെപ്പറ്റി ആലക്കളത്തിൽ മത്തായി അച്ചനുണ്ടായിരുന്ന ബോധ്യങ്ങൾ ഓരോ ദിവ്യകാരുണ്യ മിഷനറി സഭാംഗത്തിനും ആവേശം നൽകുന്ന ദർശനങ്ങളാണ്. അവയിൽ ചിലത് ഇന്നത്തെ പരിചിന്തനത്തിനായി ചുവടെ ചേർക്കുന്നു.

1. നമ്മുടെ ഏറ്റവും വലിയ നിക്ഷേപം നമ്മുടെ കർത്താവിന്റെ കുരിശുമരണവും അതിന്റെ യോഗ്യതകളുമാകുന്നു .ഈ അമൂല്യഭണ്ഡാഗാരം തുറക്കുന്നതിനുള്ള താക്കോൽ ദിവ്യപൂജയത്രേ.

2. ഗാഗുൽത്തായിലെ ബലി തന്നെയാണ് ദിവ്യപൂജയിൽ പുത്തനാക്കപ്പെടുന്നത്.   ലോകത്തിലെ ഉന്നതമായ കർമ്മം ഈ ബലിയാകുന്നു.

3. നമ്മുടെ മറ്റെല്ലാ പ്രാർത്ഥനകളും സൽകൃത്യങ്ങളും ഒന്നിച്ചുകൂട്ടിയാലും ഭക്തിപൂർവ്വം കാണുന്ന ഒരു പൂജ മൂലം ഉണ്ടാവുന്നിടത്തോളം ദൈവസ്തുതിയും ആത്മീയയോഗ്യതയും ഉണ്ടാകുന്നില്ല.

4. നമ്മുടെ മരണശേഷം നമുക്കു വേണ്ടി മറ്റുള്ളവർ ചൊല്ലിക്കുന്ന അനേകം കുർബാനകളേക്കാൾ ജീവിച്ചിരിക്കയിൽ നാം തന്നെ കാണുന്ന ഒരു കുർബാന കൂടുതൽ പ്രയോജനകരമാകുന്നു.

5. ഓരോ പൂജ വഴിയായും സ്വർഗ്ഗഭാഗ്യത്തിന്റെ വർദ്ധനാവകാശവും നന്മരണപ്രാപ്തിക്കുള്ള വലിയ അനുഗ്രഹവും നൽകപ്പെടുന്നു.

6. കുർബാന സമയത്ത് പട്ടക്കാരൻ കൊടുക്കുന്ന ആശീർവ്വാദം ഈശോ ശരി വയ്ക്കുന്നു.

വിശുദ്ധ കുർബാനയുടെ ആഴത്തിലുള്ള അർത്ഥം നമ്മൾ യഥാർത്ഥത്തിൽ മനസ്സിലാക്കിക്കഴിഞ്ഞാൽ അത് നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമാകും. നമ്മുടെ ജീവിതത്തിൽ അതിനേക്കാൾ മഹത്തരമായ ഒന്നു സംഭവിക്കാനില്ല. അത് നമ്മുടെ ജീവിതത്തിന് ദിശാബോധം പ്രധാനം ചെയും.

കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥമായ YOUCAT 218 നമ്പറിൽ പറയുന്നു: “പവിത്രീകൃതമായ അപ്പത്തിലും വീഞ്ഞിലും ദൈവം സത്യത്തിൽ സന്നിഹിതനാണ്. അതുകൊണ്ട് ആ ദിവ്യദാനങ്ങൾ അങ്ങേയറ്റം ആദരത്തോടെ നാം സൂക്ഷിക്കണം. നമ്മുടെ കർത്താവും രക്ഷകനുമായവനെ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിൽ ആരാധിക്കുകയും വേണം.”

ദിവ്യകാരുണ്യത്തോടുള്ള നമ്മുടെ  തുറവിയാണ് നമ്മുടെ ജീവിതത്തെ  ഫലവത്താക്കുന്നത്. നമ്മൾ എത്രമാത്രം വിശുദ്ധ കുർബാനയെ സ്നേഹിക്കുന്നുവോ അത്രമാത്രം നമ്മുടെ ശുശ്രൂഷാമേഖലകൾ ഫലം ചൂടി നിൽക്കും. ദിവ്യകാരുണ്യ ഈശോയോടൊത്തുള്ള ജീവിതം കാലഘട്ടത്തിന്റെ ആവശ്യമാണ്. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ‘സ്നേഹത്തിന്റെ കൂദാശ’ എന്ന അപ്പസ്തോലിക പ്രബോധനത്തിൽ ഇക്കാര്യം ഊന്നിപ്പറയുന്നു: “യേശുക്രിസ്തുവിനെ യഥാർത്ഥ വ്യക്തിയായി വീണ്ടും കണ്ടെത്തുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനാൽ സഭയുടെ ജീവന്റെയും ദൗത്യത്തിന്റെയും ഉറവിടവും ഉച്ചകോടിയുമായ ദിവ്യകാരുണ്യത്തെ നമ്മുടെ ആത്മീയതയിലേക്കും ജീവിതശൈലിയിലേക്കും  പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങൾക്കനുസരിച്ച് ഇറക്കിക്കൊണ്ടു വരണം.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.