പരിശുദ്ധാത്മാവിന്റെ സാന്നിധ്യലക്ഷണങ്ങൾ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: മുപ്പത്തിരണ്ടാം ദിനം – ജൂൺ 07, 2022 

ദൈവത്തിന്റെ അരൂപി വസിക്കുന്ന ആലയങ്ങളാണ് ഓരോ മനുഷ്യനും. ഉന്നതമായ ഈ ദാനത്തെക്കുറിച്ചുള്ള ബോധ്യം ഒരുവനെ ശ്രേഷ്ഠനും വിനീതനുമാക്കുന്നു.

“പന്തക്കുസ്താ നവനാളിന്റെ” ഒൻപതാം ദിവസത്തിൽ, ആലക്കളത്തിലച്ചൻ ഒരു വ്യക്തിയിൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യലക്ഷണങ്ങളെപ്പറ്റി വ്യക്തമായ സൂചനകൾ നൽകുന്നു. അഗ്നി അതിന്റെ സ്വഭാവത്താലെ എപ്പോഴും എരിയുന്നതുപോലെ പരിശുദ്ധാരൂപി ഒരാളിൽ വസിക്കുന്നുണ്ടോ എന്ന് ഫലം കൊണ്ടാണ് തിരിച്ചറിയുന്നത്. ഹൃദയസമാധാനം, ക്ഷമാശീലം, ഉപവി, സത്യവിശ്വാസപരമായ ജീവിതം, നിത്യജീവിതത്തിലുള്ള പ്രത്യാശ, ദൈവകാര്യങ്ങളിലുള്ള ശുഷ്കാന്തി, ലോകത്തോടുള്ള വിരസത, മതാചാരങ്ങളോടുള്ള ബഹുമാനം, പുണ്യത്തിൽ അനുദിനം വർദ്ധിപ്പാനുള്ള ശ്രമം, തിരുസഭയോടുള്ള ഐക്യം, ദൈവത്തെ അധിമധികം സ്നേഹിപ്പാനുള്ള നിരന്തരമായ ആഗ്രഹം, ദൈവതിരുവിഷ്ടം എല്ലാ കാര്യങ്ങളിലും അറിയാനും നിറവേറ്റാനുമുള്ള പരമാർത്ഥമായ ഉദ്ദേശ്യം എന്നിവ ഒരാളിൽ ഉണ്ടെങ്കിൽ പരിശുദ്ധാരൂപി ഒരു വ്യക്തിയിൽ ഉണ്ടെന്നു മനസിലാക്കാൻ കഴിയുമെന്ന് ആലക്കളത്തിലച്ചൻ പഠിപ്പിക്കുന്നു. പാപത്തോടുള്ള സ്ഥിരമായ വെറുപ്പും ഏതു കാരണവശാലും പൂർണ്ണമനസ്സോടെ അല്പം കുറ്റം പോലും ചെയ്യുകയില്ലന്നുള്ള നിശ്ചയവും പരിശുദ്ധാരൂപിയുടെ സാന്നിധ്യലക്ഷണളാണെന്ന് മത്തായി അച്ചൻ കൂട്ടിച്ചേർക്കുന്നു.

ഭൂതകാലത്തിൽ ദൈവത്തോട് നന്ദികേട് കാണിച്ചതിന്റെ പരമാർത്ഥ ഖേദം, പാപങ്ങളെക്കുറിച്ചുള്ള വിലാപം, അവ പരിഹരിപ്പാനുള്ള ഉത്സാഹം, ഭാവിയിൽ പ്രായശ്ചിത്തം ചെയ്യാനുള്ള തിരുമാനം, ദൈവനീതിയിന്മേലും വിധിയിന്മേലുമുള്ള രക്ഷണീയഭയം ഇവയും പരിശുദ്ധാരൂപി ഒരു വ്യക്തിയിൽ ഉണ്ടെന്നുള്ളതിന്റെ പ്രകടമായ അടയാളങ്ങളാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.