ആത്മാവിൽ പരിശുദ്ധാരൂപി ചെയ്യുന്ന രണ്ടാം പ്രവൃത്തി: ഹൃദയത്തെ ഉജ്ജ്വലിപ്പിക്കുന്നു 

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: മുപ്പതാം ദിനം – ജൂൺ  05, 2022

ഇന്ന് പന്തക്കുസ്താ ദിനം; തിരുസഭയുടെ ജന്മദിനം. ആരംഭം മുതൽ ആദിമസഭയിൽ  പരിശുദ്ധാത്മാവ് എങ്ങനെ പ്രവര്‍ത്തിച്ചുവോ അങ്ങനെ തന്നെ ഇന്നും ആത്മാവ് സഭയിൽ പ്രവര്‍ത്തിക്കുകയും അവൾക്ക് ജീവന്‍ നല്‍കുകയും ചെയ്യുന്നു.

അന്ധകാരത്തിലും മരണത്തിന്റെ നിഴലിലും ഇരുന്ന ലോകത്തിന് വിശ്വാസവും പ്രത്യാശയും ഉപവിയും പ്രദാനം ചെയ്യുന്നതിനാണ് പന്തക്കുസ്താ ദിനത്തിൽ പരിശുദ്ധാരൂപി എഴുന്നള്ളി വന്നത്. ആലക്കളത്തിൽ മത്തായി അച്ചന്റെ അഭിപ്രായത്തിൽ, പരിശുദ്ധാത്മാവ് മനുഷ്യാത്മാവിൽ പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ പ്രവൃത്തി ഹൃദയത്തെ ഉജ്ജ്വലിപ്പിക്കുക എന്നതാണ്. ലോകാരൂപിയാൽ പ്രേരിതമാകുമ്പോൾ മനുഷ്യന്റെ ഹൃദയം മന്ദീഭവിക്കുകയും സ്നേഹം വറ്റിവരളുകയും ചെയ്യും. ലോകാരൂപിയെ ബഹിഷ്ക്കരിച്ച് ഹൃദയത്തിൽ ദൈവാരൂപിയാൽ നിറയ്ക്കേണ്ടതിനാണ് ഈശോ സഹായകനായി പരിശുദ്ധാത്മാവിനെ നമുക്ക് വാഗ്ദാനം ചെയ്തത്.

ദൈവത്തിന്റെ അരൂപി ഒരു ഹൃദയത്തിൽ പ്രവേശിച്ചാൽ അതിനെ സ്നേഹത്താൽ എരിയിച്ചും വികസിപ്പിച്ചും സ്വർഗ്ഗീയാഗ്രഹങ്ങളിലേക്ക് ഉയർത്തുന്നു എന്ന ആലക്കളത്തിലച്ചന്റെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. ലോകം നൽകുന്ന സുഖ-ലാഭ-സ്ഥാനബഹുമാനങ്ങളിൽ തൃപ്തിയും തികവും കണ്ടെത്താതെ അവയേക്കാൾ ഉപരിയായവക്കു വേണ്ടി മനുഷ്യഹൃദയം ദാഹിക്കുന്നത് പരിശുദ്ധാത്മാവിന്റെ കൃപയാണ്.

വിശുദ്ധീകരണം പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. ഹൃദയം വിശുദ്ധമായാലേ  ദൈവാത്മാവിന്റെ വരദാനങ്ങളാൽ നിറയുകയും അത് ഉജ്ജ്വലിക്കുകയും ചെയ്യുകയുള്ളൂ. ലോകാരൂപിയിൽ നിന്ന് ദൈവാരൂപിയിലേക്ക് ഒരു ആത്മാവ് എപ്പോൾ തിരിയുന്നുവോ അതനുസരിച്ചായിരിക്കും ആ ആത്മാവിന്റെ ഹൃദയം സ്നേഹത്താൽ ഉജ്ജ്വലിക്കുകയും ലോകത്തിന് അനുഗ്രഹമായി മാറുകയും ചെയ്യുക.

ദൈവവചന വായനയും കൂദാശകളുടെ സ്വീകരണവും പ്രാർത്ഥനയും വഴി മനസ്സിനെയും ചിന്തകളെയും ശുദ്ധീകരിച്ച് പരിശുദ്ധാരൂപിയാൽ നിറയാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.