ആത്മാവിൽ പരിശുദ്ധാരൂപി ചെയ്യുന്ന പ്രവൃത്തികൾ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: ഇരുപത്തിയൊമ്പതാം ദിനം – ജൂൺ 04, 2022 

നിത്യസഹായകനായ പരിശുദ്ധാത്മാവ് മൂന്നു രീതിയാലാണ് മനുഷ്യാത്മാവിൽ പ്രവൃത്തിക്കുന്നതെന്ന് ആലക്കളത്തിൽ മത്തായി അച്ചൻ പഠിപ്പിക്കുന്നു. ഇന്നേ ദിനം പരിശുദ്ധാരൂപിയുടെ ആദ്യത്തെ പ്രവൃത്തിയായ ബോധത്തെ പ്രകാശിപ്പിക്കുന്നു എന്ന സത്യം നമുക്ക് ധ്യാനവിഷയമാക്കാം.

1. ബോധത്തെ പ്രകാശിപ്പിക്കുന്നു

പരിശുദ്ധാത്മാവാണ് നമ്മുടെ ബുദ്ധിയെ പ്രകാശിപ്പിക്കുന്നത്. ദൈവാരൂപിയെ കൂടാതെ നാം അന്ധന്മാരും അജ്ഞന്മാരും ആകുന്നു. പരിശുദ്ധാത്മാവിന്റെ നിറവിൽ, ഓരോ കാര്യത്തിലും മറഞ്ഞിരിക്കുന്ന അപകടങ്ങൾ നാം ശരിയായി ഗ്രഹിക്കുകയും നമ്മുടെ കണ്ണുകളിൽ ബാധിച്ചിരിക്കുന്ന ലോകമായാപടലം നീക്കം ചെയ്യാനും സാധിക്കുന്നു. മനഷ്യൻ അഹങ്കാരത്തിനും ദുരാശകൾക്കും നീചപക്ഷങ്ങൾക്കും വിധേയരായി പോകുന്നത് ബുദ്ധിയിൽ അന്ധകാരം നിറയുമ്പോഴാണ്. ഈ അന്ധകാരശക്തികളെ പരിശുദ്ധാത്മ വെളിച്ചത്താൽ പിഴുതെറിയുമ്പോൾ ജീവിതത്തിൽ ദൈവീകമായ വെളിവുകൾ കരഗതമാകും.

അറിവ്, ജ്ഞാനം, വിവേകം, ദൈവഭയം എന്നീ നാലു സ്തംഭങ്ങളിലൂടെയാണ് പരിശുദ്ധാത്മാവ് ഒരു വ്യക്തിയുടെ ബോധമണ്ഡലത്തെ നിയന്ത്രിക്കുന്നതും രൂപപ്പെടുത്തുന്നതും.

സത്യാത്മാവ് വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണ്ണതയിലേക്കു നയിക്കും.(യോഹ. 16:13) എന്ന് ഈശോ പഠിപ്പിക്കുന്നു. നമ്മെ വിശ്വാസത്തിന്റെ രഹസ്യങ്ങൾ പഠിപ്പിക്കുകയും ആ രഹസ്യങ്ങളുടെ ആഴം നമുക്ക് മനസിലാക്കിത്തരികയും ചെയ്യുന്നത് പരിശുദ്ധാത്മാവാണ്. അതു വഴി ഈശോ പഠിപ്പിച്ച പ്രമാണങ്ങളെ അതിന്റെ തനിമയിൽ മനസിലാക്കാൻ നമുക്കു സാധിക്കുന്നു.

ദൈവികരഹസ്യങ്ങളെപ്പറ്റി നിരന്തരം നമ്മെ ഓർമ്മപ്പെടുത്തുന്നതും പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവ് നമ്മിൽ ഉണർത്തുന്ന ഓർമ്മ ദൈവിക കാര്യങ്ങളിൽ നമ്മെ ഉണർവ്വുള്ളവരാക്കുന്നു.

പന്തക്കുസ്താ തിരുനാളിന് തീക്ഷ്ണമായി നാം ഒരുങ്ങുമ്പോൾ ഈശോ നമ്മെ അനാഥരായി വിടുകയില്ലെന്നും അവിടുത്തെ സഹായകനായ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുകയും എല്ലാ കാര്യങ്ങളും പഠിപ്പിക്കുകയും നമ്മുടെ ബോധത്തെ പ്രകാശിപ്പിക്കുകയും ചെയ്യുമെന്ന ദൃഢവിശ്വാസത്തിൽ നമുക്കു മുന്നേറാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.