പരിശുദ്ധാരൂപിയുടെ ആറാം ദാനം: ദൈവഭയം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: ഇരുപത്തിയേഴാം ദിനം, – ജൂൺ 02, 2022

എപ്പോഴും നമ്മെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ സാന്നിധ്യസ്മരണ നിമിത്തം, സ്നേഹബഹുമാന സമ്മിശ്രമായി നമ്മിൽ ഉത്ഭവിക്കുന്ന സൗമ്യമായ ഒരു ഭയമാണ് ദൈവഭയം. ദൈവസാന്നിധ്യത്തിന്റെ ശക്തമായ അവബോധം തിന്മയുടെ നിഴലിൽ നിന്നു പോലും ഓടിയകലാനും നന്മയായിട്ടുള്ളത് നന്നായി ചെയ്യാനും ശ്രദ്ധയുണ്ടാകുന്നു.

തെറ്റു ചെയ്താൽ ശിക്ഷിക്കാൻ കാത്തിരിക്കുന്ന ഒരാളാണ് ദൈവം എന്ന അവബോധത്തിൽ നിന്നുമുളവാകുന്ന പേടിയല്ല ദൈവഭയം. സ്നേഹത്തോടെ നമ്മെ സൃഷ്ടിക്കുകയും കരുണയോടെ പരിപാലിക്കുകയും സദാ കാത്തുരക്ഷിക്കുകയും ചെയ്യുന്ന ദൈവത്തോടുള്ള ഭക്ത്യാദരവാണ് ദൈവഭയം. ദൈവഭയം ഇല്ലാതാകുമ്പോഴാണ് ഒരു വ്യക്തിയുടെ പതനം ആരംഭിക്കുന്നത്. “ദൈവഭയം തിന്മയില്‍ നിന്ന്‌ അകറ്റിനിര്‍ത്തുന്നു” (സുഭാ. 16:6) എന്ന സുഭാഷിത വചനം ഇവിടെ പ്രസക്തമാണ്.

ദൈവഭയമില്ലാത്ത വ്യക്തിയുടെ ആത്മാവ് അപകടഭീഷണിയിലാണ്. സ്നേഹത്തിലും ദൈവഭയത്താലും നിയന്ത്രിക്കപ്പെടാത്തവന്റെ ജീവിതം കടിഞ്ഞാണില്ലാത്ത കുതിരയുടേതു പോലെയായിരിക്കും എന്ന് ആലക്കളത്തിലച്ചൻ പഠിപ്പിക്കുന്നു. ദൈവഭയമില്ലാത്ത വ്യക്തിയുടെ വഴികൾ ദു:സ്വാതന്ത്ര്യത്തിന്റെയും ദു:ശ്ശീലങ്ങളുടെയും വഴികളായിരിക്കും. ക്രമത്തിന്റെയും നീതിയുടെയും മര്യാദയുടെയും വഴികൾ അവൻ ബോധപൂർവ്വം മറക്കാൻ തുടങ്ങുമ്പോൾ നാശത്തിലേക്കുള്ള പടുകുഴി അവരിൽ നിന്ന് അകലെയായിരിക്കുകയില്ല.

ദൈവഭയമില്ലാത്ത തലമുറ അപചയത്തിൻ പാതയിലാണ്. ദൈവഭയമുണ്ടെങ്കിലേ നമ്മുടെ ധാർമ്മികബോധത്തിന് തലമുറകളെ രക്ഷിക്കാൻ കഴിയൂ. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ഒട്ടേറെ പ്രശ്നങ്ങൾക്കു കാരണം അകാരണമായ ഭയമാണ്. അനാവശ്യ ഭയങ്ങൾ മാറ്റി ദൈവഭയം കൊണ്ടു നിറഞ്ഞാൽ ജീവിതത്തിൽ മറ്റൊന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല. കാരണം ദൈവഭയം മറ്റെല്ലാ ഭയങ്ങൾക്കുമുള്ള പ്രതിവിധിയാണ്. “കർത്താവിന്റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിൻ; അവിടുത്തെ ഭയപ്പെടുന്നവർക്ക്‌ ഒന്നിനും കുറവുണ്ടാകുകയില്ല” (സങ്കീ. 34:9).

ആത്മീയവളർച്ചയിലേക്കുള്ള ചവിട്ടുപടിയാണ് ദൈവഭയം. വിവേകപൂർണ്ണവും പക്വവുമായ തീരുമാനങ്ങളെടുക്കാൻ ദൈവത്തെ ഭയപ്പെടുന്നവന് എളുപ്പം സാധിക്കുന്നു. ദൈവഭയമുള്ളവന്റെ പ്രാർത്ഥനയ്ക്കു നേരേ ദൈവത്തിന് ചെവിയടക്കാൻ കഴിയുകയില്ല. “തന്റെ ഐഹികജീവിതകാലത്ത്‌ ക്രിസ്‌തു, മരണത്തില്‍ നിന്ന് തന്നെ രക്ഷിക്കാന്‍ കഴിവുള്ളവന്‌ കണ്ണീരോടും വലിയ വിലാപത്തോടും കൂടെ പ്രാര്‍ത്ഥ നകളും യാചനകളും സമര്‍പ്പിച്ചു. അവന്റെ ദൈവഭയം മൂലം അവന്റെ പ്രാര്‍ത്ഥന കേട്ടു” (ഹെബ്രാ. 5:7).

നിത്യരക്ഷക്ക് മർമ്മപ്രധാനമായ ദൈവഭയം എന്ന ദാനം പരിശുദ്ധാത്മാവ് നമ്മിൽ വർഷിക്കുമ്പോൾ ആ വലിയ ദാനത്തോട് നമുക്ക് തുറവിയുള്ളവരാകാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.