പരിശുദ്ധാരൂപിയുടെ അഞ്ചാം ദാനം: ദൈവഭക്തി

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: ഇരുപത്തിയാറാം ദിനം – ജൂൺ 01, 2022 

ദൈവത്തെ പിതാവായി കരുതി മക്കൾക്കടുത്ത ഹൃദയാദ്രതയോടും ആഗ്രഹത്തോടും കൂടി അവിടുത്തെ ബഹുമാനിക്കാൻ പ്രേരിപ്പിക്കുന്ന ദാനമാണ് ഭക്തി. ദൈവഭക്തിയുള്ളവൻ പിതാവായ ദൈവത്തെ ഒരു വിധിയാളനായല്ല മറിച്ച് ഒരു പിതാവായിട്ട് മനസിലാക്കുന്നു. തെറ്റുകളിൽ അകപ്പെട്ടാലും പിതാവിന്റെ കാരുണ്യം നിറഞ്ഞ വക്ഷസ്സിൽ അഭയം തേടാൻ ദൈവഭക്തന് വേഗം കഴിയുന്നു. ദൈവസ്നേഹത്തിൽ നിന്നാണ് യഥാർത്ഥ ഭക്തി ഉറവയെടുക്കുന്നത്. അപ്പോൾ ഭക്തി ഒരു ഭാരമാകാതെ ആനന്ദത്തോടെ അനുഷ്ഠിക്കാൻ ഭക്തനു സാധിക്കുന്നു.

പിതാവിന്റെ തിരുവിഷ്ടം നിറവേറ്റുകയാണ് ദൈവഭക്തന്റെ ഏറ്റവും വലിയ ലക്ഷ്യം. സ്വർഗ്ഗം മോഹിച്ചോ, നരകത്തെ ഭയന്നോ അല്ല അവൻ പുണ്യം ചെയ്യുന്നതും പാപം ഉപേക്ഷിക്കുന്നതും. അവന്റെ ഏകലക്ഷ്യം ദൈവത്തെ പ്രസാദിപ്പിക്കുക എന്നതു മാത്രമാണ്.

ആലക്കളത്തിലച്ചന്റെ അഭിപ്രായത്തിൽ, ദൈവവചനത്തോടുള്ള ബഹുമാനം, വിശുദ്ധരോടുള്ള പക്ഷം ചേരൽ, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളോടുള്ള അനുകമ്പ, സഭയോടുള്ള ഹൃദയപൂർവ്വകമായ അനുഭാവം എന്നിവ ദൈവഭക്തി എന്ന ദിവ്യദാനത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ദൈവത്തിങ്കലേക്കു നോക്കുകയും ദൈവത്തിനു പ്രസാദകരമായി ജീവിക്കുകയും ചെയ്യുക എന്നതാണ് ദൈവഭക്തി.

ഉപവി പ്രവർത്തികളിലേക്കു നയിക്കുന്നതാണ് യഥാർത്ഥ ഭക്തി. അതിനെക്കുറിച്ച് യാക്കോബ് ശ്ലീഹാ നൽകുന്ന നിരീക്ഷണം ഇവിടെ പ്രസക്തമാണ്: “താന്‍ ദൈവഭക്തനാണെന്ന്‌ ഒരുവന്‍ വിചാരിക്കുകയും തന്റെ നാവിനെ നിയന്ത്രിക്കാതെ ഹൃദയത്തെ വഞ്ചിക്കുകയും ചെയ്‌താല്‍ അവന്റെ ഭക്തി വ്യര്‍ത്ഥമത്രേ. പിതാവായ ദൈവത്തിന്റെ മുമ്പില്‍ പരിശുദ്ധവും നിഷ്‌കളങ്കവുമായ ഭക്തി ഇതാണ്‌: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്റെ കളങ്കമേല്‍ക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്കുക” (യാക്കോ. 1:26-27).

ദൈവത്തിന്റെയും സഹോദരങ്ങളുടെയും മുമ്പിൽ പരിശുദ്ധരും നിഷ്കങ്കരുമായി വ്യാപിക്കാൻ ദൈവഭക്തി നമ്മെ സഹായിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.