പരിശുദ്ധാരൂപിയുടെ നാലാം ദാനം: അറിവ്

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: ഇരുപത്തിയഞ്ചാം ദിനം – മെയ് 31, 2022

ആലക്കളത്തിലച്ചന്റെ “പന്തക്കുസ്താ നവനാളിൽ” നാലാമതായി പറയുന്ന പരിശുദ്ധാരൂപിയുടെ ദാനം അറിവാകുന്നു. അറിവ് എന്ന ദാനം സ്വീകരിക്കുന്ന വ്യക്തി ദൈവത്തെക്കുറിച്ചും ആത്മകാര്യങ്ങളെക്കുറിച്ചും ചിന്തിക്കുന്നതിൽ അവർണ്ണനീയമായ ആനന്ദവും സമാധാനവും അനുഭവിക്കുന്നു.

ജന്മപാപഫലമായി നമ്മുടെ പ്രകൃതി, സുഖത്തിനും ലാളനക്കും വ്യർത്ഥാഭിമാനത്തിലേക്കും ചാഞ്ഞിരിക്കുന്നു. എന്നാൽ പരിശുദ്ധാരൂപി നൽകുന്ന അറിവ് എന്ന ദിവ്യദാനം പ്രകൃതിയുടെ ഈ ദുഷിച്ച ചായ്ച്ചിലിനെ മാറ്റുന്നതിനുള്ള പ്രത്യേക ഔഷധമായി മത്തായി അച്ചൻ പഠിപ്പിക്കുന്നു. അധ:പതിച്ച മനുഷ്യസ്വഭാവത്തെ അനുഗ്രഹമാക്കി മാറ്റാൻ സഹായിക്കുന്ന പരിശുദ്ധാത്മദാനമാണ് അറിവ്.

അറിവ് കേവലം വസ്തുതകളുടെ ശേഖരണമല്ല; ശരിയായ പാത തിരഞ്ഞെടുക്കുന്നതിനുള്ള കഴിവും കൂടിയാണ്. നമ്മുടെ ജീവിതത്തിലുള്ള ദൈവിക ഉദ്ദേശ്യത്തെ മനസ്സിലാക്കിയെടുക്കുന്ന ദാനമാണിത്. പ്രലോഭനങ്ങളുടെ ചതിക്കുഴികളും കൃപയുടെ പ്രചോദനവും വേഗത്തിൽ വിവേചിച്ചറിയാൻ പരിശുദ്ധാത്മാവിന്റെ അറിവിന്റെ കതിരുകൾ ഉള്ളവർക്ക് വേഗം സാധിക്കുന്നു.

പരിശുദ്ധാത്മാവിനോടുള്ള ജപത്തിലെ ആദ്യ അപേക്ഷ തന്നെ ‘പരിശുദ്ധാത്മാവേ, എഴുന്നള്ളി വരിക. അങ്ങേ വെളിവിന്റെ (അറിവിന്റെ) കതിരുകളെ ആകാശത്തില്‍ നിന്നു അയക്കണമേ’ എന്നതാണ്. പരിശുദ്ധാത്മാവ് നൽകുന്ന അറിവ് കൂടാതെ മനുഷ്യരില്‍ പാപമല്ലാതെ യാതൊന്നുമില്ല.

ദൈവാരൂപിയേ, അറിവിന്റെ കതിരുകളെ ഞങ്ങളുടെ ജീവിത്തിലേക്കും കർമ്മ മണ്ഡലങ്ങളിലേക്കും വർഷിക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.