പരിശുദ്ധാരൂപിയുടെ മൂന്നാം ദാനം: ആലോചന

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: ഇരുപത്തിനാലാം ദിനം – മെയ് 30, 2022 

കാഴ്ചയിൽ നിന്ന് ഉൾക്കാഴ്ചയിലേക്കും ഉൾക്കാഴ്ചയിൽ നിന്ന് ബോധ്യത്തിലേക്കും ബോധ്യത്തിൽ നിന്ന് തീരുമാനത്തിലേക്കും ഒരു വ്യക്തിയെ നയിക്കുന്ന പരിശുദ്ധാത്മദാനമാണ് ആലോചന. നല്ല ആലോചന പക്വമായ വ്യക്തിത്വത്തിന്റെ  ലക്ഷണവും അലങ്കാരവുമാണ്.

ആത്മാവിന്റെ അതിസ്വാഭാവിക പ്രവർത്തികളെ നിയന്ത്രിക്കുന്നതിനായിട്ടാകുന്നു ആലോചന എന്ന ദിവ്യദാനം നൽകപ്പെട്ടിരിക്കുന്നത്. സ്വന്തം ആത്മരക്ഷക്കും മറ്റുള്ളവരുടെ ശുദ്ധീകരണത്തിനും ദൈവനിയോഗ പൂർത്തീകരണത്തിനും നിദാനമാകത്തക്കവണ്ണം നമുക്ക് നേരിടുന്ന സകലത്തെയും വിനിയോഗിപ്പാൻ കഴിയുന്ന ദാനമാണിത്. വി. ആഗസ്തീനോസിന്റെ അഭിപ്രായത്തിൽ തിന്മയിൽ നിന്നു പോലും നന്മയെ ഉളവാക്കാൻ കഴിയുന്ന ദിവ്യദാനമാണ്.

ഓരോ വ്യക്തിയുടെയും സ്വഭാവത്തെയും അവരോട് പെരുമാറേണ്ട വിധത്തെയും തത്സമയം ഗ്രഹിപ്പാനും പ്രവർത്തികൾക്ക് തക്ക അവസരം തിരഞ്ഞെടുപ്പാനും എപ്പോഴും വിവേകത്തോടും വിവേചനയോടും കൂടി പ്രവർത്തിപ്പാനും അബദ്ധമാർഗ്ഗങ്ങളെ പരിത്യജിക്കാനും നമുക്കു സാധിക്കുന്നത് പരിശുദ്ധാത്മാവിന്റെ ആലോചന എന്ന ദാനത്താലാണ്.

ആലോചന എന്ന ദാനം ലഭിക്കാൻ മൂന്നു മാർഗ്ഗങ്ങൾ ആലക്കളത്തിലച്ചൻ പഠിപ്പിക്കുന്നു.

1. ലോകാരൂപിയെയും അതിന്റെ വിവേകത്തെയും ത്യജിക്കുക
2. മനോശരണത്തോടും എളിമയോടും കൂടി പരിശുദ്ധാരൂപിയുടെ വെളിയും സഹായവും ലഭിക്കാൻ പ്രാർത്ഥിക്കുക.
3. എല്ലാ കാര്യങ്ങളിലും ദൈവേഷ്ടം നിറവേറ്റാനായി അവന്റെ സ്വരം കേൾക്കുന്നതിനായി ഏകാന്തത പരിശീലിക്കുക.

ആലോചനയിൽ പുരോഗമിക്കുന്നതിനുള്ള മൂന്നു പ്രതിബന്ധങ്ങളും ആലക്കളത്തിലച്ചൻ ചൂണ്ടിക്കാണിക്കുന്നു.

1. അഹങ്കാരം
2. ബദ്ധപ്പാടും ധൃതിയും
3. അലസത

“ആലോചന കൂടാതെ ഒന്നും പ്രവര്‍ത്തിക്കരുത്‌; പശ്ചാത്തപിക്കാന്‍ ഇടയാവുകയില്ല”
(പ്രഭാ. 32:19) എന്ന തിരുവചനം ആലോചനയുടെ പ്രസക്തിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.