ദൈവസ്നേഹത്തിൻ്റെ മാധുര്യത്തെ നമ്മുടെമേൽ വർഷിക്കുന്ന പരിശുദ്ധാത്മാവ്

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: ഇരുപത്തിയൊന്നാം ദിനം, മെയ് 27, 2022

ദൈവസ്നേഹത്തിൽ നമ്മെ എല്ലാവരെയും ഒന്നാക്കുന്ന പരമശക്തിയാണ് പരിശുദ്ധാത്മാവ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായുള്ള ഐക്യം നമ്മുടെ വിശ്വാസത്തിന്‍റെ സത്തയും മാതൃകയുമാണ്. പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകളും ഐക്യപ്പെട്ടിരിക്കുന്നത് സ്നേഹത്തിലാണ്. സ്നേഹമാണ് ഈ ഐക്യത്തിന്‍റെ പരമമായ ശക്തികേന്ദ്രം.

പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളെ സ്നേഹത്തിൽ വളർത്തും. സ്നേഹം നിറവിന്റെ അടയാളവും പ്രഘോഷണവുമാണ്. വിദ്വേഷം മനുഷ്യനെ നിരാശയിലേക്കും അസ്വസ്ഥകളിലേക്കും നയിക്കുന്നു. സ്നേഹമില്ലായ്മയെയും കുറവുകളെയും നിറവാക്കാൻ കഴിയുന്ന സഹായകനായ പരിശുദ്ധാത്മാവ് നമ്മെ സന്തോഷത്തിന്റെ പൂർണ്ണതയിലേക്ക് നയിക്കും. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തോടു തുറവിയുള്ളവരായിരിക്കുന്നവർക്ക് സ്നേഹത്തിൽ എളുപ്പത്തിൽ പുരോഗമിക്കാൻ കഴിയും .

പരിശുദ്ധാത്മാവിനെ സ്വീകരിക്കുമ്പോൾ ഈശോയുടെ സ്നേഹത്തിൻ്റെയും ജീവൻ്റെയും ശക്തിയിൽ നാം വളരാൻ ആരംഭിക്കുന്നു. നമ്മെ സ്നേഹിക്കുന്ന ദൈവത്തിൻ്റെ ജീവനിൽ പങ്കുചേരാൻ നമ്മെ പ്രാപ്തരാക്കുന്ന പരിശുദ്ധാത്മാവ്
ഈശോ നമുക്കു നൽകിയ ഏറ്റവും നല്ല സഹായകനാണ്. ദൈവസ്നേഹത്തിൻ്റെ മാധുര്യം നമ്മിലേക്കു ചൊരിയുന്ന പരിശുദ്ധാത്മാവ് നമ്മുടെ യഥാർത്ഥ സൗഭാഗ്യവും നേട്ടവുമാണ്. “നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്‌ധാത്‌മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു” (റോമാ 5 : 5). ഈ ദൈവാത്മാവിൻ്റെ പ്രചോദനങ്ങളെ അനുദിനം അനുയാത്ര ചെയ്ത് ദൈവ സ്നേഹത്തിൽ നമുക്കു പുരോഗമിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.