പരിശുദ്ധാരൂപിയെ സങ്കടപ്പെടുത്തരുതേ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: ഇരുപതാം ദിനം, മെയ് 26, 2022

പൗലോസ് ശ്ലീഹാ എഫേസോസുകാർക്കെഴുതിയ ലേഖനത്തിൽ നൽകുന്ന മുന്നറിയിപ്പു പരിശുദ്ധാത്മാവിൻ്റെ ഉച്ചഭാഷണി എന്നറിയപ്പെടുന്ന നമ്മുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായ ആലക്കളത്തിലച്ചനും നൽകുന്നു. “രക്ഷയുടെ ദിനത്തിനുവേണ്ടി നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത്. (എഫേ 4:30) എന്നു പൗലോസ് ശ്ലീഹാ പഠിപ്പിക്കുമ്പോൾ ദൈവാനുഗ്രഹങ്ങളെ നിരസിക്കുന്നവർ പരിശുദ്ധാരൂപിയെ സങ്കടപ്പെടുത്തുന്നു എന്നു ആലക്കളത്തിലച്ചനും പറയുന്നു. പാപം നിമിത്തം പരിശുദ്ധാരൂപി മനുഷ്യാത്മാവിൽ നിന്നും പോകാൻ നിർബന്ധിക്കപ്പെടുന്നു എന്നു വരികിലും അതിനെ സൃഷ്ടിച്ച അനുഗ്രഹം അതിനെതിർത്തുപേക്ഷിക്കുന്നില്ല. തെറ്റു ചെയ്ത കുഞ്ഞുങ്ങൾ അനുതപിച്ചു തിരിച്ചു വരാൻ മാതാപിതാക്കൾ ആഗ്രഹിച്ചു കാത്തിരിക്കുന്നതു പോലെ പരിശുദ്ധാരൂപിയും ഈ ആത്മാവുകൾ തന്നെ അന്വേഷിക്കുന്നതിനായി കാത്തിരിക്കുന്നു എന്നും ആലക്കളത്തിച്ചൻ കൂട്ടിച്ചേർക്കുന്നു. ദൈവാനുഗ്രഹങ്ങൾ കൂടെ കൂടെ അവഗണിച്ചുകൊണ്ട് ഒരുവൻ പാപത്തിൽത്തന്നെ ഏറെ നാൾ മുഴുകുമ്പോൾ പരിശുദ്ധാരൂപിക്ക് കൂടുതൽ സങ്കടമുള്ള കാര്യമായിതീരുന്നു. ദൈവാത്മാവിനെ വേദനിപ്പിക്കാത്തവൻ രക്ഷയുടെ വഴിയിലൂടെയാണ് മുന്നോട്ടു നീങ്ങുന്നത്.

ദൈവവചനം കേൾപ്പാനുള്ള താല്പര്യം പരിരുദ്ധാരൂപിയിൽ വളരാനുള്ളതിൻ്റെ പ്രകടമായ അടയാളമാണ്. അതു ദൈവ സ്വരം കേൾക്കാൻ കാണിക്കുന്നതിൻ്റെയും വലിയ സൂചനയാണ്.

പാപിക്ക് മാനസാന്തരത്തിനുള്ള അനുഗ്രഹങ്ങൾ നൽകുന്നതു പോലെ നീതിമാന് പുണ്യ വർദ്ധനവിനായുള്ള വരങ്ങളും പരിശുദ്ധാരൂപി നൽകുന്നു. “നിങ്ങള്‍ ദൈവത്തിന്‍റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? ദൈവത്തിന്‍റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്‍റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍ തന്നെ. (1 കൊറിന്തോസ് 3:16) ഈ വലിയ വിശ്വാസത്തോടെ പരിശുദ്ധാത്മ സൗഹൃദത്തിൽ നമുക്കു വളരാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.