പാപ്പായുടെ കോംഗോ സന്ദർശനം: ആവേശത്താലും പ്രതീക്ഷയാലും നിറഞ്ഞ്‌ ആഫ്രിക്കൻ മണ്ണ്

ആഭ്യന്തരയുദ്ധത്താലും പലതരത്തിലുള്ള ചൂഷണങ്ങളാലും വലയുന്ന ആഫ്രിക്കയിലെ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ജനങ്ങൾക്ക് പ്രതീക്ഷ പകർന്നുകൊണ്ട് പാപ്പായുടെ അപ്പസ്തോലിക സന്ദർശനം തുടരുന്നു. രണ്ടാം ദിനത്തിലേക്ക് എത്തിനിൽക്കുന്ന ഫ്രാൻസിസ് പാപ്പായുടെ സന്ദർശനം, കോംഗോയിലെ ജനങ്ങളെ വിശ്വാസത്തിൽ ഉറപ്പിക്കുകയും അന്നാട്ടിലെ പ്രശ്നങ്ങളും പ്രതിസന്ധികളും ലോകത്തിനു മുന്നിലേക്ക് എത്തിക്കുകയുമാണ്.

പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.33 -ന് കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിലെ ‘എൻജിലി’ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ പാപ്പയെ സ്വീകരിക്കാൻ പ്രധാനമന്ത്രി ജീൻ മൈക്കലിന്റെ നേതൃത്വത്തിൽ വലിയ സംഘം തന്നെ നിലയുറപ്പിച്ചിരുന്നു. നയതന്ത്രജ്ഞർ, സിവിൽ സമൂഹത്തിന്റെ പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുൻപ് ഫ്രാൻസിസ് പാപ്പ, പ്രസിഡന്റ് ഫെലിക്സ് ഷികെഡിയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. ഈ രാജ്യത്തെയും ഈ ഭൂഖണ്ഡത്തെയും മറക്കരുതെന്നും നൂറ്റാണ്ടുകളായി തദ്ദേശവാസികൾക്ക് ദോഷകരമായി ഭവിച്ച വിനാശകരമായ കാര്യങ്ങൾ ലോകം അംഗീകരിക്കട്ടെയെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു.

ഫെബ്രുവരി ഒന്നിന് കിൻഷാസയിൽ ഫ്രാൻസിസ് പാപ്പാ അർപ്പിച്ച വിശുദ്ധ കുർബാനയിൽ പത്തു ലക്ഷത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. ലക്ഷക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ അർപ്പിക്കപ്പെട്ട ബലിമധ്യേ, ക്രിസ്തു നൽകുന്ന സമാധാനം സ്വന്തമാക്കാനും അതുവഴി സന്തോഷമുള്ളവരായിരിക്കാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

ബുധനാഴ്ച, കോംഗോയിലെ കത്തോലിക്കാ ജീവകാരുണ്യ സംഘടനകളുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. ഈ സന്ദർഭത്തിൽ ദാരിദ്ര്യത്തിൽ കഴിയുന്നവരെ സഹായിക്കാൻ നടത്തുന്ന പ്രവർത്തനങ്ങളെ ഫ്രാൻസിസ് മാർപാപ്പ പ്രശംസിക്കുകയും വിശ്വാസത്തിന്റെ അവിഭാജ്യഘടകമായ ക്രിസ്ത്യൻ ചാരിറ്റിയുടെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. നിങ്ങളുടെ പ്രവർത്തനങ്ങൾ ജീവകാരുണ്യമല്ല, മറിച്ച് നിങ്ങളുടെ തന്നെ വിശ്വാസമാണ് എന്ന് പാപ്പാ അവരോട് പറഞ്ഞു.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.