ഭയത്തെ അതിജീവിക്കണോ? വഴിയുണ്ട്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

പ്ലസ് ടു വിന് പഠിക്കുന്ന മകളുമായ് എന്നെക്കാണാനെത്തിയ സ്ത്രീയെ ഓർക്കുന്നു. മകളെക്കുറിച്ച് അവൾ പറഞ്ഞതിങ്ങനെയാണ്: “അച്ചാ ഇവൾക്കിപ്പോൾ വയസ് പതിനേഴായി. എല്ലാത്തിനെയും പേടിയാണ്. തനിച്ച് മുറിയിലിരിക്കാൻ ഭയം, യാത്ര ചെയ്യാൻ ഭയം. ഇങ്ങനെ തുടർന്നാൽ ഇവളുടെ ഭാവിയെന്താകുമെന്ന് ഞങ്ങൾക്കാശങ്കയുണ്ട്. മാത്രമല്ല മറ്റൊരു പ്രശ്നം കൂടി ഇവൾക്കുണ്ട്. എന്തെങ്കിലും അസുഖം വന്നാൽ ആശുപത്രിയിൽ പോകാനോ ഡോക്ടറെ കാണാനോ, ഇഞ്ചക്ഷൻ എടുക്കാനോ പേടിയാണ്. അച്ചൻ പ്രാർത്ഥിക്കണം”.

മകൾക്കുവേണ്ടി പ്രാർത്ഥിച്ച ശേഷം ഞാനവളോട് ചോദിച്ചു:
“പ്ലസ് ടു കഴിഞ്ഞ് എന്ത് ചെയ്യണമെന്നാണ് ആഗ്രഹം?”

“നഴ്സിങ്ങാണ് ഇഷ്ടം. പക്ഷേ…”

അവൾ മറുപടി മുഴുമിപ്പിക്കാതിരുന്നപ്പോൾ എനിക്ക് കാര്യം മനസിലായി. ആശുപത്രിയിൽ പോകാനും കുത്തിവയ്പെടുക്കാനും പേടിയുള്ളവൾ എങ്ങനെ നഴ്സാകും.

“നീ ഈശോയിൽ വിശ്വസിക്കുന്നുണ്ടോ?” ഞാൻ ചോദിച്ചു.

“തീർച്ചയായും”

“എങ്കിൽ അവിടുത്തേയ്ക്ക് അസാധ്യമായി ഒന്നുമില്ലെന്നും വിശ്വസിക്കുക. നിന്റെ ഭയം മാറണമെങ്കിൽ പരിശുദ്ധാത്മാവ് നിറയാൻ വേണ്ടി പ്രാർത്ഥിക്കുക.
പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടു കഴിഞ്ഞാൽ ധൈര്യവും ഉണർവും ലഭിക്കും. അതിനു വേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടുകയും ചെയ്യുക.”

എത്രമാത്രം ബോധ്യത്തോടെയാണ് അന്നവൾ തിരിച്ചു പോയത് എന്നറിയില്ല. എന്നാൽ പിന്നീട് അറിഞ്ഞ കാര്യം എന്നെ അതിശയപ്പെടുത്തി;
അവളിപ്പോൾ വിദേശത്ത് നഴ്സായി ജോലി ചെയ്യുന്നു!

ധൈര്യശാലികൾ എന്നു പറയുന്നവർക്കു പോലും പലതിനെയും ഭയമുണ്ട് എന്നത് യാഥാർത്ഥ്യമാണ്. അങ്ങനെയെങ്കിൽ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ?
ഇത് വായിച്ചുകൊണ്ടിരിക്കുമ്പോൾ ചിന്തിച്ചു നോക്കിക്കേ, ഏതെല്ലാം കാര്യങ്ങളിൽ നമുക്ക് ഭയമുണ്ടെന്ന്.

യഹൂദരെ ഭയന്നാണ് ക്രിസ്തു ശിഷ്യന്മാർ കതകടച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്നത്. എന്നാൽ പെന്തക്കുസ്താ ദിവസം പരിശുദ്ധാത്മാവിനാൽ നിറഞ്ഞു കഴിഞ്ഞപ്പോൾ അവരിലെല്ലാം പുത്തനുണർവ് കൈവന്നു. സുവിശേഷം അറിയിക്കുന്നതിനായി കടലുകൾ താണ്ടാനും പുതിയ ഭാഷകൾ പഠിക്കാനും ക്രിസ്തുവിനു വേണ്ടി ജീവൻ ത്യജിക്കാനും വരെ അവർ തയ്യാറായി.

ഇവിടെയാണ് ക്രിസ്തുവിന്റെ ആ വാക്കുകൾക്ക് ജീവൻ വയ്ക്കുന്നത് “അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട്‌ അവരോട്‌ അരുളിച്ചെയ്‌തു: നിങ്ങള്‍ പരിശുദ്‌ധാത്‌മാവിനെ സ്വീകരിക്കുവിന്‍”(യോഹ 20 : 22). “പരിശുദ്‌ധാത്‌മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള നിങ്ങള്‍ ശക്‌തിപ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്‌ഷികളായിരിക്കുകയും ചെയ്യും”(അപ്പ 1 : 8).

പന്തക്കുസ്താ തിരുനാളിന്റെ ഈ ദിനത്തിൽ നമ്മെ ധൈര്യപ്പെടുത്തുന്ന ആ ആത്മാവിന്റെ നിറവിനായി പ്രാർത്ഥിക്കാം.
“പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയണമേ” എന്ന് ആവർത്തിച്ച് പ്രാർത്ഥിക്കാം.

പെന്തക്കുസ്താ തിരുനാൾ മംഗളങ്ങൾ!

ഫാദർ ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.