വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാൻഡ്‌സ്മ: കത്തോലിക്കാ പത്രപ്രവർത്തനത്തിന്റെ വിശുദ്ധ മദ്ധ്യസ്ഥൻ

കത്തോലിക്കാ പത്രപ്രവർത്തനത്തിന്റെ പുതിയ രക്ഷാധികാരിയായി അറിയപ്പെടുന്ന ടൈറ്റസ് ബ്രാൻഡ്‌സ്മ മെയ് 15-ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടും. ടൈറ്റസ് ബ്രാൻഡ്‌സ്മയെ പത്രപ്രവർത്തനത്തിന്റെ ഔദ്യോഗിക രക്ഷാധികാരിയാക്കണമെന്ന് ആവശ്യപ്പെട്ട് 60-ലധികം മാധ്യമപ്രവർത്തകർ ഫ്രാൻസിസ് മാർപാപ്പയോട് അപേക്ഷിച്ചിട്ടുണ്ട്. വി. ഫ്രാൻസിസ് ഡി സെയിൽസ് ആണ് നിലവിൽ കത്തോലിക്കാ പത്രപ്രവർത്തനത്തിന്റെ പ്രത്യേക മദ്ധ്യസ്ഥൻ.

തെറ്റായ വിവരങ്ങളുടെയും ധ്രുവീകരണത്തിന്റെയും ഇക്കാലത്ത് ഒരു കർമ്മലീത്താ പുരോഹിതനും പത്രപ്രവർത്തകനുമായ ബ്രാൻഡ്‌സ്മയെപ്പോലെ ലോകത്തിന് അടിയന്തിരമായി ഒരു വിശുദ്ധ മദ്ധ്യസ്ഥനെ ആവശ്യമുണ്ട് എന്ന് മെയ് 10-ന് പ്രസിദ്ധീകരിച്ച ഒരു തുറന്ന കത്തിൽ പറയുന്നു. ബ്രാൻഡ്‌സ്മ ജനിച്ച നെതർലൻഡ്‌സിൽ നിന്നുള്ള മൂന്ന് പത്രപ്രവർത്തകരും ബെൽജിയത്തിൽ നിന്നുള്ള ഒരു പത്രപ്രവർത്തകനും ചേർന്നാണ് മാർപാപ്പയ്ക്ക് അപ്പീൽ കത്ത് എഴുതിയത്. 60-ലധികം വത്തിക്കാൻ ലേഖകർ ഇതിൽ ഒപ്പുവച്ചു.

കത്തോലിക്കാ പത്രങ്ങളിലെ നിർബന്ധിത നാസിപ്രചരണങ്ങളെ ശക്തമായി എതിർത്തതിനെ തുടർന്ന് 1942-ൽ ഡാചൗ കോൺസെൻട്രേഷൻ ക്യാമ്പിൽ വച്ച് മരിച്ച പത്രപ്രവർത്തകനാണ് ഫാ. ബ്രാൻഡ്‌സ്‌മ. പാവപ്പെട്ട രാജ്യങ്ങളിലെ കത്തോലിക്കാ സമൂഹത്തിന് ടൈറ്റസ് ബ്രാൻഡ്‌സ്മ വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹം ഒരു പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. നെതർലാൻഡ്സിലെ കത്തോലിക്കാ ദിനപത്രത്തിന്റെ നവീകരണത്തിനും ഗുണമേന്മക്കുമായി അദ്ദേഹം കഠിനമായി അദ്ധ്വാനിച്ചു.

അക്കാലത്ത് സാധാരണമായിത്തീർന്ന വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും ഭാഷയെ തന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും അദ്ദേഹം ശക്തമായി എതിർത്തു. അദ്ദേഹത്തിന്റെ വീക്ഷണത്തിൽ, ‘വ്യാജവാർത്ത’ എന്ന് നമ്മൾ ഇപ്പോൾ വിശേഷിപ്പിക്കുന്ന കാര്യങ്ങൾ കത്തോലിക്കാ പത്രങ്ങളിൽ വച്ചുപൊറുപ്പിക്കാവുന്ന കാര്യമല്ല.

നെതർലൻഡ്‌സിലെ 30-ലധികം കത്തോലിക്കാ പത്രങ്ങളുടെ സ്റ്റാഫിന്റെ ആത്മീയ ഉപദേശകനായി ബ്രാൻഡ്‌സ്മ സേവനമനുഷ്ഠിച്ചു. ആവിലയിലെ വി. അമ്മത്രേസ്യായുടെ ജീവചരിത്രം എഴുതുന്നതിലും അദ്ദേഹം ഭാഗമായി. കുരിശിന്റെ വഴിയെക്കുറിച്ചുള്ള ധ്യാനങ്ങൾ രചിക്കുകയും കത്തുകൾ എഴുതുകയും ചെയ്തു.

1930-കളിൽ, അഡോൾഫ് ഹിറ്റ്‌ലർ അയൽരാജ്യമായ ജർമ്മനിയിൽ അധിനിവേശം ശക്തമാക്കിയപ്പോൾ ബ്രാൻഡ്‌സ്‌മ തന്റെ പത്രലേഖനങ്ങളിലും പ്രഭാഷണങ്ങളിലും നാസിനയങ്ങളെ നിശിതമായി വിമർശിച്ചു. 1942 ജനുവരി 19-ന് ബോക്‌സ്‌മീറിലെ ഒരു ആശ്രമത്തിൽ വച്ച് അറസ്റ്റിലാകുന്നതിനു മുമ്പ് 14 എഡിറ്റർമാരെ സന്ദർശിക്കാൻ ബ്രാൻഡ്‌മയ്ക്ക് കഴിഞ്ഞു. അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനു മുൻപായി അദ്ദേഹം തന്റെ മേലുദ്യോഗസ്ഥന്റെ മുമ്പിൽ മുട്ടുകുത്തി അനുഗ്രഹം വാങ്ങി. തുടർന്ന് തടങ്കലിൽ വച്ച് അദ്ദേഹം മരിക്കുകയായിരുന്നു.

രണ്ടര വർഷത്തിനു ശേഷം വത്തിക്കാനിൽ നടക്കുന്ന ആദ്യ വിശുദ്ധപദവി പ്രഖ്യാപനത്തിൽ പത്തു പേരോടൊപ്പം ടൈറ്റസ് ബ്രാൻഡ്‌സ്മയും ഉൾപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.