ബുർക്കിന ഫാസോയിലെ ഹൃദയഭേദകമായ കാഴ്ചകള്‍

‘ബുർക്കിന ഫാസോ’ എന്ന രാജ്യത്തിന്റെ പേരിന്റെ അർത്ഥം ‘സത്യസന്ധരായ മനുഷ്യരുടെ നാട്’ എന്നാണ്. എന്നാൽ ഇന്ന് തീവ്ര ഇസ്ലാമിക സംഘടനകളുടെ ആക്രമണങ്ങൾ ആ രാജ്യത്തെ തകര്‍ത്തെറിയുകയാണ്. ഓരോ ദിനവും കൂട്ടക്കൊലപാതകങ്ങളുടെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ബുർക്കിന ഫാസോയിലെ ഹൃദയഭേദകമായ കാഴ്ചകളിലൂടെ നമുക്കൊന്ന് കടന്നുപോകാം.

ബുർക്കിന ഫാസോയിലെ ജനങ്ങളുടെ ജീവന് ഇന്ന് ഒരു സംരക്ഷണവും ലഭിക്കുന്നില്ല. അവിടെ നടക്കുന്ന ആക്രമണങ്ങളുടെ കഥകൾ അവിശ്വസനീയമായി പലർക്കും തോന്നാം. ബുർക്കിന ഫാസോയിൽ തീവ്ര ഇസ്ലാമിക സംഘടനകളുടെ ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. അവയെ നേരിടാൻ സർക്കാർ സുരക്ഷാസേനകളും തീവ്രവാദ വിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളും പ്രവർത്തിക്കുന്നുണ്ടെങ്കിലും അവർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഇരയാകുന്നവരിൽ കൂടുതലും സാധാരണക്കാരാണ്. തീവ്രവാദികൾ സാധാരണക്കാരെ ലക്ഷ്യമിടുമ്പോൾ, സർക്കാർ സുരക്ഷാസേനകൾ തീവ്രവാദികളെന്ന് സംശയം തോന്നുന്നവരെ പോലും കൊന്നൊടുക്കുകയാണ്. 2022 ജനുവരിയിൽ ഭരണമേറ്റ ബുർക്കിന ഫാസോയിലെ സർക്കാർ ജനങ്ങളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ എത്രയും പെട്ടെന്ന് തന്നെ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

തീവ്രവാദികളെന്ന് സംശയിച്ച് സാധാരണക്കാരെ കൊന്നൊടുക്കുന്നു

2016-ലാണ് ബുർക്കിന ഫാസോയിൽ തീവ്രവാദ സംഘടനകളുടെ ആക്രമണങ്ങൾ ശക്തമാകാൻ തുടങ്ങിയത്. കൊലപാതകങ്ങൾ, പീഡനങ്ങൾ, കവർച്ചകൾ എന്നിവ മൂലം അവിടെയുള്ള സാധാരണക്കാരുടെ ഉറക്കം നഷ്ടമായി. തുടർന്ന് സർക്കാർ സുരക്ഷാസേനകളും തീവ്രവാദ വിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളും നൂറുകണക്കിന് സാധാരണക്കാരെയാണ് തീവ്രവാദികളെന്ന് സംശയിച്ച് കൊന്നൊടുക്കിയത്. എന്നാൽ മറുവശത്ത് തീവ്രവാദ സംഘടനകളുടെ അംഗബലവും ആ സമയങ്ങളിൽ വർദ്ധിച്ചു. ഭയം നിമിത്തം ആളുകൾ പലരും സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്‌തു.

സാധാരണക്കാരുടെ ജീവനും ജീവിതമാർഗ്ഗവും തകർക്കാൻ തീവ്രവാദ സംഘടനകൾ അക്ഷീണം പരിശ്രമിക്കുകയാണ്. സർക്കാർ സുരക്ഷാസേനകൾ അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളും മാനുഷിക നിയമങ്ങളും സൂക്ഷ്മമായി ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. സുരക്ഷയുടെ പേരിൽ നടക്കുന്ന കൊലപാതകങ്ങളും അവർ അവസാനിപ്പിക്കണം.

അൽ-ഖ്വയ്ദ ഇൻ ദി ഇസ്ലാമിക് മഗ്രിബ് (എക്യുഐഎം), ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഗ്രേറ്റർ സഹാറ (ഐഎസ്ജിഎസ്) എന്നീ സംഘടനകളാണ് സാധാരണക്കാർക്കു നേരെ കൂടുതൽ ആക്രമണങ്ങളും ബുർക്കിന ഫാസോയിൽ അഴിച്ചുവിടുന്നത്.

ഗ്രാമീണർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ല

2021-ന്റെ അവസാനം മുതൽ തീവ്രവാദ സംഘടനകൾ അങ്കൗന, അർബിന്ദ, ഡാബ്ലോ, ഫൂബ്, ഇനറ്റ, നംസിഗ്വിയ, നമിസ്സിഗുയിമ, പിസില, ടുഗൂറി എന്നീ നഗരങ്ങളിൽ സർക്കാർ സേനക്കെതിരെ നിരവധി ആക്രമണങ്ങളാണ് നടത്തുന്നത്. എന്നാൽ ഇത്തരം ആക്രമണങ്ങൾക്കും ഫലത്തിൽ ഇരയാകുന്നത് സാധാരണക്കാരാണ്. തീവ്രവാദികൾ ധാരാളം സ്ത്രീകളെയും പെൺകുട്ടികളെയുമാണ് പീഡനത്തിനിരയാക്കുന്നത്. അവർ കടകളിലേക്കും വിറക്ക് ശേഖരിക്കാനും മറ്റ് പോകുമ്പോഴെല്ലാം ആക്രമണഭീഷണിയിൽ തന്നെ. പിടിച്ചുകൊണ്ടു പോകുന്ന സ്ത്രീകളിൽ നിന്നും ഇവർക്കറിയേണ്ടത് സർക്കാർ സേനകളെക്കുറിച്ചുള്ള വാർത്തകളും. പല ഗ്രാമങ്ങളും ചാമ്പലായി കഴിഞ്ഞു. വാർത്താവിനിമയ മാർഗ്ഗങ്ങൾ, വൈദ്യുതി കണക്ഷനുകൾ, ആരോഗ്യകേന്ദ്രങ്ങൾ, കുടിവെള്ളം പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും അവർ നശിപ്പിച്ചു. തീവ്രവാദികളുടെ കൂട്ടത്തിൽ 12 വയസ് പ്രായമുള്ള നിരവധി ബാലസൈനികരെയും കണ്ടിട്ടുള്ളതായി പല ഗ്രാമവാസികളും അറിയിച്ചിട്ടുണ്ട്.

“ഞാൻ ഗ്രാമത്തിലേക്ക് തിരിച്ചെത്തിയപ്പോൾ കണ്ടത് എന്റെ സഹോദരൻ ഉൾപ്പെടെ ആറ് പേരുടെ മൃതദേഹങ്ങളായിരുന്നു. അവന്റെ കടയിൽ നിന്ന് 10 മീറ്റർ അകലെ ഒരു കുട്ടിയെ തീവ്രവാദികളുടെ പിടിയിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് അവന് വെടിയേറ്റത്. ഒരു വീട്ടിൽ 70 വയസുകാരനുൾപ്പെടെ അഞ്ച് പേർ മരിച്ചു കിടക്കുന്നുണ്ടായിരുന്നു. അവർക്കും വെടിയേറ്റതാണ്” – അങ്കൗന ഗ്രാമവാസി പറഞ്ഞു. അനേകം ആളുകളാണ് ഇതിനോടകം ഗ്രാമങ്ങളിൽ നിന്ന് കാണാതായത്. അവരെക്കുറിച്ച് ഒരറിവും ഇതുവരെയും ആർക്കും ലഭ്യമായിട്ടില്ല.

ബുർക്കിന ഫാസോയിൽ നടമാടുന്ന ഇത്തരം ആക്രമണങ്ങളെക്കുറിച്ച് സർക്കാർ അന്വേഷണങ്ങളോ, നടപടികളോ സ്വീകരിക്കുന്നില്ല. സർക്കാരിന്റെ ഈ നിസ്സംഗതാ മനോഭാവം അക്രമികൾക്ക് തങ്ങളുടെ പ്രവർത്തനങ്ങളിൽ തുടരാനുള്ള പാതയൊരുക്കുകയാണ് ചെയ്യുന്നത്.

ഇന്നും മറക്കാനാവാത്ത ഹൃദയഭേദകമായ അനുഭവങ്ങൾ 

ഒരിക്കൽ നാൽപതോളം സ്ത്രീകൾ കഴുതവണ്ടികളില്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്ന് അറുപതോളം വരുന്ന തീവ്രവാദികൾ അവരെ വളയുകയും മണിക്കൂറുകളോളം അവരെ വഴിയിൽ തടഞ്ഞു നിർത്തുകയും ചെയ്തു. സ്ത്രീകളോട് അവരുടെ ഭർത്താക്കന്മാർ ഗ്രാമങ്ങളിലെ പോലീസുകാരാണോ എന്ന് അന്വേഷിച്ചു. തുടർന്ന് എങ്ങനെ നല്ല മുസ്ലീമായി ജീവിക്കണമെന്ന് അവരോട് പ്രഭാഷണം നടത്തി. മാത്രമല്ല, നാട് ഇപ്പോൾ ഇസ്ലാം മതവിശ്വാസികളുടേതാണെന്നും അവർ അവകാശപ്പെട്ടു. സ്ത്രീകളുടെ കയ്യിലുണ്ടായിരുന്ന എല്ലാ വസ്തുക്കളും അവർ കവർച്ച ചെയ്‌തു. കവർച്ച വസ്തുക്കളിൽ തീവ്രവാദികൾക്ക് ആവശ്യമില്ലാത്തവ അപ്പോൾ തന്നെ അവർ തീയിട്ട് നശിപ്പിച്ചു. ആ തീവ്രവാദ സംഘത്തിന്റെ തലവനെ അതിലൊരു സ്ത്രീക്ക് മുഖപരിചയമുണ്ടായിരുന്നു. കാരണം ആ തീവ്രവാദിയാണ് അവളുടെ ഭർത്താവിനെ കൊലപ്പെടുത്തിയത്. തന്നെ തിരിച്ചറിഞ്ഞു എന്ന് മനസിലാക്കിയ തീവ്രവാദി അവളോട്‌ കഴുതവണ്ടിയിൽ കയറാൻ ആവശ്യപ്പെട്ടു. തുടർന്ന് അവളെ വധിച്ചു. കണ്ടുനിന്നിരുന്നവർ ഒന്നും തന്നെ ഉരിയാടിയില്ല; അവർ ശ്വാസം അടക്കിപ്പിടിച്ച് നിന്നു. തുടർന്ന് അറുപതുകാരികളായ മറ്റു രണ്ട് സ്ത്രീകളെയും തീവ്രവാദ സംഘത്തലവൻ വധിച്ചു.

2021 ജനുവരി 15-ന് നംസിഗുവ ഗ്രാമത്തിൽ നടന്ന തീവ്രവാദികളുടെ ആക്രമണത്തിൽ മരണപ്പെട്ടത് ഒൻപതു പേരാണ്. രാവിലെ ഗ്രാമത്തിലെത്തിയ ആക്രമിസംഘം സാധാരണക്കാരുടെ നേരെ വെടിയുതിർക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തു. വഴിയിൽ അങ്ങിങ്ങായി ശവശരീരങ്ങൾ കിടന്നിരുന്നു. 10 വയസ് പ്രായമുള്ള പെൺകുട്ടി മുതൽ 75 വയസ് പ്രായമുള്ള വ്യക്തി വരെ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

പീഡനത്തിനിരയാകുന്ന സ്ത്രീകളും കുട്ടികളും

സ്ത്രീകൾ കടകളിലേക്ക് പോകുന്ന വഴിയിലും, വിറക് ശേഖരിക്കാൻ പോകുമ്പോഴുമെല്ലാം തീവ്രവാദികളുടെ കയ്യിൽ അകപ്പെടാറുണ്ട്. പിടിച്ചുകൊണ്ടു പോകുന്ന സ്ത്രീകളോട് അവർ ചോദിക്കുന്ന ഏക കാര്യം സർക്കാർ സുരക്ഷാസേനകളെക്കുറിച്ചും തീവ്രവാദികളെ നേരിടാൻ അവർ സ്വീകരിച്ചിരിക്കുന്ന മാർഗ്ഗങ്ങളെക്കുറിച്ചുമായിരുന്നു. സ്ത്രീകളെ ചിലപ്പോൾ അക്രമികൾ അതിക്രൂരമായി മർദ്ദിക്കും. വൈദ്യുതകമ്പികൾ കൊണ്ടു പോലും അവർ സ്ത്രീകളെ മർദ്ദിച്ചിട്ടുണ്ട്. അവരുടെ ശരീരത്തിൽ നിന്ന് ചോര പൊടിയുന്നതു കണ്ടാലും ചിലപ്പോൾ ആക്രമികൾ നിർത്തില്ല. പ്രായമായ സ്ത്രീകളും പാലൂട്ടുന്ന അമ്മമ്മാർക്കു പോലും മർദ്ദനം ഏൽക്കുന്നുണ്ട്.

2021-ൽ 25 വയസ്സുള്ള ഒരു യുവതിയെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തിയിരുന്നു. യുവതി പങ്കുവച്ച അനുഭവം ഇപ്രകാരമായിരുന്നു: “അന്ന് രാത്രി എന്റെ ഭർത്താവ് വീട്ടിലില്ലായിരുന്നു. രണ്ട് തീവ്രവാദികൾ വീട്ടിലേക്ക് ആയുധങ്ങളുമായി അതിക്രമിച്ചു കയറി. തുടർന്ന് എന്നെയും എന്റെ പിഞ്ചുകുഞ്ഞിനെയും അവരുടെ മോട്ടോർ സൈക്കിളിൽ കയറാൻ നിർബന്ധിച്ചു. അവർക്കറിയേണ്ടത് സർക്കാർ സൈനികരെക്കുറിച്ചായിരുന്നു. ഒരു തീവ്രവാദി എന്റെ കുഞ്ഞിനെ ബലമായി എന്റെ കയ്യിൽ നിന്നും വാങ്ങി; മറ്റൊരാൾ എന്നെ ബലാത്സംഗം ചെയ്തു. ഗ്രാമം ഉപേക്ഷിക്കാൻ മറ്റുള്ളവരോട് പറയണമെന്ന് അവർ എന്നോട് പറഞ്ഞു. അല്ലെങ്കിൽ അവർ ഞങ്ങളെ എല്ലാവരെയും കൊല്ലുമെന്നായിരുന്നു ഭീഷണി.”

തീവ്രവാദികളിൽ ബാലസൈനികരും

പല തീവ്രവാദ ആക്രമണങ്ങളിലും ആക്രമിസംഘത്തിന്റെ കൂടെ 12 വയസ് മാത്രം പ്രായമുള്ള അനവധി കുട്ടികള്‍ ഉള്ളതായി ഗ്രാമീണർ പറയുന്നുണ്ട്. കളിപ്പാട്ടങ്ങളും പുസ്തകങ്ങളും കരുതേണ്ട കരങ്ങളിൽ ഇപ്പോൾ ഉള്ളത് ആയുധങ്ങളാണ്. 2021-ൽ മധ്യ നോർഡ് പ്രദേശത്തു നടന്ന ആക്രമണത്തിൽ കൂടുതൽ ഉൾപ്പെട്ടിരുന്നത് കുട്ടികളാണ്. ഈ ബാലതീവ്രവാദികളെ കാണാതിരിക്കാൻ തന്റെ കുഞ്ഞിന്റെ മുഖം മറച്ചുപിടിച്ചതായി സംഭവത്തിന് സാക്ഷിയായ ഒരമ്മ പറഞ്ഞു.

കുട്ടികളായ തീവ്രവാദികൾ ഗ്രാമത്തിലേക്ക് ആയുധങ്ങളുമായി പാഞ്ഞുവന്ന് ജനങ്ങളുടെമേൽ വെടിയുതിർക്കുന്നത് ഇന്നും ആ അമ്മക്ക് മറക്കാനാവുന്നതല്ല. ഈ അക്രമിസംഘത്തിൽ ഉണ്ടായിരുന്നത് 20 കുട്ടികളാണെങ്കിൽ അതേ വർഷം നവംബർ 26-ന് ഡാബ്ലോ നഗരത്തിൽ നടന്ന ആക്രമണത്തിലുണ്ടായിരുന്നത് കൗമാരക്കാരായ നാൽപതോളം കുട്ടികളാണ്. പ്രായപൂർത്തിയായ തീവ്രവാദികൾ സ്ത്രീകളെ നശിപ്പിക്കാനായി പിടിച്ചുകൊണ്ടു പോകുമ്പോൾ ഈ കുട്ടിതീവ്രവാദികൾ വഴിയിൽ കാവൽ നിൽക്കുന്നു. കുട്ടികള്‍ക്ക് അവരുടെ ജീവനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും യാതൊരു ചിന്തയുമില്ല. ജീവിതത്തിന്റെ മൂല്യം തിരിച്ചറിയാത്ത ഈ കുട്ടികളെ കാണുമ്പോൾ സാധാരണക്കാർക്ക് ഒരുപോലെ ദുഃഖവും ഭയവുമാണ്.

പുതിയ സർക്കാർ തീവ്രവാദികൾക്കെതിരെ നടപടികൾ സ്വീകരിക്കുമോ?

ബുർക്കിന ഫാസോയിൽ നടക്കുന്ന തീവ്രവാദ സംഘടനകളുടെ പ്രവർത്തനങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടതിന്റെ പേരിൽ 2022 ജനുവരിയിൽ ലെഫ്റ്റനന്റ് ജനറൽ ദമീബ പ്രസിഡന്റ് മാർക്ക് കബോറിനെ പുറത്താക്കിയിരുന്നു. അദ്ദേഹം നിലവിലെ സർക്കാരും പാർലമെന്റും പിരിച്ചുവിട്ടു, ഭരണഘടന സസ്പെൻഡ് ചെയ്തു. തുടർന്ന് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുമെന്നാണ് വാഗ്ദാനം.

ഐശ്വര്യ സെബാസ്ററ്യൻ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.