ദൈവസ്നേഹത്തിന്റെ സാക്ഷ്യമായി മാറിയ 12 വയസുകാരൻ

ആധുനിക ലോകത്തിൽ പലപ്പോഴും ജീവിതമേ ഒരു മത്സരമായി മാറുന്നു. ജയിക്കുവാൻ വേണ്ടിയുള്ള മത്സരം. അവിടെ എതിരാളിയുടെ വേദനയോ പരിക്കുകളോ, പരാജിതന്റെ അപമാനത്തിനോ ഒന്നിനും ഒരു വിലയും ഇല്ല. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി എതിരാളിയുടെ വേദനയിൽ പങ്കുചേർന്നുകൊണ്ട്, അവനെ ആശ്വസിപ്പിച്ചുകൊണ്ട്, അവനിലേക്ക്‌ ദൈവസ്നേഹം പകർന്നു കൊണ്ട് സാക്ഷ്യമായി മാറിയിരിക്കുകയാണ് പന്ത്രണ്ടു വയസുകാരനായ ഇസയ്യ ജാർവിസ്.

ടെക്സാസിലെ വാക്കോയിൽ നടന്ന ലിറ്റിൽ ലീഗ് സൗത്ത് വെസ്റ്റ് റീജിയൻ ചാമ്പ്യൻഷിപ്പിനിടെ ആണ് പന്ത്രണ്ടു വയസുകാരനായ ഇസയ്യ ജാർവിസ് ദൈവസ്നേഹത്തിന്റെ മാതൃകയായി മാറിയത്. തന്റെ എതിരാളിയായ ഷെൽട്ടൺ ഇസയ്യ ജാർവിസിന് നേരെ പന്ത് എറിഞ്ഞപ്പോൾ, അത് അബദ്ധത്തിൽ ജാർവിസിന്റെ തലയിൽ തട്ടി. ജാർവിസും ഹെൽമെറ്റും നിലത്തുവീണു. അബദ്ധത്തിൽ ആണെങ്കിലും തന്റെ പിഴവുകൊണ്ട് സംഭവിച്ച അപകടത്തിൽ ഷെൽട്ടൺ വേദനിച്ചു. നിലത്തു വീണെങ്കിലും ജാർവിസ് വൈകാതെ തന്നെ എഴുന്നേറ്റു. ജനക്കൂട്ടത്തിനും ഷെൽട്ടനും അത് ആശ്വാസം പകർന്നു. എന്നാൽ കളി പുനരാരംഭിച്ചപ്പോൾ ഷെൽട്ടൺ വിറയ്ക്കുവാൻ തുടങ്ങി. ഈ അവസരത്തിൽ തന്റെ തലയുടെ വേദന വകവയ്ക്കാതെ ഇസയ്യ ജാർവിസ് ഷെൽട്ടന്റെ അടുത്ത് എത്തുകയും തനിക്കു കുഴപ്പമൊന്നും ഇല്ല എന്ന് പറഞ്ഞു കൊണ്ട് അവനെ ആലിംഗനം ചെയ്യുകയും ചെയ്തു.

“ഞാൻ അവിടെ പോയി ദൈവസ്നേഹം പ്രചരിപ്പിക്കാനും അവൻ സുഖമായിരിക്കുന്നുവെന്ന് ഉറപ്പാക്കാനും ഞാൻ സുഖമായിരിക്കുന്നുവെന്നും ശരിയായിക്കൊണ്ടിരിക്കുകയാണെന്നും അവനെ അറിയിക്കുവാനും ആഗ്രഹിച്ചു”- മത്സര ശേഷം ജാർവിസ് വെളിപ്പെടുത്തി. മത്സര ശേഷം ജാർവിസിന് ചെറിയ പരിക്കുകൾ ഉണ്ടായി എങ്കിലും ആ പന്ത്രണ്ടു വയസുകാരനിൽ നിന്ന് ഉണ്ടായ അനുകമ്പയോടെ പ്രവർത്തി ലോകത്തെ അമ്പരിപ്പിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.