സംഗീതത്തിലൂടെ ദൈവത്തെ കണ്ടെത്തിയ പുരോഹിതൻ

എഡ്വേർഡോ പെരസ് ഒറെനെസ് എന്ന ചെറുപ്പക്കാരന് ജീവിതമേ സംഗീതമായിരുന്നു. അത്രമേൽ സംഗീതത്തെ സ്നേഹിച്ച എഡ്വേർഡോ, സാക്സോഫോണിലൂടെ അനേകരുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു. സംഗീതത്തിന്റെ സപ്തസ്വരമണികളിലൂടെയുള്ള ആ യാത്ര തന്നെയാണ് എഡ്വേർഡോയെ ദൈവത്തിലേക്ക് എത്തിച്ചതും ദൈവത്തിനായി ജീവിതം ഉഴിഞ്ഞുവയ്ക്കാൻ പ്രേരിപ്പിച്ചതും. ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലിലൂടെ പൗരോഹിത്യത്തിലേക്ക് കടന്നുവന്ന എഡ്വേർഡോ പെരസ് ഒറെനെസിന്റെ ദൈവവിളി അനുഭവം വായിക്കാം. ഇന്ന് സ്പെയിനിൽ കർത്താവിന്റെ പുരോഹിതനായി തന്റെ കർമ്മമണ്ഡലത്തിൽ സേവനനിരതനാവുകയാണ് ഒരിക്കൽ സംഗീതത്തെ നെഞ്ചേറ്റിയ ആ ചെറുപ്പക്കാരൻ.

ഇക്കഴിഞ്ഞ സെപ്തംബർ 10-ന്, എഡ്വേർഡോ, നോൻഡുർമാസിലെ (മുർസിയ, സ്പെയിൻ) ന്യൂസ്ട്ര സെനോറ ഡി കോർട്ടെസിലെ ഇടവക ദൈവാലയത്തിൽ വച്ച് പൗരോഹിത്യം സ്വീകരിച്ചപ്പോൾ ആ തിരുക്കർമ്മത്തിന് സ്വർഗ്ഗീയമായ ഒരു സംഗീതത്തിന്റെ അകമ്പടി ഉണ്ടായിരുന്നു. തന്നെ ദൈവത്തിലേക്ക് നയിക്കുമെന്ന് അറിയാതെ സംഗീതത്തെ പ്രണയിച്ച ഒരു യുവാവിന്റെ ദൈവാന്വേഷണ യാത്രയുടെ അവസാനത്തിനും ദൈവത്തോടൊപ്പമുള്ള യാത്രയുടെ തുടക്കത്തിനുമായിരുന്നു ആ ദൈവാലയം സാക്ഷ്യം വഹിച്ചത്.

എർമിറ്റ ഡി ബർഗോസ് എന്നറിയപ്പെടുന്ന മുർസിയയിലെ (തെക്കൻ സ്പെയിനിലെ) ഒരു ചെറിയ പട്ടണത്തിലാണ് എഡ്വേർഡോ ജനിച്ചത്. 400-ലധികം ആളുകൾ അവിടെ താമസിച്ചിരുന്നത്. ചില ക്രിസ്‌തീയ വിശ്വാസരീതികൾ മുറുകെപ്പിടിച്ചിരുന്നെങ്കിലും ആഴമായ ക്രിസ്തീയവിശ്വാസം പുലർത്തിയിരുന്ന കുടുംബമായിരുന്നില്ല അദ്ദേഹത്തിന്റേത്. “ആഴമായ ക്രൈസ്തവ വിശ്വാസം പുലർത്തിയിരുന്ന ഒരു കുടുംബമായിരുന്നില്ല എന്റേത്. എങ്കിലും ഞാൻ മാമ്മോദീസയും വിശുദ്ധ കുർബാനയും സ്വീകരിച്ചു. 23 വയസു വരെ സഭയും ക്രിസ്തീയവിശ്വാസവും എന്തെന്ന് എനിക്ക് വലിയ അറിവുണ്ടായിരുന്നില്ല” – എഡ്വേർഡോ പറയുന്നു.

സംഗീതം ചേർത്തുനിർത്തിയ സഭാജീവിതം

സംഗീതത്തോടുള്ള താൽപര്യം ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ എഡ്വേർഡോ അതിനുള്ള അവസരങ്ങളൊന്നും നഷ്ടപ്പെടുത്തിയിരുന്നില്ല. ഒരു ഘട്ടത്തിൽ, 12 ഗായകസംഘങ്ങളിൽ വരെ പങ്കെടുത്തിരുന്നു. ആലാപനത്തിൽ പ്രത്യേകിച്ച് വിശുദ്ധ സംഗീതം, ആദ്യകാല സംഗീതം, ഗ്രിഗോറിയൻ ഗാനങ്ങൾ എന്നിവയിൽ അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നു. ആ താല്പര്യം വച്ചുകൊണ്ട് വിശ്വാസത്തിന്റെ പേരിലല്ലെങ്കിലും ഗായകസംഘത്തിൽ പങ്കെടുക്കാൻ ദൈവാലയത്തിൽ പോയിത്തുടങ്ങി. ഞാനറിയാതെ ദൈവം എന്നെ തന്നിലേക്ക് അടുപ്പിക്കുകയായിരുന്നു എന്ന് ആ സാഹചര്യത്തെ ഓർത്ത് എഡ്വേർഡോ വെളിപ്പെടുത്തുന്നു.

പതിവായി ഗായകസംഘത്തിലും മറ്റും പങ്കാളി ആയതിലൂടെ, ആരാധനക്രമ ആഘോഷങ്ങൾ അദ്ദേഹത്തിന് ‘മനോഹരമായ ഒരു കാര്യമായി’ തോന്നി. ആലപിക്കുന്ന ഗാനങ്ങളിലെയും വരികളും മറ്റും വളരെ അർത്ഥവത്തായും ജീവിതഗന്ധിയായും അദ്ദേഹത്തിന് ഈ കാലയളവിൽ തോന്നിത്തുടങ്ങിയിരുന്നു. തന്റെ മനസിൽ തോന്നിയ ശരിയായ ആശയങ്ങളോട് ഒരു അഭിനിവേശം ആയിരുന്നു. അത് ആ യുവമനസിനെ കീഴടക്കി എന്നു പറയാം. എങ്കിലും സംഗീതത്തിൽ ഉയരങ്ങളിൽ എത്താനുള്ള അമിതമായ ആഗ്രഹം ദൈവത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയെ തെല്ലൊന്നു തടസപ്പെടുത്തി. അങ്ങനെയിരിക്കുന്ന അവസത്തിലാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചുകൊണ്ട് ഒരു പുസ്തകം കിട്ടുന്നത്.

മാറ്റങ്ങൾ സൃഷ്ടിച്ച ജി.കെ. ചെസ്റ്റർട്ടന്റെ ഒരു പുസ്തകം

ഈ സമയത്താണ് ആരോ ജി.കെ. ചെസ്റ്റർട്ടന്റെ ഒരു പുസ്തകം അദ്ദേഹത്തിന് അയച്ചുകൊടുക്കുന്നത്. കത്തോലിക്കാ വിശ്വാസം സ്വീകരിച്ച എഴുത്തുകാരനാണ് ജി.കെ. ചെസ്റ്റർട്ടൻ. അദ്ദേഹത്തിന്റെ പുസ്തകം എഡ്വേർഡോയുടെ ജീവിതത്തെ മാറ്റിമറിച്ചു. ആ പുസ്തകത്തിലെ ഓരോ വരികളും എഡ്വേർഡോയുടെ ജീവിതത്തിലേക്ക് പുതിയ വെളിച്ചം വീശുകയായിരുന്നു. ദൈവത്തിൽ നിന്ന് അകന്നുനിന്നിട്ടും സ്നേഹത്തോടെ തന്നെ കാത്തിരിക്കുന്ന ഒരു സ്വർഗ്ഗീയ അപ്പനെ എഡ്വേർഡോ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് സഭയിലേക്കും ദൈവത്തിലേക്കും അവനെ തിരികെ കൊണ്ടുവന്നു. നന്നായി ഒരുങ്ങിയുള്ള കുമ്പസാരത്തിലൂടെ ആ യുവാവ് ഒരു തിരിച്ചുവരവിന് ഒരുങ്ങി. മതപഠനത്തിന് പ്രത്യേക സമയം കണ്ടെത്തി. തന്റെ വിശ്വാസത്തെ കൂടുതൽ അറിയാനും പഠിക്കാനും തുടങ്ങി. അന്നാണ് തൻ പാടിയ വിശുദ്ധ സംഗീതത്തിന്റെ അർത്ഥം പൂർണ്ണമായും മനസിലാക്കാൻ എഡ്വേർഡോക്ക് കഴിഞ്ഞത്.

അവിടം കൊണ്ടും ദൈവം തന്റെ വിളി അവസാനിപ്പിച്ചില്ല എന്നുവേണം പറയാൻ. തന്റെ പ്രാർത്ഥനാജീവിതത്തെ ആഴത്തിലാക്കാനും മറ്റുള്ളവരെ വിശ്വാസത്തിലേക്ക് അടുപ്പിക്കുന്നതിന് ഒരു അപ്പസ്തോലനായി മാറുന്നതിനും ദൈവം എഡ്വേർഡോയെ വിളിക്കുകയായിരുന്നു. “അതുവരെ, എന്റെ ചുറ്റുമുള്ള ആരും ദൈവത്തെക്കുറിച്ച് എന്നോട് സംസാരിച്ചിരുന്നില്ല. ദൈവത്തെ കൂടുതൽ കണ്ടെത്താനുള്ള ദാഹമുണ്ടായിരുന്നു. അങ്ങനെയാണ് ഒരു പുരോഹിതനാകാനുള്ള ആഗ്രഹത്തിലേക്ക് എത്തുന്നത്” – എഡ്വേർഡോ വെളിപ്പെടുത്തുന്നു.

അങ്ങനെ ഡിഗ്രി പഠനം പൂർത്തിയാക്കി എഡ്വേർഡോ സെമിനാരിയിൽ ചേർന്നു. ഒരു പുരോഹിതനെന്ന നിലയിൽ ദൈവം എനിക്ക് നൽകിയ സമ്മാനങ്ങൾ മറ്റുള്ളവരുടെ സേവനത്തിനായി നൽകാനുള്ള ഏറ്റവും നല്ല സ്ഥലമാണിതെന്ന് അവനു മനസിലായി. കൂടാതെ, സഹവൈദികാർത്ഥികളുടെ പ്രചോദനവും പ്രോത്സാഹനവും സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു ശുശ്രൂഷാജീവിതം വളർത്തിയെടുക്കാൻ എഡ്വേർഡോയെ സഹായിച്ചു. എല്ലാവരുടെയും കൂട്ടായ ശ്രമഫലമായി പൗരോഹിത്യം എന്ന ശ്രേഷ്ഠമായ ദൈവവിളി സ്വീകരിച്ച് ദൈവവേലക്കായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഈ യുവാവ്.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.