എല്ലാം ദൈവത്തിന് വിട്ടുകൊടുത്തു കൊണ്ട് ഹെയ്തിയിലേക്കു മടങ്ങുകയാണ് ഈ മിഷനറി വൈദികൻ

ഹെയ്തിയിലെ മിഷനറി വൈദികനാണ് ഫാ. മൈക്കിൾ ബ്രിയാൻഡ്. ഇവിടുത്തെ ജീവിതം മറക്കാനാവാത്ത ഒട്ടനവധി ഓർമ്മകളാണ് ഈ വൈദികന് സമ്മാനിച്ചിട്ടുള്ളത്. 2015-ൽ അക്രമികൾ അദ്ദേഹത്തെ വെടിവച്ചതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. 2021-ൽ മറ്റ് ഒൻപതു പേരോടൊപ്പം ഹെയ്തിയിലെ പോർട്ട്-ഓ-പ്രിൻസ് നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടു പോയ ഇദ്ദേഹത്തെ മോചിപ്പിക്കാൻ മോചനദ്രവ്യം നൽകേണ്ടിയും വന്നു. ഇപ്പോൾ താൻ ആക്രമിക്കപ്പെട്ട ദ്വീപിലേക്ക് മടങ്ങിവരാനൊരുങ്ങുകയാണ് 68- കാരനായ ഈ മിഷനറി.

1986-ലാണ് ഫാ. മൈക്കിൾ ഹെയ്തിയിൽ എത്തുന്നത്. സെന്റ് ജെയിംസ് സൊസൈറ്റിയിലെ അംഗമായ ഈ മിഷനറി വൈദികൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 35 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 ഏപ്രിൽ 11-ന് ഫാ. മൈക്കിൾ, അത്മായരും വൈദികരുമുൾപ്പെടുന്ന ഒൻപതു പേരോടൊപ്പം വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു. പെട്ടന്ന് അവരുടെ വാഹനം ആയുധധാരികളായ ഇരുപതോളം പേർ തടഞ്ഞു. “ആയുധങ്ങൾ കൈവശമുണ്ടെങ്കിൽ നിലത്തു വയ്ക്കുക. കയ്യിലുള്ള പണവും മൊബൈലും എല്ലാം ഞങ്ങളെ ഏൽപിക്കുക” – ആയുധധാരികൾ യാത്രികരോടു പറഞ്ഞു. തുടർന്ന് അവർ പത്തു പേരെയും ആയുധധാരികൾ അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി.

അവരോടൊപ്പമുള്ള ആദ്യ ദിവസം ഭീകരമായിരുന്നു. മൈക്കിൾ അച്ചൻ പതിയെ ആക്രമികളോട് സംസാരിക്കാൻ തുടങ്ങി. അവരെല്ലാവരും ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തുവന്നവരാണ്. എന്നാൽ കുടുംബം അവരെ തിരികെ സ്വീകരിക്കാൻ തയ്യാറായില്ല. അതുകൊണ്ട് അവർ ഈ അക്രമിസംഘത്തോടു കൂടെ ചേർന്നു.

അവരുടെ ഒത്തൊരുമയും പരസ്പര സഹായവും സഹകരണവും അച്ചനെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഭീകരർ തങ്ങളോട് നന്നായി തന്നെയാണ് പെരുമാറിയത് എന്നാണ് മൈക്കിൾ അച്ചൻ പറയുന്നത്. തടവുകാരെ ബൈബിൾ വായിക്കാനും പ്രാർത്ഥിക്കാനും അവർ അനുവദിച്ചിരുന്നു. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ തടവുകാരെ മോചനദ്രവ്യം നൽകി പുറത്തു കൊണ്ടുവന്നു.

ഹെയ്തിക്കാർ വർഷങ്ങളായി ജീവിക്കുന്നത് തട്ടിക്കൊണ്ടു പോകപ്പെടുമെന്ന ഭയത്തിലാണ്. ആളുകൾ പ്രത്യാശയോടെ ജീവിക്കണമെന്നാണ് ഫാ. മൈക്കിൾ ആഗ്രഹിക്കുന്നത്. പണത്തിന് ഒരിക്കലും രാജ്യത്തെ പൂർണ്ണമായി രക്ഷിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മിഷനറി വൈദികന് തുടർന്നും ഹെയ്തിയിൽ സേവനം ചെയ്യാനാണ് താല്പര്യം. അതിനായി അദ്ദേഹം ഹെയ്തിയിലേക്ക് മടങ്ങുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.