2020-ലെ ഫിലിം ക്രിട്ടിക്സ് അവാർഡ് ഏറ്റുവാങ്ങി ഫാ. റോയി കാരക്കാട്ട്

ലോകപ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനിൽ നിന്നും 2020-ലെ നവാഗത സംവിധായകനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഫാ. റോയ് കാരക്കാട്ട് ഏറ്റുവാങ്ങി. ‘കാറ്റിനരികെ’ എന്ന സിനിമയുടെ സംവിധാനത്തിനായിരുന്നു 2020-ലെ ഫിലിം ക്രിട്ടിക്സ് അവാർഡ് അദ്ദേഹത്തിനു ലഭിച്ചത്. ‘കാറ്റിനരികെ’ ടീം അംഗങ്ങൾ ആയ ഡോ. ആന്റണി എൽ. കപ്പുച്ചിൻ, ഡോ. ജോസ് കെ. മനുവൽ, സ്മിറിൻ സെബാസ്റ്റ്യൻ, ഷീനൂബ് ടി. ചാക്കോ, നോബിൾ പീറ്റർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

2021-ൽ ലൈഫ് ഡേ നടത്തിയ ഫീച്ചർ ചുവടെ ചേർക്കുന്നു

‘കാറ്റിനരികെ’ -യുടെ വിജയം നല്ല സിനിമയുടെ വിജയമാണ് – സംവിധായകന്‍ മനസ് തുറക്കുന്നു.

സിനിമയെ ഏറെ സ്നേഹിക്കുന്ന, പഠിച്ച, ഇനിയും ഒരുപാട് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു കപ്പൂച്ചിൻ വൈദികൻ – ഫാ. റോയ് കാരക്കാട്ട്. സിനിമയിലേക്കുള്ള തന്റെ കടന്നുവരവിൽ തൊട്ടതെല്ലാം പൊന്നാക്കിയ ആളാണ് ഈ വൈദികന്‍. തന്റെ ആദ്യ ഫീച്ചർ ഫിലിം ‘കാറ്റിനരികെ’ -യുടെ വിജയത്തിനു ശേഷം ലൈഫ്ഡേയോട് സംസാരിക്കുകയാണ്. നിർമ്മാണത്തിന്റെ സമയം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് കാറ്റിനരികെ. നാൽപ്പത്തിനാലാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപനത്തിൽ മികച്ച നവാഗത പ്രതിഭക്കുള്ള പുരസ്കാരം റോയി അച്ചനെ തേടിയെത്തിയതും കാറ്റിനരികെ എന്ന ഈ ചിത്രത്തിലൂടെ തന്നെയാണ്.

ഗ്രാമത്തിന്റെ വിശുദ്ധിയും ബാല്യത്തിന്റെ നൈർമ്മല്യവും കലർന്നൊരു ചിത്രം

കാറ്റിനരികെ – ജീവിതത്തിന്റെ പ്രതിസന്ധികളാകുന്ന കാറ്റുകൾക്കിടയിലൂടെ കടന്നുപോകുന്ന ഒരു സാധുകുടുംബത്തിന്റെ കഥ പറയുന്ന ചിത്രം. പേരിനോട് ചേർന്നുനിന്നു കൊണ്ട് ഒരു ഗ്രാമത്തിന്റെ പ്രശാന്തമായ ചുറ്റുപാടുകളുമായി ഇഴചേർന്നു കടന്നുപോകുന്ന ഒരു ചിത്രമാണ് ഇത്. വലിയ ബഹളങ്ങളില്ല, ശബ്ദകോലാഹലങ്ങളില്ല. ശാന്തമായ ഒരു ഗ്രാമാന്തരീക്ഷത്തോട് ചേർന്നുനിന്നു കൊണ്ട് സിനിമ സഞ്ചരിക്കുകയാണ്.

ഒരു സാധുകുടുംബം. അന്നന്നത്തെ അന്നത്തിനു വേണ്ടി അദ്ധ്വാനിച്ചും നാളെയ്ക്കുള്ള സ്വപ്നങ്ങളെ ചേർത്തുപിടിച്ചു കൊണ്ടും അവർ മുന്നേറുകയാണ്. ആ ജീവിതയാത്രയിലെ പല മുഖങ്ങളാണ് ചിത്രത്തിന്റെ വിഷയം. തന്റെ കഷ്ടപ്പാടുകൾ മക്കൾക്കുണ്ടാകരുതെന്നു ആഗ്രഹിക്കുന്ന ജോണി എന്ന പിതാവും ഭർത്താവിന് താങ്ങായി നിൽക്കുന്ന ആനിയും അവരുടെ കുഞ്ഞുങ്ങളുടെ നിർമ്മലതയും ചിത്രത്തെ നെഞ്ചോട് ചേർക്കാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നു.

മഴയും മഞ്ഞും മാറിമാറി വരും. ഇടിയും കൊടുങ്കാറ്റും ഉണ്ടാകും. എന്നാൽ അവയെല്ലാം ഒരു ദിവസം മാറും. മനുഷ്യജീവിതവും ഇപ്രകാരം തന്നെയെന്ന് കാറ്റിനരികെ പറഞ്ഞുവയ്ക്കുന്നു. പ്രതിസന്ധികളിൽ പ്രാർത്ഥനയെ ചേർത്തുപിടിച്ചുള്ള ജീവിതവും കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയും അവരുടെ പ്രത്യാശയും വിശ്വാസവും പ്രേക്ഷകനെ ഒന്നുടെ ചിന്തിപ്പിക്കുന്നു. കൂടാതെ തെറ്റായ ബന്ധങ്ങൾ, അത് സൗഹൃദങ്ങളായാൽ പോലും കുടുംബജീവിതത്തിന്റെ സ്വസ്ഥമായ ഗതിയെ സാരമായി ബാധിക്കുമെന്ന വലിയ സന്ദേശവും ഈ ചിത്രം പകരുന്നു. കഥയോട് ചേരുന്ന കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും, കൃത്യവും പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെ വ്യക്തമായി പറഞ്ഞുവയ്ക്കാൻ സഹായകമായ ഷോട്ടുകളും ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നുണ്ട്.

ഒരു ചെറു കുടുംബചിത്രം. കഥാപാത്രങ്ങളൊക്കെ നമുക്ക് സുപരിചിതരെന്നു തോന്നിക്കും വിധത്തിലുള്ള ക്രമീകരണം. അതിലുപരി പ്രത്യാശയോടെ കാത്തിരിക്കുന്നവർക്കു മുന്നിൽ അത്ഭുതങ്ങൾ നടത്തുന്ന ഒരു ദൈവമുണ്ടെന്ന വലിയ സത്യവും ഈ ചിത്രം പറഞ്ഞുവയ്ക്കുന്നു.

പ്രൊഫഷണൽ സിനിമാലോകത്തേക്കുള്ള കടന്നുവരവ്

കഥകളെയും നാടകങ്ങളെയും നാടകസംവിധാനങ്ങളെയും ഇഷ്ടപ്പെട്ടിരുന്ന ബാല്യ-കൗമാര കാലഘട്ടത്തിൽ നിന്ന് ഒരു പ്രഫഷണൽ സിനിമാ സംവിധാനത്തിലേക്കുള്ള ഫാ. റോയി കാരക്കാട്ടിന്റെ സഞ്ചാരം അത്ര എളുപ്പമുള്ളതായിരുന്നില്ല. ഇന്ന് സിനിമാലോകത്തേക്ക് താൻ കടന്നുവന്നതിനു പ്രധാന കാരണം സിനിമയെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ലഭിച്ച അവസരം മൂലമാണെന്ന് അച്ചൻ പറയുന്നു.

സിനിമയെക്കുറിച്ചുള്ള അഗാധമായ പഠനം അച്ചന് സാധ്യമായത് തന്റെ പി.ജി പഠനകാലത്താണ്. ബർഗ്മാൻ, കുറോസോവ, സത്യജിത് റേ തുടങ്ങിയ പ്രശസ്തരായ സംവിധായകരെ കുറിച്ചു പഠിക്കുകയും കൂടുതലായി അവരുടെ സിനിമകൾ കാണുകയും ചെയ്തപ്പോൾ അറിയാതെ തന്നെ സിനിമയുടെ ഒരു ദൃശ്യഭാഷ മനസ്സിൽ കൂടുതൽ ദൃഢപ്പെട്ടു. അത് തനിക്കും ഇത്തരത്തിലുള്ള നല്ല ചിത്രങ്ങൾ ചെയ്യണമെന്ന വലിയ ഒരു ആഗ്രഹത്തിലേക്ക് റോയി അച്ചനെ നയിക്കുകയും പിന്നീട് വലിയ ഒരു ത്രില്ലായി മാറുകയുമായിരുന്നു.

ഒരു വൈദികൻ എന്ന നിലയിൽ താൻ ഉയർത്തിപ്പിടിക്കേണ്ടുന്ന മൂല്യങ്ങളെ ചേർത്തുപിടിച്ചിരുന്ന ചലച്ചിത്രകാരന്മാർ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ ഒരു വൈദികനായ തനിക്കും തന്റേതായ രീതികളിലേക്ക് സിനിമയെ ക്രമപ്പെടുത്താൻ കഴിയുമെന്നത് സിനിമയെക്കുറിച്ചുള്ള ആഴമായ പഠനം അച്ചനു പകർന്ന ഒരു വലിയ തിരിച്ചറിവായിരുന്നു. ഈ ഒരു തിരിച്ചറിവിൽ നിന്നാണ് സിനിമയെ കൂടുതൽ താൽപര്യത്തോടെ പഠിക്കാൻ ശ്രമിക്കുന്നത്.

ലൂമിയർ ബ്രദേഴ്‌സ് സിനിമ കണ്ടുപിടിക്കുന്ന 1895 മുതലുള്ള സിനിമകളെക്കുറിച്ചുള്ള പഠനം. സിനിമാചരിത്രത്തിൽ വന്നുപോയിട്ടുള്ള മഹാരഥന്മാരെക്കുറിച്ചും സിനിമയുടെ ഗ്രാമറും എല്ലാം അറിയുകയായിരുന്നു പഠനകാലഘട്ടത്തിൽ. പിന്നീടുള്ള ശ്രമങ്ങളിൽ ഈ പഠിച്ചവയെ ഒക്കെ ചെറിയ ചെറിയ കൂട്ടിച്ചേർക്കലുകളോടെ യാഥാർത്ഥ്യമാക്കുകയായിരുന്നു. കഥയെ എങ്ങനെ മെനഞ്ഞെടുക്കാം, അതിൽ എന്തൊക്കെ ഉണ്ടാകണം, അതിനെ എങ്ങനെ തിരക്കഥയാക്കും തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ മുതൽ പഠിക്കുന്നത് പി.ജി പഠനകാലത്തിൽ തന്നെ ആയിരുന്നു. കഥാപാത്രത്തിന്റെ പ്രസക്തി അനുസരിച്ച് ക്യാമറ എവിടെ വയ്ക്കണം, ലൈറ്റിംഗ്, റെൻഡറിങ് തുടങ്ങി ഒരു നല്ല സിനിമാക്കാരനെ വാർത്തെടുക്കുന്ന അറിവുകളെ സ്വന്തമാക്കാൻ പഠനകാലഘട്ടം അച്ചനെ വളരെയേറെ സഹായിച്ചിരുന്നു.

അറിവിന്റെ നിറകുടങ്ങളായിരുന്ന അധ്യാപകരുടെ ശിക്ഷണം

ചങ്ങനാശ്ശേരി, സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ നിന്നാണ് റോയ് അച്ചൻ സിനിമാലോകത്തെ ബാലപാഠങ്ങളിലേക്ക് കൂടുതൽ ആഴത്തിൽ കടന്നുചെല്ലുന്നത്. ആ അറിവുകളെ തനിക്ക് മനസിലാകുന്ന ഭാഷയിൽ പറഞ്ഞും പഠിപ്പിച്ചും തരാൻ അനുഭവസമ്പത്തും സിനിമാമേഖലയിലെ ആഴമായ അറിവും ഉണ്ടായിരുന്ന ധാരാളം അധ്യാപകർ അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഒരുപക്ഷേ, സിനിമാലോകത്തിലേക്ക് കൈപിടിച്ചു നടത്തിയ ആ ഗുരുഭൂതരുടെ അറിവുകളും അനുഭവങ്ങളുമാകാം കൂടുതൽ ഗൗരവത്തോടെ സിനിമയെ സമീപിക്കാൻ അച്ചനെ സഹായിച്ചത്.

ഇത്തരത്തിൽ അച്ചനെ സ്വാധീനിച്ച അധ്യാപകരിൽ പ്രധാനിയാണ് ജോൺ ശങ്കരമംഗലം സാർ. ഇരുപത്തിയഞ്ചു വർഷത്തോളം പൂനെ ഇൻസ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായി പ്രവർത്തിച്ച അദ്ദേഹം സിനിമയുടെ ബാലപാഠങ്ങൾ ഒരു ശിശുവിനു പോലും മനസിലാക്കാൻ കഴിയുംവിധത്തിൽ പറഞ്ഞുതന്നിരുന്നു. സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രാഹ്യം അത് കൃത്യമായും വ്യക്തമായും പകർന്നു നൽകിക്കൊണ്ട് ആ ഗുരുഭൂതൻ തന്റെ ശിഷ്യന്മാരെ നയിച്ചു. ഒപ്പം ശിവപ്രസാദ് സാറും. ബൗദ്ധികമായി സിനിമയെക്കുറിച്ച് സംസാരിക്കാൻ കഴിവുള്ള മറ്റൊരു വ്യക്തിയില്ലായിരുന്നു. കൂടാതെ ലീനസ് സാർ, ഷിജിൻ സാർ ഇവർ എല്ലാവരും നല്ല സിനിമകളുടെ, മഹത്തായ സിനിമകളുടെ ലോകത്തിലേക്കുള്ള വഴികാട്ടികളായിരുന്നു.

എന്തെങ്കിലും കാണിച്ച് സിനിമയെ പഠിപ്പിച്ചവരായിരുന്നില്ല ഈ ഗുരുഭൂതർ. സിനിമയെ ആഴത്തിൽ പഠിച്ചവരും സിനിമാമേഖലയിൽ ദീർഘകാലത്തെ അനുഭവസമ്പത്തുള്ളവരുമായിരുന്നു. അറിവും അനുഭവസമ്പത്തും കൂടെ ചേർന്നപ്പോൾ ഈ ഗുരുഭൂതർക്കൊപ്പമുള്ള വർഷങ്ങൾ സിനിമാവിദ്യാർത്ഥികളായ തങ്ങൾക്ക് അറിവിന്റെ വലിയ ഒരു ലോകത്തേക്കുള്ള തീർത്ഥയാത്ര തന്നെയായിരുന്നു എന്ന് അച്ചൻ ഓർക്കുന്നു.

കൃത്യമായ അറിവും വ്യക്തമായ ബോധ്യങ്ങളും

കൃത്യമായ ഒരു ധാരണയോടെ സിനിമയെ സമീപിച്ചപ്പോൾ ഓരോ കാര്യത്തെ കുറിച്ചും വ്യക്തമായ അറിവുകൾ, അത് ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ വേണമെന്ന്  മനസിലായി. അപ്പോഴാണ് സിനിമയെ കൂടുതൽ പഠിക്കുന്നതിന്റെ ആവശ്യതയെക്കുറിച്ച് കൂടുതൽ മനസിലാകുന്നത്. ഇത്തരത്തിൽ ഗഹനമായ സിനിമാപഠനത്തിന്റെ അനന്തരഫലങ്ങളാണ് കാറ്റിനരികെ ചിത്രത്തെ മനോഹരമാക്കിയതും ചിട്ടയുള്ളതാക്കി തീർത്തതും. കഥയും ഓരോ ഷോട്ടുകളും കഥാപാത്രങ്ങളുടെ അഭിനയങ്ങളും വളരെ കൃത്യതയോടെ ചിട്ടപ്പെടുത്തിയിരിക്കുന്നതിനാൽ തന്നെ കഥ കൃത്യമായി ആളുകളിലേക്ക്‌ എത്തും എന്ന പ്രതീക്ഷയാണുള്ളത്.

ഷോർട്ട് ഫിലിമുകളിൽ നിന്ന് കാറ്റിനരികെ ചിത്രത്തിലേക്ക്

മുൻപ് ഷോർട്ട് ഫിലിമുകളും മറ്റും ചെയ്യുകയും അത് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എങ്കിൽ തന്നെയും ഒരു ഷോർട്ട് ഫിലിം ചെയ്യുന്നതു പോലെ ആയിരുന്നില്ല സിനിമയെ സമീപിച്ചത്. അതിന് വളരെ ദിവസങ്ങളുടെ പരിശ്രമം ആവശ്യമായിരുന്നു. ഓരോ കാര്യങ്ങൾ ക്രമപ്പെടുത്തുന്നതിനായുള്ള നീണ്ട ദിവസങ്ങൾ, ധാരാളം പേരുടെ സഹകരണം ഇവയെ എല്ലാം കോർത്തിണക്കി ഒരു വലിയ സിനിമയിലേക്കുള്ള യാത്ര അൽപം കഠിനമായിരുന്നു എന്നു വേണം പറയാൻ.

സിനിമ എന്നത് ഒരാൾക്ക് തന്നെ ചെയ്തു ഫലിപ്പിക്കാൻ കഴിയുന്ന ഒന്നല്ല. പക്ഷേ, അനേകം ആളുകളുടെ കൂട്ടായ ഒരു പരിശ്രമത്തിലൂടെയാണ് ഇതെല്ലാം യാഥാർത്ഥ്യവൽക്കരിക്കുന്നത്. ഒരു ക്യാമറ വയ്ക്കുമ്പോൾ ലെൻസിലൂടെ കാണുന്ന കാര്യങ്ങൾ കഥയുമായി പൂർണ്ണമായും നീതി പുലർത്തുന്നതായിരിക്കണം. ഓരോ ഫ്രെയിമും എന്ത്? എങ്ങനെ? കമ്മ്യൂണിക്കേറ്റ് ചെയ്യണം എന്ന ബോധ്യം സംവിധായകനെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം അർഹിക്കുന്നതാണ്.

കാറ്റിനരികെ എന്ന ചിത്രത്തിലേക്കുള്ള യാത്രയും ഈ കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അതായത് ഒരു കഥാപാത്രത്തിന്റെ ശരീരഭാഷ കഥയ്ക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ പൂർണ്ണമായും പ്രേക്ഷകന് മനസിലാക്കാൻ കഴിയത്തക്കവിധം കാമറ എവിടെ വയ്ക്കണം എന്ന്  പറഞ്ഞുകൊടുക്കാനുള്ള കെൽപ്പായിരുന്നു തനിക്കാവശ്യം. അത് തന്നാലാവുംവിധം പൂർണ്ണമായും കൊണ്ടുവരാൻ അച്ചൻ ശ്രമിച്ചിട്ടുണ്ട്. ഒപ്പം തന്നെ കഥ എന്ത് സന്ദേശമാണോ ഉൾക്കൊള്ളുന്നത്, ആ സന്ദേശം പരമാവധി കഥാപാത്രങ്ങളിലൂടെ കൈമാറാനുള്ള വലിയ പരിശ്രമം ഞങ്ങളുടെ പക്ഷത്തു നിന്ന് ഉണ്ടായിരുന്നു.

ലോകോത്തര സംവിധായകരോടുള്ള ഇഷ്ടം

നല്ല സിനിമകൾ ചെയ്യണമെന്ന ആഗ്രഹം മനസ്സിൽ സൂക്ഷിച്ചതു കൊണ്ടു തന്നെ ആഗോളതലത്തിൽ സിനിമയെ ഗൗരവത്തോടെ കണക്കിലെടുക്കുകയും പല പരീക്ഷണങ്ങളിലൂടെയും ലോകസിനിമയ്ക്ക് വലിയ സംഭാവനകൾ നൽകുകയും ചെയ്ത സംവിധായകരും അച്ചന്റെ പ്രിയപ്പെട്ട ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

ചലച്ചിത്രഭാഷ കൃത്യമായി സ്ക്രീനിലേക്ക് കൊണ്ടുവന്ന റഷ്യൻ സംവിധായകനായിരുന്നു സെർഗ്ഗി ഐസൻ‌സ്റ്റൈൻ. അദ്ദേഹമായിരുന്നു മൊണ്ടാഷ് തീയറി സിനിമയിലേക്ക് കൊണ്ടുവരുന്നത്. സംഗീതം, നിറങ്ങൾ, ശബ്ദം തുടങ്ങിയവയുടെ സന്നിവേശം കൊണ്ട് ഒരു സന്ദേശത്തെ പ്രേക്ഷകനിലേക്ക് എത്തിക്കാമെന്നും സിനിമയിലൂടെ അത് കൃത്യമായി മനസിലാക്കിത്തന്നതും അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ സിനിമകൾ ഒരു പാഠപുസ്തകമായിരുന്നു.

സാധാരണ മനുഷ്യന് മനസിലാകുന്ന കാര്യങ്ങളും ഒപ്പം വിവിധ ജീവിതയാഥാർത്ഥ്യങ്ങളെ കുറിച്ചും വ്യത്യസ്തമായി ചിത്രങ്ങൾ ചെയ്ത ഇഗ്‌മെർ ബെർഗ്മാൻനും അദ്ദേഹത്തിന്റെ ‘ദി സെവൻത് സീൽ’ എന്ന ചിത്രവും ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു. ദൃശ്യഭാഷയിലേക്ക് ആശയങ്ങളെ പരിവർത്തനം ചെയ്യുമ്പോൾ അതിനെ ജീവനുള്ളതാക്കാൻ എന്തൊക്കെ വേണം? വസ്തുക്കളെ ഉപയോഗിക്കുന്ന രീതി, ക്യാമറ വയ്ക്കുന്ന രീതി ഇവയൊക്കെ മനസിലാക്കാൻ ഇവരുടെ ചിത്രങ്ങൾ ഏറെ സഹായിച്ചിരുന്നു. ജാപ്പനീസ് ഡയറക്ടർ കുറോസവയുടെ ‘ഡ്രീംസ്’, അതീന്ദ്രീയമായ കാര്യങ്ങളെക്കുറിച്ചു മാത്രം സിനിമകൾ ചെയ്തിരുന്ന സംവിധായകൻ ഓസു തുടങ്ങിയവരുടെ ചിത്രങ്ങളും ഒപ്പം തന്നെ 1940-50 കാലഘട്ടത്തിൽ വന്ന നിയോറിയലിസ്റ്റിക് സിനിമകളും അവയിലെ പ്രമേയങ്ങളായ പട്ടിണിയും തൊഴിലില്ലായ്മയും കാണുമ്പോൾ അവയിലെ ഒക്കെ ദൃശ്യഭാഷ സ്വാധീനിച്ചിരുന്നു. ഈ ചിത്രങ്ങളിൽ നിന്നും സംവിധായകരിൽ നിന്നും ലഭിച്ച അറിവുകളുടെ പിൻബലത്തിലാണ് അച്ചൻ കാറ്റിനരികെ ചെയ്യുന്നത്.

സിനിമയുടെ വിവിധ വിഭാഗങ്ങളും ഇഷ്ടങ്ങളും

ഒരു നല്ല ഡയറക്ടറെ സംബന്ധിച്ചിടത്തോളം എല്ലാ തരത്തിലുമുള്ള സിനിമകൾ ചെയ്യാൻ സാധിക്കണം. യഥാർത്ഥ ചലച്ചിത്രകാരന് ഭാവനയും സർഗാത്മകതയും ആവശ്യമാണ്. എങ്കിൽ മാത്രമേ അദ്ദേഹത്തിൽ നിന്നും നല്ല സിനിമകൾ ഉണ്ടാവുകയുള്ളൂ. തന്റെ ഭാവനയിൽ മെനഞ്ഞെടുക്കുന്ന ആശയങ്ങളെ ജീവിതാനുഭവങ്ങളുമായി കോർത്തിണക്കുമ്പോഴാണ് ജീവിതഗന്ധിയായ ചിത്രങ്ങൾ രൂപം കൊള്ളുന്നത്. ജീവിതാനുഭവങ്ങളുടെ പിൻബലമില്ലാത്ത സിനിമകൾക്ക് നിലനിൽപ്പില്ല എന്നതും വലിയ ഒരു വസ്തുതയാണ്. ഈ ആശയങ്ങൾ എങ്ങനെയാണ് നമ്മുടെ മനസ്സിൽ വരുന്നതെന്ന് പറയാൻ പറ്റില്ല. ചിലപ്പോൾ കോമഡിയാകാം, മറ്റു ചിലപ്പോൾ മറ്റു പല വിഭാഗങ്ങളിൽ പെടുന്നതുമാകാം.

ഏതു സിനിമയും അത് ചെയ്യേണ്ടതു പോലെ ചെയ്യാൻ ബാദ്ധ്യസ്ഥനാണ് ഒരു യഥാർത്ഥ ചലച്ചിത്രകാരൻ. അതിനാൽ തന്നെ ഏതെങ്കിലും ഒരു വിഭാഗത്തിൽപെടുന്ന ചിത്രങ്ങൾ മാത്രമേ ചെയ്യുകയുള്ളൂ എന്ന ചിന്തകൾ ഒന്നും തന്നെയില്ല. താൻ ആയിരിക്കുന്ന സാഹചര്യത്തിൽ തന്നിൽ നിന്നും പ്രതീക്ഷിക്കപ്പെടുന്ന ഒരു ചിത്രീകരണശൈലി ഉണ്ട്. ആ ചിത്രീകരണശൈലിയിൽ ചെയ്യേണ്ടതെന്തും ചെയ്യാൻ താനെന്ന ചലച്ചിത്രകാരൻ ബാദ്ധ്യസ്ഥനാണ്. അതിൽ സീരിയസായ കാര്യങ്ങൾ ഉണ്ടാകാം. തമാശയും പ്രണയവും കലഹങ്ങളും ഒക്കെ ഉണ്ടാകാം എന്ന് ഈ വൈദികൻ വെളിപ്പെടുത്തുന്നു.

കാറ്റിനരികെയുടെ മേക്കിങ് 

വാഗമണ്ണിലെ പ്രകൃതിസൗന്ദര്യത്തിൽ ലയിച്ചിരിക്കുന്ന സമയത്താണ് കാറ്റിനരികെ എന്ന ചിത്രം മനസിലേയ്ക്ക് ഇടിച്ചുകയറിയെത്തുന്നത്. ഒരു അമ്മയും രണ്ടു കുട്ടികളും, താൻ ആയിരിക്കുന്ന മലയുടെ അപ്പുറത്തുള്ള മലയിലേക്കു കയറിപ്പോവുകയാണ്. ഈ സംഭവത്തോടൊപ്പം ഞാൻ ആയിരിക്കുന്ന സാഹചര്യങ്ങളിലെ അനുഭവങ്ങളും കൂടെ ചേർത്തുവയ്ക്കപ്പെട്ടപ്പോഴാണ് അത് കഥയിലേക്ക്‌ വികസിക്കുന്നത്. ഈ അവസരത്തിൽ സുഹൃത്തായ ആന്റണി അച്ചനോട് സംസാരിച്ച് അദ്ദേഹത്തിന്റെ അനുഭവങ്ങളും കൂട്ടിച്ചേർക്കുകയാണ്. വീണ്ടും സ്മിറിന്‍ എന്ന സുഹൃത്തുമായി സംസാരിക്കുന്നു. അവിടെയും കുറച്ച് കൂട്ടിച്ചേർക്കലുകൾക്കു വിധേയമായി. ഒപ്പം എംജി യൂണിവേഴ്‌സിറ്റിയിലെ അച്ചന്റെ പി.എച്ച്.ഡി ഗൈഡ് ആയ ഡോ. ജോസ് കെ. മാനുവൽ സാറിന്റെ നിർദ്ദേശപ്രകാരമുള്ള തിരുത്തലുകളും ചെയ്ത ശേഷമാണ് കാറ്റിനരികെയുടെ തിരക്കഥ പൂർണ്ണമാകുന്നത്.

അതിനു ശേഷമാണ് ഈ കഥയ്ക്ക് പറ്റിയ കഥാപാത്രത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്. ആദ്യം തന്നെ മനസിലേക്ക് ഓടിയെത്തിയത് അശോകേട്ടൻ ആയിരുന്നു. അതായത് കഥയിലെ പ്രധാന കഥാപാത്രമായ ജോണിയെ അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി അദ്ദേഹമെന്ന് ആദ്യം തന്നെ മനസ്സിൽ തോന്നിയിരുന്നു. അദ്ദേഹത്തെ അകലെ നിന്ന് കണ്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഏതാണ്ട് ഈ സമയത്ത്ത്തു തന്നെയാണ് അദ്ദേഹം എറണാകുളത്ത് വരുന്നത്. കഥ കേൾക്കാൻ സമയം അനുവദിച്ചു. കഥ പറഞ്ഞു കേൾപ്പിക്കുകയും അദ്ദേഹത്തിന് കഥ ഇഷ്ടപ്പെടുകയും അഭിനയിക്കാൻ സമ്മതിക്കുകയുമായിരുന്നു. അങ്ങനെ പ്രധാന കഥാപാത്രമായി. ബാക്കിയുള്ള കഥാപാത്രങ്ങൾ പിന്നീട് വന്നുചേരുകയായിരുന്നു.

അടുത്തതായി മുന്നിലുണ്ടായിരുന്ന വെല്ലുവിളി ആവശ്യമായ സാമ്പത്തികം കണ്ടെത്തുക എന്നതായിരുന്നു. ഒരു സിംഗിൾ ഹാൻഡഡ്‌ പ്രൊഡ്യൂസർ ഇല്ലാതെയാണ് അച്ചൻ സിനിമ തുടങ്ങിയത് എങ്കിലും ‘ദി ലാസ്റ്റ് ഡ്രോപ്പ്’ എന്ന അച്ചന്റെ ഷോർട് ഫിലിം അദ്ദേഹത്തെ ഏറെ സഹായിച്ചിരുന്നു. സുഹൃത്തുക്കളുടെയും മറ്റും സഹായത്തോടെ ആവശ്യമായ പണം കണ്ടെത്തി. തുടർന്ന് മറ്റുകാര്യങ്ങൾ എല്ലാം കൃത്യമായി ക്രമപ്പെടുത്തി. ഓരോരുത്തർക്കും കൃത്യമായ വർക്കുകൾ അസൈൻ ചെയ്തു നൽകി. രണ്ടു കുട്ടികൾ ഈ സിനിമയുടെ ഭാഗമായി മാറിയിരുന്നു. അവരെ തിരഞ്ഞെടുത്തതും ഒഡീഷനിലൂടെ തന്നെയാണ്. ഒപ്പം തന്നെ കഥയ്ക്ക് യോജിച്ച ലൊക്കേഷൻ കണ്ടെത്തുകയും ചെയ്തു. അതിനായി അച്ചനും സ്മിറിനും ഒത്തിരി യാത്രകൾ നടത്തിയിരുന്നു.

ആദ്യം അമ്മയെയും കുട്ടികളെയും അച്ചൻ കണ്ട സ്ഥലത്തു നിന്നു തന്നെ തിരഞ്ഞെടുക്കാം എന്ന് കരുതിയെങ്കിലും അത് ശ്രമകരമായ ഒന്നായി മാറുമെന്നു തോന്നിയതിനാൽ ഉപേക്ഷിച്ചു. ഒടുവിൽ കൃത്യമായ ഒരു സ്ഥലം കണ്ടെത്തി. അത് ഗവണ്മെന്റിന്റെ കീഴിലുള്ള സ്ഥലമായതിനാൽ തന്നെ അധികൃതരുടെ അനുവാദം വാങ്ങുന്നതിനായി അൽപം ഓടേണ്ടിവന്നു. എങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു. ഒരുപക്ഷേ, ഒരു നല്ല ആശയത്തെ പ്രേക്ഷകനിലെത്തിക്കുക എന്ന നിയോഗത്തിനായി ദൈവത്തിന്റെ പ്രത്യേക ഇടപെടൽ പോലെ ആയിരുന്നു ഓരോ കാര്യങ്ങളും നടന്നത് എന്ന് അച്ചൻ ഓർക്കുന്നു.

അന്ന് എല്ലാ കാര്യങ്ങളും ഭംഗിയായി ചെക്ക് ചെയ്തു മുന്നോട്ടു പോയി. മനുഷ്യൻ മാത്രമല്ല, ഈ സിനിമയിൽ ഉണ്ടായിരുന്ന റാണി ആടും കുട്ടികളും വളരെ മികച്ച സംഭാവനകളാണ് ഈ സിനിമയ്ക്ക് നൽകിയതെന്ന് അച്ചൻ ഓർക്കുന്നു. ഒരു മൃഗമായിരിക്കെ തന്നെ അവരിൽ നിന്ന് എന്ത് ഈ സിനിമയ്ക്ക് കിട്ടണം എന്ന് ആഗ്രഹിച്ചുവോ അതൊക്കെ അവർ ചെയ്തു എന്ന് അച്ചൻ വെളിപ്പെടുത്തുന്നു. അങ്ങനെ 38 ദിവസത്തെ ഷൂട്ടിങ് വളരെ കൃത്യമായും പ്ലാനിങ്ങോട് കൂടിയും നടന്നു.

‘കാറ്റിനരികെ’ ചിത്രവും പ്രതീക്ഷകളും

ചിത്രീകരണവും മറ്റു എഡിറ്റിംഗ് വർക്കുകളും എല്ലാം പൂർത്തിയാക്കി കാറ്റിനരികെ എന്ന ചിത്രം റിലീസ് ചെയ്തു. വളരെ ചെറിയ ഒരു പ്ലോട്ടിൽ നിന്നും ഒരു സാധാരണ കുടുംബത്തിന്റെ കഥയെക്കുറിച്ചു പറയുന്ന ഈ ചിത്രം ലക്ഷ്യം വയ്ക്കുന്നത്, കുടുംബത്തിന്റെ നന്മകളെ ഒന്നുകൂടെ ഒന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു. ആ ലക്ഷ്യം വിജയിച്ചു എന്ന് പ്രേക്ഷകരുടെ പ്രതികരണത്തില്‍ നിന്നും മനസിലായി. ദൈവത്തിനും സഹപ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും നന്ദി പറയുകയാണ് അച്ചന്‍.

ഭാവിപരിപാടികൾ

അടുത്ത ചിത്രത്തിന്റെ തിരക്കഥ ഏകദേശം ആയിട്ടുണ്ടെന്നും അത് ഒരു യുവജന കേന്ദ്രീകൃത സിനിമയായിരിക്കും എന്നും അച്ചൻ വെളിപ്പെടുത്തി. ഒരുപാട് മൂല്യങ്ങൾ, പ്രത്യേകിച്ചും ആധുനിക കുടുംബങ്ങൾക്ക് വഴികാട്ടിയാകുന്ന മൂല്യങ്ങൾ ഉൾക്കൊള്ളുന്ന സിനിമയായിരുന്നു കാറ്റിനരികെ. പുതിയ സിനിമയും മനുഷ്യനന്മയെയാണ് ലക്ഷ്യം വയ്ക്കുന്നത്. നല്ല സിനിമകൾക്ക് ഉറച്ച പിന്തുണ നമുക്കും നൽകാം.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.