ഗ്രിഗർ ജൊഹാൻ മെൻഡൽ: കത്തോലിക്കാ വൈദികൻ | ശാസ്ത്രജ്ഞൻ | സന്യാസി

മരിയ ജോസ് 
മരിയ ജോസ്

സ്‌കൂൾ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഏതൊരു വിദ്യാർത്ഥിക്കും സുപരിചിതമായ ഒരു പേരാണ് ഗ്രിഗർ ജൊഹാൻ മെൻഡൽ. ജനിതകശാസ്ത്രത്തിന്റെ പിതാവാണ് അദ്ദേഹം. എന്നാൽ അദ്ദേഹം ഒരു കത്തോലിക്കാ സന്യാസ വൈദികൻ ആയിരുന്നു എന്നത് അധികമാർക്കും അറിവില്ലാത്ത കാര്യമാണ്. നലം തികഞ്ഞ സന്യാസിയും കത്തോലിക്കാ വൈദികനും അറിയപ്പെടുന്ന ശാസ്ത്രജ്ഞനുമായ ഫാ. ഗ്രിഗർ ജൊഹാൻ മെൻഡലിന്റെ ഇരുനൂറാം ജന്മദിനമാണ് ഇന്ന്. തന്റെ എളിമ നിറഞ്ഞ ജീവിതത്തിലൂടെ ക്രൈസ്തവലോകത്തെയും ശാസ്ത്രലോകത്തെയും കീഴടക്കിയ ആ വൈദികന്റെ ജീവിതത്തിലൂടെ കടന്നുപോകാം…

കർഷക കുടുംബത്തിൽ നിന്ന് പൗരോഹിത്യത്തിലേക്ക് 

സ്ട്രിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഹീൻസെൻഡ്രോഫ് ബീ ഓദ്രാവിലെ ഒരു ജർമ്മൻ കുടുംബത്തിൽ 1822 ജൂലൈ ഇരുപതാം തീയതിയാണ് മെൻഡൽ ജനിച്ചത്. ആന്റൻ മെൻഡലും റോസീൻ മെൻഡലും ആയിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. വെറോണിക്ക എന്ന ചേച്ചിയും തെരേസിയ എന്ന അനുജത്തിയും ആയിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കുറെ വർഷത്തോളം കുടുംബത്തിന്റെ വകയായിരുന്ന ഒരു കൃഷിയിടത്തിൽ താമസിച്ചും ജോലി ചെയ്തും അദ്ദേഹം വളർന്നു. തേനീച്ചവളർത്തലും പൂന്തോട്ടനിർമ്മാണവും തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി അദ്ദേഹം ഒപ്പം കൊണ്ടുപോയി.

ക്രൈസ്തവ വിശ്വാസത്തിൽ ആഴപ്പെട്ട ഒരു കുടുംബമായിരുന്നു മെൻഡലിന്റേത്. മാതാപിതാക്കളിൽ നിന്ന് പകർന്നുകിട്ടിയ ആഴമായ ക്രൈസ്തവ വിശ്വാസവും ചിട്ടയായ ജീവിതവും ഒരു വൈദികനാകുക എന്ന ആഗ്രഹത്തിലേക്ക് ആ ബാലനെ വളർത്തി. ഒപ്പം മെൻഡലിന്റെ വീട്ടിൽ ലിവിങ് റൂമിൽ സ്ഥാപിച്ചിരുന്ന ‘നിന്റെ ഇഷ്ടം നിറവേറട്ടെ’ എന്ന എഴുത്തും പരിശുദ്ധ ത്രീത്വത്തെ സൂചിപ്പിക്കുന്ന മൂന്നു വലയങ്ങളും അദ്ദേഹത്തിന്റെ ഉള്ളിലെ ആത്മീയതയെ ശക്തിപ്പെടുത്തി.

പഠനത്തിലും മറ്റും മികവ് പുലർത്തിയ മെൻഡലിന് തങ്ങളാൽ കഴിയുംവിധം മികച്ച വിദ്യാഭ്യാസം നൽകാൻ മാതാപിതാക്കൾ ശ്രദ്ധിച്ചു. 1840-43 കാലത്ത് അദ്ദേഹം ഒലോമൂക്കിലെ തത്വശാസ്ത്ര വിദ്യാലയത്തിൽ പഠിച്ചു. 1843-ൽ തന്റെ ഊർജ്ജതന്ത്ര അധ്യാപകന്റെ നിർദ്ദേശാനുസരണം അദ്ദേഹം ബ്രുനോയിലെ വി. തോമസിന്റെ അഗസ്തീനിയൻ ആശ്രമത്തിൽ പ്രവേശിച്ചു. നേരത്തെ ജോഹാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം സന്യാസ സ്വീകരണത്തോടെ ഗ്രിഗർ എന്ന പേര് സ്വീകരിച്ചു. സന്യാസ പരിശീലനത്തോടൊപ്പം കൃഷിയിലും അദ്ദേഹം പഠനങ്ങൾ തുടർന്നു. 1851-ൽ ആശ്രമാധിപൻ സി.എഫ്. നാപ്പ് മുൻകൈയ്യെടുത്ത് അദ്ദേഹത്തെ വിയന്നാ സർവ്വകലാശാലയിലേക്ക് അയച്ചു. അവിടെ മെൻഡലിന്റെ ഊർജ്ജതന്ത്ര അധ്യാപകനായിരുന്നത്, ഡോപ്ലർ എഫക്ട് എന്ന പ്രതിഭാസം കണ്ടെത്തിയ ക്രിസ്‌ട്യൻ ഡോപ്ലർ ആയിരുന്നു.

1853-ൽ തന്റെ ആശ്രമത്തിൽ മെൻഡൽ അധ്യാപകനായി മടങ്ങിയെത്തി. പ്രധാനമായും ഊർജ്ജതന്ത്രമാണ് അദ്ദേഹം പഠിപ്പിച്ചിരുന്നത്. ഇതിനൊക്കെ പുറമേ ജ്യോതിശാസ്ത്രവും കാലാവസ്ഥാശാസ്ത്രവും പഠിച്ച അദ്ദേഹം, ഓസ്ട്രിയൻ കാലാവസ്ഥാ പഠനസംഘത്തിന്റെ സ്ഥാപകൻ കൂടിയായി. അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട രചനകളിൽ ഭൂരിഭാഗവും കാലാവസ്ഥാ പഠനത്തെ സംബന്ധിച്ചാണ്. 1867-ൽ നാപ്പിനെ പിന്തുടർന്ന് മെൻഡൽ ആശ്രമാധിപനായി.

പയറുചെടികളിലൂടെ ശാസ്ത്രലോകത്തേക്ക് 

ആധുനിക ജനിതകശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന മെൻഡലിന്, സസ്യജാതികളിലെ സ്വഭാവ വ്യതിയാനങ്ങളെക്കുറിച്ചുള്ള പഠനത്തിനു പ്രചോദനം കിട്ടിയത് സർവ്വകലാശാലയിലെ അധ്യാപകരിലും ആശ്രമത്തിലെ സഹപ്രവർത്തകരിൽ നിന്നുമാണ്. ആശ്രമത്തിന്റെ വകയായ രണ്ടു ഹെക്ടർ സ്ഥലത്തെ ഗവേഷണോദ്യാനമാണ് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുടെ വേദിയായത്. ഈ ഉദ്യാനം ആശ്രമാധിപൻ നാപ്പ്, 1830-ൽ ഉണ്ടാക്കിയതായിരുന്നു. 1856-നും 1863-നും ഇടയ്ക്ക് “പൈസം സറ്റൈവം” എന്ന ജാതിയിൽപെട്ട 29,000-ത്തോളം പയറുചെടികൾ അദ്ദേഹം നിരീക്ഷണപരീക്ഷണങ്ങൾക്കായി വളർത്തിയിരുന്നു.

ഉയരമുള്ള പയർ ചെടിയെ ഉയരം കുറഞ്ഞ പയർ ചെടിയുമായി ക്രോസ് ചെയ്തപ്പോൾ അദ്ദേഹത്തിന് ലഭിച്ചത് ഉയരം കൂടിയ ചെടികളായിരുന്നു. എന്നാൽ രണ്ടാം തലമുറയിലെ ചെടികൾ തമ്മിൽ ക്രോസ് ചെയ്തപ്പോൾ നാലിലൊന്നു വീതം ഉയരം കുറഞ്ഞ ചെടികൾ ഉണ്ടായി. ഈ സമയമൊക്കെയും പ്രാണികൾ വഴി പരാഗണം നടക്കാതിരിക്കാൻ അദ്ദേഹം ചെടികളെ പ്രത്യേകമായ വിധത്തിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്നു.

ഏകദേശം ഏഴു വർഷത്തോളമെടുത്താണ് അദ്ദേഹം തന്റെ നിരീക്ഷണങ്ങളും ഗവേഷണങ്ങളും പൂർത്തിയാക്കിയത്. ഈ പരീക്ഷണങ്ങൾ മെൻഡലിനെ “വേർപിരിയൽ നിയമം” (Law of Segregation) “സ്വതന്ത്ര തരംതിരിവു നിയമം” (Law of Independent Assortment) എന്നീ ആശയങ്ങളിലേക്കു നയിച്ചു. മെൻഡലീയ പാരമ്പര്യ ശാസ്ത്രത്തിന്റെ അടിസ്ഥാനപ്രമാണങ്ങളായിത്തീർന്നു ഈ നിയമങ്ങൾ.

പയറുചെടികളിലെ പരീക്ഷണം പൂർത്തിയായപ്പോൾ തന്റെ കണ്ടെത്തലിന്റെ പ്രവർത്തനം ജന്തുലോകത്ത് നിരീക്ഷിക്കാനായി മെൻഡൽ തേനീച്ചകളിലേക്ക് ശ്രദ്ധ തിരിച്ചു. ഒരു സങ്കരവർഗ്ഗത്തെ സൃഷ്ടിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ഏറെ അക്രമസ്വഭാവം കാട്ടിയ അവയെ പിന്നീട് നശിപ്പിക്കേണ്ടി വന്നു. എന്നാൽ റാണി ഈച്ചകളുടെ ഇണചേരൽ പെരുമാറ്റത്തെ നിയന്ത്രിക്കുന്നതിലുണ്ടായ ബുദ്ധിമുട്ടുകൾ മൂലം, ഈ പരീക്ഷണങ്ങളിൽ കൃത്യമായ നിഗമനങ്ങളിൽ എത്തിച്ചേരാൻ അദ്ദേഹത്തിനായില്ല. പുതിയ പല സസ്യജാതികളേയും അദ്ദേഹം കണ്ടെത്തി.

അവഗണിക്കപ്പെട്ട നാളുകൾ

ഗ്രിഗർ മെൻഡൽ 1865 ഫെബ്രുവരി എട്ടിനാണ് ആദ്യമായി തന്റെ ഗവേഷണഫലങ്ങൾ ഒരു സമിതിയുടെ മുന്നിൽ അവതരിപ്പിക്കുന്നത്. എഴുതി തയ്യാറാക്കിയ നൂറോളം പേജുകൾ. ഏകദേശം രണ്ടു ദിവസത്തോളമെടുത്തു ആ പ്രബന്ധം അവതരിപ്പിക്കാൻ. പക്ഷേ, നിരാശയായിരുന്നു ഫലം. ആ സദസിൽ ഉണ്ടായിരുന്ന പലർക്കും അദ്ദേഹത്തിന്റെ ഗവേഷണത്തിന്റെ അർത്ഥമോ, പ്രാധാന്യമോ മനസിലാക്കാൻ കഴിഞ്ഞില്ല. ബ്ര്യൂൺ നഗരത്തിലെ ഒരു പത്രത്തിൽ അദ്ദേഹത്തിന്റെ ഗവേഷണഫലം അച്ചടിച്ചുവന്നതു മാത്രമാണ് അദ്ദേഹത്തിന് ജീവിതകാലത്ത് ലഭിച്ച ഏക അംഗീകാരം.

ജൈവപാരമ്പര്യത്തെ എന്നതിനു പകരം സസ്യപ്രജനനത്തെ മാത്രം സംബന്ധിച്ച ഗവേഷണ പ്രബന്ധമായി അദ്ദേഹത്തിന്റെ ഗവേഷണ ഗ്രന്ഥം വിലയിരുത്തപ്പെട്ടതിനാൽ അത് പൊതുവെ അവഗണിക്കപ്പെട്ടു. അടുത്ത മുപ്പത്തിയഞ്ചു വർഷത്തിനിടെ മൂന്നു പ്രാവശ്യം മാത്രമാണ് ആ പ്രബന്ധം ഉദ്ധരിക്കപ്പെട്ടത്. മെൻഡലിന്റെ പ്രബന്ധത്തെക്കുറിച്ച് പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിൻ കേട്ടിരുന്നില്ലെന്ന് ജേക്കബ് ബ്രൊണോസ്കി “മനുഷ്യന്റെ ആരോഹണം”(The Ascent of Man) എന്ന കൃതിയിൽ പറയുന്നു.

പ്രതിസന്ധികൾക്കിടയിലെ അവസാന കാലഘട്ടം

1868-ൽ ആശ്രമാധിപനായ ശേഷം ഭരണപരമായ ഉത്തരവാദിത്വങ്ങൾ തന്റെ പരീക്ഷണങ്ങളിൽ ഏറെ ശ്രദ്ധ ചെലുത്തുന്നതിൽ നിന്ന് മെൻഡലിനെ തടഞ്ഞു. മതപരമായ സ്ഥാപനങ്ങളുടെമേൽ ഒരു പുതിയ നികുതി ചുമത്താനുള്ള തീരുമാനത്തിന്റെ പേരിൽ സിവിൽ അധികാരികളുമായുണ്ടായ ഒരു തർക്കവും അദ്ദേഹത്തിന്റെ ഏറെ സമയം അപഹരിച്ചു. നിശ്ചയദാർഢ്യത്തോടെ, പുതിയ നിയമത്തിന്റെ ആദ്യ ദിവസം മുതൽ മരണം വരെ അദ്ദേഹം അനീതിപരമായ ആ നികുതി നൽകുന്നത് നിരസിച്ചു. ഈ ക്ഷീണിപ്പിക്കുന്ന പോരാട്ടം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങളെ ഇരുട്ടിലാക്കി. സർക്കാരുമായുള്ള തർക്കങ്ങളിൽ മുന്നോട്ടുപോകാൻ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തിയ സ്വന്തം സഹോദരസന്യാസിമാർ പോലും തന്നെ തെറ്റിധരിക്കുന്നതായി അദ്ദേഹത്തിനു തോന്നി.

അദ്ദേഹത്തിന്റെ മരണത്തിന് ഏതാനും വർഷങ്ങൾക്കു ശേഷം ഓസ്ട്രിയൻ സർക്കാർ അദ്ദേഹത്തിന്റെയും മറ്റ് ആശ്രമങ്ങളുടെയും നികുതി പിൻവലിച്ചു. നേരത്തെ ലഭിച്ച ചില നികുതികൾ പോലും അവർ തിരിച്ചടച്ചു. മെൻഡൽ തന്റെ അവസാന വർഷങ്ങളിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ, അത്തരം അനീതികൾ തന്നെ എത്രത്തോളം ഗുരുതരമായി ബാധിച്ചു എന്ന് വെളിപ്പെടുത്തിയിരുന്നു. അപകീർത്തിയും പീഡനങ്ങളും അവഗണനയും ഉണ്ടായപ്പോഴും ഒറ്റപ്പെടുന്ന അവസ്ഥ ഉണ്ടായപ്പോഴും അവയെ ഒക്കെ ക്രിസ്തുവിന്റെ സഹനങ്ങളോട് ചേർത്തുവച്ച് അദ്ദേഹം മറികടന്നു. സർക്കാരുമായുള്ള നിയമയുദ്ധങ്ങളുടെ പ്രയാസങ്ങൾക്കൊപ്പം തന്റെ ഗവേഷണങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയതും അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. കാരണം വരുംതലമുറയ്ക്ക് അവ എത്രത്തോളം വിലപ്പെട്ടതാണ് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

1884 ജനുവരി ആറിന് കടുത്ത നെഫ്രൈറ്റിസ് രോഗം ബാധിച്ച മെൻഡൽ, തന്റെ ആശ്രമത്തിൽ വച്ച് 61-മത്തെ വയസിൽ അന്തരിച്ചു.

‘എന്റെ സമയം വരും’

മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുമ്പ് അദ്ദേഹം ആശ്രമത്തിലെ നോവീസിനോടു പറഞ്ഞു: “എന്റെ ജീവിതകാലത്ത് ഞാൻ ചില ഇരുണ്ട മണിക്കൂറുകളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും മനോഹരമായ മണിക്കൂറുകൾ ഇരുണ്ട സമയങ്ങളേക്കാൾ കൂടുതലായതിൽ ഞാൻ നന്ദിയുള്ളവനാണ്. ഇതുവരെ എന്റെ ശാസ്ത്രീയപ്രവർത്തനം എനിക്ക് വലിയ സന്തോഷവും സംതൃപ്തിയും നൽകി. എന്റെ ജോലിയുടെ ഫലങ്ങളും അർത്ഥവും ലോകം മുഴുവനും വിലമതിക്കാൻ അധികം സമയമെടുക്കില്ലെന്ന് എനിക്ക് ബോധ്യമുണ്ട്. വൈകാതെ തന്നെ എന്റെ സമയം വരും.” മെൻഡലിന്റെ ഈ വാക്കുകൾ അർത്ഥവത്തായിത്തീരുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. ജീവിതകാലത്ത് അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ ലോകം അംഗീകരിച്ചില്ലെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ മെൻഡലിന്റെ കണ്ടുപിടിത്തങ്ങളിലേക്ക് ശാസ്ത്രലോകം ഉറ്റുനോക്കിത്തുടങ്ങി.

ഒരു തലമുറയിൽ പ്രത്യക്ഷപ്പെട്ട്, അടുത്തതിൽ മറഞ്ഞിരുന്ന്, അതിനടുത്തതിൽ വീണ്ടും പ്രത്യക്ഷപ്പെടുന്ന സ്വഭാവങ്ങളുടെ നൈരന്തര്യരഹിതമായ പിന്തുടർച്ചയെ (Discontinuous inheritance) വിശദീകരിക്കാൻ വേണ്ടി നടത്തിയ ഗവേഷണങ്ങൾ 1900-ത്തോടെ, ഹൂഗോ ഡീവ്രീസിനെയും കാൾ കോറൻസിനെയും മെൻഡലിന്റെ പ്രബന്ധത്തിലേക്കും മെൻഡലീയ നിയമങ്ങളിലേക്കും നയിച്ചു. അവരിരുവരും മെൻഡലിനെ തങ്ങളുടെ പൂർവ്വഗാമിയായി ഏറ്റുപറഞ്ഞു. തന്റെ തന്നെ ഗവേഷണത്തിന്റെ ഫലങ്ങൾ ഡീവ്രീസിനു മനസിലായത് മെൻഡലിന്റെ ഗവേഷണഫലങ്ങൾ വായിച്ചതിനു ശേഷമാണെന്നു കരുതപ്പെടുന്നു. പുതിയ ഗവേഷണങ്ങളിൽ മെൻഡലിന്റെ കണ്ടെത്തലുകൾ ആവർത്തിക്കപ്പെട്ടതോടെ പാരമ്പര്യബന്ധങ്ങൾ സ്ഥിരീകരിക്കപ്പെട്ടു. ജീവശാസ്ത്രജന്മാർ പുതിയ സിദ്ധാന്തത്തിലേക്ക് പെട്ടെന്ന് ആകർഷിക്കപ്പെട്ടു. വില്യം ബേറ്റ്സനാണ് മെൻഡലീയ പാരമ്പര്യനിയമങ്ങൾക്കു കിട്ടിയ സമ്മതിയുടെ മുഖ്യകാരണക്കാരൻ.

എളിമയുടെയും മനുഷ്യത്വത്തിന്റെയും മൂർത്തീരൂപം

ശാസ്ത്രീയമായ ഗവേഷണങ്ങൾക്കിടയിലും ദൈവത്തിൽ നിന്ന് അകലുന്നതിനോ, സന്യാസ സമൂഹത്തിന്റെ നിയമങ്ങൾ അനുസരിക്കുന്നതിൽ നിന്നോ വിട്ടുനിൽക്കുന്നതിന് ഫാ. ഗ്രിഗർ മെൻഡൽ ശ്രമിച്ചിരുന്നില്ല. എല്ലാം ഒപ്പത്തിനൊപ്പം കൊണ്ടുപോകുന്ന ഈ വൈദികൻ സന്യാസാർത്ഥികൾക്കും പുതിയതായി വൈദികവൃത്തിയിലേക്ക് കടന്നുവരുന്നവർക്കും ഒരു മാതൃകയായിരുന്നു. അദ്ദേഹത്തിന്റെ എളിമയും സഹായമനസ്കതയും ആശ്രമത്തിലെ മറ്റുള്ളവർക്കിടയിലും മതിപ്പുളവാക്കിയിരുന്നു.

തന്റെ പക്കൽ സഹായം ചോദിച്ചുവരുന്ന ആരെയും വെറുംകൈയ്യോടെ മെൻഡൽ തിരിച്ചയച്ചിരുന്നില്ല. എത്ര തിരക്കായാലും തന്നാലാകുംവിധം മറ്റുള്ളവരെ സഹായിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ഒപ്പം സ്വതസിദ്ധമായ ശൈലിയിലുള്ള തമാശകളിലൂടെ അദ്ദേഹം കൂടെയുള്ളവരെ ചിരിപ്പിച്ചിരുന്നു. സാഹചര്യങ്ങൾക്കനുസൃതമായ തമാശകൾ അദ്ദേഹത്തോടൊപ്പമുള്ള ജീവിതം സന്തുഷ്ടമാക്കാൻ സഹപ്രവർത്തകരെയും സഹായിച്ചു എന്നു വേണം പറയാൻ.

ചുരുക്കിപ്പറഞ്ഞാൽ അറിവിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴും ദൈവത്തെയും മനുഷ്യരെയും ഒരുമിച്ച് സേവിച്ചുകൊണ്ട്, ലോകത്തിൽ തന്റേതായ സംഭാവനകൾ നൽകിക്കൊണ്ട് യാത്രയായ ഒരു മഹനീയവ്യക്തിത്വമാണ് ഫാ. ഗ്രിഗർ മെൻഡൽ. വൈകിയെങ്കിലും എന്ന് ലോകം തിരിച്ചുനൽകുന്ന ആദരവിനും ബഹുമതിക്കും അർഹനായി ഫാ. ഗ്രിഗർ മെൻഡൽ തന്റെ പ്രയാണം തുടരുകയാണ്; മരണശേഷവും.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.