മൊളോക്കോ ദ്വീപിലെ പുണ്യാളൻ

ഫാ. റിന്റോ പയ്യപ്പിള്ളി
ഫാ. റിന്റോ പയ്യപ്പിള്ളി

എല്ലാവരെയും സഹായിച്ചിട്ട് ഒടുക്കം ഒരാവശ്യം വന്നപ്പോ ആരും കൂടെയില്ല എന്നൊരു തോന്നൽ ഉണ്ടായിട്ടുണ്ടോ? അതുവരെ ചെയ്തുകൊടുത്തതൊക്കെ വെറുതെ ആയിപ്പോയി എന്നു തോന്നിച്ച നിമിഷങ്ങൾ, അല്ലേലും എന്റെ കാര്യം വരുമ്പോ ആരും ഉണ്ടാവില്ല എന്നു വിഷമിച്ച സമയങ്ങൾ, എന്നെ മനസിലാക്കാൻ പോലും ആരുമില്ല ചിന്തിച്ച നേരങ്ങൾ…

ദാ, ആ മനുഷ്യൻ അന്ന് പ്രസംഗിക്കാൻ കയറിയേക്കുകയാണ്. വെറും 47 വയസ് മാത്രം പ്രായമുള്ളൊരു വൈദികൻ. ഞായറാഴ്ച പ്രസംഗമാണ്. മുൻപിൽ കൈകളും കാലുകളുമൊക്കെ അറ്റുപോയ, ശരീരം മുഴുവൻ കുഷ്ഠരോഗത്തിന്റെ വൃണങ്ങൾ ബാധിച്ച മനുഷ്യർ. പന്ത്രണ്ടു വർഷമാവുന്നു അയാൾ അവരുടെയൊപ്പം കൂടിയിട്ട്. അന്നു വരെ എപ്പോഴൊക്കെ പ്രസംഗിച്ചുവോ അപ്പോഴൊക്കെ പ്രസംഗം തുടങ്ങിയിരുന്നത് ‘എന്റെ സഹോദരങ്ങളേ…’ എന്നായിരുന്നു. എന്നാൽ അന്നത്തെ ദിനത്തിൽ ആ വൈദികൻ തുടങ്ങിയത് മറ്റൊന്ന് പറഞ്ഞായിരുന്നു – “നമ്മൾ കുഷ്ഠരോഗികളെ ദൈവം സ്നേഹിക്കുന്നു.”

മുൻപിലിരുന്ന ജനം ഞെട്ടലോടെ തിരിച്ചറിഞ്ഞു, കഴിഞ്ഞ പന്ത്രണ്ടു കൊല്ലം തങ്ങൾക്കു വേണ്ടി ജീവിച്ച, ഒരുപാട് അദ്ധ്വാനിച്ച, എന്നും ബലിയർപ്പിച്ചു പ്രാർത്ഥിച്ച തങ്ങളുടെ പ്രിയപ്പെട്ട വൈദികനും കുഷ്ഠരോഗം ബാധിച്ചിരിക്കുന്നു. ആ പന്ത്രണ്ടു വർഷങ്ങൾ; എളുപ്പമായിരുന്നില്ല അത്. ഒരാളും പോകാൻ ധൈര്യപ്പെടാത്ത ഒരിടം, എഴുന്നൂറിൽ പരം കുഷ്ഠരോഗികൾ, അവരുടെ കുമ്പസാരം, ആ രോഗികൾ മരിക്കുമ്പോൾ അയാൾ കുത്തിയ നൂറുകണക്കിന് ശവക്കുഴികൾ, ആ പാവങ്ങൾക്കു വേണ്ടി അയാൾ പണിത നൂറുകണക്കിന് വീടുകൾ… അങ്ങനെ ഒരായുസ്സിന്റെ മുഴുവൻ അദ്ധ്വാനവും ചെയ്തിട്ട് ഒടുവിൽ ഇതാ, അവരുടെ രോഗം കൂടി ആ ശരീരത്തിൽ.

പക്ഷേ, ആ രോഗമായിരുന്നില്ല ആ വൈദികന് സഹനം. കൂടെ ഉണ്ടാവേണ്ടവരുടെ അവഗണനയായിരുന്നു. ഒന്ന് കുമ്പസാരിക്കാൻ ഒരുപാട് ആഗ്രഹിച്ചു. പക്ഷേ, അയാളുടെ അടുത്തേക്ക് ആരും കുമ്പസാരിപ്പിക്കാൻ ചെല്ലാൻ തയ്യാറായില്ല. ഒപ്പം ആ വൈദികന് നല്ല ചികിത്സ തടയാനുള്ള അധികാരികളുടെ ചില ശ്രമങ്ങൾ. കുഷ്ഠം ബാധിക്കുന്നത് ലൈംഗീകതയിലൂടെ ആണെന്ന ചിന്തയുള്ള ഒരു കാലഘട്ടത്തിൽ സ്വാഭാവികമായും ആ വൈദികനെപ്പറ്റി ഉണ്ടാകാവുന്ന ചില കഥകൾ. കുമ്പസാരം കേൾക്കാൻ വേണ്ടി അയാളുടെ ദ്വീപിലേക്ക് ഇറങ്ങാൻ തയ്യാറായ മെത്രാന് കപ്പിത്താന്റെ വിലക്ക് മൂലം അതിനു കഴിയാത്ത അവസ്ഥ, ഒടുവിൽ ഒരു വഞ്ചിയിൽ ദൂരെ നിന്നുള്ള കുമ്പസാരം… അങ്ങനെ സഹങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു അയാൾക്കു മുൻപിൽ. പക്ഷേ, ആ മനുഷ്യന്റെ മാതൃക ഒരാളായിരുന്നു; എല്ലാം കൊടുത്തിട്ടും ഒടുക്കം എല്ലാവരാലും പരിത്യജിക്കപ്പെട്ട ക്രിസ്തു.

അയാളുടെ പേര് ഫാ. ഡാമിയൻ. മൊളോക്കോ ദ്വീപിലെ പുണ്യാളൻ. ഇന്ന് അദ്ദേഹത്തിന്റെ തിരുനാളാണ്. ജീവിതം മുഴുവൻ ദുരിതം പേറുന്നവർക്കായി ഉഴിഞ്ഞുവച്ച വിശുദ്ധൻ.

ഫാ. റിന്റോ പയ്യപ്പിള്ളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.