ഒരു സുനാമിയിൽ കണ്ടുമുട്ടിയ ദൈവം

ഇന്തോനേഷ്യകാരിയായ ഇസ്ല എന്ന ഒരു മുസ്‌ലിം യുവതിയുടെ കഥയാണിത്.  സുനാമിയുടെ സമയങ്ങളിൽ വെള്ളത്തിൽ മുങ്ങിത്താഴുമ്പോൾ കണ്ടുമുട്ടിയ ക്രിസ്തുവിനുവേണ്ടി ഇസ്ലാംമതം ഉപേക്ഷിച്ച് ക്രിസ്ത്യാനിയായിത്തീർന്ന ഇസ്ല തന്റെ കഥ പറഞ്ഞുതുടങ്ങുന്നത് ഇങ്ങനെയാണ്.

“ഞാൻ ഇസ്ല, ആറുമക്കളുള്ള കുടുംബത്തിലെ മൂത്തകുട്ടിയാണ് ഞാൻ. ചെറുപ്പംമുതലേ ഇസ്ലാംമതവിശ്വാസിയായി ജനിച്ചുവളർന്ന ഞാൻ ഒരു ഇസ്ലാമിക് ബോർഡിംഗ് സ്കൂളിൽ ഖുർ-ആൻ പഠിക്കാൻ ആരംഭിച്ചെങ്കിലും എനിക്ക് അറബിഭാഷ മനസ്സിലാക്കാൻ പ്രയാസമായിരുന്നു. അറബി വായിക്കാൻ കഴിയുമായിരുന്നെങ്കിലും മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല.”

മനസ്സിലാക്കാൻ കഴിയാത്ത ഒരു ഭാഷയിലുള്ള വിശ്വാസപരിശീലനത്തെക്കുറിച്ചും അവൾക്ക് ഒരുപാട് സംശയങ്ങളുണ്ടായിരുന്നു. “ദൈവം എല്ലായിടത്തുമുണ്ടല്ലോ? പിന്നെ എന്തിനാണ് മക്കയിൽ പോകുന്നത്? എല്ലാവർക്കും ഹജ്ജിനുപോകാൻ കഴിയില്ലല്ലോ. എന്നിട്ടും എന്തിനാണ് ആരാധനയ്ക്ക് ഹജ്ജിനു പ്രധാന്യം കല്പിക്കുന്നത്?” തുടങ്ങിയ നിരവധി സംശയങ്ങളുമായി അമ്മയ്ക്കരികിലെത്തുമ്പോൾ അവളുടെ സംശയങ്ങൾക്ക് ഉത്തരം നല്കാനാവാതെ മിക്കവാറും അമ്മ ദേഷ്യപ്പെട്ടുപോകുകയാണ് പതിവ്. അതുകൊണ്ടുതന്നെ അവൾ തന്റെ പല സംശയങ്ങളും അവളോടുതന്നെ ചോദിക്കാൻതുടങ്ങി. അങ്ങനെ 2004 -ലെ അപ്രതീക്ഷിതമായുണ്ടായ സുനാമിയിൽ, മോസ്‌കിനോടുചേർന്നുള്ള ഒരു കുളത്തിൽ ഇസ്ല അകപ്പെട്ടു. മരണം മുന്നിൽകണ്ടുകൊണ്ട് വെള്ളത്തിൽ മുങ്ങിത്താണുകൊണ്ടിരിക്കുമ്പോഴുള്ള അവളുടെ അനുഭവത്തെക്കുറിച്ച് അവൾ വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്:

“ഞാൻ വെള്ളത്തിനടിയിലായിരുന്നപ്പോൾ ദൈവം എന്റെ കണ്ണുകൾ തുറന്നു. എനിക്കപ്പോൾ വെള്ളത്തിന്റെ അടിത്തട്ട് കാണാമായിരുന്നു. ‘ദൈവമേ, ഞാനെവിടെയാണ്?’ എന്ന് ഞാൻ ചോദിച്ചു. ആ സമയങ്ങളിൽ ഒരു സാധാരണ ജീവിതം നയിക്കാനുള്ള വ്യക്തതയ്ക്കുവേണ്ടി ഞാൻ പ്രാർഥിച്ചു. മറുപടിയായി, ആകാശത്തേക്കുനോക്കാൻ ദൈവം എന്നെ പ്രേരിപ്പിച്ചുകൊണ്ട് ‘വിശ്വാസംവഴി കൃപയാലാണ് നിങ്ങള്‍ രക്ഷിക്കപ്പെട്ടത്‌. അത് നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്‌” (എഫേ. 2:8) ഇപ്രകാരം എനിക്ക് ഉത്തരം നൽകി.”

അങ്ങനെ ആ വലിയ ദുരന്തത്തിൽനിന്നും രക്ഷനേടിയ ഇസ്ല, 2005 -ൽ ഒരു മാനുഷികസംഘടനയിൽ പ്രവർത്തിക്കാൻതുടങ്ങി; അതിൽ പ്രവർത്തിക്കുന്ന ഒരു ക്രിസ്ത്യൻ യുവാവിനെ ജീവിതപങ്കാളിയായി സ്വീകരിക്കാനും തീരുമാനിച്ചു. മാതാപിതാക്കളും കൂടപ്പിറപ്പുകളും അതിനെ തീർത്തും അവഗണിച്ചതിനെത്തുടർന്ന് അവൾ വീടുവിട്ടിറങ്ങി. ആദ്യകുഞ്ഞിന്റെ ജനനത്തിനുശേഷം വീട്ടിലേക്ക്  തിരിച്ചുവന്നെങ്കിലും പിതാവ് അവളെ ശക്തമായി എതിർത്തു. അവൾക്ക്, മകൾ എന്നനിലയിൽ ആ കുടുംബം യാതൊരു ആനുകൂല്യങ്ങളും നൽകിയില്ലെങ്കിലും ഒരു ഉത്തമ ക്രിസ്ത്യാനി എന്ന നിലയിൽ പിതാവിന്റെ മരണശേഷം, തന്നെ ഇറക്കിവിട്ട ആ ഭവനത്തിൽച്ചെന്ന് അവൾ തന്റെ സ്നേഹവും ബഹുമാനവും അറിയിച്ചിരുന്നു.

ഒരു തയ്യൽക്കാരിയായി ജോലിനോക്കുന്ന അവളുടെ ഭർത്താവ് രണ്ടു മാസം മുൻപാണ് മരണമടഞ്ഞത്. എങ്കിലും താൻ കണ്ടെത്തിയ ദൈവത്തിൽ ആശ്രയിച്ച് അവൾ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.