ബ്രസീലിൽ മലയാളി വൈദികന് ബഹുമതി

മലയാളി വൈദികന് ബ്രസീലിൽ ആദരവ്. 2013 മുതൽ 2019 വരെ ബ്രസീലിലെ ജനങ്ങൾക്ക് നൽകിയ സേവനങ്ങൾ പരിഗണിച്ചാണ് ഫാ. ജോസഫ് പൊട്ടംപ്ലാക്കൽ എന്ന ദിവ്യകാരുണ്യ മിഷനറി സഭാംഗത്തിന്, അദ്ദേഹത്തിന്റെ പ്രവർത്തന രംഗമായിരുന്ന ഇട്ടാപ്പിയൂണ മുനിസിപ്പൽ നഗരം ചിത്തുലോ സിഡാദം ഹോണോരാരിയോ’ എന്ന ബഹുമതി നൽകി ആദരിച്ചത്. ഒരു നഗരത്തിലെ ജനങ്ങൾക്ക് സാമൂഹികമായ വിഷയങ്ങളിലുള്ള സംഭാവനകൾക്കു നൽകുന്നതിന്  ആദരവാണിത്. ഈ ബഹുമതി ജൂലൈ 28-നു നടന്ന ഔദ്യോഗിക ചടങ്ങിൽ, ഫാ. ജോസഫ് ഏറ്റുവാങ്ങി.

പത്തനംതിട്ട ജില്ലയിലെ സീതത്തോട് എന്ന മലയോരഗ്രാമത്തിൽ നിന്ന് കടലുകൾ താണ്ടി, ഫുട്ബോളിന്റെയും സാംബ സംഗീതത്തിന്റെയും നാട്ടിൽ യേശുനാമത്തിൽ അത്ഭുതങ്ങൾ രചിക്കുന്ന ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹാംഗമായ ഫാ. ജോസഫ് പൊട്ടംപ്ലാക്കൽ തനിക്കു ലഭിച്ച ബഹുമതിയെക്കുറിച്ചും തന്റെ അജപാലന-പ്രേഷിതരംഗങ്ങളെക്കുറിച്ചും മനസ് തുറക്കുന്നു.

ചെറിയ തുടക്കം

ഇരുപതിനായിരത്തോളം ആളുകൾ വസിക്കുന്ന ഇട്ടാപ്പിയൂണ സിറ്റിയുടെ ഉൾപ്രദേശമായ പൗമട്ടോരിയ ക്രേന്ദമാക്കി ഒരു ചെറിയ ഇടവക 2013 ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതിയാണ് കിഷദാ രൂപതാദ്ധ്യക്ഷനായിരുന്ന ബിഷപ്പ് ആഞ്ചലോ പിന്ജോളിൽ അജപാലന ശുശ്രൂഷക്കായി ദിവ്യകാരുണ്യ മിഷനറി സഭാംഗങ്ങളായ പൊട്ടംപ്ലാക്കൽ ജോസഫച്ചനെയും പനച്ചിക്കാലയിൽ വർഗീസച്ചനെയും ഔദ്യോഗികമായി ഭരമേല്പിക്കുന്നത്. പരിചിതമല്ലാത്ത പോർച്ചുഗീസ് ഭാഷ, സംസ്കാരം, ഭക്ഷണം, പരിമിതമായ ജീവിതസാഹചര്യങ്ങൾ തുടങ്ങിയവ ഈ യുവമിഷനറിമാർക്ക് തുടക്കത്തിൽ ധാരാളം വെല്ലുവിളികൾ ഉയർത്തി. വളരെ സാധാരണക്കാരും പാവപ്പെട്ടവരുമായ ആളുകൾ ജീവിക്കുന്ന ഇവിടെ റോഡ്, പാർപ്പിടം, ഇന്റർനെറ്റ്, വാഹനം തുടങ്ങിയ സൗകര്യങ്ങൾ തീർത്തും കുറവായിരുന്നു. മാത്രമല്ല, മഴ തീരെ കുറവായിരുന്നതിനാൽ ജലക്ഷാമവും രൂക്ഷമായിരുന്നു.

അജപാലന ശുശ്രൂഷക്കായി പൗമട്ടോരിയ ഉൾപ്പെടെ എട്ടു സമൂഹങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇവിടങ്ങളിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ആളുകൾക്ക് അജപാലന ശുശ്രൂഷകൾ ചെയ്തുകൊടുക്കാൻ വൈദികർക്ക് വളരെ വിരളമായേ എത്താൻ കഴിയുമായിരുന്നുള്ളൂ. അതിനാൽ തന്നെ അവിടെ താമസിച്ചിരുന്നവർക്ക് ഒന്നിച്ചു പ്രാർത്ഥിക്കാൻ ഒരു ദൈവാലയം ഉണ്ടായിരുന്നില്ല. ഇപ്രകാരം ചിതറിക്കിടന്നിരുന്ന ഒരു ജനതക്ക് ദിശാബോധം നൽകുക, അവരെ പ്രാർത്ഥനയിൽ ഒന്നിപ്പിക്കുക എന്ന ദൗത്യമായിരുന്നു ജോസഫച്ചനും വർഗീസച്ചനും ആദ്യം ഏറ്റെടുത്തത്.

നിരന്തരമായ പ്രാർത്ഥനയിലൂടെയും ഭവനസന്ദർശനങ്ങളിലൂടെയും പോപ്പുലർ മിഷൻ പോലെയുള്ള പ്രവർത്തന പരിപാടികളിലൂടെയും തങ്ങളുടെ ലക്ഷ്യം ഏറെക്കുറെ ഇവർ നേടിയെടുത്തു. ഇതിനെല്ലാം വിശ്വാസികളുടെ അകമഴിഞ്ഞ പിന്തുണയും ഉണ്ടായിരുന്നു. അവരുടെ സ്നേഹവും സഹകരണവും പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടു പോകാനുള്ള ഊർജ്ജമായി. ആദ്യത്തെ രണ്ടു വർഷത്തെ പ്രേഷിതപ്രവർത്തനങ്ങൾക്കു ശേഷം തങ്ങളുടെ മിഷൻ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വർഗീസച്ചൻ പുതിയ സ്ഥലത്തേക്ക് അജപാലന ശുശ്രൂഷക്കായി പോയപ്പോൾ, പ്രേഷിത – സാമൂഹ്യരംഗങ്ങളിൽ അടുത്ത ഘട്ടത്തിലെ പ്രവർത്തനങ്ങളുമായി ജോസഫച്ചൻ 2019 വരെ ഇവിടെ തുടർന്നു.

അത്ഭുതങ്ങൾ സൃഷ്ടിച്ച മിഷനറി

ആളുകൾക്ക് ഒന്നിച്ചുകൂടാനും പ്രാർത്ഥിക്കാനും എല്ലാ ഉൾഗ്രാമങ്ങളിലും ഒരു ദൈവാലയം എന്ന ലക്ഷ്യത്തോടു കൂടിയുള്ള പ്രവർത്തനങ്ങൾ ജോസഫച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ചു. കപ്പേള പണിയാനുള്ള സ്ഥല-സാമ്പത്തിക ബുദ്ധിമുട്ടുകളായിരുന്നു തുടക്കത്തിൽ. എന്നാൽ പിന്നീട് നടന്നത് അത്ഭുതം! ഓരോ കമ്മ്യൂണിറ്റിയിലെയും ഏതെങ്കിലുമൊക്കെ കുടുംബങ്ങൾ തങ്ങളുടെ കുറച്ചു ഭൂമി കപ്പേള പണിക്കായി സന്തോഷത്തോടെ ദാനം ചെയ്തു. പണി ആരംഭിച്ചപ്പോൾ പല വ്യക്തികളും സ്ഥാപനങ്ങളും കെട്ടിടനിർമ്മാണ സാമഗ്രികൾ സ്പോൺസർ ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ തങ്ങളാൽ കഴിയുന്ന സേവനങ്ങൾ ചെയ്ത് ദൈവാലയനിർമ്മിതിയിൽ പങ്കുചേർന്നു.

2019 -ൽ പുതിയ പ്രവർത്തന മേഖലയിലേക്ക് അച്ചൻ പോകുമ്പോൾ ഉൾപ്രദേശങ്ങളിലുള്ള എട്ടു കമ്മ്യൂണിറ്റികളിലും മനോഹരമായ പ്രാർത്ഥനാലയങ്ങൾ ഉയർന്നിരുന്നു. ഇടവകയുടെ കേന്ദ്രമായ പൗമട്ടോരിയയിൽ, മറ്റു സംവിധാനങ്ങൾ ഇല്ലാതിരുന്നതിനാൽ മതബോധനത്തിനും ഭക്തസംഘടനകളുടെ മീറ്റിംഗിനുമെല്ലാം ദൈവാലയം തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. അങ്ങനെയാണ് ഈവക ആവശ്യങ്ങൾക്കായി ഒരു മതബോധന കേന്ദ്രവും മൾട്ടി പർപ്പസ് ഹാളും പണി ആരംഭിക്കുന്നത്.

പ്രാർത്ഥനയിലൂടെയും ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെയും എങ്ങനെ അത്ഭുതങ്ങൾ വിരിയിക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വെറും ഏഴു മാസങ്ങൾ കൊണ്ട് നിർമ്മിച്ച മനോഹരമായ ഈ കെട്ടിടം. പള്ളിയുടെ ആവശ്യങ്ങൾക്കു മാത്രമല്ല, സമൂഹത്തിന്റെ എല്ലാ പൊതുപരിപാടികൾക്കും ഇത് ഉപയോഗിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും നല്ലവരായ ആളുകളുടെ സഹകരണത്തോടെ പണികഴിപ്പിച്ച ഈ നിർമ്മിതികളെക്കുറിച്ച് ‘മിലാഗ്രിസ് (അത്ഭുതങ്ങൾ) എന്നു തന്നെയായിരുന്നു ജോസഫച്ചന്റെ യാത്രയയപ്പ് സമ്മേളനത്തിൽ രൂപതാദ്ധ്യക്ഷൻ വിശേഷിപ്പിച്ചത് .

ദിവ്യകാരുണ്യത്തിൽ വിരിഞ്ഞ സാമൂഹികപ്രവർത്തനങ്ങൾ

ഈശോയോടു കൂടെയായിരിക്കാനും അപരർക്കു വേണ്ടി മുറിയപ്പെടാനും ദിവ്യകാരുണ്യ മിഷനറി സഭയിൽ വൈദികനായ ജോസഫച്ചന്റെ ശ്രദ്ധ, ആത്മീയകാര്യങ്ങളിൽ മാത്രം ഒതുങ്ങിയില്ല; ഇടവക പ്രവർത്തനങ്ങൾക്കു പുറമെ സാമൂഹിക വിഷയങ്ങളിലും അച്ചൻ ഇടപെട്ടിരുന്നു. കുടിവെള്ള ക്ഷാമം നന്നേ അനുഭവപ്പെട്ടിരുന്ന സ്ഥലമായിരുന്നതിനാൽ പുതുതായി പണിത ഹാളിന്റെ സ്റ്റേജുൾപ്പെടെ മഴവെള്ള സംഭരണികൾ നിർമ്മിച്ച് ധാരാളം ജലം ശേഖരിച്ചു. ക്ഷാമകാലത്ത് ഇവിടെ നിന്ന് ഇടവകയുടെ സന്നദ്ധപ്രവർത്തകർ തന്നെ ആവശ്യക്കാർക്ക് കുടിവെള്ളം എത്തിച്ചുനൽകിയിരുന്നു. വളരെ നിർധനരായ കുടുംബങ്ങൾക്ക് ഇടവക ജനങ്ങളുടെയും മറ്റും സഹകരണത്തോടെ മാസം തോറും ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തിരുന്നു. കൂടാതെ ഭവന നിർമ്മാണം, ചികിത്സ തുടങ്ങിയവക്ക് ഇടവകയുടെ പദ്ധതികൾ വഴി ചെയ്ത സഹായങ്ങൾ ഇന്നും ഇവിടുത്തെ ജനങ്ങൾ നന്ദിയോടെ ഓർക്കുന്നു.

അച്ചന്റെ ‘ആംബുലൻസ് കാർ’

നഗരത്തിന്റെ ക്രേന്ദമായ ഇട്ടാപ്പിയൂണയിൽ നിന്നും പന്ത്രണ്ടു കിലോമീറ്റർ ഉൾപ്രദേശമായിരുന്ന പൗമട്ടോരിയയിലേക്കും മറ്റ് ഇന്റീരിയർ കമ്മ്യൂണിറ്റികളിലേക്കും പൊതുഗതാഗത സൗകര്യങ്ങൾ ഇല്ലാത്തതു കൊണ്ടും, സ്വന്തമായി വാഹനമുള്ളവർ വളരെ കുറവായതു കൊണ്ടും ഇവിടുത്തെ ജനങ്ങളുടെ യാത്ര എപ്പോഴും ക്ലേശകരമായിരുന്നു. ബാങ്ക്, കടകൾ ഉൾപ്പെടെ എല്ലാ ആവശ്യങ്ങൾക്കും സിറ്റിയെ ആശ്രയിക്കുന്ന ഇവരുടെ ഏകമാർഗ്ഗം കുണ്ടും കുഴിയും നിറഞ്ഞ ഒരു മൺറോഡ് മാത്രമാണ്. ജനങ്ങളുടെ ഈ ബുദ്ധിമുട്ട് അറിഞ്ഞിരുന്ന അച്ചൻ സിറ്റിയിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും തന്റെ വാഹനം നിറയെ ആളുകളെ കൊണ്ടുപോകുമായിരുന്നു. അത്യാവശ്യഘട്ടങ്ങളിൽ രോഗികളെ ആശുപ്രതിയിൽ എത്തിക്കുന്ന ‘ആംബുലൻസായും’ അച്ചന്റെ വാഹനം ഉപയോഗപ്പെടുത്തിയിരുന്നു .

ഒരു സംഭവം ഇപ്രകാരമാണ്. ഒരു രാത്രി തന്റെ പ്രവർത്തനങ്ങളെല്ലാം അവസാനിപ്പിച്ച് ഏറെ ക്ഷീണിതനായി അച്ചൻ ഉറങ്ങാൻ പോയതായിരുന്നു. ഏകദേശം രാത്രി രണ്ടു മണിയോടു കൂടി ആരോ കോളിംഗ്ബെൽ അടിക്കുന്നു. ചെന്നുനോക്കുമ്പോൾ രണ്ടു പേർ കരഞ്ഞുകൊണ്ടു നിൽക്കുന്നു. അവരുടെ പ്രായമായ അമ്മക്ക് നെഞ്ചുവേദനയും അസ്വസ്ഥതയും. സിറ്റിയിലെ ആശുപ്രതിയിലെത്തിക്കാൻ ആരോഗ്യകേന്ദ്രത്തിന്റെ സഹായം തേടിയെങ്കിലും അവിടെയുണ്ടായിരുന്ന ഏക ആംബുലൻസ് മറ്റൊരു രോഗിയുമായി പോയിരുന്നു. ഒട്ടും തന്നെ സമയം കളയാതെ അച്ചൻ തന്റെ കാറിൽ അവരുമായി ആശുപ്രതിയിലേക്കു തിരിച്ചു. റോഡിന്റെ ശോചനീയാവസ്ഥ കാരണം പെട്ടെന്ന് പോകാൻ കഴിയുമായിരുന്നില്ല. എങ്കിലും കൃത്യസമയത്ത് എത്തിയതിനാൽ ജീവൻ രക്ഷിക്കാനായെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ആ കുടുംബം ഒന്നാകെ നിറകണ്ണുകളോടെ അച്ചന് നന്ദി പറഞ്ഞു.

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഈ സംഭവത്തോടു കൂടി അച്ചനിൽ രൂഢമൂലമായി. ഈ ആവശ്യവുമായി മൂവായിരത്തിലധികം ആളുകളുടെ ഒപ്പ് ശേഖരിക്കുകയും സിറ്റിയുടെ ലെജിസ്ലേറ്റീവ് – അഡ്മിനിസ്ട്രേറ്റീവ് ബോഡി മുൻപാകെ ഒരു ഔദ്യോഗിക സെഷനിൽ പങ്കെടുത്തുകൊണ്ട് നിവേദനം സമർപ്പിക്കുകയും ചെയ്തു. റോഡ് പണിക്കുള്ള പ്രാരംഭ നടപടികൾ പൂർത്തിയായെങ്കിലും കോവിഡ് കാരണം പണി തുടങ്ങാൻ കഴിഞ്ഞില്ല. ഇപ്പോൾ അതിന്റെ ടെൻഡർ കാര്യങ്ങൾ പൂർത്തിയാക്കി പണി തുടങ്ങാൻ പോകുന്നു എന്നുള്ളത് പൗമട്ടോരിയ നിവാസികൾക്ക് ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും വാർത്തയാണ് .

എല്ലാ മിഷനറിമാർക്കുമുള്ള അംഗീകാരം

ജോസഫ് അച്ചന് ലഭിക്കുന്ന ‘ചിത്തുലോ സിഡാദം ഹോണോരാരിയോ’ എന്ന ബഹുമതിയുടെ ഔദ്യോഗിക നിർവ്വചനം, ‘ലാഭേച്ഛ കൂടാതെ, നിസ്വാർത്ഥമായി സമൂഹത്തിന്റെ പൊതുനന്മക്കായി പ്രവർത്തിച്ചതിനുള്ള അംഗീകാരം’ എന്നാണ്. പ്രതിസന്ധികൾക്കിടയിലും തന്റെ ശുശ്രൂഷക്കായി ഭരമേല്പിച്ച ജനങ്ങളോടൊപ്പം നിന്ന്, അവരിൽ ഒരുവനായിത്തീർന്നതിനുള്ള ജനങ്ങളുടെ സ്നേഹസമ്മാനമാണ് ഈ ബഹുമതി. തനിക്ക് വ്യക്തിപരമായി ലഭിച്ച ഒരു നേട്ടമായി ഇതിനെ ജോസഫച്ചൻ കാണുന്നില്ല. മറിച്ച്, വീടും നാടും വിട്ട് വിദൂരത്ത് യേശുവിനെ പ്രഘോഷിക്കാൻ വന്ന എല്ലാ മിഷനറിമാരെയും ബ്രസീലിയൻ ജനത അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്നതിന്റെ ഒരു അടയാളമായി ഇതിനെ കാണുന്നു. ബ്രസീലിന്റെ വിവിധ സ്ഥലങ്ങളിൽ സേവനം ചെയ്യുന്ന ദിവ്യകാരുണ്യ മിഷനറി സഭയിലെ മറ്റു ഏഴു വൈദികരുൾപ്പെടെ, വിവിധ സന്യാസ സഭകളിലെയും രൂപതകളിലെയും മലയാളികളായ വൈദികരും സന്യസ്തരും ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് ജോസഫച്ചൻ പറയുന്നു.

2013-ന്റെ തുടക്കത്തിൽ ബ്രസീലിൽ എത്തിയ ജോസഫച്ചൻ, 2019 മുതൽ സാവോപോളോ സംസ്ഥാനത്തുള്ള ബോരോരൂപതയിലെ അവയി എന്ന സിറ്റിയിലുള്ള വി. സെബാസ്ത്യനോസിന്റെ നാമത്തിലുള്ള പള്ളിയുടെ വികാരിയായി സേവനമനുഷ്ഠിക്കുന്നു. 2022 ഏപ്രിൽ മാസം മുതൽ ഫൊറാന വികാരിയുടെ ചുമതല കൂടി ലഭിച്ചത്, അച്ചന്റെ പ്രവർത്തനമികവിന്റെയും രൂപതാദ്ധ്യക്ഷന് അച്ചനിലുള്ള വിശ്വാസത്തിന്റെയും ഉദാഹരണമാണ്.

സീതത്തോട് പൊട്ടംപ്ലാക്കൽ പരേതനായ ജോസഫ് – സാറാമ്മ ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവനാണ് ജോസഫ് പൊട്ടംപ്ലാക്കലച്ചൻ. വർഗീസ്, ത്രേസ്യ എന്നിവർ സഹോദരങ്ങളാണ്. റ്റിജു എന്നു വിളിപ്പേരുള്ള ജോസഫ്, 1997-ൽ ദിവ്യകാരുണ്യ മിഷനറി സഭയിൽ വൈദികപരിശിലനം ആരംഭിച്ച് 2008 ഡിസംബർ മുപ്പതാം തീയതി വൈദികനായി അഭിഷിക്തനായി. കാഞ്ഞിരപ്പള്ളി രൂപതയിലെ, സീതത്തോട് സെന്റ് ജോർജ് ഇടവകാംഗവും ഈ ഇടവകയിലെ ആദ്യത്തെ പുരോഹിതനുമായ ഇദ്ദേഹം 2009 മുതൽ 2012 വരെ കോട്ടയത്തിനു സമീപം കടുവാക്കുളത്തുള്ള എമ്മാവൂസ് പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പൽ ആയിരുന്നു.

ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.