മുതലകളുള്ള ഒരു നദിയിലൂടെ കഴുത്തറ്റം വെള്ളത്തിൽ ഒരു മിഷനറി 

സി. സൗമ്യ DSHJ

‘ദാരിദ്ര്യത്താൽ തവിട് ഭക്ഷണമാക്കുന്നവരുടെ ഇടയിലെ മലയാളി വൈദികൻ’ എന്ന ഫാ. ജേക്കബ് പാക്‌സി ഓ.സി.ഡി- യുടെ മിഷൻ അനുഭവത്തെക്കുറിച്ചുള്ള ഫീച്ചറിന്റെ രണ്ടാം ഭാഗം.

എട്ടു വർഷത്തെ സാംബിയയിലെ മിഷൻ അനുഭവങ്ങൾ സാഹസികത നിറഞ്ഞവ തന്നെയായിരുന്നു. ഏഴും എട്ടും മണിക്കൂറുകൾ കാൽനടയായി യാത്ര ചെയ്താണ് ഭവനസന്ദർശനത്തിനും കൂദാശകൾ പരികർമ്മം ചെയ്യുന്നതിനുമൊക്കെ പോകുന്നത്. വനത്തിലൂടെയുള്ള യാത്രകളിൽ വന്യജീവികളുടെ ആക്രമണത്തിൽ നിന്നും അവിടെ തന്നെയുള്ള കൊള്ളക്കാരുടെ ആക്രമണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ട പല അവസരങ്ങളുമുണ്ട്. മണിക്കൂറുകൾ നീണ്ട യാത്രയിൽ കഴിക്കാൻ ഭക്ഷണമൊന്നും കരുതാറില്ല. ഒരു ദിവസം മുഴുവൻ കാൽനടയായി യാത്ര ചെയ്യുന്നത് ഒരു കുപ്പി വെള്ളം മാത്രം കുടിച്ചായിരിക്കും.

“ഒരിക്കൽ നദിയിലൂടെ നീന്തിയായിരുന്നു യാത്ര; ലാപ്ടോപ്പും കയ്യിലുണ്ട്. കഴുത്തറ്റം വെള്ളത്തിൽ ലാപ്ടോപ്പും തലയിൽ വച്ചുകൊണ്ടാണ് മുന്നോട്ട് നീങ്ങിയത്. ഇട്ടിരുന്ന ഷൂസ് അല്ലാതെ വേറൊന്ന് ഇല്ലാതിരുന്നതിനാൽ അതും അഴിച്ച് തലക്കു മുകളിൽ ഉയർത്തിപ്പിടിച്ചു. യാഥാർഥത്തിൽ ധാരാളം മുതലകളുള്ള ഒരു നദിയായിരുന്നു അതെന്ന് തിരിച്ചറിഞ്ഞത് യാത്ര കഴിഞ്ഞു വന്നതിനു ശേഷമായിരുന്നു. തിരിച്ചു വരുമ്പോൾ ആശ്രമത്തിൽ കൂടെയുള്ള വൈദികർ ഉറങ്ങാതെ കാത്തിരിപ്പുണ്ടായിരുന്നു. യാതൊരു അപകടവും കൂടാതെ ദൈവം ഉള്ളംകയ്യിൽ പരിപാലിച്ച ഇത്തരം നിരവധി സാഹസികത നിറഞ്ഞ അനുഭവങ്ങളുണ്ട് ഈ മിഷൻ പ്രവർത്തനത്തിൽ” – അച്ചൻ പറയുന്നു.

പ്രതിസന്ധികളെ അതിജീവിക്കാനുള്ള പരിശീലനം

പണ്ട് നദി ആയിരുന്ന സ്ഥലങ്ങൾ മഴക്കാലത്ത് കുഴിച്ചാൽ മണിക്കൂറുകൾ കഴിയുമ്പോൾ ഇവിടെ നിന്നും വെള്ളം പതിയെ പനിച്ചുവരും. ആ വെള്ളം ആളുകൾ ശേഖരിക്കും. ശുദ്ധജലത്തിന്റെ അപര്യാപ്‌തത ഇവിടുത്തെ ഒരു പ്രധാനപ്രശ്നമാണ്. മൈലുകളോളം ആണ് കുടിവെള്ളത്തിനായി ആളുകൾ യാത്ര ചെയ്യുന്നത്.

“ഞങ്ങൾ ചെല്ലുമ്പോൾ ആളുകൾ കുടിക്കാൻ ഉപയോഗിക്കുന്നത് കറുത്ത നിറത്തിലുള്ള മലിനജലമായിരുന്നു. അതിനാൽ നല്ല ജലം ലഭ്യമാക്കാൻ കുഴൽക്കിണറുകൾ താഴ്ത്തിക്കൊടുത്തു കൊണ്ട് അവർക്ക് ശുദ്ധജലം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു. ഇപ്പോൾ പതിനഞ്ചോളം കുഴൽക്കിണറുകൾ താഴ്ത്തിക്കൊടുത്തിട്ടുണ്ട്. ഒരുപാട് ആഴത്തിൽ കുഴിച്ചെങ്കിൽ മാത്രമേ, ഇവിടെ വെള്ളം  ലഭ്യമാവുകയുള്ളൂ” – ഈ വൈദികൻ പറയുന്നു. കൂടാതെ, എയ്‌ഡ്‌സ്‌ രോഗത്തിനെതിരെയുള്ള ബോധവത്ക്കരണവും മിഷനറിമാരുടെ നേതൃത്വത്തിൽ നടത്താറുണ്ട്. കോവിഡ് വന്നപ്പോൾ അതിനെതിരെയും ബോധവത്ക്കരണം നടത്തിയിരുന്നു. പാവപ്പെട്ട കുട്ടികളെ സ്പോൺസർ ചെയ്ത് അവരുടെ പഠനത്തിനു വേണ്ട സഹായം നൽകിവരുന്നു. അവിടെയുള്ള ജനങ്ങളുടെ ആവശ്യപ്രകാരം ഈ മിഷനറിമാർക്ക് ഒരു സ്‌കൂൾ ആരംഭിക്കുന്നതിനുള്ള പദ്ധതിയുണ്ട്.

ഒരു നേരത്തെ ആഹാരത്തിനായി യാചിച്ച്, കരങ്ങൾ നീട്ടി…

നാലു വർഷമായി പട്ടിണിയുടെ മാസങ്ങളിൽ കർമ്മലീത്താ വൈദികർ ഇവർക്ക് ഭക്ഷണകിറ്റുകൾ നൽകാറുണ്ട്. കഴിഞ്ഞ പ്രാവശ്യം 490 -ഓളം കിറ്റുകളാണ് നൽകിയത്. അതിനു മുൻപ് 700 ഭക്ഷണകിറ്റുകൾ കൊടുത്തു. ദാരിദ്ര്യത്തിന്റെ സമയത്ത് ഇവിടെയുള്ള തീർത്തും പാവപ്പെട്ടവരായ ആളുകളെ വൈദികർ തന്നെ കണ്ടെത്തി വളരെ അത്യാവശ്യക്കാർക്ക് കിറ്റുകൾ ലഭ്യമാക്കുന്നു. ഒരുപാട് പേരാണ് ആവശ്യക്കാർ. എന്നാൽ, ഇവരെയെല്ലാം വഹിക്കാനുള്ള സാമ്പത്തിക ഭദ്രത മിഷനറിമാരായ ഈ വൈദികർക്കും ഇല്ല.

“എഴുപത്തിയഞ്ചോ, എൺപതോ കിലോ വരുന്ന ഒരു ചാക്ക് ചോളം , ഒരു കിലോ പയർ, സോയാബിൻ, ഒരു ലിറ്റർ എണ്ണ, രണ്ടു കിലോ പഞ്ചസാര, ഒരു കിലോ ഉപ്പ് എന്നിവ ഉൾപ്പെടുന്ന ഭക്ഷണകിറ്റുകളാണ് ഇവർക്ക് കൊടുക്കുന്നത്. അത് വാങ്ങിക്കാനായി കിലോമീറ്ററുകൾ താണ്ടി പോലും ആളുകൾ വരാറുണ്ട്. മുഴുവൻ ആളുകൾക്കും കിറ്റ് നൽകാൻ നമുക്ക് സാധിക്കാറില്ല. അപ്പോൾ ഒരു നേരത്തെ ഭക്ഷണമെങ്കിലും കൊടുത്തുവിടാം എന്നു കരുതി ‘ഭക്ഷണം കഴിച്ചിട്ട് പോകാം’ എന്ന് പറയുമ്പോൾ, ‘ഞാൻ കഴിക്കാം, പക്ഷേ  എന്റെ മക്കൾക്ക് എന്ത് ചെയ്യും?’ എന്ന് അവർ തിരിച്ചു ചോദിക്കും. എന്തെങ്കിലും ഞങ്ങൾക്ക് തരണമെന്ന് അവർ യാചിക്കും. ഭക്ഷണത്തിനായി നീളുന്ന ആ കരങ്ങളുടെ മുൻപിൽ നിസ്സഹായതയോടെ നിൽക്കേണ്ടിവരുന്നത് വളരെ വേദനാജനകമാണ്” – ജേക്കബ് അച്ചൻ വേദനയോടെ പറയുന്നു.

കിറ്റുകൾ തീർന്നാലും പട്ടിണിയുടെ സമയങ്ങളിൽ ദിനംപ്രതി അൻപതോളം ആളുകൾ അവിടെ വന്ന് ഭക്ഷണം കഴിച്ചിട്ട് പോകാറുമുണ്ട്. തങ്ങൾക്കുള്ളതും കൂടി പങ്കുവയ്ക്കാൻ ഈ വൈദികർ സന്നദ്ധരാണ്. സഹായം ചോദിച്ചുവരുന്നവരെ പരമാവധി സഹായിക്കാൻ ഇവർ  ശ്രമിക്കാറുമുണ്ട്. എന്നാൽ, ആ രാജ്യത്ത് അവരെപ്പോലെ ജീവിക്കുമ്പോൾ ഭക്ഷണക്ഷാമം ഈ മിഷനറിമാരെയും ബാധിക്കുന്നുണ്ട് എന്നത് നാം വിസ്മരിച്ചുകൂടാ!

വൈദ്യുതിയില്ല, വെള്ളമില്ല, ഭക്ഷണക്കുറവ്, എയ്ഡ്‌സ് രോഗികൾ – സാംബിയ മിഷനിൽ പോകാൻ തയ്യാറാണോ?

ഓസിഡി (നിഷ്പാദുക കർമ്മലീത്താ സഭ) മഞ്ഞുമ്മൽ പ്രൊവിൻസിന്റെ ഭാഗമാണ് ഫാ. ജേക്കബ്. സാംബിയയിലെ ദുരിതപൂർണ്ണമായ അവസ്ഥയെ മനസിലാക്കി അവിടുത്തെ ബിഷപ്പാണ് ഒസിഡി ജനറലേറ്റിലേക്ക് മിഷനറിമാരെ ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതിയത്. ആഫ്രിക്കയിലെ മലാവി എന്ന രാജ്യത്തും ഒസിഡി വൈദികർ മിഷനറിമാരായുണ്ട്. ആ പരിചയവും തന്റെ രാജ്യത്തിലേക്കും ഈ മിഷനറിമാരെ ക്ഷണിക്കാൻ ബിഷപ്പിനെ പ്രേരിപ്പിച്ചു. അങ്ങനെ മഞ്ഞുമ്മൽ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സാംബിയയിൽ നേരിട്ട് പോയി അവിടുത്തെ അവസ്ഥ മനസിലാക്കി. താൻ കണ്ടുമനസിലാക്കിയ കാര്യങ്ങൾ വിവരിച്ചുകൊണ്ട് അദ്ദേഹം പ്രൊവിൻസിലേക്ക് ഒരു കത്തെഴുതി. ആ കത്തിൽ എയ്ഡ്‌സ് രോഗബാധ, വെള്ളത്തിന്റെ കുറവ്, വൈദ്യുതിയില്ല എന്നൊക്കെയുള്ള അവിടുത്തെ യഥാർത്ഥ സ്ഥിതി വിവരിച്ചിട്ടുണ്ടായിരുന്നു. ആ കത്ത് വായിച്ചാൽ ആരും മിഷനറിയായി അങ്ങോട്ട് പോകില്ല. എന്നിട്ട് പ്രൊവിൻഷ്യൽ അച്ചൻ വൈദികരോട് ചോദിച്ചു: “ആർക്കെങ്കിലും സ്വമനസാലെ സാംബിയ മിഷനിൽ പോകാൻ താത്പര്യമുണ്ടോ?” എന്ന്. കുറച്ചു പേർ മുന്നോട്ടു വന്നതിന്റെ ഫലമായി സാംബിയ എന്ന രാജ്യത്തിൽ കർമ്മലീത്താ വൈദികർ തങ്ങളുടെ മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ആ സമയത്ത് ജേക്കബ് അച്ചൻ യൂറോപ്പിൽ തന്റെ ഡോക്ടറേറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പുതിയ നിയമത്തിലെ സെന്റ് പോളിന്റെ ബിബ്ലിക്കൽ തിയോളജിയിൽ ആയിരുന്നു ഡോക്ടറേറ്റ്. പഠനം കഴിയുമ്പോൾ കുറച്ചു നാൾ മിഷനിൽ സേവനം ചെയ്യാൻ താത്പര്യമുണ്ടെന്ന് അച്ചൻ പ്രൊവിൻഷ്യലിനെ അറിയിച്ചിരുന്നു. അങ്ങനെ പഠനം കഴിഞ്ഞു അച്ചൻ സാംബിയ മിഷനിലേക്ക് പോവുകയായിരുന്നു.

ആകെയുള്ള ഇരട്ടമക്കൾ സന്യാസത്തിലേക്ക്, മാതാപിതാക്കളെ തനിച്ചാക്കാതെ പരിപാലിച്ച ക്രിസ്തു  

കൊച്ചിയിൽ തോപ്പുംപടിയിലാണ് അച്ചന്റെ വീട്. മിഷനോടുള്ള താത്പര്യം ജേക്കബ് അച്ചന് ചെറുപ്പം മുതലേ ഉള്ളതാണ്. വീട്ടിൽ നിന്നു തന്നെയാണ് നല്ല മാതൃകകൾ ലഭിച്ചത്. അച്ചന്റെ മാതാപിതാക്കളും പാവപ്പെട്ടവരോട് സ്നേഹവും താത്പര്യവുമൊക്കെ ഉള്ളവരായിരുന്നു. ജോസഫ് – ആഞ്ചല ദമ്പതികളുടെ ഇരട്ടമക്കൾ രണ്ടു പേരും തിരഞ്ഞെടുത്തത് സന്യാസജീവിതം ആയിരുന്നു. ഒരാൾ വൈദികനും മറ്റേയാൾ സിസ്റ്ററും.

ഇവർ ചെറുപ്പത്തിലേ ചെറുപുഷ്പ മിഷൻലീഗിലെ അംഗങ്ങളായിരുന്നു. ഈ സംഘടനയിൽ പ്രവർത്തിച്ചുകൊണ്ടുള്ള പരിചയം മിഷനോടും മിഷൻ  പ്രവർത്തനങ്ങളോടും കൂടുതൽ താത്പര്യം ഉണർത്തി. രണ്ടു മക്കളും സന്യാസ – ദൈവവിളി സ്വീകരിച്ചുകൊണ്ട് വീട്ടിൽ നിന്നും പോയത് ഒരേ വർഷം തന്നെയായിരുന്നു. എന്നാൽ, സഹോദരി സി. പട്രീഷ്യ ദൈവവിളി ക്യാമ്പിനു പോയപ്പോൾ കാല് തെറ്റിവീണ് പരിക്കേറ്റതിനാൽ മൂന്നു മാസം പ്ലാസ്റ്റർ ഇട്ട് റെസ്റ്റ് എടുക്കേണ്ടിവന്നു. പിന്നീട് പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞാണ് മഠത്തിൽ ചേർന്നത്. സിസ്റ്റർ ഇപ്പോൾ കാനോസിയൻ ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി സേർവെന്റസ് ഓഫ് ദി പൂവർ (Canossian Daughters of Charity Servants of the Poor) സന്യാസിനീ സമൂഹത്തിലെ അംഗമാണ്.

മക്കൾ രണ്ടുപേരും ദൈവവിളി സ്വീകരിച്ച് പോവുകയാണെന്ന് പറഞ്ഞപ്പോൾ ആ മാതാപിതാക്കൾ എതിരൊന്നും പറഞ്ഞില്ല. കാരണം നല്ല വിശ്വാസമുള്ളവരും ദൈവാശ്രയബോധമുള്ളവരും ആയിരുന്നു അവർ. “വൈദികനും സിസ്റ്ററും ആയ ശേഷവും ഞങ്ങൾ രണ്ടു പേർക്കും മാതാപിതാക്കളെ സഹായിക്കേണ്ട ഒരു സാഹചര്യവും വന്നിട്ടില്ല. ഞങ്ങളുടെ സന്യാസ സമൂഹം അതിനുള്ള എല്ലാ സ്വാതന്ത്ര്യവും നൽകിയിരുന്നു. എന്നാൽ, ദൈവം തന്റെ പദ്ധതിയിൽ ഒന്നിനും ഒരു കുറവും വരാതെ എല്ലാം ഭദ്രമായി ക്രമീകരിച്ചു വച്ചിട്ടുണ്ടായിരുന്നു. തക്കസമയത്ത് ദൈവം നിരവധിപ്പേരെ നൽകി സഹായിച്ചു. മരിക്കുന്നതു വരെയും സാമ്പത്തികമായി പോലും ഒരു സഹായവും അവർക്ക് കൊടുക്കേണ്ടി വന്നിട്ടില്ല. അത്രമാത്രം ദൈവം എല്ലാം പരിപാലിച്ചു. അമ്മ അവസാനം ഒരു വർഷത്തോളം സ്ട്രോക്ക് വന്ന് കിടപ്പിലായിരുന്നു. അങ്ങനെ കിടന്നെങ്കിലും അമ്മയെ നന്നായിട്ട് നോക്കാൻ വേറെ ആൾക്കാർ ഉണ്ടായിരുന്നു. എന്റെ മൂത്ത ആന്റിയുടെ രണ്ടു മക്കളുമാണ് ആ സമയത്ത് അമ്മയെ നോക്കിയത്” – ജേക്കബ് അച്ചൻ അഭിമാനത്തോടെ തന്നെ പറയുന്നു.

രണ്ടു മക്കളും ദൈവവേലക്കായി ഇറങ്ങിത്തിരിച്ചെങ്കിലും ഒരിക്കൽപ്പോലും പിന്തിരിഞ്ഞു നോക്കേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ല. ഇപ്പോൾ മാതാപിതാക്കൾ രണ്ടു പേരും ജീവിച്ചിരിപ്പില്ല. ജേക്കബ് അച്ചന്റെ അപ്പച്ചൻ 2007-ലും അമ്മച്ചി 2020- ലും മരിച്ചു. പ്രായാധിക്യത്തെ തുടർന്നുള്ള രോഗങ്ങൾ മൂലമായിരുന്നു ഇരുവരും മരണമടഞ്ഞത്.

“ഒറ്റ മകനാണ്/ മകളാണ് എന്ന് പറഞ്ഞുകൊണ്ട് ദൈവവിളി സ്വീകരിക്കാതെ ഇരിക്കുന്നവരുണ്ടല്ലോ, അവരോട് ഒരു കാര്യമേ പറയാനുള്ളൂ. നമ്മളെ ദൈവം വിളിച്ചിട്ടുണ്ടെങ്കിൽ ബാക്കിയെല്ലാം നമ്മൾ ഉള്ളതിനേക്കാൾ ഭംഗിയായി ദൈവം ക്രമീകരിച്ചുകൊള്ളും എന്നുള്ളതിന്റെ ഉത്തമോദാഹരണമാണ് ഞങ്ങളുടെ കുടുംബം” – അച്ചൻ വെളിപ്പെടുത്തുന്നു.

അതിജീവനത്തിന് പ്രാപ്തരാക്കുന്നവർ  

19,000 ആളുകൾക്ക് ഒരു ഡോക്ടർ ആണ് ഇവിടെയുള്ളത്. ഇവിടുത്തെ ആരോഗ്യമേഖലയിൽ വളരെ പരിമിതമായ സൗകര്യങ്ങൾ മാത്രമേയുള്ളൂ. ജേക്കബ് അച്ചൻ സേവനം ചെയ്യുന്ന ഇടവകയിൽ 67 % ആളുകളിൽ കൂടുതലും എയ്ഡ്‌സ് രോഗികളാണ്. അവരോട് ഇടപഴകുകയും അവർ തരുന്ന ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. എങ്കിലും ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ഇവർ മുൻപോട്ട് പോകുന്നു. ധാർമ്മികമൂല്യങ്ങളിലുഉള്ള ശോഷണമാണ് ഇത്തരം രോഗങ്ങൾ വർദ്ധിക്കുന്നതിനുള്ള ഒരു പ്രധാന കാരണം. അതിനാൽ ഇവിടെയുള്ളവർക്ക് സ്‌കൂൾതലം  മുതൽ വേണ്ട അവബോധവും മുൻകരുതലും നൽകിവരുന്നു.

കൂടുതൽ സ്ഥലത്ത് കൃഷി ചെയ്തുകൊണ്ട് പട്ടിണിയുടെ ദിവസങ്ങൾ കുറക്കുക എന്നതാണ് അവരെ പരിശീലിപ്പിക്കുന്ന മറ്റൊരു കാര്യം. കാരണം, ഭക്ഷണം കൊടുത്തുകൊണ്ട് ഇവരെ സംതൃപ്തരാക്കാൻ എക്കാലവും സാധിക്കുകയില്ലല്ലോ. അതിനാൽ, പട്ടിണിയിൽ നിന്നും നാടിനെ സംരക്ഷിക്കാൻ വേണ്ട കാര്യങ്ങൾ പറഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നത്. ജലത്തിന്റെ അഭാവമാണ് കൃഷിയിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നത്. ഈ വൈദികർ തന്നെ കുഴൽക്കിണറുകൾ നിർമ്മിച്ചു നൽകി ജലം ലഭ്യമാക്കാനുള്ള സാധ്യത ഈ നാട്ടിലെ ജനങ്ങൾക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്.

ഭക്ഷണം പട്ടിണിയുടെ കാലത്തേക്ക് ശേഖരിച്ചു സൂക്ഷിക്കാനും ഇവർക്ക് പരിശീലനം നൽകുന്നു. എന്നാൽ, ഇവർ ശീലിച്ചുവന്ന കാര്യങ്ങളിൽ നിന്നും അവബോധം നൽകി പിന്തിരിപ്പിക്കാൻ കുറച്ച് താമസമുണ്ട്. അതിജീവനത്തിനും ഉപജീവനത്തിനുമായി ഒരു ജനത ക്ലേശിക്കുമ്പോൾ അവരുടെ മുൻപിൽ വെറും കയ്യോടെ ആയിരിക്കാൻ ഇവർക്കാവില്ല.

വിശ്വാസം പകർന്നു കൊടുക്കുകയല്ല, മറിച്ച് ക്രിസ്തുവിനെ തന്നെ തങ്ങളുടെ സാമീപ്യത്തിലൂടെ കൊടുക്കുകയാണ് ഈ വൈദികർ. ഈ വൈദികരുടെ സാമീപ്യത്തിലൂടെയും കരുതലിലൂടെയും സഹായത്തിലൂടെയുമൊക്കെ ക്രിസ്തു സാംബിയൻ ജനതക്കു മുന്നിൽ എത്തുന്നു. ദുരിതങ്ങളിൽ കൂടെ ആയിരുന്നുകൊണ്ടും വിശപ്പിൽ അന്നമായിരുന്നുകൊണ്ടും ദാരിദ്ര്യത്തിൽ അഭയമായിരുന്നുകൊണ്ടുമൊക്കെ ഇവർ ക്രിസ്തുവിന്റെ സാന്നിധ്യം പകരുകയാണ്. ഈ രാജ്യത്ത് ഇവരുടെ കൂടെ ജീവിക്കുമ്പോൾ ഭക്ഷണക്ഷാമം ഈ മിഷനറിമാരെയും ബാധിക്കുന്നുണ്ട്. അവിടെയാണ് സുമനസുകളുടെ സഹായം ആവശ്യമായിരിക്കുന്നത്. അതിനാൽ സഹായിക്കാൻ സന്മനസുള്ളവർക്ക്  ഇവരുടെ മിഷൻ പ്രവർത്തനങ്ങളിൽ പങ്കുചേരാം. മിഷനറിയായി മിഷൻ സ്ഥലങ്ങളിൽ പോകാൻ സാധിച്ചില്ലെങ്കിലും നമ്മളാൽ കഴിയുന്ന സാമ്പത്തിക സഹായം ചെയ്യാം. അങ്ങനെ മിഷൻ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം. നെഞ്ചു പൊള്ളിക്കുന്ന ഈ അനുഭവങ്ങൾ നമ്മിലെ മനുഷ്യത്വത്തെ, കാഴ്ചപ്പാടുകളെ കൂടുതൽ തെളിച്ചമുള്ളതാക്കട്ടെ.

മിഷനെ സാമ്പത്തികമായി സഹായിക്കാൻ താല്പര്യമുള്ളവർക്കായി:

ACCOUNT IN ZAMBIA

Name of the Bank and Address: ABSA
Plot 808, Umodzi Highway
Off Great East road, Chipata
Name of the Account holder: OCD Carmelite Mission
Account no: 0041005424
SWIFT code: BARCZMLX
Bank branch Code: 021104
Currency U S Dollar

II. INDIAN ACCOUNT

NAME OF THE BANK: INDIAN BANK
A/C NAME: FR. PROVINCIAL AND PROCURATOR
A/C NO. 462931636
IFSC CODE IDIB000E007
BRANCH ERNAKULAM

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.