‘വിശക്കുന്ന കുഞ്ഞുങ്ങൾക്ക് ഉറക്കമരുന്ന് നൽകി അമ്മമാർ’: അഫ്ഗാനിൽ നിന്നും ഉയരുന്ന കണ്ണുനിറയുന്ന അനുഭവങ്ങൾ

“ഞങ്ങളുടെ കുട്ടികൾ വിശന്നു കരയുകയാണ്. വിശപ്പ് കാരണം കുഞ്ഞുങ്ങൾ ഉറങ്ങുകയില്ല. അതിനാൽ ഞങ്ങൾ മെഡിക്കൽ ഷോപ്പുകളിൽ പോയി ഉറങ്ങുന്നതിനുള്ള മരുന്ന് വാങ്ങി കുട്ടികൾക്ക് കൊടുക്കുകയാണ്” – അഫ്ഗാനിസ്ഥാനിലെ അബ്ദുൾ വഹാബ് എന്ന അച്ഛന്റെ വാക്കുകൾ ഒരു ജനതയുടെ മുഴുവൻ നൊമ്പരമാണ്. താലിബാൻ ഭരണത്തിനു കീഴിൽ സ്വാതന്ത്ര്യവും അഭിമാനവും അടിയറവ് വയ്‌ക്കേണ്ടിവന്ന ജനത. ഈ ജനത ഇന്ന് പട്ടിണിയാലും തൊഴിലില്ലായ്മയാലും അഭിമാനക്ഷതത്താലും വലയുകയാണ്.

പട്ടിണി കിടന്നു വലയുന്ന കുട്ടികളും, അവർ ഉറങ്ങാനുള്ള മരുന്ന് കൊടുക്കാൻ ഗതികേട് കൊണ്ട് നിർബന്ധിതരാകുന്ന മാതാപിതാക്കളും. മക്കളെ വിറ്റും അവയവങ്ങൾ ദാനം ചെയ്തും ഒരു നേരത്തെ ഭക്ഷണത്തിന് വക കണ്ടെത്താൻ വഴി തേടുന്ന കുടുംബങ്ങൾ! അതിജീവനത്തിന്റെ നൊമ്പരവഴികളിൽ ഉഴലുന്ന അഫ്ഗാൻ ജനതയുടെ ഇന്നത്തെ മുഖമാണ് ഇത്.

രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഹെറാത്തിന് പുറത്തായിട്ടാണ് അബ്ദുൾ വഹാബ് താമസിക്കുന്നത്. അവിടെ കൂടിയിരുന്ന ഭൂരിഭാഗം ആളുകളും വിശപ്പു മൂലം ഉറങ്ങാതെ കരയുന്ന കുഞ്ഞുങ്ങൾക്ക് ഉറക്കമരുന്ന് നൽകുന്നതായി ബിബിസി- യോട് വെളിപ്പെടുത്തുന്നു. അത് തെളിയിക്കുന്ന സ്ട്രിപ്പുകളും മരുന്നുകളും പലരുടെയും പോക്കറ്റുകളിൽ ഉണ്ടായിരുന്നു. കൂട്ടത്തിൽ ഉണ്ടായിരുന്ന ഗുലാം ഹസ്രത്ത് എന്ന വ്യക്തി തന്റെ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നതായി കാണിച്ച മരുന്ന് വിഷാദരോഗത്തിന് നൽകുന്ന ഒന്നായിരുന്നു.

ഗുലാമിന് ആറ് കുട്ടികളുണ്ട്, ഇളയ കുട്ടിക്ക് ഒരു വയസാണ്. ആ കുഞ്ഞിനും ഈ മരുന്ന് നൽകുന്നു എന്നത് അഫ്ഗാൻ ജനത കടന്നുപോകുന്ന ഭീകരാവസ്ഥ വെളിപ്പെടുത്തുന്നു. മതിയായ പോഷകാഹാരം ലഭിക്കാത്ത കുട്ടികളിൽ ഈ മരുന്നുകൾ ആന്തരികാവയവങ്ങൾക്കു തകരാർ ഉണ്ടാക്കുന്നതായി ഡോക്ടർമാരും വെളിപ്പെടുത്തുന്നു.

താലിബാൻ ഭരണത്തിനു കീഴിൽ അഫ്ഗാൻ ജനം ശ്വാസം മുട്ടിയായിരുന്നു ഓരോ ദിനവും കടന്നുപോയത്. അതിനൊപ്പം ശൈത്യവും പട്ടിണിയും കൂടെ എത്തിയതോടെ സാധാരണ ജനജീവിതം കൂടുതൽ ദുസ്സഹമായി. താലിബാൻ ഏറ്റെടുക്കുകയും വിദേശ ഫണ്ട് മരവിപ്പിക്കുകയും ചെയ്തതിനു ശേഷമുള്ള രണ്ടാം ശൈത്യകാലമാണ് ഇത്. അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ ഒരു മാനുഷിക “ദുരന്തം” അരങ്ങേറുകയാണെന്ന് യുഎൻ വെളിപ്പെടുത്തുന്നു.

അഫ്ഗാനിസ്ഥാനിലെ ഗ്രാമപ്രദേശങ്ങളിലുള്ള ഭൂരിഭാഗം പുരുഷന്മാരും കൂലിപ്പണിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്നാൽ താലിബാൻ ഭരണത്തോടെ ഇവരുടെ ജീവിതം പ്രതിസന്ധിയിലായി. തൊഴിലില്ലായ്മ രൂക്ഷമായി. തങ്ങളുടെ കുടുംബത്തെ പട്ടിണിയിൽ നിന്നും രക്ഷിക്കാൻ കുടുംബനാഥന്മാർ തീവ്രമായി ശ്രമിക്കുന്നു. എങ്കിലും പലപ്പോഴും വിശന്നുവലഞ്ഞു കരയുന്ന കുഞ്ഞുങ്ങൾക്കു മുന്നിൽ നിസ്സഹായരായി നിൽക്കേണ്ടിവന്നു അവർക്ക്.

“ഒരു വഴിയും ഇല്ലായിരുന്നു. ഒരു പ്രാദേശിക ആശുപത്രിയിൽ വൃക്ക വിൽക്കാൻ കഴിയുമെന്ന് ഞാൻ കേട്ടിരുന്നു. ഞാൻ അവിടെ ചെന്ന് എന്റെ ആഗ്രഹം അറിയിച്ചു. ഏതാനും ആഴ്ചകൾക്കു ശേഷം അവർ എന്നെ വിളിച്ചു. ഞാൻ വൃക്ക വിറ്റു. ആദ്യം എനിക്ക് ഭയമായിരുന്നു. എങ്കിലും മറ്റു മാർഗ്ഗങ്ങളില്ലായിരുന്നു” – അമർ എന്ന മറ്റൊരു അഫ്ഗാനി യുവാവ് വെളിപ്പെടുത്തി. ഈ യുവാവ് തന്റെ അവയവം വിൽക്കാൻ കാരണവും കുടുംബത്തെ അലട്ടിയ കൊടുംപട്ടിണി തന്നെ ആയിരുന്നു.

“രണ്ടു വയസുള്ള മകളെ വിൽക്കാൻ ഞങ്ങൾ നിർബന്ധിതരാവുകയാണ്. ഞങ്ങൾ കടം വാങ്ങിയവർ, തിരിച്ചടക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ മകളെ തരൂ എന്ന് പറഞ്ഞ് ഞങ്ങളെ ദിവസവും പീഡിപ്പിക്കുന്നു. ഞങ്ങളുടെ അവസ്ഥയെക്കുറിച്ച് എനിക്ക് വളരെ ലജ്ജ തോന്നുന്നു. ചിലപ്പോൾ എനിക്ക് ഇങ്ങനെ ജീവിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലതെന്നു പോലും തോന്നും” – അഫ്ഗാനിസ്ഥാനിലെ ഒരു അമ്മ വേദനയോടെ പറയുകയാണ്. ആ രാജ്യത്തെ പല അമ്മമാരും ഇതേ അവസ്ഥയിലൂടെ തന്നെയാണ് കടന്നുപോകുന്നത്. പലപ്പോഴും വലിയ ക്രൂരതകൾക്കു മുന്നിൽ നിസ്സഹായരായി നിൽക്കാൻ മാത്രമേ ഇവർക്കു കഴിയുന്നുള്ളൂ.

കുഞ്ഞുപെൺകുട്ടികളെ വിൽക്കുന്ന അപ്പന്മാർ. വില്പനച്ചരക്കായി മാറപ്പെടുന്ന പെൺകുട്ടികൾ. പലപ്പോഴും പ്രായമായ പലർക്കും വേണ്ടി ചെറുപ്രായത്തിലേ, ശൈശവകാലത്തിലേ പറഞ്ഞുവയ്ക്കപ്പെടുന്ന പെൺകുട്ടികൾ, അവയവങ്ങൾ വിൽക്കുന്ന മുതിർന്നവർ. ഇവർ ഇന്നത്തെ അഫ്ഗാനിസ്ഥാന്റെ നേർരൂപമാണ്. എല്ലായിടത്തും വിശപ്പിന്റെ വിളി മാത്രം. അതിനെ അതിജീവിക്കുന്നതിനുള്ള ഓട്ടത്തിനിടയിലാണ് അഫ്ഗാൻ ജനത. ഒരു നേരത്തെ ആഹാരം; അതും സുഭിക്ഷമായതല്ല. അത്യാവശ്യം ജീവൻ നിലനിർത്താൻ വേണ്ടിയുള്ളതു മാത്രം. ഇതാണ് ഇവരുടെ ലക്ഷ്യം.

അഫ്ഗാൻ ജനത നടക്കുന്നത് കനൽവഴികളിലൂടെയാണ്. പെൺകുഞ്ഞുങ്ങളുടെ കണ്ണുനീർ വീണ, പട്ടിണിയുടെ, മാനഹാനിയുടെ കനൽവഴിയിലൂടെ അവരുടെ യാത്ര തുടരുകയാണ്.

മരിയ ജോസ് 
മരിയ ജോസ്

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.