നല്ല പിതാവാകാൻ ഫ്രാൻസിസ് പാപ്പാ നിർദ്ദേശിക്കുന്ന എട്ട് കാര്യങ്ങൾ

ലോകമെമ്പാടും ജൂൺ 19 പിതാക്കന്മാരുടെ ദിനമായി ആചരിക്കുകയാണ്. ലോകത്തുള്ള എല്ലാ പിതാക്കന്മാർക്കും പരിശുദ്ധ കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് പാപ്പാ, നല്ല പിതാവായിരിക്കാൻ വേണ്ട ഏതാനും നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ആ നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

1. കുടുംബത്തോടൊപ്പം സമയം ചിലവിടുക

മാതാപിതാക്കൾ തങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കേണ്ടത് ആവശ്യമാണ്. എത്ര തിരക്കിലാണെങ്കിലും കുട്ടികളെ ക്ഷമയോടെ കേൾക്കാൻ ഒരു  പിതാവ് തയ്യാറാകണം. അവരുമായി സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കണം. കുട്ടികളുടെ വളർച്ചയിൽ അവരുടെ സന്തതസഹചാരിയായി പിതാവ് എപ്പോഴും കൂടെയുണ്ടായിരിക്കണം.

ഒരു നല്ല പിതാവിന് കുട്ടികളോട് എങ്ങനെ ക്ഷമിക്കണമെന്നും അവരെ എങ്ങനെ തിരുത്തണമെന്നും ശിക്ഷിക്കണമെന്നും അറിയാം. ചിലപ്പോൾ കുട്ടികൾ അവരുടെ പരാജയങ്ങളുമായാവും വീട്ടിലേക്ക് വരുന്നത്. എങ്കിലും അവരെ കേൾക്കേണ്ടതും സംരക്ഷിക്കേണ്ടതും ശരിയായ പാത തിരഞ്ഞെടുക്കാൻ അവരെ പഠിപ്പിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും ഒരു പിതാവിന്റെ കടമയാണ്.

2. കുട്ടികളെ ക്ഷമയോടെ, സ്ഥിരതയോടെ തിരുത്തുക

മക്കളെ, അവർക്ക് അറിവില്ലാത്ത കാര്യങ്ങൾ പഠിപ്പിക്കണം. അവർ കാണാതെപോകുന്ന അല്ലെങ്കിൽ മനസിലാക്കാതെ പോകുന്ന അവരുടെ തെറ്റുകൾ ക്ഷമയോടെ തിരുത്താൻ ഒരു പിതാവ് എപ്പോഴും ഉത്സുകനായിരിക്കണം. അവരുടെ ഹൃദയങ്ങളെ ശരിയായ പാതയിൽ നയിക്കണം. മാത്രമല്ല, പരാജയങ്ങളിൽ അവരെ സ്നേഹത്തോടെ ചേർത്തുപിടിക്കുകയും സംരക്ഷിക്കുകയും വേണം.

3. മികച്ച പിതാവാകാൻ എപ്പോഴും ശ്രമിക്കുക

ഇന്നത്തെ കുട്ടികൾ നാളെ മാതാപിതാക്കൾ ആകേണ്ടവരാണ്. അതുകൊണ്ട് തനിക്ക് എങ്ങനെയുള്ള മാതാപിതാക്കളാണ് ഉണ്ടായിരുന്നതെന്നും എങ്ങനെയുള്ള മാതാപിതാക്കളാവാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ചിന്തിക്കാൻ ഒരു വ്യക്തി തയ്യാറാവണം. രക്ഷിതാവ് എന്നത് ഒരിക്കലും നിസ്സാരവൽക്കരിക്കേണ്ട ഒരു ചുമതലയല്ല. സ്നേഹത്തോടെ നിർവ്വഹിക്കേണ്ട ധാരാളം കടമകൾ അതിൽ ഉൾപ്പെടുന്നുണ്ട്.

4. മക്കൾ പക്വതയാർജ്ജിക്കുമ്പോൾ അവരുടെ ജീവിതത്തിൽ നിന്ന് പിന്മാറണം

മക്കൾ പക്വതയാർജ്ജിച്ചു എന്നു തോന്നുമ്പോൾ ജീവിതത്തെ സ്വയം നേരിടാൻ അവരെ പ്രോത്സാഹിപ്പിക്കണം. അവരുടെ ജീവിതത്തിൽ തീരുമാനങ്ങളെടുക്കാനുള്ള പൂർണ്ണ അവകാശം അവരെ തന്നെ ഏൽപിക്കണം. അങ്ങനെ അവർ സ്വയമേവ ഒരു ജീവിതവും ജീവിതമാർഗ്ഗവും കണ്ടെത്തട്ടെ.

അവരുടെ ഭാവിയെക്കുറിച്ച് മാതാപിതാക്കൾക്ക് ധാരാളം സ്വപ്‌നങ്ങൾ കാണും. എന്നിരുന്നാലും അവരുടെമേൽ ഒന്നും അടിച്ചേൽപിക്കരുത്. സ്വന്തം ജീവിതവിളി എന്താണെന്ന് അവർ തന്നെ കണ്ടെത്താനും അതിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്യാനും അവരെ അനുവദിക്കുക.

5. പിതാക്കന്മാർ വി. യൗസേപ്പിതാവിനെ ജീവിതമാതൃകയാക്കുക

കുടുംബത്തിന്റെ സംരക്ഷകരാകാൻ വിളിക്കപ്പെട്ടവരാണ് പിതാക്കന്മാർ. കുടുംബത്തിന്റെ വിശ്വാസരൂപീകരണത്തിലും നിലനിൽപ്പിലും പിതാവിനുള്ള പങ്ക് വലുതാണ്. വി. യൗസേപ്പിതാവ് ഈശോയുടെയും മറിയത്തിന്റയും കാവൽക്കാരനും തിരുക്കുടുംബത്തിന്റെ സംരക്ഷകനുമാണ്. ദൈവഹിതമനുസരിച്ചു പ്രവർത്തിക്കാൻ ഈ വിശുദ്ധന് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ എളിമയും വിശുദ്ധിയും നസ്രത്തിലെ കുടുംബത്തെ തിരുക്കുടുംബമാക്കി മാറ്റി. എല്ലാ പിതാക്കന്മാരും അനുകരിക്കാൻ ശ്രമിക്കേണ്ട വിശുദ്ധനാണ് യൗസേപ്പിതാവ്.

6. ആത്മവിശ്വാസത്തോടെ പ്രാർത്ഥിക്കുക

എല്ലാ സമയങ്ങളിലും തെറ്റ് സമ്മതിക്കാനും തിരുത്തലുകൾ സ്വീകരിക്കാനും കുട്ടികൾ തയ്യാറായെന്നു വരില്ല. ഇത്തരം സന്ദർഭങ്ങളിൽ തളരാതെ, പ്രത്യാശ കൈവിടാതെ മാതാപിതാക്കൾ ദൈവത്തിലേക്ക് കരങ്ങൾ ഉയർത്തട്ടെ. വിശ്വാസത്തോടെയുള്ള പ്രാർത്ഥനക്ക് തീർച്ചയായും ഉത്തരം ലഭിക്കും.

7. കത്തോലിക്കാ സഭയിൽ വിശ്വസിക്കുക 

പരിശുദ്ധ കത്തോലിക്കാ സഭയിലും സഭയുടെ കൂദാശകളിലും പൂർണ്ണമായി വിശ്വാസമർപ്പിക്കുക. വിശുദ്ധിയിലേക്ക് നമ്മെ നയിക്കാൻ കൂദാശകൾ സഹായിക്കും. കൂദാശകളിലൂടെ ദൈവത്തിന്റെ കരുണയും സ്നേഹവും കൃപയും നമ്മിലേക്ക് വർഷിക്കപ്പെടും.

8. പരാജയങ്ങളിൽ സഹായിക്കുക

ഒരു വ്യക്തിയുടെ പക്വത മനസിലാക്കേണ്ടത് അവന്റെ വിജയങ്ങളുടെ കണക്ക് നോക്കിയല്ല. മറിച്ച് അവൻ പരാജയങ്ങളെ എങ്ങനെ നേരിടുന്നു എന്ന് വീക്ഷിച്ചാണ്. ജീവിതം പരാജയങ്ങളുടെയും വിജയങ്ങളുടെയും മിശ്രിതമാണ്. അതുകൊണ്ട് വിജയങ്ങളിൽ സന്തോഷിക്കാൻ മാത്രമല്ല, പരാജയങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കാനും കുട്ടികളെ മാതാപിതാക്കൾ പരിശീലിപ്പിക്കണം.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.