‘അള്‍ത്താരയ്ക്ക് പിന്നിലൊളിച്ച മാലാഖക്കുഞ്ഞുങ്ങള്‍’ – ഈജിപ്തിലെ കോപ്റ്റിക് ദൈവാലയത്തിലെ നടുക്കുന്ന കാഴ്ച

ഗ്രേറ്റര്‍ കെയ്റോയിലെ ഗിസയിലെ കോപ്റ്റിക് പള്ളി അബൂ സിഫിനിയില്‍ ഞായറാഴ്ച രാവിലെ ഉണ്ടായ തീപിടുത്തത്തില്‍ 41 പേരാണ് കൊല്ലപ്പെട്ടത്. പള്ളിയുടെ രണ്ടാം നിലയിലെ എയര്‍ കണ്ടീഷനിംഗ് യൂണിറ്റിലെ വൈദ്യുത തകരാര്‍ മൂലം പ്രാദേശിക സമയം രാവിലെ ഒൻപത് മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് ഈജിപ്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനസാന്ദ്രത കൂടിയ ഇംബാബയ്ക്ക് സമീപമുള്ള ചെറിയ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കായി 5000 ആളുകള്‍ ഉണ്ടായിരുന്ന സമയത്താണ് തീപിടുത്തമുണ്ടായത്.

പള്ളിയുടെ പ്രവേശന കവാടത്തില്‍ തീ പടര്‍ന്നതോടെ നിരവധി പേര്‍ പുറത്തേക്ക് ഓടാന്‍ ശ്രമിച്ചു. ഈ തിക്കിലും തിരക്കിലും പെട്ട് പലരും താഴെ വീഴുകയായിരുന്നെന്ന് പള്ളി വികാരി യാസിര്‍ മുനീര്‍ പറഞ്ഞു. 15 -ഓളം അഗ്നിശമന വാഹനങ്ങളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. എല്ലാ ഇരകളുടെയും മൃതദേഹങ്ങള്‍ വിദഗ്ധ സംഘം പരിശോധിച്ചു. പുകമൂലം ശ്വാസംമുട്ടല്‍ ഉണ്ടായതിന്റെയും തിക്കിലും തിരക്കിലും പെട്ടതിന്റേയും അടയാളങ്ങളല്ലാതെ ആരുടേയും മൃതദേഹങ്ങളില്‍ ദൃശ്യമായ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല.

ഈ അപകടത്തില്‍ മരിച്ചവരില്‍ 18 പേര്‍ കുട്ടികളായിരുന്നു എന്നതാണ് ദുഖത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നത്. 3 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികളാണ് മരിച്ചതെന്ന് ആശുപത്രി രേഖകള്‍ പറയുന്നു.

‘ഭയാനകമായ രംഗം’

പള്ളിയുടെ തൊട്ടടുത്തുള്ള ബേക്കറിയില്‍ ജോലി ചെയ്യുന്ന പതിനാറുകാരന്‍ യൂസഫ് ഇസ്ലാം പറയുന്നത് നാലാം നിലയിലാണ് തീപിടിത്തമുണ്ടായതെന്നാണ്. തീ കണ്ട് താന്‍ പള്ളിയിലേക്ക് ഓടിയെന്നും മുകളിലെ നിലയിലെ തീ അണയ്ക്കാന്‍ സഹായിക്കുന്നതിന് മൂന്നാം നിലയില്‍ നിന്ന് വെള്ളം എടുക്കാനാണ് ഉദ്ദേശിച്ചതെന്നും അയാള്‍ പറഞ്ഞു. എന്നാല്‍ ഒരു വാതിലിലൂടെ ബലം പ്രയോഗിച്ച് അകത്തുകടന്നപ്പോള്‍ കുട്ടികളുടെ ശരീരങ്ങള്‍ ഒന്നിനു മുകളില്‍ ഒന്നായി കൂടിക്കിടക്കുന്നതാണ് കണ്ടതത്രേ. ”ഭയാനകമായ ഒരു രംഗം,” എന്നാണ് യൂസഫ് ആ കാഴ്ചയെ വിശേഷിപ്പിച്ചത്. ആ മുറി ആയിരുന്നിരിക്കാം നഴ്‌സറി ക്ലാസ് എന്ന് യൂസഫ് വിചാരിക്കുന്നു.

തീപിടിത്തം ഉണ്ടാകുന്നതിന് തൊട്ടുമുമ്പാണ് താന്‍ പള്ളിയില്‍ നിന്ന് പുറത്തേക്ക് പോയതെന്ന് 23 കാരിയായ മറിയം മലക്ക് പറഞ്ഞു. ‘ഞാന്‍ പള്ളിയില്‍ നിന്ന് ഇറങ്ങി ജോലിക്ക് പോകുകയായിരുന്നു. തീപിടുത്തം ഉണ്ടായതറിഞ്ഞ് അമ്മ എന്നെ വിളിച്ചു. ഞാനും തീയില്‍ അകപ്പെട്ടുവെന്ന് അമ്മ കരുതി. കഷ്ടിച്ചാണ് ഞാന്‍ രക്ഷപെട്ടത്. പക്ഷേ പലര്‍ക്കും ആ ഭാഗ്യമുണ്ടായില്ല’. മറിയം പറയുന്നു.

‘ഇന്ന് രാവിലെ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയ ഞങ്ങളുടെ പിതാവ് അബ്ദുല്‍ മസിഹ് ഉള്‍പ്പെടെ അവിടെ ഉണ്ടായിരുന്ന എല്ലാവരും സ്വര്‍ഗ്ഗത്തിലേക്ക് പോയി. അവരില്‍ പലരും ഞങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായിരുന്നു. ഞങ്ങള്‍ ഇപ്പോള്‍ അവരെയെല്ലാം തിരിച്ചറിയാനുള്ള ശ്രമത്തിലാണ്’. തീ അണഞ്ഞതിന് ശേഷം ബന്ധുക്കളുടെ മൃതദേഹം തേടിയെത്തിയ ഒരു കുടുംബം കണ്ണീരോടെ പറഞ്ഞു. ആശുപത്രിയില്‍ നിന്ന് കൊണ്ടുവരുന്ന പേടകങ്ങള്‍ കാത്ത് നൂറുകണക്കിനാളുകള്‍ പള്ളിയിലേക്ക് ഒഴുകിയെത്തി. കുട്ടികളുടെ ചെറിയ പെട്ടികള്‍ കണ്ട് ആളുകള്‍ വാവിട്ട് നിലവിളിച്ചു.

അള്‍ത്താരയ്ക്ക് പിന്നിലൊളിച്ച മാലാഖക്കുഞ്ഞുങ്ങള്‍

തീപിടുത്തതിന് ശേഷം അബു സെഫീന്‍ പള്ളിയുടെ അകത്തേയ്ക്ക് ഓടിക്കിതച്ചെത്തിയ എഡ്വേര്‍ഡ് എല്‍-സെയ്ദ് എന്ന വ്യക്തി കണ്ടത്, തന്റെ മൂന്ന് മക്കള്‍, (10 വയസ്സുള്ള ഫാദി എല്‍-സെയ്ദ്, അവന്റെ സഹോദരിമാരായ ജുമാന എല്‍-സെയ്ദ് (9), മേരി എല്‍-സെയ്ദ് (5)) അള്‍ത്താരയ്ക്ക് പിന്നില്‍ അനക്കമില്ലാതെ ചുരുണ്ടുകിടക്കുന്നതാണ്. എഡ്വേര്‍ഡിന്റെ പതിനാറുകാരിയായ മറ്റൊരു മകള്‍ മാത്രം അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു.

ഈ കുട്ടികള്‍ മിക്കവാറും എല്ലാ ദിവസവും പള്ളിയില്‍ പോയിരുന്നതായും ഞായറാഴ്ചത്തെ കുര്‍ബാനയില്‍ കുട്ടികളുടെ മാതാപിതാക്കള്‍ പങ്കെടുത്തിരുന്നില്ലെന്നും അവരുടെ പരിചയക്കാര്‍ പറഞ്ഞു. ‘മാലാഖമാരെപ്പോലെ വളരെ ശാന്തരായ കുട്ടികളായിരുന്നു അവര്‍. അവര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ വലിയ താത്പര്യമായിരുന്നു. രണ്ട് പെണ്‍കുട്ടികള്‍ക്കും അച്ഛനെ സഹായിക്കാനും സാധനങ്ങള്‍ കൊണ്ടുവരാനും ഇഷ്ടമായിരുന്നു’. നാട്ടുകാര്‍ വേദനയോടെ കൂട്ടിച്ചേര്‍ത്തു.

‘ഒരു ജനറേറ്റര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടു. അപ്പോഴേയ്ക്കും കുറേ കുരുന്നുകള്‍ പേടിച്ച് ബലിപീഠത്തിന് പിന്നില്‍ ഒളിച്ചു. ആരെങ്കിലും തങ്ങളെ രക്ഷിക്കാന്‍ അവര്‍ കാത്തിരിക്കുകയായിരുന്നിരിക്കണം. പക്ഷേ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല’. അപകട സമയത്ത് പള്ളിയില്‍ ഉണ്ടായിരുന്ന 27 കാരിയായ മിസ് ഹോസ്നി നെഞ്ചുപൊട്ടുന്ന വേദനയോടെ പറഞ്ഞു.

വിവേചനത്തിന്റെ അനന്തരഫലം

ഈ അപകടത്തില്‍ മരിച്ച എല്ലാ കുട്ടികളും 5 നും 13 നും ഇടയില്‍ പ്രായമുള്ളവരാണെന്ന് പള്ളിയുടെ വക്താവ് റവ. മൂസ ഇബ്രാഹിം പറഞ്ഞു. പള്ളിയില്‍ ഉപയോഗിച്ചിരുന്ന ഒരു ഇലക്ട്രിക്കല്‍ ജനറേറ്ററില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും, പല കോപ്റ്റിക് ആരാധനാലയങ്ങളിലേയും പോലെ, ഈ പള്ളിയിലേയും അറ്റകുറ്റപ്പണികള്‍ മോശമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പള്ളിയില്‍ എമര്‍ജന്‍സി ഫയര്‍ എക്സിറ്റുകളും ഉണ്ടായിരുന്നില്ല. ഇത് മരണസംഖ്യ വര്‍ദ്ധിക്കാനും കാരണമായി.

മതത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ വിവേചനത്തിന് ഇരകളാകുന്നതിനെക്കുറിച്ച് കോപ്റ്റുകള്‍ പണ്ടേ പരാതിപ്പെട്ടിരുന്നു. ആ വിവേചനത്തിന്റെ ഒരു വശമാണ്, മുസ്ലീങ്ങള്‍ കൂടുതലുള്ള ഈ രാജ്യത്ത് ക്രിസ്ത്യന്‍ പള്ളികളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍. ഈ നിയന്ത്രണങ്ങള്‍ കാരണം പല പള്ളി കെട്ടിടങ്ങളും ജീര്‍ണാവസ്ഥയിലാവുകയും ഇടയ്ക്കിടെയുള്ള തീപിടുത്തത്തിന് വിധേയമാവുകയും ചെയ്തു.

അബു സെഫീന്‍ പള്ളിയ്ക്ക് ആദ്യം ഒരു ചെറിയ സര്‍വീസ് ബില്‍ഡിംഗായി ലൈസന്‍സ് നല്‍കിയിരുന്നതായും പിന്നീട് പള്ളിയായി പ്രവര്‍ത്തിക്കാന്‍ അടുത്തിടെയാണ് അനുമതി നല്‍കിയതെന്നും പള്ളി വക്താവ് ഫാദര്‍ ഇബ്രാഹിം പറഞ്ഞു.

നിരവധി ഈജിപ്ഷ്യന്‍ ക്രിസ്ത്യാനികളുടെ പിന്തുണയുള്ള പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയെ മാത്രമാണ് ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍ക്കെതിരെയുള്ള ഒരു രക്ഷാകവചമായി ക്രൈസ്തവര്‍ കാണുന്നത്. പള്ളികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു നിയമം 2016 ല്‍ അദ്ദേഹം അവതരിപ്പിച്ചു. എന്നാല്‍ ഇത് പ്രവിശ്യാ ഗവര്‍ണര്‍മാരുടെ തീരുമാനത്തിലാണുള്ളത്. വിഭാഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന തോന്നലില്‍ അവര്‍ ലൈസന്‍സ് നല്‍കാതിരിക്കും.

ഞായറാഴ്ചത്തെ തീപിടുത്തത്തിന് ശേഷം, പ്രസിഡന്റ് അല്‍സിസിയുടെ സര്‍ക്കാര്‍, ഇരകളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിക്കുകയും പള്ളിയുടെ അറ്റകുറ്റപ്പണികള്‍ക്കായി സൈന്യത്തെ അയയ്ക്കുകയും ചെയ്തു. കൊല്ലപ്പെട്ട ഓരോ വ്യക്തിക്കും ഏകദേശം 5,000 ഡോളറും പരിക്കേറ്റ ഓരോരുത്തര്‍ക്കും ഏകദേശം 1,000 ഡോളറും വീതം ഇരകളുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് പ്രധാനമന്ത്രി മൊസ്തഫ മഡ്ബൗല പറഞ്ഞു.

സഹായിച്ചവരില്‍ മുസ്ലീം സഹോദരങ്ങളും

അതേസമയം തീപിടുത്തത്തില്‍ നിന്ന് രക്ഷപെടാന്‍ പലരേയും സഹായിച്ചവരില്‍ മുസ്ലീം സഹോദരങ്ങളും ഉള്‍പ്പെടുന്നു. തങ്ങളുടെ ക്രിസ്ത്യന്‍ അയല്‍ക്കാര്‍ സമൂഹത്തിന്റെ ഒരു പ്രധാന ഭാഗമാണെന്ന് പള്ളി പരിസരത്തെ മുസ്ലീം നിവാസികള്‍ പറഞ്ഞു. ക്രിസ്ത്യാനികള്‍ കൂടുതലുള്ള ഈജിപ്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കെയ്റോയില്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും തമ്മില്‍ സംഘര്‍ഷം വളരെ കുറവാണ്. എന്നാല്‍ കെയ്റോയുടെ തെക്ക് ഭാഗത്തുള്ള മിനിയ പ്രവിശ്യയില്‍, മുസ്ലീം നിവാസികളുടെ ആക്രമണം തടയാന്‍ ചില ഗ്രാമങ്ങളിലെ പള്ളികള്‍ പോലീസ് സംരക്ഷണത്തിലുമാണ്.

ഗവണ്‍മെന്റിന്റെ ഉദാസീനമായ സുരക്ഷാ മാനദണ്ഡങ്ങളുടെയും മോശം മേല്‍നോട്ടത്തിന്റെയും പേരില്‍ ദീര്‍ഘകാലമായി വിമര്‍ശിക്കപ്പെടുന്ന ഒരു രാജ്യത്ത് ഈ ദുരന്തം വീണ്ടും ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്.

തീപിടുത്തത്തില്‍ മരിച്ചവരെ ഇപ്പോള്‍ ആളുകള്‍ രക്തസാക്ഷികളായി കണക്കാക്കുന്നു. ‘അവര്‍ പ്രാര്‍ത്ഥിക്കാനും ദൈവത്തിന് വഴിപാടുകള്‍ അര്‍പ്പിക്കാനുമായെത്തി. അവര്‍ സ്വയം വഴിപാടുകളായി മാറി’.

കീർത്തി ജേക്കബ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.